ഒളിമ്പിക്സ് ക്വാർട്ടർ ഉറപ്പിക്കാൻ ഹോക്കി ടീം ഇന്നിറങ്ങും; ബാഡ്മിന്റണ്‍ മത്സരങ്ങൾ വൈകീട്ട്

വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധുവും സൈന നേവാളും പുരുഷ വിഭാഗം സിംഗിള്‍സില്‍ കെ. ശ്രീകാന്തും വനിതാ ഡബിള്‍സില്‍ ജ്വാല ഗുട്ടയും അശ്വിനി പൊന്നപ്പയും പുരുഷ വിഭാഗം ഡബിള്‍സില്‍ മനു അത്രി - സുമീത് റെഡ്ഡി സഖ്യവുമാണ് ഇന്ന് റിയോയില്‍ ഇറങ്ങുന്ന ബാഡ്മിന്റണ്‍ താരങ്ങള്‍.

ഒളിമ്പിക്സ് ക്വാർട്ടർ ഉറപ്പിക്കാൻ ഹോക്കി ടീം ഇന്നിറങ്ങും;  ബാഡ്മിന്റണ്‍ മത്സരങ്ങൾ വൈകീട്ട്

നിരഞ്ജൻ

മെഡല്‍ പ്രതീക്ഷയായിരുന്ന ടെന്നീസിലും ഷൂട്ടിംഗിലും നിരാശ മാത്രം നേടിയ രാജ്യത്തിന് പ്രതീക്ഷയായി ബാഡ്മിന്റണ്‍ താരങ്ങള്‍ ഇന്ന് കോര്‍ട്ടില്‍ ഇറങ്ങും. വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധുവും സൈന നേവാളും പുരുഷ വിഭാഗം സിംഗിള്‍സില്‍ കെ. ശ്രീകാന്തും വനിതാ ഡബിള്‍സില്‍ ജ്വാല ഗുട്ടയും അശ്വിനി പൊന്നപ്പയും പുരുഷ വിഭാഗം ഡബിള്‍സില്‍ മനു അത്രി - സുമീത് റെഡ്ഡി സഖ്യവുമാണ് ഇന്ന് റിയോയില്‍ ഇറങ്ങുന്ന ബാഡ്മിന്റണ്‍ താരങ്ങള്‍.

ജ്വാല - അശ്വിനി സഖ്യം ജപ്പാന്റെ അയക തഷാകി - മിസാകി മാറ്റ്സുമോട്ടോ സഖ്യത്തെയാണ് ഇന്ത്യന്‍ സമയം വൈകീട്ട് 4.30ന് നേരിടുക. പുരുഷ ഡബിള്‍സില്‍ മാനു - സുമീത് സഖ്യത്തിന്റെ മത്സരം വൈകീട്ട് 5.30നാണ്. ഹേന്ദ്ര സെത്യാവാന്‍ - മുഹമ്മദ് അഹ്സാന്‍ സഖ്യമാണ് ഇവരുടെ എതിരാളികള്‍. വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധു ലോറ സാറോസിനെയാണ് എതിരിടുക. വൈകീട്ട് 6.40നാണ് ഈ മത്സരം. ലണ്ടനിലെ വെങ്കലമെഡല്‍ ജേതാവ് സൈന നേവാള്‍ ബ്രസീലിന്റെ ലോഹ്യാനി വിന്‍സെന്റിനെയാണ് നേരിടുന്നത്. ഇന്ത്യന്‍ സമയം രാത്രി 7.50നാണ് രാജ്യം ഉറ്റുനോക്കുന്ന ഈ മത്സരം. പുരുഷവിഭാഗം സിംഗിള്‍സില്‍ കെ. ശ്രീകാന്ത് മെക്സിക്കോയുടെ ലിനോ മുനോസിനെയും നേരിടും. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30നാണ് മത്സരം.

