അർഫയല്ല സാക്ഷിയാണ് നായിക!

സുല്‍ത്താന്‍ എന്ന സല്‍മാന്‍ ഖാന്‍ ചിത്രത്തില്‍ ഭര്‍ത്താവിന് പിന്നിലായി പോയ ഗുസ്തി താരമാണ് അനുഷ്കയുടെ കഥാപാത്രമായ അര്‍ഫ. അവള്‍ ഹരിയാനക്കാരിയാണ്, സ്റ്റേറ്റ് താരമാണ്. എന്നിട്ടും അവള്‍ക്ക് ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ സാധിക്കുന്നില്ല. അവിടെനിന്ന് വന്ന സാക്ഷിയാണ് ഇന്ത്യയുടെ മാനം കാത്ത മെഡല്‍ നേടിയത്. സ്ത്രീയെ എപ്പോഴും പുരുഷന് പുറകില്‍ നിര്‍ത്തുന്ന നാട്ടില്‍നിന്ന് പുരുഷലോകത്തിന്‍റെ കൂടി മാനം കാത്ത മെഡല്‍ നേടുകയാണ് സാക്ഷി ചെയ്തത്.

അർഫയല്ല സാക്ഷിയാണ് നായിക!

റമീസ് രാജയ്


നല്ലൊരു ഗുസ്തിക്കാരനെ മാത്രമേ പ്രണയിക്കുകയുള്ളു എന്നുറപ്പിച്ചു നായകന്റെ പ്രണയം നിരസിക്കുന്ന നായികയാണ് സുല്‍ത്താന്‍ എന്ന ചിത്രത്തിലെ ഗുസ്തി താരം അർഫാ ഹുസൈൻ. അവള്‍ ഹരിയാന സ്റ്റേറ്റ്  ഗുസ്തി താരമാണ്. അവളുടെ പ്രണയം സ്വന്തമാക്കാന്‍ കഠിനപ്രയത്നം ചെയ്ത ഗുസ്തി താരമാണ് സുൽത്താൻ.


പിന്നീടുണ്ടാവുന്ന പ്രണയവും വിവാഹവും ഒരുമിച്ചുള്ള ചാംപ്യൻഷിപ്പുകളും. സിനിമയുടെ പതിവ് വളഞ്ഞു ചുറ്റിക്കളികളും പാട്ടും ഡപ്പാംകൂത്ത് ഡാന്‍സും.  ഒടുവിൽ ഒളിമ്പിക്സിന് തയ്യാറെടുക്കുന്ന സമയം ഗർഭിണിയായി തന്റെ മോഹങ്ങൾ അവസാനിപ്പിക്കുന്ന ആർഫാ, ഒളിമ്പിക് മെഡൽ നേടി വരുന്ന സുൽത്താൻ. ഇതായിരുന്നു ഈയിടെ വിജയം കൊയ്ത, ഒളിമ്പിക് ഗുഡ്‌വിൽ അംബാസിഡർ കൂടിയായ സൽമാൻ ഖാന്റെ 'സുൽത്താൻ'എന്ന ബോളിവുഡ് ചിത്രത്തിന്റെ കഥാ പശ്ചാത്തലം. ഇങ്ങനെയൊരു കഥാ പശ്ചാത്തലം മനസ്സിൽനിന്ന് മായും മുൻപേയാണ് സാക്ഷി  മാലിക്കെന്ന ഹരിയാനാകാരി ഒളിമ്പിക്  ഗോദയിൽ തന്റെ വിജയം ആഘോഷിക്കുന്നത് കാണുന്നത്.


അര്‍ഫയും സാക്ഷിയും ഒരേ നാട്ടില്‍ നിന്നുള്ളവരായതും അവരുള്‍പ്പെടുന്ന ഇന്ത്യന്‍ ടീമിന് സല്‍മാന്‍ ഖാന്‍ ഗുഡ്‍വില്‍ അംബാസിഡറായതും കാവ്യനീതിയാണ്.


ഒളിമ്പിക്സ് യോഗ്യത നേടിയ സുൽത്താനും അറഫയും ഒരുമിച്ചു പരിശീലനം നടത്തുന്നു. എന്നാൽ അർഫാ ഗർഭിണിയാകുന്നു. സുൽത്താൻ മാത്രം ഒളിമ്പിക്സിൽ  പങ്കെടുക്കുകയും മെഡൽ നേടുകയും ചെയ്യുന്നു. വീണ്ടും ലോക ചാമ്പ്യൻഷിപ്പിനു പോകുന്ന സുൽത്താൻ, തിരികെ വരുമ്പോൾ പ്രസവത്തിൽ കുഞ്ഞു നഷ്ടപെട്ട അറഫ.


കുഞ്ഞു നഷ്ടപെട്ട അവളുടെ ദുഃഖത്തിന് മുന്നിൽ ഗുസ്തി അവസാനിപ്പിക്കുന്ന സുൽത്താൻ. ഒടുവിൽ ഗോദയിലേക്ക് തിരിച്ചെത്തി വിജയിയാകുന്ന പുരുഷനിലേക്ക് ഓടി വരുന്ന അർഫാ. അങ്ങനെ എല്ലായിടത്തും സ്ത്രീ അതിമനോഹരമായി വിനീത വിധേയത്വം പുലർത്തുന്നു. അവൾക്ക് നഷ്ടമായ പലതും അവൾക്ക് പോലും ഓർമയില്ലാത്ത  തരത്തിലേക്ക് ജീവിതം അവളെ എത്തിക്കുന്നു.


