അവന്റെ ചങ്കിലെ പെണ്ണായി പിറന്നിട്ടും ഈ പൂമരങ്ങള്‍ക്കൊക്കെ പ്രേമത്തെ എന്താണിത്ര പേടി അഥവാ ഈസ്റ്റ്കോസ്റ്റ് വിജയൻ ഈ കവിതയുടെ ഐശ്വര്യം

അവന്റെ ചങ്കിലെ പെണ്ണായി അവന്റെ കുട്ടിയെ പെറ്റു പോറ്റിയ അവന്‍ വിളിച്ച മുദ്രാവാക്യം ഏറ്റുപിടിച്ചു 'വെറും'പെണ്ണായി നമ്മുടെ കവിതകളും പാട്ടുകളും എത്രയെത്ര കാലമായി അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്നു. വിപ്ലവകാരികള്‍ക്ക് കഞ്ഞിവെച്ച, അവരെ പാലൂട്ടിയ, അമ്മമാരെവാഴ്ത്തിയ കവിതകള്‍ രചിക്കപ്പെട്ടതുപോലെ ഇനിയുമിനിയും സൃഷ്ടികള്‍ ഉണ്ടാവുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവും വേണ്ട....

അവന്റെ ചങ്കിലെ പെണ്ണായി പിറന്നിട്ടും ഈ പൂമരങ്ങള്‍ക്കൊക്കെ പ്രേമത്തെ എന്താണിത്ര പേടി അഥവാ ഈസ്റ്റ്കോസ്റ്റ് വിജയൻ ഈ കവിതയുടെ ഐശ്വര്യം

പ്രേമമായിരുന്നെന്നും സഖാവേ
പേടിയായിരുന്നെന്നും പറഞ്ഞിടാന്‍...
വരും ജന്മമുണ്ടെങ്കിലീ പൂമരം
നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും...

ഇത് ഈ അടുത്തകാലത്തു സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയ ഒരു കവിതയാണ്: 'സഖാവ്'. ആരാണെഴുതിയതെന്ന് തുടക്കത്തിൽ അറിഞ്ഞിരുന്നില്ലെങ്കിലും ഫേസ്ബുക് ഉള്‍പ്പെടെ സോഷ്യല്‍മീഡിയയിലും ഓൺലൈൻ വെബ്സൈറ്റുകളിലും ഈ കവിതയെകുറിച്ചു വലിയ ചര്‍ച്ചകളും വിവാദങ്ങളും ഉണ്ടായി. കവിത ഹിറ്റായതോടെ നിരവധി അവകാശികള്‍ രംഗത്തെത്തി. എന്നാല്‍ അധികം താമസിയാതെതന്നെ എഴുതിപ്പാടിയ ആള്‍ തന്നെ രംഗത്തു വരികയുണ്ടായി. സാം മാത്യു എ.ഡി എന്നാണ് അയാളുടെ പേര്.

ഈ കവിത ഒരു ക്യാംപസില്‍ പൂത്തുലഞ്ഞ് നില്‍ക്കുന്ന പൂമരം അവിടമാകെ വിപ്ലവത്തിന്റെ മുദ്യാവാക്യങ്ങള്‍ മുഴക്കിയിരുന്ന ഒരു സഖാവിനോട് പറയുന്നതാണ്. ആ ക്യാംപസിലെ ഒരു വിപ്ലവകാരിയായ സഖാവിനോട് പൂമരത്തിന് തോന്നിയ പ്രണയം - അതാണ് ഈ രചനയിലൂടെ പറയാന്‍ ശ്രമിക്കുന്നത്.

