മല ചവിട്ടാന്‍ മാലയിടുന്നവരേ... നിങ്ങള്‍ക്കും മോഹമില്ലേ ഒരു വിഐപി ഭക്തനാകാന്‍...

ശ്രീകോവില്‍ തിരുനടയിങ്കല്‍ കര്‍പൂരമലകള്‍ തൊഴുതുരുകുന്നത് കൈകൂപ്പി കൊതിതീരുവോളം നോക്കി നില്‍ക്കാനും, പത്മരാഗപ്രഭ വിടര്‍ത്തുന്ന തൃപ്പദങ്ങള്‍ ചുംബിയ്ക്കുാനും കൃഷ്ണ തുളസിപ്പൂക്കളാകാനുമൊക്കെ വിഐപി ഭക്തന്മാര്‍ക്കേ കഴിയൂ. അല്ലാത്തവര്‍ക്കോ?

മല ചവിട്ടാന്‍ മാലയിടുന്നവരേ... നിങ്ങള്‍ക്കും മോഹമില്ലേ ഒരു വിഐപി ഭക്തനാകാന്‍...

ശബരിമലയിലെ ശരണകീര്‍ത്തനങ്ങളിലെവിടെയും വിഐപി പരിഗണന തരപ്പെടുത്തുന്നതെങ്ങനെ എന്നതു സംബന്ധിച്ച് അയ്യപ്പഭക്തന്മാര്‍ക്ക്  ഒരു ക്ലൂവും നല്‍കുന്നില്ല. ദേഹബലം ചോദിച്ചാല്‍ ദേഹത്തെ തരുമെന്നും പാദബലം ചോദിച്ചാല്‍ പാദത്തെ തരുമെന്നും നല്ല പാതയെത്തന്നെ അയ്യപ്പന്‍ കാട്ടിത്തരുമെന്നും അറിയാമായിരുന്ന കെ വീരമണിയ്ക്കു പോലും വിഐപി ഭക്തനാകാന്‍ എന്തു ചെയ്യണമെന്ന് ചോദിക്കാന്‍ തോന്നിയില്ല.

പക്ഷേ, ക്ഷേത്രസന്നിധിയില്‍ ചിലര്‍ക്ക് വിഐപി പരിഗണനയുണ്ട്. കഠിനവൃതം നോറ്റാലോ കല്ലും മുളളും കാലിനു മെത്തയാക്കി എരുമേലി വഴി കരിമല നടന്നു കയറിയാലോ വിഐപി ആകണമെന്നില്ല. ഒന്നുകില്‍ ജന്മനാ വിഐപിമാരായിരിക്കണം. അല്ലെങ്കില്‍ വിഐപിമാരില്‍ സ്വാധീനം ചെലുത്താനുളള കപ്പാസിറ്റി വേണം. വയലാര്‍ രാമവര്‍മ്മ പറഞ്ഞതുപോലെ ശ്രീകോവില്‍ തിരുനടയിങ്കല്‍ കര്‍പൂരമലകള്‍ തൊഴുതുരുകുന്നത് കൈകൂപ്പി  കൊതിതീരുവോളം നോക്കി നില്‍ക്കാനും, പത്മരാഗപ്രഭ വിടര്‍ത്തുന്ന തൃപ്പദങ്ങള്‍ ചുംബിയ്ക്കാനും  കൃഷ്ണ തുളസിപ്പൂക്കളാകാനുമൊക്കെ വിഐപി ഭക്തന്മാര്‍ക്കേ കഴിയൂ. അല്ലാത്തവര്‍ക്കോ?


സാധാരണ അയ്യപ്പഭക്തന്മാര്‍ക്ക് ദര്‍ശനത്തിന് മൂന്നു വരിയാണ്.  തിരക്കേറിയ സമയങ്ങളില്‍ കിലോമീറ്ററുകളോളം നീളുന്ന ക്യൂ. സാദാ ഭക്തന്മാര്‍ ഈ ക്യൂവില്‍ മണിക്കൂറുകള്‍ കാത്തു നില്‍ക്കണം. അങ്ങനെ നിന്നു നിന്ന് ശ്രീകോവിലിനു മുന്നിലെത്തിയാലും ആത്മസംതൃപ്തിയോടെ അയ്യപ്പനെക്കണ്ട് മനം നിറയെ തൊഴാന്‍ കഴിയണമെന്നില്ല. ഒരു മിന്നായം പോലെ കാണാം. അവിടെ പതുങ്ങിയാല്‍ പോലീസുകാര്‍ തൂക്കിയെടുത്തെറിയും. കാരണം, അത്രയ്ക്കാണ് തിരക്ക്. ഇതാണ് നോര്‍മല്‍ ഭക്തന്മാര്‍ക്കുളള പരിഗണന.

