ഇറോം ശര്‍മിള; സമാധാനത്തിന്റെ നറുമണം

ഒരു സാധാരണ ചടങ്ങ് പോലെ മാസാമാസം ജയിലധികാരികള്‍ അവരെ കോടതിയില്‍ ഹാജരാക്കും. ജഡ്ജിയും അവരോടു രണ്ടേ രണ്ടു ചോദ്യങ്ങള്‍ ചോദിക്കും. “നിങ്ങള്‍ നിരാഹാര സത്യാഗ്രഹം തുടരുകയാണോ?” എന്ന ചോദ്യത്തിന് “അതെ” എന്ന മറുപടിയും “വേറെ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ?” എന്നതിനു “ സുഹൃത്തുക്കളെയും മാധ്യമങ്ങളെയും കാണാന്‍ അനുവദിക്കണം” എന്ന അപേക്ഷയുമാണ് പതിനാറു വര്‍ഷങ്ങളായി അവര്‍ കൊടുത്തുകൊണ്ടിരുന്നത്. ലീന മണിമേഖല എഴുതുന്നു.

ഇറോം ശര്‍മിള; സമാധാനത്തിന്റെ നറുമണം

ലീന മണിമേഖല

മണിപ്പൂര്‍, നാഗാലാ‌‍ന്‍ഡ്, മേഘാലയ എന്നീ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കാശ്മീരിലും ഇന്ത്യന്‍ അധീശത്വം നില നിര്‍ത്തുവാനായി പ്രയോഗിച്ചിട്ടുള്ള AFSPA (Armed Forces Special Powers Act) എന്ന കരി നിയമത്തെ നേരിടാനായി പതിനാറു വര്‍ഷമായി താന്‍ നടത്തി വരുന്ന  നിരാഹാര സത്യാഗ്രഹത്തെ ആഗസ്റ്റ്‌ ഒമ്പതാം തീയതിയോടു കൂടി നിര്‍ത്തിവെക്കുന്ന, മണിപ്പൂരിന്റെ ഉരുക്ക് വനിത എന്നറിയപ്പെടുന്ന, ഇറോം ശര്‍മിള അടിസ്ഥാനപരമായി ഒരു കവയത്രിയാണ്. 2014 ല്‍ എന്റെ ‘Rape Nation-ബലാത്സംഗ രാഷ്ട്രം’ എന്ന ഡോകുമെന്ടറിക്ക് വേണ്ടി അവരെ സന്ദര്‍ശിച്ചപ്പോള്‍ മെയ്തി ഭാഷയില്‍ എഴുതപ്പെട്ടിരുന്ന അവരുടെ ‘സമാധാനത്തിന്റെ നറുമണം’ എന്ന പുസ്തകത്തില്‍ നിന്ന്


“തടവറയുടെ കതകുകള്‍ മലര്‍ക്കെ തുറക്കപ്പെടട്ടെ.

ഒരിക്കലും മറ്റൊരു പാത ഞാന്‍ തിരഞ്ഞെടുക്കുകയില്ല.

എന്റെ പാദങ്ങളെ

മുള്‍ വളയങ്ങളായി ചുറ്റിയിരിക്കുന്ന

വിലങ്ങുകളില്‍ നിന്നും മോചിപ്പിക്കുക

പറവയായി അവതരിച്ചു എന്ന കുറ്റം

എന്റെ മേല്‍ ചുമത്താതിരിക്കുവിന്‍.”

എന്ന വരികളെ ‘വിളറിയ നാക്കും വരണ്ട ചുണ്ടുകളു’ മായി  വായിക്കുമ്പോഴും  അടങ്ങാത്ത ജീവിതദാഹം അവരുടെ കണ്ണുകളില്‍ നിഴലിച്ചിരുന്നു. ഇവരെയാണ് ഇന്ത്യന്‍ ഭരണകൂടം ഓരോ വര്‍ഷവും പേരിനു സ്വതന്ത്രയാക്കുകയും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ആത്മഹത്യാകുറ്റത്തിന് എന്ന വ്യാജേന വീണ്ടും തടവിലിടുക എന്ന അസംബന്ധനാടകം തുടര്‍ച്ചയായി നടത്തിക്കൊണ്ടിരുന്നത്.

