തിരക്കഥാകൃത്ത് ടി എ റസാഖ് അന്തരിച്ചു

കരള്‍ രോഗത്തെ തുടര്‍ന്ന്‌ ഏറെ നാളായി ചികില്‍സയിലായിരുന്നു

തിരക്കഥാകൃത്ത് ടി എ റസാഖ് അന്തരിച്ചു

കോഴിക്കോട്‌: പ്രശസ്‌ത തിരക്കഥാകൃത്ത്‌ ടി.എ റസാഖ്‌ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന്‌ ഏറെ നാളായി ചികില്‍സയിലായിരുന്നു അദ്ദേഹം. 58 വയസ്സായിരുന്നു. അന്തരിച്ച തിരക്കഥാകൃത്ത്‌ ടി.എ ഷാഹിദ്‌ സഹോദരനാണ്‌.

മലപ്പുറം കൊണ്ടോട്ടിയില്‍ ബാപ്പു-ഖദീജ ദമ്പതികളുടെ മകനായി 1958 ഏപ്രില്‍ 25 നാണ്‌ റസാഖ്‌ ജനിച്ചത്‌. വിഷ്‌ണുലോകം, നാടോടി, ഭൂമിഗീതം, ഗസല്‍, കര്‍മ, കാണാക്കിനാവ്‌, താലോലം, ചിത്രശലഭം, സ്‌നേഹം, സാഫല്യം തുടങ്ങിയ സിനിമകള്‍ റസാഖിന്റെ തൂലികയില്‍ വിരിഞ്ഞ സൃഷ്ടികളാണ്‌.


കഥ, തിരക്കഥ, സംഭാഷണം എന്നീ മേഖലകളിലായി മുപ്പതോളം സിനിമകള്‍ക്കുവേണ്ടി റസാഖ്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. നാലുതവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം റസാഖിനെ തേടിയെത്തി. അതില്‍ മൂന്നു പുരസ്‌കാരങ്ങള്‍ മികച്ച കഥയ്‌ക്കും ഒരെണ്ണം മികച്ച തിരക്കഥയ്‌ക്കുമായിരുന്നു. റജി പ്രഭാകര്‍ സംവിധാനം ചെയ്‌ത സുഖമായിരിക്കട്ടെ എന്ന സിനിമയ്ക്കുവേണ്ടിയാണ്‌ അദ്ദേഹം അവസാനമായി തൂലിക ചലിപ്പിച്ചത്‌.

മലയാള പ്രേക്ഷകര്‍ എന്നും നെഞ്ചോടു ചേര്‍ത്തുവെക്കുന്ന ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ചാണ്‌ റസാഖിന്റെ മടക്കം.

Read More >>