പക്ഷേ, വിഐപി തൊഴല്‍ ഇതല്ല.  ശ്രീകോവിലിനുളളില്‍ നിന്നും ശാന്തിമാരും മറ്റും പുറത്തേക്കിറങ്ങി വരുന്ന ഒരു വഴിയുണ്ട്. വിഐപി പരിഗണന സംഘടിപ്പിക്കുന്നവരെ അവിടെ കൊണ്ടു്‌പോയി തൊഴീക്കും. അവര്‍ക്ക് എത്ര നേരം വേണമെങ്കിലും ഭഗവാനെ കണ്‍പാര്‍ക്കാം. ആരും തളളി മാറ്റില്ല. മനസു നിറയെ തൊഴാം. ആവലാതികളത്രയും പറയാം. ശാന്തിമാരില്‍ നിന്ന് നേരിട്ട് പ്രസാദം വാങ്ങാം. ശാന്തിയ്ക്ക് ദക്ഷിണ നേരിട്ടു നല്‍കാം. ശാന്തിയ്ക്കും സന്തോഷം, ഭക്തനും സന്തോഷം.

സിനിമാതാരങ്ങളെപ്പോലുളള സെലിബ്രിറ്റികള്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍, ഇവരിലൊക്കെ പിടിപാടുളളവര്‍.. ഈ ഗണത്തില്‍ പെടുന്നവര്‍ക്കാണ് വിഐപി സ്‌പോട്ടില്‍ അയ്യപ്പനെ കാണാന്‍ അവസരം ലഭിക്കുന്നത്.

ഈ സ്‌പോട്ടില്‍ പ്രവേശിക്കാന്‍ പതിനായിരക്കണക്കിന് രൂപ കൈക്കൂലി ഓഫര്‍ ചെയ്യുന്ന ഭക്തന്മാരുണ്ടത്രേ. അതായത്, തിരക്കേറിയ കാലം അയ്യപ്പസവിധത്തില്‍ സ്വാധീനമുളളവര്‍ക്ക്  ചാകരയാണ്. സാധാരണ ഭക്തന്റെ ദക്ഷിണ ഭണ്ഡാരത്തില്‍ പോകുമ്പോള്‍, വിഐപിയുടെ കനപ്പെട്ട ദക്ഷിണ ശാന്തിയ്ക്ക് നേരിട്ടു ലഭിക്കും. അതുകൊണ്ട് വിഐപി ഭക്തന്മാരുടെ എണ്ണം കൂടുന്നതാണ് അവര്‍ക്കും ലാഭം.

ഈ വിഐപി പരിഗണന അവസാനിപ്പിച്ച് തിരുപ്പതി മോഡല്‍ കൊണ്ടുവരണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഈ നിര്‍ദ്ദേശത്തെ കൈയോടെ എതിര്‍ക്കുകയും ചെയ്തു.

2005 ഡിസംബറില്‍ ശബരിമലയിലെ വിഐപി ക്യു റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ 2007 ജനുവരിയില്‍ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി ദേവസ്വം ബോര്‍ഡിന്റെ വാദം ശരിവച്ചു.

ദേവസ്വം ബോര്‍ഡിന്റെ നയപ്രകാരം 15 കാറ്റഗറിയില്‍പ്പെട്ടവരെയാണ് വിഐപികളായി പരിഗണിക്കുന്നത്. പ്രസിഡന്റ്, ബോര്‍ഡില്‍ അംഗങ്ങളായ രണ്ടുപേര്‍, സ്‌പെഷ്യല്‍ കമ്മീഷണര്‍, മണ്ഡലപൂജയ്ക്കായി ആറന്മുളയില്‍നിന്നും തങ്ക അങ്കി കൊണ്ടുവരുന്ന മൂന്നുപേര്‍, തിരുവാഭരണവുമായി വഹിക്കുന്നവര്‍, വിഐപിക്കൊപ്പം എത്തുന്നവര്‍ എന്നിവര്‍ക്കാണ് ദര്‍ശനം നടത്തുന്നതിനായി നിലവില്‍ പ്രിത്യേക പരിഗണനയുള്ളത്.