സിനിമ എടുത്തവനെ ദൂഷ്യം പറയാൻ കഴിയില്ല. ഒരു ജനത പേറുന്ന  സങ്കൽപ്പങ്ങളെ പരിലാളിക്കുന്ന  സിനിമകൾ ഇറക്കാനേ കച്ചവട സിനിമാക്കാരന് നിവർത്തിയുള്ളു. ലക്ഷ്യങ്ങളെ പിന്തുടർന്ന് വിജയ ശ്രീലാളിതരാവുന്ന വീരപുരുഷ സങ്കല്പമാണ് ഇന്ത്യന്‍ സിനിമയുടെ പ്രധാന പ്രമേയപരിസരം. അതിനു പണയപെട്ടു പോകുന്ന  മോഹങ്ങൾക്കൊന്നും അത്രകണ്ട് പ്രസക്തിയുമില്ല.


ഇനി സിനിമയിൽ നിന്നും യാഥാർഥ്യത്തിലേക്ക് വരാം. റിയോ ഡി ജനീറോയിൽ ഒരു മെഡലിനായി മുക്രയിട്ട  രാജ്യത്തിന്റെ പ്രതീക്ഷകൾ അധികവും സ്ത്രീകളിലായിരുന്നു. ഒടുവിൽ മെഡൽ നേടിയത് പെൺഭ്രൂണഹത്യക്ക് കുപ്രസിദ്ധി നേടിയ ഹരിയാനയിലെ റോഹ്ത്തകിൽ  നിന്നുള്ള  സാക്ഷി മാലിക്  ആണെന്നത്  നമ്മുടെ സങ്കൽപ്പങ്ങൾ പൊളിച്ചെഴുതാൻ സമയമായെന്ന് ഓർമപ്പെടുത്തുന്നു. ലിംഗ നീതിയിൽ വളരെ മോശം ചരിത്രമാണ് സാക്ഷിയുടെ നാടിനുള്ളത്. ഭ്രൂണഹത്യയും ലിംഗ നിർണയവും അതീവ ഗുരുതരമായി നടന്നിരുന്ന 38 ഗ്രാമങ്ങൾ റോഹ്തകിലാണ്. ആർത്തവത്തെക്കുറിച്ചും സ്ത്രീ സ്വാതന്ത്ര്യത്തെ  കുറിച്ചുമൊക്കെ ഇന്നും യാഥാസ്ഥിതിക ചിന്തകൾ വെച്ച് പുലർത്തുന്ന ഒരു ജനതയുടെ  മാനം കാക്കാൻ  ഒടുവിൽ അവിടെ നിന്നൊരു  പെണ്‍ഭ്രൂണം തന്നെ വേണ്ടി വന്നു.


ഒരേ സമയം സ്ത്രീകളെക്കുറിച്ച്  യാഥാസ്ഥിക ചിന്തകൾ വെച്ച്  പുലർത്തുകയും  അവർ  മെഡൽ നേടി വരാൻ കാത്തിരിക്കുകയും ചെയ്യുന്ന സ്ഥിതി എല്ലാ രംഗത്തുമുള്ള പൊള്ളത്തരങ്ങളുടെ തുടർച്ച തന്നെയാണ്. ചൊവ്വ ദൗത്യവും ചൊവ്വ ദോഷവും ഒരുമിച്ചു നിലനിൽക്കുന്ന, ബഹിരാകാശ വാഹനത്തിനു മുന്നിൽ തേങ്ങാ ഉടയ്ക്കുന്ന അതേ വിരോധാഭാസം.പലയിടത്തും ഈ വിരോധാഭാസങ്ങളുടെ തുടര്‍ച്ച കാണാം.


ഈ വിരോധാഭാസങ്ങളിൽ നിന്നും കുറെയെങ്കിലും മാറാതെ ഒരു ആഗോള നിലവാരം സ്വപ്നം കാണേണ്ട. സൽമാൻ ഖാൻ ഗുഡ്‍വിൽ അംബാസിഡർ ആയത് കൊണ്ടോ നിതാ അംബാനി ഒളിമ്പിക് കമ്മറ്റിയിൽ ഇരുന്നിട്ടോ കാര്യമില്ല. ഓരോ ഒളിമ്പിക്സ് കാലത്തും മെഡലിനായി കാത്തിരിക്കുക എന്നതല്ലാതെ യാതൊന്നും ശരാശരി ഇന്ത്യക്കാരൻ ചെയ്യുന്നില്ല. മറ്റു രാജ്യങ്ങൾ ഇതിനുവേണ്ടി എടുക്കുന്ന പ്രയത്നമൊന്നും നാം എന്തായാലും എടുക്കുന്നില്ല. ഒരു ജനത അർഹിക്കുന്ന അംഗീകാരങ്ങൾ മാത്രമേ അവരെ തേടി എത്തുകയുള്ളു.


സമത്വം എന്ന വാക്കിൽ നിന്നകന്നു കൊണ്ടിരിക്കുന്ന, പെണ്‍കുട്ടികളോട് കാലടുപ്പിച്ചു വെച്ചിരിക്കാൻ പറയുന്ന ഒരു  ജനതയ്ക്ക് ഒരു വെങ്കലം തന്നെ ധാരാളം. സാക്ഷി ഉയർത്തി പിടിച്ച വെങ്കലത്തിന് പെണ്‍ ഭ്രൂണഹത്യ നിലനിൽക്കുന്ന ഉത്തരേന്ത്യൻ ഗ്രാമങ്ങൾക്ക് അല്പമെങ്കിലും  വെളിച്ചമാകാന്‍  പറ്റിയാല്‍ നന്ന്.


ഇതെഴുതിതീരുമ്പോൾ പി വി സിന്ധു ഫൈനലിൽ കടന്ന വാർത്ത വന്നിരിക്കുന്നു. വീണ്ടും പെൺ ഭ്രൂണം ! ശുഭം !