സ്വര്‍ണ്ണം തപ്പിയിറങ്ങിയ കാനറികള്‍ക്ക് ആദ്യ മത്സരത്തില്‍ സമനിലക്കുരുക്ക്; പറങ്കികളോട് പൊരുതിയ അര്‍ജന്റീനയ്ക്ക് വീണ്ടും തോല്‍വി

ഒളിമ്പിക്സ് ഫുട്ബോളിന്റെ ആദ്യ മത്സരത്തിൽ അര്‍ജന്റീനയ്ക്ക് പറങ്കികളോട് തോല്‍വി. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കായിരുന്നു പോര്‍ച്ചുഗല്‍ യുവനിരയുടെ വിജയം.

സ്വര്‍ണ്ണം തപ്പിയിറങ്ങിയ കാനറികള്‍ക്ക് ആദ്യ മത്സരത്തില്‍ സമനിലക്കുരുക്ക്; പറങ്കികളോട് പൊരുതിയ അര്‍ജന്റീനയ്ക്ക് വീണ്ടും തോല്‍വി

റിയോ ഡി ജനീറോ: കായിക മാമാങ്കത്തിലെ ഫുട്ബോള്‍ കിരീടം ചൂടുകയെന്ന സ്വപ്നവുമായി സ്വന്തം നാട്ടില്‍ ഇറങ്ങിയ കാനറികള്‍ക്ക് ആദ്യമത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ സമനിലക്കുരുക്ക്. സൂപ്പര്‍ താരം നെയ്മറിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ബ്രസീലിനെ ഡോളി കീഗന്റെ ദക്ഷിണാഫ്രിക്ക ഗോള്‍രഹിത സമനിലയില്‍ തളയ്ക്കുകയായിരുന്നു. നിശ്ചിത സമയത്തും അഞ്ചുമിനിറ്റ് ഇന്‍ജ്വറി ടൈമിലും ഇരുടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനായില്ല.

59-ആം മിനിറ്റില്‍ ദക്ഷിണാഫ്രിക്കന്‍ മുന്നേറ്റനിരയിലെ മ്വാല മതോബി രണ്ടാം മഞ്ഞക്കാര്‍ഡ് കിട്ടി പുറത്തുപോയ ശേഷം അവര്‍ പത്തുപേരുമായാണ് കളിച്ചത്. ഈ സമയത്തും ബ്രസീലിയന്‍ യുവ സ്ട്രൈക്കര്‍മാര്‍ക്ക് ആഫ്രിക്കന്‍ വല കുലുക്കാനായില്ലെന്നത് മാനെ ഗാരിഞ്ച സ്റ്റേഡിയത്തിലെത്തിയ നാട്ടുകാരെ നിരാശരാക്കി. ബ്രസീലിന്റെ ഫുട്ബോള്‍ ഭാവി അത്ര ശോഭനമല്ലെന്ന് ആദ്യമത്സരത്തില്‍ തന്നെ തെളിയിക്കും വിധമായിരുന്നു കളിയുടെ ഗതി.


മത്സരത്തില്‍ 63 ശതമാനവും പന്ത് കൈയടക്കി വച്ചിട്ടും മഞ്ഞപ്പടയ്ക്ക് അനുകൂലമായി 12 ഫ്രീകിക്കുകളും ഒമ്പത് കോര്‍ണറുകളും പിറന്നിട്ടും ഒരിക്കല്‍ പോലും ദക്ഷിണാഫ്രിക്കന്‍ ഗോളി ഖുനെ ഇറ്റുമെലങ്ങിനെ പരാജയപ്പെടുത്താന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞില്ല. 21 തവണ ദക്ഷിണാഫ്രിക്കന്‍ മുഖത്തേക്ക് പന്ത് അടിച്ചു കയറ്റിയെങ്കിലും ഇതില്‍ ഏഴുതവണ മാത്രമാണ് ഗോള്‍ പോസ്റ്റിന് നേര്‍ക്ക് പായിക്കാന്‍ കഴിഞ്ഞത്.

ഗോള്‍ കണ്ടെത്താനായില്ലെങ്കിലും ക്യാപ്റ്റന്‍ നെയ്മറിന്റെ നേതൃത്വത്തില്‍ തിയാഗോ മിയ, റോഡ്രിഗോ കിയോ, ഫെലിപ്പ് ആന്‍ഡേഴ്സണ്‍, റെനാറ്റോ അഗസ്റ്റിന്‍, ഗബ്രിയേല്‍ ജീസസ്, ഗബ്രിയേല്‍ ബാര്‍ബോസ എന്നീ യുവതാരങ്ങള്‍ നടത്തിയ ആക്രമണം ഇനിയുള്ള മത്സരങ്ങളില്‍ ബ്രസീലിന് പ്രതീക്ഷ നല്‍കുന്നുണ്ട്. വരുംമത്സരങ്ങളില്‍ കാനറികള്‍ സ്വന്തം നാട്ടില്‍ താളം കണ്ടെത്തുമെന്ന് തന്നെയാണ് ആരാധകരുടെയും പ്രതീക്ഷ.

