കത്തോലിക്കാ സഭയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കും പീഡനങ്ങൾക്കുമെതിരെ സിസ്റ്റർ മേരി സെബാസ്റ്റ്യൻ

ഇന്നലെ ഉച്ച ഭക്ഷണം നിഷേധിച്ചവർ, പോയി ചാകാൻ ഉപദേശിക്കുന്നവർ, ഒരു മുറിയിൽ താമസിച്ചിട്ടും ഒന്ന് നോക്കാൻ കൂട്ടാക്കാത്തവർ, ഭ്രാന്തി എന്ന് ആക്രോശിക്കുന്നവർ, അവരോടൊന്നും സിസ്റ്റർ പരിഭവിക്കുന്നില്ല. മറിച്ച് 25 വർഷമണിഞ്ഞ തിരുവസ്ത്രം എന്നെന്നേക്കുമായി ഉപേക്ഷിച്ചു മഠത്തിന്റെ പടിയിറങ്ങുമ്പോൾ ഒറ്റയ്ക്ക് സുരക്ഷിതയായി ജീവിക്കാൻ തന്റെ യൗവ്വനവും സമ്പാദ്യവും സേവനവും അർപ്പിച്ച കോൺഗ്രിഗേഷ്യനോടല്ലാതെ ആരോടാണ് ചോദിക്കുക.

കത്തോലിക്കാ സഭയിലെ  മനുഷ്യാവകാശ ലംഘനങ്ങൾക്കും പീഡനങ്ങൾക്കുമെതിരെ സിസ്റ്റർ മേരി സെബാസ്റ്റ്യൻ

കോട്ടയം: കഴിഞ്ഞ 18 വര്ഷങ്ങളായി സഭയ്ക്കുള്ളിൽ താൻ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾക്കും പീഡനങ്ങൾക്കുമെതിരെ ശക്തമായി പ്രതികരിക്കുകയാണ് സീറോ മലബാർ സഭയുടെ കീഴിലുള്ള പാലാ കോൺഗ്രിഗേഷൻ ഓഫ് മദർ കാർമേൽ (CMC) സന്യാസിനിയും ചേർപ്പുങ്കൽ നസ്രേത്തു ഭവൻ മഠത്തിലെ അംഗവുമായ സിസ്റ്റർ മേരി സെബാസ്റ്റ്യൻ. സഭയുടെ തന്നെ കൊഴുവനാലിൽ പ്രവർത്തിക്കുന്ന എയ്‌ഡഡ്‌ ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപിക കൂടിയാണ് M S W യോഗ്യതയുള്ള സിസ്റ്റർ. ചില സഭാ വക്താക്കളുടെ ഭാഷയിലെ തീക്കുത്തൽ ഇളകിയ മൊട്ടച്ചിയുടെ ജല്പനമായി തള്ളിക്കളയാൻ കഴിയാത്ത തരത്തിൽ കേരള സമൂഹത്തിൽ ചർച്ചയാവുകയാണ് സിസ്റ്റർ മേരി സെബാസ്റ്റ്യൻ ഉയർത്തിയ സഭാ വിഷയങ്ങൾ.


1995 ലാണ് മേരി സെബാസ്റ്റ്യൻ വ്രതം ചെയ്തു സഭാംഗമായത്. അതിനു ശേഷം രാജഗിരി കോളേജിൽ MSW കഴിഞ്ഞു സഭയുടെ തന്നെ അന്തിനാട് പ്രവർത്തിക്കുന്ന സ്‌പെഷ്യൽ സ്കൂളിലെ അധ്യാപികയായി. ഇവിടുത്തെ ജീവനക്കാരല്ലാത്ത സന്യാസിനികളെ ജീവനക്കാരാക്കി സർക്കാരിന്റെ ലക്ഷക്കണക്കിന് രൂപ ഗ്രാൻഡ് ഇനത്തിൽ കൈക്കലാക്കിയതിനെ ചോദ്യം ചെയ്ത നാൾ മുതൽ മദർ സുപ്പീരിയർ, പ്രൊവിൻഷ്യാൽ അടക്കമുള്ളവരുടെ കണ്ണിലെ കരടായി. കൂടാതെ പാവങ്ങൾക്ക് വേണ്ടി ക്ഷേമ പ്രവർത്തനങ്ങൾക്കും അവരുടെ മെച്ചപ്പെട്ട ജീവിതത്തിനും വേണ്ടി പ്രൊജക്റ്റ് റിപ്പോർട്ട് ഉണ്ടാക്കി വിദേശ രാജ്യങ്ങളിൽ നിന്നും കോടിക്കണക്കിന് രൂപ വാങ്ങി പദ്ധതിക്ക് വേണ്ടി ഒരു രൂപ പോലും ചെലവഴിക്കാതെ, റിപ്പോർട്ട് തയ്യാറാക്കിയ തന്നെയും അതിന്റെ ഗുണഭോക്താക്കളാകേണ്ടിയിരുന്ന കുറെ പാവങ്ങളെയും സഭ വഞ്ചിക്കുകയായിരുന്നുവെന്നും സിസ്റ്റർ പറയുന്നു.

