സിമോണ്‍ മാനുവല്‍, സിമോണ്‍ ബെയല്‍സ്; ഒളിമ്പിക്‌സിലെ സ്വര്‍ണ ചിറകുള്ള ചിത്രശലഭങ്ങള്‍

ജിംനാസ്റ്റിക്‌സിലും നീന്തല്‍ കുളത്തിലും സിമോണുമാര്‍ നേടിയ സ്വര്‍ണമഡല്‍ പലതിനുമുള്ള മറുപടിയായിരുന്നു. കറുത്ത വര്‍ഗക്കാരോടുള്ള വംശീയ അധിക്ഷേപങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കുമുള്ള സുന്ദരമായ മറുപടി.

സിമോണ്‍ മാനുവല്‍, സിമോണ്‍ ബെയല്‍സ്; ഒളിമ്പിക്‌സിലെ സ്വര്‍ണ ചിറകുള്ള ചിത്രശലഭങ്ങള്‍

2016 ലെ റിയോ ഒളിമ്പിക്‌സിലെ സ്വര്‍ണ ചിറകുള്ള ചിത്രശലഭങ്ങളാണ് സിമോണ്‍ മാനുവലും സിമോണ്‍ ബെയ്ല്‍സും. നീന്തല്‍കുളത്തിലും ജിംനാസ്റ്റിക്‌സിലുമായി ഇവര്‍ നേടിയ സ്വര്‍ണത്തിന് അമേരിക്കയെന്ന രാജ്യത്തെ വര്‍ണവെറിയുടേയും വംശീയതയുടേയും ചരിത്രം കൂടി പറയാനുണ്ട്.

ജിംനാസ്റ്റിക്‌സില്‍ രണ്ട് ഗോള്‍ഡ് മെഡലോടെയാണ് സിമോണ്‍ ബെയ്ല്‍സ് എന്ന പത്തൊമ്പതുകാരി ചരിത്രത്തിലേക്ക് പറന്നിറങ്ങിയത്. വനിതകളുടെ ടീമിനത്തില്‍ സ്വര്‍ണം നേടിയ സൈമണ്‍ ബെയ്ല്‍സ് വ്യക്തിഗത ഇനത്തിലും സ്വര്‍ണം നേടി എക്കാലത്തേയും മികച്ച ജിംനാസ്റ്റ് എന്ന ഖ്യാതി നേടി.


നീന്തലില്‍ വനിതകളുടെ 100 മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ സ്വര്‍ണം നേടിയാണ് അമേരിക്കന്‍ താരം സിമോണ്‍ മാനുവല്‍ ചരിത്രം കുറിച്ചത്. കാനഡയുടെ പെന്നി ഒലെക്‌സിയാകുമായിട്ടാണ് സിമോണ്‍ മാനുവല്‍ സ്വര്‍ണം പങ്കിട്ടത്. 52.70 സെക്കന്‍ഡില്‍ ഒളിമ്പിക് റെക്കോഡോടെയായിരുന്നു ഇരുവരുടെയും നേട്ടം. നീന്തലില്‍ വ്യക്തിഗത സ്വര്‍ണ നേടുന്ന ആദ്യ ആഫ്രിക്കന്‍-അമേരിക്കന്‍ താരം എന്ന നേട്ടം ഇനി സൈമണ്‍ മാനുവലിന് സ്വന്തം.

ജിംനാസ്റ്റിക്‌സിലും നീന്തല്‍ കുളത്തിലും സിമോണുമാര്‍ നേടിയ സ്വര്‍ണമഡല്‍ പലതിനുമുള്ള മറുപടിയായിരുന്നു. കറുത്ത വര്‍ഗക്കാരോടുള്ള വംശീയ അധിക്ഷേപങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കുമുള്ള സുന്ദരമായ മറുപടി.

Simone-Manuelനീന്തല്‍ക്കുളത്തില്‍ നിന്ന് ചരിത്ര നേട്ടത്തോടെ സ്വര്‍ണ മെഡല്‍ നേടിയ സിമോണ്‍ മാനുവലിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നതും ഇതുതന്നെ. 'മുഴുവന്‍ കറുത്ത വര്‍ഗ്ഗക്കാരുടെയും പ്രതീക്ഷകള്‍ ചുമലിലേറ്റിയാണ് ഞാന്‍ മത്സരത്തിനെത്തിയത്. അത് എന്നും എനിക്കൊപ്പമുണ്ടായിരുന്നു. എല്ലാ കറുത്ത വര്‍ഗക്കാര്‍ക്കുമുള്ള പ്രചോദനമാകണമെനിക്ക്. എന്നാല്‍ 'കറുത്ത വര്‍ഗക്കാരിയായ നീന്തല്‍ക്കാരി' എന്ന വിശേഷണം ഇല്ലാതാകുന്ന ദിവസത്തിനായാണ് ഞാന്‍ കാത്തിരിക്കുന്നത്.'