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് തലശേരി ബ്രണ്ണന്‍ കോളേജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്സന്‍ ആയ ആര്യ ദയാല്‍ ആലപിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കവിത വളരെയേറെ ശ്രദ്ധിക്കപ്പെടുകയും വീണ്ടും അത് ചര്‍ച്ചയിലേക്ക് വരുകയുമുണ്ടായി. ആര്യ ദയാല്‍ കോളേജിലെ മൂന്നാം വര്‍ഷ ഗണിതശാസ്ത്ര ബിരുദ വിദ്യാര്‍ത്ഥിനിയാണ്. മികച്ച ഗായിക കൂടിയായ ആര്യ സര്‍വ്വകലാശാല മത്സരങ്ങളിലെ വിജയി കൂടിയാണ്. അവര്‍ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്ത സെല്‍ഫി വീഡിയോ ഇപ്പോള്‍ കണ്ടത് രണ്ട് ലക്ഷത്തിലതികം പേരാണ്. ഇത്രമാത്രം എന്താണ് ഈ കവിതയില്‍ ഉള്ളത് എന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ലെങ്കിലും കേരളത്തിലെ ക്യാമ്പസുകള്‍ എത്തിചേര്‍ന്ന സാംസ്‌കാരിക 'വളര്‍ച്ച' ഇതില്‍ കണ്ടാല്‍ അത്ഭുതപ്പെടേണ്ടതില്ല. വിപ്ലവം നൊസ്റ്റാള്‍ജിയ മാത്രമായ ഒരു തലമുറയില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കരുത്. അവരെ മാത്രം വിമര്‍ശിക്കുന്നവര്‍ക്ക് തല്ലുകൊള്ളാത്തതുകൊണ്ടാണെന്നേ പറയാന്‍ പറ്റു. കാരണം, കവിതയില്‍ നിന്ന്, കലയില്‍ നിന്ന്, നാടകങ്ങളില്‍ നിന്ന്, സിനിമയില്‍നിന്ന്, എന്താണ് നാം അറിഞ്ഞത്?

അറിഞ്ഞതെല്ലാം, വായിച്ചു തള്ളിയതെല്ലാം, കണ്ട് അനുഭവിച്ചു നേടിയതെല്ലാം, സ്വൈര്യ സ്വകാര്യ ജീവിതത്തില്‍ നിന്ന് മാറ്റിവെക്കേണ്ടതായാണ് നാം പഠിച്ചത് . നമ്മുടെ സമൂഹത്തില്‍ നിന്ന് അതുകൊണ്ടു തന്നെ ഇനിയും എത്രയോ കവിതകള്‍ ഇതുപോലെ വരാനിരിക്കുന്നു. പൊതു ക്യാംപസുകളില്‍ മാത്രമുണ്ടായ ഒരു മാറ്റമല്ലിത്. സമൂഹത്തിന്റെ പ്രതിഫലനമായി മാത്രമേ കാമ്പസിനെയും കാണാന്‍ കഴിയൂ.

അവന്റെ ചങ്കിലെ പെണ്ണായി അവന്റെ കുട്ടിയെ പെറ്റു പോറ്റിയ അവന്‍ വിളിച്ച മുദ്രാവാക്യം ഏറ്റുപിടിച്ചു 'വെറും'പെണ്ണായി നമ്മുടെ കവിതകളും പാട്ടുകളും എത്രയെത്ര കാലമായി അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്നു. വിപ്ലവകാരികള്‍ക്ക് കഞ്ഞിവെച്ച, അവരെ പാലൂട്ടിയ, അമ്മമാരെവാഴ്ത്തിയ കവിതകള്‍ രചിക്കപ്പെട്ടതുപോലെ ഇനിയുമിനിയും സൃഷ്ടികള്‍ ഉണ്ടാവുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവും വേണ്ട.

