ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്ന പ്രതീക്ഷ ശിവദാസ് എസ്എഫ്‌ഐ മുഖമാസികയിലേക്ക് അയച്ച 'സഖാവിനെ' ഒടുവില്‍ ലോകമറിഞ്ഞത് സാം മാത്യുവിന്റേതായി; വെളിപ്പെടുത്തലുമായി സഖാക്കള്‍ തന്നെ രംഗത്ത്

2013 ല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്ന പ്രതീക്ഷ ശിവദാസിന്റേതാണ് പ്രസ്തുത കവിതയെന്ന വെളിപ്പെടുത്തലുമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെയാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെ ഇക്കാര്യം വ്യക്തമാക്കി പ്രതീക്ഷ ശിവദാസ് തന്നെ തുറന്ന കത്തുമായി ഫേസ്ബുക്കിലൂടെ രംഗത്തെത്തി.

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്ന പ്രതീക്ഷ ശിവദാസ് എസ്എഫ്‌ഐ മുഖമാസികയിലേക്ക് അയച്ച

എസ്എഫ്‌ഐ നേതാവ് ആര്യാ ദയാലിന്റെ ആലാപനത്തോടെ ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും വൈറലായി മറിയ സഖാവ് അതിന്റെ കര്‍ത്താവെന്ന് അവകാശപ്പെട്ട സാം മാത്യുവിന്റേതല്ലെന്ന് വെളിപ്പെടുത്തല്‍. 2013 ല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്ന പ്രതീക്ഷ ശിവദാസിന്റേതാണ് പ്രസ്തുത കവിതയെന്ന വെളിപ്പെടുത്തലുമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെയാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെ ഇക്കാര്യം വ്യക്തമാക്കി പ്രതീക്ഷ ശിവദാസ് തന്നെ തുറന്ന കത്തുമായി ഫേസ്ബുക്കിലൂടെ രംഗത്തെത്തി.
കഴിഞ്ഞ ദിവസങ്ങളിലാണ് ആര്യാദയാലിന്റെ ആലാപനത്തോടെ 'സഖാവ്' സോഷ്യല്‍മീഡിയകളില്‍ ഓളമായി മാറിയത്. അതിനു പിന്നാലെ കവിതയുടെ സൃഷ്ടാവെന്ന രീതിയില്‍ സാം മാത്യുവിനെക്കുറിച്ചുള്ള വിവരങ്ങളും പുറത്തു വന്നിരുന്നു. സോഷ്യല്‍മീഡിയകളില്‍ സഖാവ് പൂച്ചെണ്ടും കല്ലേറും ഏറ്റുവാങ്ങുന്നതിനിടയിലാണ് കവിത സാം മാത്യവിന്റേതല്ലെന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ എത്തിയത്.

എസ്എഫ്‌ഐ പ്രവര്‍ത്തകനും ഒറ്റപ്പാലം എന്‍.എസ്.എസ് കോളേജിലെ വിദ്യാര്‍ത്ഥിയുമായിരുന്ന നിഖിലിന്റെ സഹോദരിയായ പ്രതീക്ഷ 2013ല്‍ എഴുതിയ കവിതയാണ് സഖാവ് എന്നാണ് വെളിപ്പെടുത്തല്‍. സഹോദരന്റെ സംഘടനാ പ്രവര്‍ത്തനങ്ങളിലും പ്രസംഗങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് എഴുതിയ കവിത പ്രതീക്ഷ എസ്എഫ്‌ഐയുടെ മുഖമാസികയായ സ്റ്റുഡന്റിന് അയച്ചുകൊടുത്തിരുന്നു. എന്നാല്‍ ആ കവിത സ്റ്റുഡന്റില്‍ പ്രസിദ്ധീകരിച്ചില്ല. തുടര്‍ന്ന് കോട്ടയം സിഎംഎസ് കോളേജ് വിദ്യാര്‍ത്ഥിയായ സാംമാത്യുവിന്റെ പേരില്‍ കോളേജ് മാഗസിനില്‍ പ്രസിദ്ധീകരിക്കുകയായിരുന്നുവെന്നാണ് ആരോപണം.