ക്യാപ്റ്റന്‍ ഡോളി കീഗന്റെ നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്കയുടെ മോത്തിബ ലെബോ, മോഡിബ ഓബ്രെ, മോതുബ ഗിഫ്റ്റ് എന്നിവര്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. മൊബാറ അബൂബക്കര്‍, കോയ്റ്റ്സെ റിവാള്‍ഡോ, മതോതോ തുടങ്ങിയ ദക്ഷിണാഫ്രിക്കന്‍ ഡിഫന്‍ഡര്‍മാരും മഞ്ഞപ്പടയുടെ യുവനിരയെ പിടിച്ചുകെട്ടുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു.

പറങ്കികള്‍ക്കെതിരെ അര്‍ജന്റീന തോറ്റു

ഒളിമ്പിക്സ് ഫുട്ബോളിന്റെ ആദ്യ മത്സരത്തിൽ അര്‍ജന്റീനയ്ക്ക്  പറങ്കികളോട് തോല്‍വി. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കായിരുന്നു പോര്‍ച്ചുഗല്‍ യുവനിരയുടെ വിജയം. 66-ആം മിനിറ്റില്‍ ഫോര്‍വേഡ് പാഷ്യന്‍സയും പകരക്കാരനായി എത്തിയ ഡിഫന്‍ഡര്‍ പിറ്റെയും നേടിയ ഗോളിന്റെ പിന്‍ബലത്തിലാണ് പറങ്കികളുടെ ജയം.

മറ്റു മത്സരങ്ങള്‍

ഇറാക്കും ഡെന്‍മാര്‍ക്കുമായി നടന്ന എ ഗ്രൂപ്പിലെ മറ്റൊരു മത്സരവും ഗോള്‍രഹിത സമനിലയിലാണ് കലാശിച്ചത്. ഹോണ്ടുറാസും അള്‍ജീരിയയും തമ്മില്‍ നടന്ന മത്സരത്തില്‍ 3-2 എന്ന സ്‌കോറിന് ഹോണ്ടുറാസ് വിജയിച്ചു. ഹോണ്ടുറാസിന് വേണ്ടി ക്വൊയ്റ്റോ റോമെല്‍, പെരേര മാര്‍സലോ, ലോസാനോ ആന്റണി എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ അള്‍ജീരിയക്ക് വേണ്ടി ബെന്‍ഡെബ്ക സോഫിയാനെ, ബോന്‍ഡെജ് ബാഗ്ദാദ് എന്നിവരാണ് ഗോള്‍ കണ്ടെത്തിയത്.

സി ഗൂപ്പിലെ ജര്‍മ്മനി - മെക്സിക്കോ മത്സരവും സമനിലയിലായി. സ്‌കോര്‍: 2 -2. മെക്സിക്കോയ്ക്ക് വേണ്ടി പെരാള്‍റ്റ ഒബ്രിയെ, പിസാര്‍ഡോ റോഡോള്‍ഫോ എന്നിവര്‍ ഗോള്‍ കണ്ടെത്തിയപ്പോള്‍ ഗ്‌നാര്‍ബി സെര്‍ജി, ജിന്റര്‍ മത്യാസ് എന്നിവരാണ് ജര്‍മനിയുടെ സ്‌കോറര്‍മാര്‍. സ്വീഡനും കൊളംബിയയും തമ്മില്‍ നടന്ന മത്സരവും 2 -2 എന്ന നിലയില്‍ സമനിലയിലാണ് കലാശിച്ചത്. സ്വീഡന് വേണ്ടി ഇഷാക്ക് മിഖായേലും അഡ്വെറിക് ആസ്ട്രിറ്റും കൊളംബിയക്ക് വേണ്ടി ഗിറ്റാറസ് ടോഫിലോയും പാബന്‍ ഡോര്‍ലാനുമാണ് ഗോള്‍ നേടിയത്. ഫിജിയും കൊറിയന്‍ റിപ്ലബ്ലിക്കും തമ്മില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത എട്ടു ഗോളുകള്‍ക്ക് ഫിജിയെ നാണം കെടുത്തിയാണ് ഏഷ്യന്‍ ശക്തി പരാജയപ്പെടുത്തിയത്. നൈജീരിയയും ജപ്പാനും തമ്മില്‍ നടന്ന മത്സരത്തില്‍ 5-4 എന്ന നിലയില്‍ നൈജീരിയക്കൊപ്പമായിരുന്നു ജയം.