പണ്ട് സഖാവ് പ്ലഗ്നോവ് (plekhanov) പറഞ്ഞതുപോലെ ആരംഭകര്‍ത്താക്കള്‍ക്ക് മാത്രമായോ മഹാന്മാരായ വ്യക്തികള്‍ക്ക് മാത്രമായോ അല്ല വിപുലമായ പ്രവര്‍ത്തന രംഗം തുറന്നിരിക്കുന്നത്. സ്വന്തം അയല്‍ക്കാരെ കാണാന്‍ കണ്ണും, കേള്‍ക്കാന്‍ കാതും, സ്‌നേഹിക്കാന്‍ ഹൃദയവുമുള്ള എല്ലാവര്‍ക്കും വേണ്ടി അത് തുറന്നിരിക്കുന്നു. മഹത്തായ എന്ന ആശയം ആപേക്ഷികമാണ്. മറ്റുള്ളവര്‍ക്ക് വേണ്ടി സ്വന്തം ജീവന്‍ അര്‍പ്പിക്കുന്ന ഓരോരുത്തരും ധാര്‍മികമായ അര്‍ത്ഥത്തില്‍ മഹാന്മാരാണ്. അതുമല്ലെങ്കിൽ നിന്നെ പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക എന്ന യേശുവിന്റെ മഹത്വം എന്ന വാക്ക് തന്നെ വിശാലമായ അർത്ഥത്തിലാണ് വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളതെങ്കിലും നമുക്കെപ്പൊഴും പുരുഷ സഖാവിന്റെ മഹത്വഘോഷണം ആണ്. ഖസാക്കിന്റെ ഇതിഹാസത്തിൽ വർഷങ്ങൾക്കുശേഷം കണ്ടെത്തുന്ന ചെടിയോട് സഹോദരി എന്നു അഭിസംബോധന ചെയ്യുന്നതുപൊലെയല്ല. പൂമരം മനുഷ്യനെ മഹാനാക്കുകയാണ്... വീരനാക്കുകയാണ്... ഇതു സ്റ്റാലിനെ പുകഴ് ത്തിപ്പാടിയ മയേക്കൊവസ്കിയെപോലെയാണ് എന്ന് ആരെങ്കിലും പറഞ്ഞാൽ കുറ്റംപറയാനൊക്കുമോ?

അതുകൊണ്ട് തന്നെ സഖാവു പോലുള്ള ഒരു കവിത വിദ്യാർത്ഥി നേതാക്കൾ ആഘോഷിക്കപ്പെടുന്നതിൽ അദ്ഭുതപ്പെടേണ്ടതില്ല.

ദുരന്ത സമൂഹത്തിന് ദുരന്ത യൗവനങ്ങള്‍ ഉണ്ടാവും. എന്നാല്‍ കേരളത്തിലെ ക്യാംപസുകളില്‍ വിദ്യാര്‍ത്ഥികളെ രാഷ്ട്രീയവത്കരിച്ചിരുന്ന പ്രസ്ഥാനങ്ങളുടെ റോളുകള്‍ ഇന്ന് എവിടെ എത്തി എന്നതു കൂടി അന്വേഷിക്കേണ്ട വിഷയമാണ്. അതിനുത്തരം കണ്ടെത്താതെ പാട്ടുകളെയും കവിതകളെയും വിമര്‍ശിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്?

നമ്മുടെ ക്യാമ്പസുകള്‍ എങ്ങനെയാണ് മാറിയത്? സര്‍ഗാത്മക ഇടപെടലുകള്‍ എങ്ങനെയാണ് ഇല്ലാതായത്? രാഷ്ട്രീയം ഇല്ലാത്ത ക്യാംപസുകളായി മാറിയതെങ്ങനെയാണ്? ലിംഗ്‌ദോ കമ്മറ്റിയുടെ അടക്കം ചരിത്രപരമായ ദൗത്യം എന്തായിരുന്നു?

