സംസ്‌കൃത സര്‍വ്വകലാശാലയെ ഹിന്ദുത്വവത്കരിക്കുകയാണ് ആര്‍എസ്എസിന്റെ അജണ്ടയെന്ന് എഎെഎസ്എഫ്

''എട്ടുലക്ഷം രൂപ മുടക്കുമുതലില്‍ നിര്‍മ്മിച്ച ശങ്കരാചാര്യര്‍ പ്രതിമ ക്യാംപസിനകത്ത്‌ സ്ഥാപിക്കാതെ ഗേറ്റിനു പുറത്ത് സ്ഥാപിച്ചത് സര്‍വ്വകലാശാല സംഘപരിവാറിനു തീറെഴുതി നല്‍കുന്നതിന് തുല്യം''

സംസ്‌കൃത സര്‍വ്വകലാശാലയെ ഹിന്ദുത്വവത്കരിക്കുകയാണ് ആര്‍എസ്എസിന്റെ അജണ്ടയെന്ന് എഎെഎസ്എഫ്


കൊച്ചി:  സംസ്‌കൃത സര്‍വ്വകലാശാലയെ ഹിന്ദുത്വവത്കരിക്കുകയാണ് ആര്‍എസ്എസിന്റെ അജണ്ടയെന്നു എഎെഎസ്എഫ്. സര്‍വ്വകലാശാലാ എഞ്ചിനീയറിങ് വിഭാഗം തയ്യാറാക്കിയ പ്ലാന്‍ ഉപേക്ഷിച്ചു ഇപ്പോള്‍  മുഖ്യകവാടത്തിന്‍റെ ഗേറ്റിനുപുറത്ത് ശങ്കരാചാര്യരുടെ പ്രതിമ സ്ഥാപിക്കുന്നത് ഈ അജണ്ടയുടെ ഭാഗമായാണെന്നും എഎെഎസ്എഫ്  ദേശീയ എക്സിക്യുട്ടീവ് അംഗം എന്‍ അരുണ്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇതിനായി സര്‍വ്വകലാശാലാ അധികാരികളുടെ മേല്‍ ആര്‍എസ്എസ് കടുത്ത സമ്മര്‍ദം പുലര്‍ത്തി. നിലവില്‍ ശങ്കരാചാര്യരോടുള്ള ആദരസൂചകമായി ഒരു പ്രതിമ ക്യാംപസിനകത്തുണ്ട്. എട്ടുലക്ഷം രൂപ മുടക്കുമുതലില്‍ നിര്‍മ്മിച്ച പുതിയ പ്രതിമ ക്യാംപസിനകത്ത്‌ സ്ഥാപിക്കാതെ ഗേറ്റിനു പുറത്ത് സ്ഥാപിച്ചത് സര്‍വ്വകലാശാല സംഘപരിവാറിനു തീറെഴുതി നല്‍കുന്നതിന് തുല്യമാണെന്നും മതേതര കേരളം ഇതിനെതിരെ പ്രതികരിക്കണമെന്നും അരുണ്‍ അഭിപ്രായപ്പെട്ടു. സംഘപരിവാറിന്റെ ഫാസിസ്റ്റ് നിലപാടുകളെ കേരളത്തിലെ കലാലയങ്ങളില്‍ വളര്‍ത്താന്‍ അനുവദിക്കരുതെന്നും ഇതിനായി പോരാടുന്ന എസ്എഫ്ഐക്കും എഐഎസ്എഫിനും വിദ്യാര്‍ഥിസമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണ അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More >>