കൂടാതെ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് ഉദയാസ്തമന പൂജയ്ക്ക് ദര്‍ശനം നടത്തുന്നതിനുള്ള സൗകര്യമുണ്ട്. എന്നാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന കുടുംബങ്ങളിലെ ആറുപേര്‍ക്ക് മാത്രമാണ് ദര്‍ശനം നടത്താനാവുക. ഉച്ചപൂജയ്ക്കും ഉഷ പൂജയ്ക്കുമുള്ള ടിക്കറ്റുകള്‍ ഒരു ദിവസം മുമ്പുതന്നെ വിശ്വസികള്‍ക്ക് ബുക്കുചെയ്യാനുള്ള സൗകര്യമുണ്ട് ഇതിലെ ആദ്യ അഞ്ച് ടിക്കറ്റുകള്‍ വിഐപികള്‍ക്കുവേണ്ടിയുള്ളതാണ്.

കോടതികള്‍ക്കു മുന്നില്‍ ദേവസ്വം ബോര്‍ഡ് സമര്‍പ്പിക്കുന്ന വിഐപി പട്ടികയും ശബരിമലയിലെ യഥാര്‍ത്ഥ വിഐപി പരിഗണനയും ഒന്നല്ല. ബോര്‍ഡ് ഭാരവാഹികളും മറ്റുവിധത്തില്‍ സ്വാധീനമുളളവരും തരംപോലെ അയ്യപ്പഭക്തന്മാരെ വിഐപിമാരാക്കുന്നുണ്ട്. ചിലര്‍ അതിനു പണവും വാങ്ങും. എന്നാല്‍ ഈ സ്ഥലത്തേയ്ക്ക് പാസു വെച്ച് പ്രവേശനം അനുവദിച്ചാല്‍ ഇക്കൂട്ടരുടെ പളളയ്ക്കടിക്കും.

ക്യൂ നില്‍ക്കുന്ന ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ വേണം വിഐപി സന്ദര്‍ശനം നടത്തേണ്ടത് എന്ന് സുപ്രിംകോടതിയുടെ മാര്‍ഗ നിര്‍ദ്ദേശമുണ്ട്. നിലവിലുളള വിഐപി ദര്‍ശനം ക്യൂ നില്‍ക്കുന്ന ഭക്തന്മാരെ രണ്ടാംതരക്കാരായി പരിഗണിക്കുന്നുണ്ട്. ക്ഷേത്ര ചടങ്ങുകളുമായി ബന്ധപ്പട്ട വിഐപിമാരെ പ്രത്യേകമായി പരിഗണിക്കുകയും ഈ വിഐപിമാര്‍ക്ക് ആരെ വേണമെങ്കിലും മനോധര്‍മ്മം പോലെ വിഐപി ആക്കാനുളള അവകാശം എടുത്തു കളയുകയുമാണ് സാധാരണഭക്തര്‍ക്കിടയിലെ നീരസം ഒഴിവാക്കാന്‍ ചെയ്യേണ്ടത്. ഇതു രണ്ടും കൂട്ടിക്കുഴച്ചാണ് ദേവസ്വം ബോര്‍ഡ് പ്രതികരിക്കുന്നത്.

ഇക്കാര്യം  ബോധ്യപ്പെടുത്തി സുപ്രിംകോടതിയില്‍ റിവ്യൂ ഹര്‍ജി കൊടുക്കുകയാണ് സര്‍ക്കാരിനു മുന്നിലുളള പോംവഴി.

ശബരിമലയില്‍ ഇരുമുടിക്കെട്ടുമായി പതിനെട്ടുപടികയറുന്ന അയ്യപ്പ ഭക്തര്‍ക്കിടയില്‍ ജാതിയുടേയും വര്‍ണ്ണത്തിന്റെയും സമ്പത്തിന്റേയും പേരിലുള്ള വിവേചനം ഉണ്ടായിരുന്നില്ല. എന്നാല്‍ സ്വാധീനശേഷിയും മറ്റു പ്രതാപങ്ങളുമുളളവര്‍ക്ക് അമ്പലത്തില്‍ ലഭിക്കുന്ന പരിഗണന ഒരു വിവേചനത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

Read More >>