ബഹുരാഷ്ട്ര കുത്തകകളെ വിദ്യാഭ്യാസ മേഖലയിലേക്ക് കൊണ്ടുവന്നതിനൊപ്പം, അത് നടപ്പാക്കുന്നതിനെതിരെ ഒരുപാട് മുദ്രാവാക്യങ്ങള്‍ മുഴക്കിയ ക്യാമ്പസുകളെ കൊന്നുകളഞിട്ടുണ്ട് . എം എന്‍ വിജയന്‍ ഉള്‍പ്പെടെയുള്ള സാംസ്‌കാരിക നായകര്‍ പയറ്റിത്തെളിഞ്ഞ കോളേജ്, പുഷ്‌കിനൊപ്പം ബ്രഹ്ത്തിനെയും ചങ്ങമ്പുഴക്കൊപ്പം ചുള്ളിക്കാടിനെയും, ചെറുശ്ശേരിക്കൊപ്പം കടമ്മനിട്ടയെയും, ഫ്രോയിഡിനെയും മാര്‍ക്‌സിനെയും എറിക് ഫോമിനെയും ദെറിദയെയും നീശ്ച്‌ചേയെയുംമെല്ലാം പഠിച്ച കോളേജെങ്കിലും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയത്തിന്റെ തുടര്‍ച്ച വിട്ടുപോയാല്‍ ബ്രണ്ണന്‍ കോളേജല്ല ഏതു കോളേജായാലും ഇതിലും വലിയ കോമഡികള്‍ (ദുരന്തങ്ങള്‍) ഉണ്ടാവും; അതില്‍ ആശ്ചര്യപ്പെടേണ്ടതുമില്ല.

പ്രണയത്തിന്റെ തീക്ഷ്ണത‍ നിറഞ്ഞ വരികളെന്ന് ദുരന്ത യൗവനങ്ങള്‍ കൊട്ടിയാടുമ്പോള്‍ നവമാധ്യമങ്ങളുടെ വൈറൽ പ്രവണതകളെ കുറ്റം പറഞ്ഞ് ആരും രക്ഷപ്പെടേണ്ട. കാല്പനികത മാത്രമാണ് പ്രണയം എന്ന് പ്രണയത്തെകുറിച്ചുള്ള അമൂര്‍ത്തമായ സങ്കല്പങ്ങള്‍ വാരിവിതറുന്ന, പരസ്പരമുള്ള തെരഞ്ഞെടുപ്പിന്റെയും ലിംഗ-ലൈംഗിക നീതിയുടെയും ജനാധിപത്യപരമായ തുറവിയിടത്തെ നിരാകരിക്കുന്ന, വെർച്വലായുള്ള, വൈയക്തിക അനുഭവം മാത്രം പഠിച്ച, പഠിപ്പിച്ച നമ്മുടെ മുന്‍ സഖാക്കളും ഇതിന് ഉത്തരവാദികള്‍ തന്നെയാണ്. കലയും രാഷ്ട്രീയവും ജീവിതവും ഇടകലര്‍ന്ന സാമൂഹിക അനുഭവങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടത്തില്‍നിന്നു തന്നെയാണ് നാം ഉത്തരങ്ങള്‍ തേടേണ്ടത്. അതുകൊണ്ടു തന്നെയാണ് നമ്മുടെ പൂമരങ്ങള്‍ക്ക് പ്രണയം പേടിയാവുന്നതും ഇനിയുള്ള ജന്മമൊക്കെ നിന്റെ ചങ്കിലെ പെണ്ണായി മാറുന്നതും വിപ്ലവത്തെക്കുറിച്ചും രക്തസാക്ഷികളെക്കുറിച്ചും ജയിലിനെ കുറിച്ചും കാല്പനികത ഒലിച്ചിറങ്ങുന്നതും.

'സഖാവ്' ഒരു മഹാദുരന്തമാണെന്ന് സഖാക്കള്‍ അറിയുന്നില്ലെങ്കില്‍ കഷ്ടമെന്നല്ലാതെ എന്തു പറയാൻ?‍ എന്തായാലും ഈസ്റ്റ്കോസ്‌റ്റ് വിജയന്‍ ഈ മഹാകാവ്യം കേട്ട് കോരിത്തരിച്ചു പോയിട്ടുണ്ടാവും.

Read More >>