താന്‍ എഴുതിയ കവിതയില്‍ നാലോളം വരികള്‍ പിന്നീട് ചേര്‍ത്തതായും പ്രതീക്ഷ തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. തന്റെ കൈയില്‍ അച്ചടിക്കപ്പെട്ട തെളിവുകളില്ലെന്നും തന്നെയറിയുന്ന ഒരുകൂട്ടമാളുകള്‍ക്കു മാത്രമേ ഈ സത്യം അറിയുകയുള്ളുവെന്നും പ്രതീക്ഷ പറയുന്നു. വ്യക്തമായ തെളിവുകളെ മാത്രം അംഗീകരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ മനുഷ്യനെ വേണ്ടിവന്നാല്‍ പച്ചയ്ക്ക് കീറിമുറിച്ചുപോലും ആനന്ദം കണ്ടെത്തുന്ന സോഷ്യല്‍മീഡിയയില്‍ കെട്ടിയാഘോഷിക്കാനുള്ള കേന്ദ്രബിന്ദുവാകാന്‍ താല്‍പര്യമില്ലെന്നും പ്രതീക്ഷ പോസ്റ്റിലൂടെ പറയുന്നുണ്ട്. സത്യം ഒരിക്കലും നുണയല്ലെന്നും സത്യത്തെ എത്രത്തോളം ഇരുട്ടിലേക്ക് തള്ളിയിട്ടാലും അത് തിരികെ വരിക തന്നെ ചെയ്യുമെന്നും പ്രസ്താവിച്ചുകൊണ്ടാണ് പ്രതീക്ഷ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഒറ്റപ്പാലം എന്‍എസ്എസ് കോളേജിനു മുന്നിലെ മരത്തിന്റെ കേട്ടറിവില്‍ നിന്നുമാണ് പീതപുഷ്പം കൊഴിക്കുന്ന മരമെന്ന തീമിലേക്ക് പ്രതീക്ഷ എത്തിയതെന്നും ഫേസ്ബുക്കിലൂടെ വ്യക്തമാകുന്നുണ്ട്. സംസ്ഥാനത്തെ മറ്റ് കോളേജുകളില്‍ ചുവന്ന പൂവുള്ള വാക മരങ്ങളാണുള്ളതെന്നും ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ മാത്രമേ മഞ്ഞപ്പൂവുള്ള മരങ്ങളുള്ളുവെന്നുമുള്ള വാദഗതികളും കമന്റുകളില്‍ ഉയരുന്നുണ്ട്. എന്നാല്‍ കവിതയുടെ കര്‍ത്താവ് എന്നവകാശപ്പെടുന്ന സാം മാത്യു പഠിച്ചിരുന്ന സിഎംഎസ് കോളേജിലും ധാരാളം മഞ്ഞപ്പൂവുള്ള മരങ്ങളുണ്ടെന്ന് അനുഭവജ്ഞര്‍ വ്യക്തമാക്കുന്നു.സാമിനെ അനുകൂലിച്ചും മസാഷ്യല്‍ മീഡിയകളില്‍ പോസ്റ്റുകള്‍ നിറയുന്നുണ്ട്. ആ പൂമരവും, സഖാവും സി.എം.എസിന്റെ മണ്ണില്‍ നിന്നാണെന്നും സഖാവ് കവിതയില്‍ ആദ്യമായി അച്ചടിമഷി പുരണ്ടത്,
സി.എം.എസിന്റെ 2012-2013 കോളേജ് മാഗസിനായ 'ഉയിര്‍പ്പ്' ല്‍ ആണെന്നും ജിജോ മോഹന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. ജിഷ്ണു പി.വി മാഗസിന്‍ എഡിറ്ററായിരുന്ന എഡിറ്റോിയല്‍ ബോര്‍ഡില്‍ താന്‍ എഡിറ്റോറിയല്‍ മെമ്പറായിരുന്നുവെന്നും ജിജോ ഓര്‍ക്കുന്നു. ഇന്ന് ആ കവിത മറ്റാരുടെയൊക്കെയോ പേരില്‍ പറഞ്ഞു കേള്‍ക്കുന്നതില്‍ വളരെയധികം വിഷമമുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.ഫേസ്ബുക്കില്‍ വിവാദങ്ങളുയര്‍ത്തി ഓളം സൃഷ്ടിച്ച സഖാവ് മറ്റൊരു വിവാദത്തിലേക്ക് കടക്കുകയാണ്. കവിതയുടെ കര്‍ത്താവിനെ സംബന്ധിച്ച ഈ വിവാദം എന്തായാലും ഇനിയും വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. സഖാക്കള്‍ തന്നെ അതിനിരുപുറവും നില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും.

Read More >>