ഇറോം ശര്‍മിള ഒരു തെറ്റായ വഴിത്തിരിവായിരുന്നു

ഒരു സ്ത്രീയുടെ പതിനാറു വര്‍ഷക്കാലത്തെ നീണ്ടു നിന്ന പോരാട്ടം എന്നത് ചെറിയ കാര്യം അല്ല. അതിനു അവര്‍ കൊടുത്ത വിലയും അവമതിക്കാനാവാത്തതുമാണ്. എന്നിരുന്നാലും ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്തപ്പെട്ട ഈ സമരത്തെയും ഇറോം ചാനു ശര്‍മ്മിളയെന്ന ഉരുക്കു വനിതയുടെ അനുഭവങ്ങളെയും രാഷ്ട്രീയ മാറ്റങ്ങളെയും വിലയിരുത്തേണ്ടതുണ്ട്.

ഇറോം ശര്‍മിള ഒരു തെറ്റായ വഴിത്തിരിവായിരുന്നു

കെകെ സിസിലു

മണിപ്പൂരിലെ ഇറോം ചാനു ശര്‍മിള 16 വര്‍ഷം നീണ്ടു നിന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ലോക ചരിത്രത്തില്‍ തന്നെ സമാനതകള്‍ ഇല്ലാത്ത ഐതിഹാസിക സമരമായി ഇറോം ശര്‍മിളയുടെ സമരം മാറിയിരിക്കുകയാണ്. 16 വര്‍ഷക്കാലവും താന്‍ മുറുകെ പിടിച്ച നിലപാടുകളില്‍ ഒരു വിട്ടുവീഴ്ചയും അവര്‍ ചെയ്തിട്ടില്ല, ഇനിയും അതില്‍ നിന്ന് വിട്ടു പോവുകയില്ല എന്ന് തന്നെയാണ് അവര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.  മറിച്ചു താന്‍ ഇത് വരെ തുടര്‍ന്നിരുന്നു സമര രീതി അവസാനിപ്പിക്കുകയും മറ്റു അന്വേഷണങ്ങളിലേക്ക് മാറുകയുമാണ്.


ഒരു സ്ത്രീയുടെ പതിനാറു വര്‍ഷക്കാലത്തെ നീണ്ടു നിന്ന പോരാട്ടം എന്നത് ചെറിയ കാര്യം അല്ല. അതിനു അവര്‍ കൊടുത്ത വിലയും അവമതിക്കാനാവാത്തതുമാണ്. തെരഞ്ഞെടുപ്പുള്‍പ്പെടെയുള്ള ജനാധിപത്യ സമര രൂപങ്ങളെയും അവര്‍ ഉപയോഗപ്പെടുത്തുമെന്നു പ്രഖ്യാപിച്ചിട്ടുമുണ്ട്.  ഇത്തരം ഒരു തീരുമാനത്തിലേക്ക് അവര്‍ എത്തുന്നതിനു വ്യക്തിപരം എന്നതിനപ്പുറം സാമൂഹ്യപരമായ നിരവധി കാരണങ്ങള്‍ കണ്ടെത്താവുന്നതേയുള്ളൂ.  എന്നാല്‍ ആംഡ് ഫോഴ്സസ് സ്പെഷ്യല്‍ പവേഴ്സ് ആക്ടിന്(എഎഫ്എസ്പിഎ) എതിരെയുള്ള സമരം ഇവിടം കൊണ്ട് അവസാനിക്കപ്പെടുകയോ അവസാനിക്കപ്പെടേണ്ടതോ അല്ല എന്നും അവര്‍ക്കും ഉറച്ചു വിശ്വാസം ഉണ്ടാവും.

ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്തപ്പെട്ട ഈ സമരത്തെയും ഇറോം ചാനു ശര്‍മ്മിളയെന്ന ഉരുക്കു വനിതയുടെ അനുഭവങ്ങളെയും രാഷ്ട്രീയ മാറ്റങ്ങളെയും വിലയിരുത്തേണ്ടതുണ്ട്. എന്നാല്‍ ഒരു കാര്യം വ്യക്തമാണ് 16 വര്‍ഷത്തെ ഐതിഹാസികമായ സമരം അതിന്റെ രീതി മാറ്റി പുതിയ അന്വേഷണങ്ങളിലേക്കു വഴിമാറുന്നത് കേവലമായി നിരാഹാര സമരത്തിന്റെ പ്രശ്നമോ ഇറോം ചാനു ശര്‍മ്മിള എന്ന വ്യക്തിയുടെ പ്രശ്നമോ അല്ല. ഒരുപക്ഷെ ഒറ്റനോട്ടത്തില്‍ ഇത് ഒരു പരാജയപ്പെട്ട സമരം എന്ന് വിലയിരുത്താമെങ്കിലും ഇത് പരാജയപ്പെട്ട സമരമല്ല.  മണിപ്പൂരിലെ ഒരു കുഗ്രാമത്തില്‍ നിന്നു ഇന്ത്യയിലെ തെക്കേയറ്റത്തുള്ള നമ്മുടെ കേരളം വരെയുള്ള എല്ലാ സംസ്ഥാനങ്ങളുമുള്‍പ്പെടെ ഉള്ള ജനാധിപത്യ ശക്തികളിലേക്കു എത്തിക്കുന്നതില്‍ വലിയ പങ്കു വഹിക്കുകയുണ്ടായി. മാത്രവുമല്ല വിജയിച്ചാല്‍ മാത്രമല്ല സമരങ്ങള്‍ പ്രസക്തമാവുന്നത്. അതായതു ഈ സമരത്തിന്റെ ജയപരാജയങ്ങള്‍ വ്യത്യസ്തമായി തന്നെ മനസിലാക്കേണ്ടതുണ്ട്. അഫ്‌സ്പ എന്ന കരിനിയമത്തെ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഈ സമരം ഇന്ത്യന്‍ ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധ നടപടികളെയും  ഭീകര നിയമങ്ങളെയും അതിനകത്തുനിന്നു കൊണ്ട് തന്നെ തുറന്നു കാണിക്കാന്‍ സഹായകമായി. എന്നാല്‍ അഫ്‌സ്പ ഇന്നും സ്വന്തം രാജ്യത്തിലെ ജനങ്ങള്‍ക്ക് മേല്‍ ശക്തമായ രീതിയില്‍ തന്നെ അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുന്നു. അത് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ടു തന്നെ സ്വാഭാവികമായി ഉയരുന്ന ചോദ്യം പതിനാറു വര്‍ഷം സമരം ചെയ്തിട്ടും എന്ത് നേടി?

irom-chanu-sharmilaഇറോം ശര്‍മിള എന്ന വ്യകിതിയുടെയോ മഹത്തായ ആ സമര പ്രക്ഷോഭത്തെയോ കുറ്റപ്പെടുത്തുക സാധ്യമല്ല.  ഇത്തരം ഒരു സമരരീതി തന്നെ തുടരേണ്ടിയിരുന്നോ എന്നതും പ്രധാനപ്പെട്ട ചോദ്യം തന്നെയാണ്.  പക്ഷെ  ഇത് ആ സമര രീതിയുടെ പ്രശ്‌നമാണോ? ഇത്തരം സമര രീതികള്‍ ഗാന്ധിജി ഉള്‍പ്പെടെയുള്ള പലരും പ്രയോഗിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇത്രയും കാലം നീണ്ടു നിന്ന ഒരു നിരാഹാര സമരം സമാനതകള്‍ ഇല്ലാത്തതാണ് എന്നിരിക്കിലും ഇത്തരം ഒരു സമരരീതിയിലൂടെ മാത്രം അഫ്‌സ്പ എന്ന ഭീകരതയെ തുടച്ചു നീക്കാന്‍ കഴിയുമോ? ഇല്ല എന്നതാണ് ഇറോം ശര്‍മിളയുടെ ചരിത്രം അടയാളപ്പെടുത്തുന്നത്.  അവര്‍ ചരിത്രത്തോട് നീതിപുലര്‍ത്തിയിട്ടുണ്ട്.  ഒരുപക്ഷെ ആ സമരം അവസാനിപ്പിച്ചിരുന്നെങ്കിലും അവര്‍ പിന്‍വാങ്ങിയിരുന്നെങ്കിലും ഈ സമരത്തിന്റെ ചരിത്ര പ്രാധാന്യം കുറയുകയില്ല.  എന്തുകൊണ്ടെന്നാല്‍  അവര്‍ സമരം തുടങ്ങി എന്ന് മാത്രമേയുള്ളൂ അത് ഏറ്റെടുക്കേണ്ട ജനാധിപത്യ സമൂഹം കയ്യും കെട്ടി നോക്കി നില്‍ക്കുകയായിരുന്നു. വ്യക്തി പരമായോ സംഘടിതമായോ ഏറ്റടുത്ത ഈ സമരം പരാജയപ്പെട്ടാല്‍ പോലും അതിനുത്തരവാദി ജനാതിപത്യ സമൂഹമാണ്.  ആ അര്‍ത്ഥത്തില്‍ നമ്മുടെ ജനാധിപത്യ സമൂഹം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെ കൂടി അത് തുറന്നു കാട്ടുന്നുണ്ട്.

