വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറി; പരാതിപ്പെട്ടവരെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി; കാലടി സർവകലാശാലാ അധ്യാപകന്‍ ഷാജി ജേക്കബിനെതിരെ വീണ്ടും പരാതി

ആഗസ്റ്റ് 19-നു ക്യാമ്പസ് വിട്ടു പുറത്തിറങ്ങിയ പെണ്‍ കുട്ടികളിലൊരാളെ ബൈക്കിലെത്തിയ രണ്ടു പേര്‍ തടഞ്ഞു നിര്‍ത്തി പഠിക്കാന്‍ സമ്മതിക്കില്ലെന്നു ഭീഷണിപ്പെടുത്തി. ഈ സാഹചര്യത്തില്‍, വൈസ് ചാന്‍സലറെ നേരിട്ടു കണ്ടു രേഖാ മൂലം പരാതി നല്‍കാന്‍ പെണ്‍കുട്ടികള്‍ തീരുമാനിക്കുകയായിരുന്നു.

വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറി; പരാതിപ്പെട്ടവരെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി; കാലടി സർവകലാശാലാ അധ്യാപകന്‍ ഷാജി ജേക്കബിനെതിരെ വീണ്ടും പരാതി

കൊച്ചി: കാലടി സർവകലാശാലാ അധ്യാപകനും ആനുകാലികങ്ങളില്‍ കോളമിസ്റ്റുമായ ഷാജി ജേക്കബ് വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയതായി പരാതി.പരാതിപ്പെട്ടവരെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് വിദ്യാര്‍ത്ഥിനികള്‍ വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കി.  രണ്ടാഴ്ചകള്‍ക്കു മുന്‍പ് വരാന്തയില്‍ നില്‍ക്കുമ്പോള്‍  തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ഷാജി ജേക്കബ് ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നും സംഭവം ചോദ്യം ചെയ്തപ്പോള്‍  ഭീഷണിപ്പെടുത്തിയെന്നും പിജി വിദ്യാര്‍ഥികളായ പെണ്‍കുട്ടികള്‍ വിസിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.


kkkkk

ചിത്രങ്ങള്‍ ഒരിക്കലും ദുരുപയോഗം ചെയ്തിട്ടില്ലെന്നും ദയവു ചെയ്ത് നിങ്ങള്‍ ഇത് പ്രശ്നമാക്കരുതെന്നും ഷാജി ജേക്കബ് അഭ്യര്‍ത്ഥിച്ചതായി വിദ്യാര്‍ത്ഥിനികള്‍ നാരദാ ന്യൂസിനോട് പറഞ്ഞു. സംഭവത്തില്‍ വിസിയ്ക്കു വാക്കാല്‍ പരാതി നല്‍കിയെന്ന് അറിഞ്ഞ ഷാജി ജേക്കബും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ അധ്യാപകരും തങ്ങളെ ഭീഷണിപ്പെടുത്തിയതായും  പിജി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരിലൊരാളായ പെണ്‍കുട്ടി പറഞ്ഞു.

സ്ഥാപനത്തിലെ തന്റെ സ്വാധീനമുപയോഗിച്ച് പരാതിയുമായി മുന്നോട്ടു പോകാതിരിക്കാന്‍ തങ്ങളെ  ഭീഷണിപ്പെടുത്തുകയാണ് ഷാജി ജേക്കബ് എന്നാണ് വിദ്യാര്‍ത്ഥിനികളുടെ ആരോപണം. നേരിട്ടും മറ്റു ചില അദ്ധ്യാപകര്‍ മുഖേനയുമാണ് അദ്ദേഹം ഇതു ചെയ്യുന്നതെന്നും,  ബിബിത, നിര്‍മ്മല, സുധര്‍മ്മിണി എന്നീ അദ്ധ്യാപകരാണ് ഇതിനു നേതൃത്വം നല്‍കുന്നതെന്നും വിദ്യാര്‍ഥിനികള്‍ നാരദാ ന്യൂസിനോടു പറഞ്ഞു.

ഇതിനെല്ലാം പുറമേ ആഗസ്റ്റ് 19-നു ക്യാമ്പസ് വിട്ടു പുറത്തിറങ്ങിയ പെണ്‍കുട്ടികളിലൊരാളെ ബൈക്കിലെത്തിയ രണ്ടു പേര്‍ തടഞ്ഞു നിര്‍ത്തി പഠിക്കാന്‍ സമ്മതിക്കില്ലെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യത്തില്‍, വൈസ് ചാന്‍സലറെ നേരിട്ടു കണ്ടു രേഖാ മൂലം പരാതി നല്‍കാന്‍ പെണ്‍കുട്ടികള്‍ തീരുമാനിക്കുകയായിരുന്നു. സുരക്ഷിതമായി പഠിക്കാന്‍ കഴിയുന്ന സാഹചര്യം തങ്ങള്‍ക്ക് നഷ്ടപ്പെട്ടെന്നു പരാതിക്കാര്‍ പറയുന്നു.

2014-ല്‍ സമാനമായ മറ്റൊരു പ്രശ്‌നത്തില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനാൽ ഷാജി ജേക്കബിനെതിരെ   തരം താഴ്ത്തൽ നടപടി സ്വീകരിച്ചിരുന്നു . അന്ന് വിദ്യാര്‍ത്ഥിനികളിലൊരാളെ പുസ്തകം നല്‍കാനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചു വരുത്തി അപമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും, ഗവേഷണം വിഷയം ചര്‍ച്ച ചെയ്യാനാണെന്നും മറ്റും പറഞ്ഞു നിരവധി വിദ്യാര്‍ത്ഥിനികളെ വിളിച്ചു വരുത്തി ഇദ്ദേഹം ഇതുപോലെ അപമാനിച്ചിട്ടുണ്ടെന്നുമുള്ള ആരോപണങ്ങള്‍ ആ സമയത്ത് ഉയര്‍ന്നിരുന്നു. തുടർന്ന് വിദ്യാര്‍ത്ഥികളുമായി നേരിട്ടു ബന്ധപ്പെടുന്ന ചുമതലകളില്‍ നിന്നും  ഷാജി ജേക്കബിനനെ നീക്കിയിരുന്നു. ഇപ്പോള്‍ കാലടി സർവകലാശാലയുടെ ആലപ്പുഴ ജില്ലയിലെ തുറവൂര്‍ സെന്ററില്‍ അദ്ധ്യാപകനാണ് ഷാജി ജേക്കബ്.

എന്നാൽ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും അവ ദുരുപദിഷ്ടമാണെന്നും ഷാജി ജേക്കബ് നാരദാ ന്യൂസിനോടു പറഞ്ഞു.