നീന്തല്‍ കുളത്തില്‍ സിമോണ്‍ മാനുവല്‍ നേടിയ സ്വര്‍ണ മെഡലിന് കാലങ്ങളായി അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാരോടുള്ള വിവേചനത്തിന്റെ കൈപ്പുള്ള ചരിത്രമുണ്ട്. അമേരിക്കയിലെ പൊതു നീന്തല്‍ കുളങ്ങളിലും ബീച്ചുകളിലും കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് കാലങ്ങളോളം പ്രവേശനാനുമതിയുണ്ടായിരുന്നില്ല. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലായിരുന്നു ഈ വിവേചനം. കറുത്തവര്‍ഗക്കാരെ മാറ്റി നിര്‍ത്തുന്നതിന്റെ ഭാഗമായി അമേരിക്കയിലെ പല കുളങ്ങളും സ്വകാര്യ ക്ലബ്ബുകളുടെ ഭാഗമാക്കി മാറ്റുക പോലും ചെയ്തിരുന്നു.

Simone-Manuel-1നീന്തല്‍ക്കുളങ്ങളുടെ പുറത്ത് 'നായ്ക്കള്‍ക്കും നീഗ്രോകള്‍ക്കും' പ്രവേശനമില്ലെന്ന ബോര്‍ഡ് സ്ഥാപിച്ചിരുന്നതായി മൊണ്ടാന സര്‍വകലാശാലയിലെ അധ്യാപകനായ ജെഫ് വിറ്റ്‌സേയുടെ 'കോണ്ടസ്റ്റഡ് വാട്ടേര്‍സ്: എ സോഷ്യല്‍ ഹിസ്റ്ററി ഓഫ് സ്വിമ്മിംഗ് പൂള്‍സ് ഇന്‍ അമേരിക്ക' എന്ന പുസ്തകത്തില്‍ പറയുന്നു. കറുത്ത വര്‍ഗക്കാര്‍ക്ക് മറ്റുപല മേഖലകളിലെന്നുമെന്ന പോലെ നീന്തല്‍ കുളത്തിലും നേരിടേണ്ടി വന്ന വിവേചനത്തിന്റെ ചരിത്രമാണ് പുസ്തകത്തില്‍ പറയുന്നത്. ഇന്നും അമേരിക്കയിലെ പല നീന്തല്‍കുളങ്ങളിലും കറുത്തവര്‍ഗക്കാര്‍ തീണ്ടാപ്പാടകലെയാണ്.

നീന്തല്‍ കുളങ്ങളുടെ പേരില്‍ 1950 കളില്‍ അമേരിക്കയില്‍ പലയിടങ്ങളിലും കലാപങ്ങള്‍ പോലുമുണ്ടായി. ഒടുവില്‍ നിയമപരമായി വിവേചനം അവസാനിച്ചപ്പോള്‍ കറുത്ത വര്‍ഗക്കാര്‍ക്കൊപ്പം നീന്താന്‍ അമേരിക്കയിലെ വെളുത്ത വര്‍ഗക്കാര്‍ തയ്യാറായില്ല. ഈ വിവേചനങ്ങള്‍ക്കെല്ലാമുള്ള മറുപടിയാണ് സിമോണ്‍ മാനുവലിന്റെ സ്വര്‍ണം. നീന്തല്‍കുളത്തിലെ ഫിനിഷിംഗ് ലൈനില്‍ എത്തുമ്പോള്‍ പൊട്ടിക്കരയുന്ന സിമോണിന്റെ ചിത്രം അമേരിക്കന്‍ വര്‍ണവെറിക്കുള്ള ശക്തമായ മറുപടിയാണ്.

സിമോണ്‍ മാനുവല്‍ ഒളിമ്പിക് മെഡല്‍ വാങ്ങുന്ന ചരിത്ര മുഹൂര്‍ത്തം അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം തത്സമയം കാണിച്ചപ്പോള്‍ അമേരിക്കന്‍ ചാനലായ എന്‍ബിസി മാത്രം കാണിച്ചില്ല എന്നതില്‍ നിന്ന് തന്നെ കറുത്ത വര്‍ഗക്കാരോടുള്ള അമേരിക്കയുടെ വംശീയ വിദ്വേഷം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാം.'ഞാന്‍ അടുത്ത ഉസൈന്‍ ബോള്‍ട്ടോ മൈക്കല്‍ ഫെല്‍പ്‌സോ അല്ല, ആദ്യത്തെ സിമോണ്‍ ബെയ്ല്‍സാണ്'. ജിംനാസ്റ്റിക്‌സിലെ മനോഹരമായ പ്രകടനത്തിന് ശേഷം സ്വര്‍ണ മെഡല്‍ നേടിയ സിമോണ്‍ ബെയ്ല്‍സിന്റെ വാക്കുകളാണിത്.

simone-bilesജിംനാസ്റ്റിക്‌സിലെ ഏറ്റവും മികച്ച പ്രകടനമാണ് പത്തൊമ്പത് വയസ്സ് മാത്രം പ്രായമുള്ള സിമോണ്‍ ബെയല്‍സ് കാഴ്ച്ച വെച്ചത്. മുന്‍കാലങ്ങളില്‍ ബെയ്ല്‍സ് നേടിയ നേട്ടങ്ങള്‍ നോക്കിയാല്‍ അവരുടെ വാക്കുകള്‍ അക്ഷരംപ്രതി ശരിയാണെന്ന് വ്യക്തമാകും. ജിംനാസ്റ്റിക്‌സില്‍ മൂന്ന് തവണ ലോക ചാമ്പ്യനാണ് 142 സെന്റീമീറ്റര്‍ മാത്രം ഉയരമുള്ള സിമോണ്‍ ബെയ്ല്‍സ്.