തന്റെ ഉടലിനെത്തന്നെ സമരായുധമാക്കി വായ വഴി ആഹാരമോ ജലമോ കഴിക്കാതെ, ആംനെസ്റ്റി വിവരിച്ച പോലെ ‘മനസ്സാക്ഷിയുടെ തടവുകാരി’യായി ഇത്രയും നാള്‍ അഹിംസാമാര്‍ഗത്തിലൂടെ ഏകയായ ഒരു സ്ത്രീയായി പോരാട്ടം തുടര്‍ന്നുവന്ന ഇറോം അവകാശപ്പെട്ടത് തന്റെ നാടിന്റെ 'സമാധാനവും സ്വാതന്ത്ര്യവും' മാത്രം. വിളര്‍ത്ത മുഖവും മെലിഞ്ഞ ശരീരവും, ചുരുണ്ട മുടിയും, നീണ്ട കണ്ണുകളും നാസിക വഴി ബലമായി ദ്രവാഹാരം നല്‍കി വന്നിരുന്ന ഭരണകൂടത്തിന്റെ സിറിഞ്ചും ആത്മവിശ്വാസം കൈ വിടാത്ത പുഞ്ചിരിയും ആഗോള തലത്തില്‍ ചെറുത്തു നില്‍പ്പിന്റെ ഒരു പ്രതീകമായി ഇറോമിനെ ആഘോഷിക്കപ്പെട്ടിരുന്നു.

ഇംഫാല്‍ നഗരത്തിലെ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ഒരു സ്പെഷ്യല്‍ വാര്‍ഡു തന്നെ ജയിലാക്കി മാറ്റി സായുധരായ ഗാര്‍ഡുകളാല്‍ചുറ്റപ്പെട്ടാണ്  ഇറോമിനെ ഭരണകൂടം അടച്ചുപൂട്ടി  വെച്ചിരുന്നത്. ഒരു സാധാരണ ചടങ്ങ് പോലെ മാസാമാസം ജയിലധികാരികള്‍ അവരെ കോടതിയില്‍ ഹാജരാക്കും. ജഡ്ജിയും അവരോടു രണ്ടേ രണ്ടു ചോദ്യങ്ങള്‍ ചോദിക്കും. “നിങ്ങള്‍ നിരാഹാര സത്യാഗ്രഹം തുടരുകയാണോ?” എന്ന ചോദ്യത്തിന് “അതെ” എന്ന മറുപടിയും  “വേറെ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ?” എന്നതിനു “ സുഹൃത്തുക്കളെയും മാധ്യമങ്ങളെയും കാണാന്‍ അനുവദിക്കണം” എന്ന അപേക്ഷയുമാണ് പതിനാറു വര്‍ഷങ്ങളായി അവര്‍ കൊടുത്തുകൊണ്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ ജൂലൈ 26 നു നീതി പീഠത്തിന്റെ മറ്റൊരു വിജയവേളയില്‍ “ ജീവനോടെയിരുന്നു കൊണ്ടുതന്നെ  തന്റെ സമരത്തില്‍ വിജയിയാകണമെന്നും അതിനാല്‍ നിരാഹാരം നിര്‍ത്തുകയാണെന്നും ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുത്ത് വ്യവസ്ഥയ്ക്കുള്ളിലിരുന്നുതന്നെ മാറ്റങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ പോവുകയാണെന്നും പല വര്‍ഷങ്ങളായി പിരിഞ്ഞിരിക്കുന്ന തന്റെ കാമുകനെ വിവാഹം ചെയ്യാന്‍ പോവുകയാണെന്നു” മാണ് അവര്‍ പ്രതികരിച്ചത്. ഇറോമിന്റെ ഈ തീരുമാനത്തെ അമ്പരപ്പോടെ കണ്ട സിവില്‍ സമൂഹം തന്നെയാണ്‌ മലോം ബസ്‌ സ്റ്റേഷനില്‍ 2000ല്‍ ആസ്സാം റയിഫിള്‍സ് എന്ന അര്‍ദ്ധ സൈനിക ഘടകം രണ്ടു കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ പത്തു നിരപരാധികളെ കൊന്നൊടുക്കിയ സമയത്ത്,  ഇത് പോലെ ആരെയും കണ്ട മാത്രയില്‍ കൊന്നു തള്ളാനും അറസ്റ്റ് ചെയ്യാനും പട്ടാളത്തിനു പ്രത്യേകഅധികാരങ്ങള്‍ നല്‍കുന്ന AFSPA കരിനിയമം പിന്‍വലിക്കുംവരെ താന്‍ നിരാഹാരം ഇരിക്കാന്‍ പോവുകയാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ അവരെ വിമര്‍ശിച്ചത്.

