സാഗര്‍ ഷിയാസ് വിട വാങ്ങി

നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണിയിലാണ് അവസാനമായി അഭിനയിച്ചത്.

സാഗര്‍ ഷിയാസ് വിട വാങ്ങി

പ്രശസ്ത മിമിക്രി കലാകാരനും, ചലച്ചിത്ര നടനുമായ സാഗര്‍ ഷിയാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി കരള്‍ സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്ന ഷിയാസിനെ രോഗം മൂര്ചിച്ചതിനെ തുടര്‍ന്ന് ചോറ്റാനിക്കരയിലെ ടാറ്റാ ആശുപത്രിയില്‍ 10 ദിവസം മുന്‍പാണ് പ്രവേശിപ്പിച്ചത്. രാത്രി എട്ടരയോടെയായിരുന്നു മരണം. മൂവാറ്റുപുഴയാണ് ഷിയാസിന്റെ  സ്വദേശം.

പാരഡി ഗാനരംഗത്ത് നിന്നാണ് ഷിയാസ് പ്രശസ്തിയാര്‍ജ്ജിക്കുന്നത്. തുടര്‍ന്ന് മലയാള സിനിമയിലേക്കും ഷിയാസ് ചുവടു വച്ചു. നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണിയിലാണ് അവസാനമായി അഭിനയിച്ചത്.

രജനികാന്തിനെ അനുകരിക്കാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഷിയാസ് ആ വേഷത്തില്‍ നന്നായി ശോഭിച്ചിരുന്നു. മഞ്ചാടിക്കുരു, കണ്ണാടി കടവത്തു, ബാംഗ്ലൂര്‍ ഡെയ്സ്, ജൂനിയര്‍ മാന്‍ഡ്രേക്ക് എന്നീ സിനിമകളിലെ ഷിയാസിന്റെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മിനിസ്ക്രീനിലും നിറസാന്നിധ്യമായിരുന്നു ഷിയാസ്. കോമഡി ഷോകളില്‍ അതിഥിയായി എത്തിയിരുന്ന ഷിയാസ് ചില പരിപാടികളുടെ അവതാരകനും ആയിരുന്നു.