കരാര്‍ കമ്പനികള്‍ പിന്‍വാങ്ങുന്നു; കൊച്ചി മെട്രോ നിര്‍മ്മാണം തടസപ്പെടില്ലെന്ന് ഡിഎംആര്‍സി; കമ്പനികളുടേത് വിലപേശലെന്ന് ആരോപണം

കരാര്‍ കാലാവധി കഴിഞ്ഞിട്ടും നിർമ്മാണം പൂര്‍ത്തിയാക്കാത്തതിനാല്‍ സോമയ്ക്ക് പ്രതിദിനം 14 ലക്ഷം രൂപയും എല്‍ ആന്റ് ടി ക്ക് 20 ലക്ഷം രൂപയും ഡിഎംആര്‍സി പിഴ ചുമത്തിയിരുന്നു.

കരാര്‍ കമ്പനികള്‍ പിന്‍വാങ്ങുന്നു;  കൊച്ചി മെട്രോ നിര്‍മ്മാണം തടസപ്പെടില്ലെന്ന് ഡിഎംആര്‍സി; കമ്പനികളുടേത് വിലപേശലെന്ന് ആരോപണം

കൊച്ചി:  സാമ്പത്തിക നഷ്ടത്തെ തുടർന്ന്  കൊച്ചി മെട്രോ നിര്‍മ്മാണത്തില്‍ നിന്ന് കരാർ കമ്പനികൾ പിന്‍വാങ്ങാനൊരുങ്ങുന്നു . റീടെണ്ടറില്‍ പങ്കെടുക്കേണ്ടെന്നാണ് മെട്രോയുടെ കല്ലൂര്‍ സ്റ്റേഡിയം മുതല്‍ എറണാകുളം ജംഗ്ഷന്‍ വരെയുള്ള നിര്‍മ്മാണം നിര്‍വ്വഹിക്കുന്ന സോമ കൺസ്ട്രക്ഷൻസിന്റെ  തീരുമാനം. മറ്റൊരു കരാര്‍ കമ്പനിയായ എല്‍ ആന്റ് ടിയും ഇതേ നിലപാടിലാണെന്നാണ് സൂചന.  കരാര്‍ കാലാവധി കഴിഞ്ഞിട്ടും നിർമ്മാണം പൂര്‍ത്തിയാക്കാത്തതിനാല്‍ സോമയ്ക്ക് പ്രതിദിനം 14 ലക്ഷം രൂപയും  എല്‍ ആന്റ് ടിയ്ക്ക്  20 ലക്ഷം രൂപയും ഡിഎംആര്‍സി പിഴ ചുമത്തിയിരുന്നു. ഇതുവരെയുള്ള നിര്‍മ്മാണത്തില്‍ 30 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് സോമ കമ്പനി അധികൃതര്‍ പറയുന്നു. 100 കോടിയുടെ നഷ്മുണ്ടായെന്നാണ് എല്‍ ആന്റ് ടിയുടെ വാദം.


എന്നാല്‍ റീടെണ്ടര്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ഡിഎംആര്‍സിയുടെ തീരുമാനം. നിര്‍മ്മാണം കൃത്യസമയത്ത് പൂര്‍ത്തീകരിക്കുന്നതിനാണ് പ്രധാന്യമെന്നും കമ്പനി ഏതെന്നുള്ളത് കാര്യമാക്കുന്നില്ലെന്നും ഡിഎംആര്‍സി അധികൃതര്‍ നാരദാ ന്യൂസിനോട് വ്യക്തമാക്കി.  കമ്പനികളുടെ പിന്മാറ്റം സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും ഡിഎംആര്‍സി അറിയിച്ചു. കമ്പനികളുടേത് വിലപേശല്‍ തന്ത്രമായിരിക്കാമെന്നാണ് കെഎംആര്‍എല്ലുമായി ബന്ധപ്പെട്ട ഉദ്യോഗസസ്ഥര്‍ നല്‍കുന്ന സൂചന. കരാര്‍ തുക കൂട്ടി വാങ്ങാന്‍ കമ്പനികൾ നടത്തുന്ന ശ്രമമാണിതെന്ന് സംശയിക്കുന്നതായി കെഎംആര്‍എല്ലുമായി ഉദ്യോഗസ്ഥർ പ്രതികരിച്ചു.

മഹാരാജാസ് മുതല്‍ എറണാകുളം സൗത്ത് വരെയുള്ള നിര്‍മ്മാണം, കരാര്‍ കാലാവധി കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കാന്‍ സോമയ്ക്ക് കഴിഞ്ഞിരുന്നില്ല. ശീമാട്ടിയുടെ  സ്ഥലം ഏറ്റെടുക്കുന്നതിലുണ്ടായ കാലതാമസമാണ് നിര്‍മ്മാണം വൈകാന്‍ കാരണമെന്നാണ് സോമയുടെ വാദം. 2013 ലെ കരാര്‍ തുകയായ 434 കോടിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് സോമ അറിയിച്ചതോടെയാണ് ഡിഎംആര്‍സി റീടെണ്ടര്‍ വിളിച്ചത്.

ആലുവ-പേട്ട പാതയില്‍ ചമ്പക്കര കനാലിനു കുറുകെ മെട്രോ വയഡക്ടിനൊപ്പം രണ്ടു വരി റോഡ് മേല്‍പ്പാലത്തിന്റെ നിര്‍മാണം,  തൈക്കൂടം, പേട്ട , അലയന്‍സ് ജങ്ങ്ഷന്‍, എസ് എന്‍ ജങ്ങ്ഷന്‍ എന്നീ സ്റ്റേഷനുകളുടെ നിര്‍മാണം എന്നിവയ്യ്ക്കും ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്. ഈ ഭാഗങ്ങളിലെ കരാര്‍ ജോലിയില്‍ നിന്നും ഇറ റാങ്കണ്‍ കമ്പനിയേയും ഒഴിവാക്കിയിട്ടുണ്ട്. മഴ മാറിയതോടെ മെട്രോയുടെ പാളം ഉറപ്പിക്കല്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ പുരോഗമിക്കുമ്പോഴാണ് കമ്പനികളുടെ പിന്മാറ്റവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം. അടുത്ത മാസം 21 നാണ് ടെണ്ടറിന്മേല്‍ അപേക്ഷ സമര്‍പ്പിക്കാനുളള  അവസാന തിയ്യതി.

Read More >>