അതിനെതിരെ പ്രതികരിച്ചതിൻറെ പേരിൽ മാനസിക രോഗിയാക്കി താൻ അറിഞ്ഞും അറിയാതെയും പലയിടത്തും ചികിൽസിപ്പിച്ചു. പല മരുന്നുകളും കഴിക്കുന്നതിനു നിർബന്ധിച്ചു. താനുമായി സംസാരിക്കുന്നതിനു മറ്റു സന്യാസിനികളെ വിലക്കി. വർഷങ്ങൾ നീണ്ട അവഗണനയും മാനസിക പീഡനങ്ങളും മടുത്താണ് സീറോ മലബാർ സഭാ മേജർ ആർച് ബിഷപ്പിൽ നിന്നും നിയമാനുസരണമായി വ്രത മോചനത്തിനുള്ള അനുമതി നേടിയെടുത്തത്. ഇതിന്റെ പ്രതികാരമെന്നോണോം കാനൻ നിയമപ്രകാരം നൽകേണ്ട നഷ്ടപരിഹാരം നൽകാതെ മോഷണം ആരോപിച്ചു പാലാ പോലീസിൽ പരാതി നൽകുകയും കൂടാതെ മഠത്തോട് ചേർന്നുള്ള ബാലികാ സദനത്തിലെ കുട്ടികളെ മാനസിക പീഡനത്തിന് വിധേയരാക്കുന്നുവെന്നു കാട്ടി ശിശുക്ഷേമ സമിതിക്കു മുന്നിൽ തെറ്റുകാരിയാക്കി അവഹേളിക്കുകയും ചെയ്തു. എന്നാൽ സത്യം മനസിലാക്കിയ പോലീസും ശിശു ക്ഷേമ സമിതിയും തുടർനടപടികളിലേക്ക് പോയിട്ടില്ല.

2002 സെപ്തംബർ മുതൽ എയ്ഡഡ് ഹയർ സെക്കന്ററി സ്കൂൾ അധ്യാപികയായ സിസ്റ്റർ തനിക്കു ശമ്പള ഇനത്തിൽ ലഭിച്ച 40 ലക്ഷത്തോളം രൂപ മഠത്തിലേക്ക് നൽകിയിട്ടുണ്ട്. പ്രതിമാസം 100 രൂപ മാത്രമാണ് എണ്ണയും സോപ്പും വാങ്ങുന്നതിനു നൽകിയിരുന്നത്. അതുകൊണ്ടു തന്നെ തുടർ ജീവിതത്തിനു മറ്റാരും തുണയില്ലാത്തതിനാൽ ന്യായമായും നഷ്ടപരിഹാരം കിട്ടാൻ അർഹതയുണ്ട്. അത് നൽകാതെ അവരെ ആത്മഹത്യയിലേക്കു തള്ളി വിടാൻ ശ്രമിക്കുന്നതിനു ന്യായീകരണമില്ല. സിസ്റ്റർമാരായ ജീവനക്കാരുടെ ശമ്പള ഇനത്തിൽ മാത്രം ഏകദേശം 2 കോടി രൂപയോളം പ്രതിമാസം പാലാ രൂപതയ്ക്ക് മാത്രം വരുമാനമുണ്ട്.

ഈ നീതി നിഷേധത്തിനെതിരെ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും അവർ പരാതി നൽകിയിട്ടുണ്ട്. തന്നെപ്പോലെ പ്രതികരിക്കാൻ പല സന്യാസിനികൾക്കും ആഗ്രഹമുണ്ടെങ്കിലും സഭയെപ്പേടിച്ചു കുടുംബം പോലും കയ്യൊഴിയുമെന്നതിനാലും തുടർ ജീവിതത്തിനു മറ്റു മാർഗ്ഗമില്ലാത്തതിനാലും ആരും മുന്നോട്ടു വരുന്നില്ല. ഈ വിഷയത്തിന്റെ പേരിൽ താൻ ജോലി ചെയ്യുന്ന ഹയർ സെക്കന്ററി സ്കൂളിന്റെ പ്രിൻസിപ്പലിന് മാനസിക സമ്മർദം നേരിടേണ്ടി വരുന്നതിൽ അതീവ ദുഃഖിതയാണ് സിസ്റ്റർ മേരി സെബാസ്റ്റ്യൻ. അതോടൊപ്പം തന്റെ ജോലി നഷ്ടപ്പെടുമോയെന്ന ആശങ്കയിലും.

എന്തു വന്നാലും ഇനി പിന്നോട്ടു പോകാൻ അവർ തയ്യാറല്ല. ഇന്നലെ ഉച്ച ഭക്ഷണം നിഷേധിച്ചവർ, പോയി ചാകാൻ ഉപദേശിക്കുന്നവർ, ഒരു മുറിയിൽ താമസിച്ചിട്ടും ഒന്ന് നോക്കാൻ കൂട്ടാക്കാത്തവർ, ഭ്രാന്തി എന്ന് ആക്രോശിക്കുന്നവർ, അവരോടൊന്നും സിസ്റ്റർ പരിഭവിക്കുന്നില്ല. മറിച്ച് 25 വർഷമണിഞ്ഞ തിരുവസ്ത്രം എന്നെന്നേക്കുമായി ഉപേക്ഷിച്ചു മഠത്തിന്റെ പടിയിറങ്ങുമ്പോൾ ഒറ്റയ്ക്ക് സുരക്ഷിതയായി ജീവിക്കാൻ തന്റെ യൗവ്വനവും സമ്പാദ്യവും സേവനവും അർപ്പിച്ച കോൺഗ്രിഗേഷ്യനോടല്ലാതെ ആരോടാണ് ചോദിക്കുക. ആ ചോദ്യം തികച്ചും ന്യായമാണ് ഉത്തരം കൊടുക്കേണ്ടത് സഭയും.

സിസ്റ്റർ ജെസ്മിക്ക് ശേഷം തന്റെ 25 വർഷത്തെ സന്യസ്ത ജീവിതം പുസ്തകമാക്കാനൊരുങ്ങുകയാണ് സിസ്റ്റർ മേരി സെബാസ്റ്റ്യൻ എന്ന സിലിമോൾ ടീച്ചർ.

Read More >>