leena_iromരാഷ്ട്രീയത്തിന്റെ ഈ രണ്ടു അവസ്ഥകളേയും ഒരു കവി മനസ്സിന്റെ സ്ഫോടനമായി കാണാന്‍ കഴിയാത്തവര്‍ക്ക് ഇറോം ശര്‍മിള ഒരു പ്രഹേളിക ആയേക്കാം.

“ കാണാനും, പ്രദർശിക്കപ്പെടാനും, പിന്നെ അവരവരുടെ ജീവിതങ്ങളിലേക്ക് അവരവര്‍ മടങ്ങിപ്പോവാനും ഞാന്‍ എന്താണ്, ഒരു പ്രദര്‍ശനവസ്തുവോ?” എന്ന് അവര്‍ ഒരു കവിതയില്‍ എഴുതിയിട്ടുണ്ട്. ഏതാണ്ട് ഒറ്റയ്ക്ക് തന്നെ പതിനാറു വർഷം നടത്തിയ പോരാട്ടത്തില്‍ നിന്ന് ഇറോം പിന്‍വാങ്ങിയതിനെ പരാജയമായി കാണുന്നവരും , വിവാഹം, തിരഞ്ഞെടുപ്പില്‍ മത്സരിക്കല്‍ തുടങ്ങിയ അവരുടെ തീരുമാനങ്ങളെ സംശയത്തോടെ വീക്ഷിക്കുന്നവരും വിശാല മനസ്സില്ലാത്ത സിവില്‍ സമൂഹത്തിന്റെ പ്രതിനിധികള്‍ ആണ് എന്നതിലുപരി അതൊന്നും ഇറോമിന്റെ വീഴ്ചയെ കുറിക്കുന്നില്ല. സമരരംഗത്തെയും മാര്‍ഗത്തെയും മാറ്റുന്നു എന്നല്ലാതെ സമരം കൈവിടുന്നില്ല എന്ന് പറയുന്ന അവരെ ആശ്ലേഷിച്ചു കൊണ്ട് നമ്മുടെ സ്നേഹം അവരെ അറിയിക്കുക എന്നതാണ് നമ്മുടെ കടമ.

പെല്ലെറ്റ് വെടിയുണ്ടകള്‍കൊണ്ട് അരിപ്പയാക്കപ്പെടുന്ന മുഖങ്ങളാലും നിയമ വിരുദ്ധ തടവുകളാലും കൊലകളാലും അപ്രത്യക്ഷരാകുന്ന ആളുകളാലും ബലാല്‍ സംഗങ്ങളാലും കാശ്മീരിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഇന്ത്യന്‍ ദേശീയ ഭരണകൂടം നടത്തിവരുന്ന നിഷ്ടുരമായ യുദ്ധത്തിനാലും ഇന്ത്യന്‍ പൌരന്മാരായ നമ്മളില്‍ ഓരോരുത്തരുടെ പേരുകളും രക്ത്തത്തില്‍ രേഖപ്പെടുത്തപ്പെടും എന്നാലോചിക്കുമ്പോള്‍ ഇറോം എന്ന ആത്മാവിന്റെ മൊഴികള്‍ക്കും, പതിനാറു വര്‍ഷങ്ങളായി ആഹാരം കഴിക്കാത്ത അവര്‍ ഇനി നുണയുന്ന ഓരോ തുള്ളി ജലത്തിനും ഓരോ വറ്റു ചോറിനും അര്‍ത്ഥമുണ്ടാവുമെന്നു തീര്‍ച്ച.