എന്നിരുന്നാലും  ഇതൊരു തെറ്റായ വഴിത്തിരിവ് ആയിരുന്നു. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത്, പ്രതേകിച്ച്  നോര്‍ത് ഈസ്റ്റ് പോലുള്ള രാജ്യാതിര്‍ത്തിക്ക് അടുത്ത്,  ഇത്തരം സമരങ്ങളോടുള്ള പൊതു സമൂഹത്തിന്റെ ബോധത്തെ  മറികടക്കാനും ജനാധിപത്യ സമൂഹം ഏറ്റെടുക്കാന്‍ കഴിയണമെങ്കില്‍ വലിയ തോതിലുള്ള വളര്‍ച്ച ആ രാജ്യത്തിലെ  സമൂഹത്തിനു ഉണ്ടാവേണ്ടതുണ്ട്. (സമൂഹത്തെ മനസിലാക്കേണ്ടതുണ്ട്). അതുമല്ലെങ്കില്‍ അതിനു അടിസ്ഥാന പരമായ വൈരുധ്യങ്ങള്‍ സ്പര്‍ശിക്കേണ്ടതുണ്ട്. ദേശ രാഷ്ട്രത്തിനപ്പുറം സാമൂഹ്യ മാനുഷിക മാനങ്ങളിലേക്കു അതിനെ വികസിപ്പിക്കാന്‍ കഴിയേണ്ടതുണ്ടായിരുന്നു. എന്നാല്‍ നൈതികതയുടെ രാഷ്ടീയം കൊണ്ടും സഹാനുഭൂതികൊണ്ടും മാത്രം അത് നേടിയെടുക്കുക സാധ്യമായിരുന്നില്ല. ഇതിനര്‍ത്ഥം ആയുധമാണ് ഏക വഴി എന്നല്ല. മണിപ്പൂരിലെ ഇംഫാല്‍ താഴ്‌വരയില്‍ മാലോം ടൗണിലെ ബസ് സ്റ്റോപ്പില്‍ വച്ച്, 2000 നവംബര്‍ രണ്ടിന് ആസ്സാം റൈഫിള്‍സിലെ പട്ടാളക്കാര്‍ സാധാരണക്കാരായ മനുഷ്യര്‍ക്കു നേരെ നിറയൊഴിച്ചപ്പോള്‍ അതിനോട് വൈകാരികവും മാനുഷികവുമായി പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ആയിരുന്നു മാധ്യമപ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഇറോം ശര്‍മിള. വ്യക്തിപരമായിത്തന്നെ അവര്‍ ഏറ്റടുത്ത സമരവുമായിരുന്നു നിരാഹാരം. എന്നാല്‍ അതിനൊക്കെ ശേഷം മണിപ്പൂരിലുണ്ടായ രാഷ്രീയ പശ്ചാത്തലം കൂടി കണക്കിലെടുക്കേണ്ടതുണ്ട്.

പേബം ചിത്തരഞ്ജന്റെ മരണത്തിനു ശേഷം അവിടെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ ചെറുതായിരുന്നില്ല. മനോരമ ദേവിയെ ആസാം റൈഫിള്‍സിന്റെ 'ചുണ'ക്കുട്ടന്മാര്‍ കൂട്ട ബലാത്സംഗം ചെയ്തപ്പോഴും അവിടെ ഉണ്ടായിരുന്ന ഭൂകമ്പങ്ങള്‍ ചെറുതായിരുന്നില്ല. എന്നാല്‍ ഇത്തരത്തില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന ഒരു രാഷ്ട്രീയ ഭൂമികയാണ്
അഫ്‌സ്പ എന്ന നിയമത്തെ ചുറ്റിപറ്റി മാത്രം മാറിത്തിരുന്നത്. തീര്‍ച്ചയായും അഫ്‌സ്പ നിയമം സുപ്രധാന ഘടകം തന്നെയായിരിക്കുമ്പോള്‍ ജനതക്കെതിരെ ഇതൊക്കെ പ്രയോഗിക്കാനുള്ള ഭരണകൂടത്തിന്റെ അര്‍ഹതയെ എത്രമാത്രം ചോദ്യം ചെയ്യപ്പെട്ടു എന്ന് കൂടി പരിശോധിക്കപ്പെടേണ്ടതുണ്ടായിരുന്നു. എന്നാല്‍ അത്തരം ശ്രമങ്ങളിലേക്കു ഈ സമരങ്ങള്‍ വികസിക്കുകയുണ്ടായില്ല. കാശ്മീര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സ്വയം ഭരണത്തിന് വേണ്ടി നടക്കുന്ന പ്രക്ഷോപങ്ങളെ പോലെ അല്ലെങ്കിലും ചില സമാനതകള്‍ ഇവിടെയും ഉണ്ട്. ദേശത്തിനെതിരാണ, ഭരണകൂടത്തിന് എതിരാണ് എന്ന ഭരണകൂട വ്യാഖ്യാനങ്ങള്‍ തന്നെയാണ് ഇവിടെയും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടൊക്കെ തന്നെ വ്യത്യസ്തമായ കൈവഴികളിലൂടെ വികസിച്ചു വരാന്‍ ഇവിടെയുണ്ടായിരുന്ന സമര പ്രക്ഷോഭത്തെ മറ്റ് ചില വഴികളിലേക്ക് മാത്രം തിരുച്ചു വിട്ടു എന്നത് തന്നെയാണ് ഇറോം ശര്‍മിള ചാനുവിന്റെ പതിനാറു വര്‍ഷങ്ങള്‍.