ബാഡ്മിന്റണിലെ പ്രതീക്ഷകള്‍

അത്യാഡംബരങ്ങളില്ലാതെ കോലാഹലമില്ലാതെ നിശബ്ദമായി രാജ്യത്തിന്റെ പ്രതീക്ഷ കാക്കുന്നവരാണ് ബാഡ്മിന്റണ്‍ താരങ്ങള്‍. ഗ്ലാമറും പ്രശസ്തിയും ഒരുമിക്കുന്ന ടെന്നീസോ, പണമൊഴുകുന്ന ക്രിക്കറ്റോ, കാല്‍പ്പന്തുകളിക്കുള്ള വാര്‍ത്താപ്രാധാന്യമോ കിട്ടാറില്ലെങ്കിലും തങ്ങളുടെ മികവ് കളത്തില്‍ കൊണ്ടുവരുന്നതിന് എല്ലാ പരിശ്രമങ്ങളും നടത്തുന്നവരാണ് അവര്‍. ലണ്ടന്‍ ഒളിമ്പിക്സിലെ സൈനയുടെ വെങ്കലനേട്ടം അതിനൊരു ഉദാഹരണം മാത്രം.
ബാഡ്മിന്റനില്‍ രാജ്യം പ്രതീക്ഷിക്കുന്നത് ഒരു മെഡല്‍ തന്നെയാണ്. ലണ്ടന്‍ ഒളിമ്പിക്സില്‍ സൈനയുടെ ചുമലില്‍ മാത്രമായിരുന്നു ഇന്ത്യന്‍ പ്രതീക്ഷയെങ്കില്‍ ഇക്കുറി അത് പങ്കിട്ടെടുക്കാന്‍ സിന്ധുവും ശ്രീകാന്തും ജ്വാലയും അശ്വിനിയും ഉള്‍പ്പെടെയുള്ളവര്‍ സജ്ജമാണ്. കാലവും കാലാവസ്ഥയും ഒപ്പം ഭാഗ്യവും തെളിഞ്ഞാല്‍ ബാഡ്മിന്റനില്‍ രാജ്യത്തിന് മെഡല്‍ ഉറപ്പിക്കാം.
ലോക റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തുള്ള സൈനയില്‍ തന്നെയാണ് രാജ്യം ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നത്. പരിക്കില്‍ നിന്നും മോചിതയായി കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം നേടാനായത് സൈനയ്ക്ക് ആത്മവിശ്വാസം പകരും. റിയോയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടാല്‍ നല്ല പ്രകടനം നടത്താമെന്ന് തന്നെയാണ് ഒളിമ്പിക്സിന് തിരിക്കുംമുന്‍പ് സൈന അഭിപ്രായപ്പെട്ടത്. ലണ്ടിലെ വെങ്കലം സ്വര്‍ണ്ണമാക്കി മാറ്റാന്‍ താരത്തിന് കഴിയട്ടെയെന്ന് ആശംസിക്കാം.
ഓസ്ട്രേലിയന്‍ ഓപ്പണില്‍ ആക്രമണോത്സുകമായാണ് സൈന കളിച്ചത്. ഒളിമ്പിക്സിലും ആവിധമുള്ള കളി പുറത്തെടുത്ത് എതിരാളികളെ തറപറ്റിക്കാന്‍ തന്നെയാകും സൈനയുടെ ലക്ഷ്യം.
കഴിഞ്ഞ ഏപ്രിലില്‍ ലോക ഒന്നാം റാങ്കിലെത്തിയ സൈനയ്ക്ക് അത് അധികകാലം നിലനിർത്താന്‍ കഴിഞ്ഞില്ല. പരിക്കുകള്‍ വേട്ടയാടിയതാണ് അതിന് വിഘാതമായത്. ഇപ്പോള്‍ അഞ്ചാം സ്ഥാനക്കാരിയായ ഹൈദരാബാദുകാരിക്ക് ലോക ചാമ്പ്യന്‍ കൂടിയായ സ്പെയിനിന്റെ കരോളിന മരിനും ഒളിമ്പിക് ചാമ്പ്യനായ ലി ഷുറോയി, വെള്ളി മെഡല്‍ ജേതാവ് വാങ് യിഹാന്‍ എന്നിവരാകും കടുത്ത വെല്ലുവിളി ഉയര്‍ത്തുക. തന്റെ മൂന്നാം ഒളിമ്പിക്സില്‍ രണ്ടാം മെഡല്‍ കൂടി അണിയുക എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായാല്‍ ഒന്നിലധികം മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന റെക്കോര്‍ഡ് കൂടി സ്വന്തമാക്കാം സൈനയ്ക്ക്. ലോക റാങ്കിംഗില്‍ പത്താം സ്ഥാനത്തുള്ള പി.വി. സിന്ധുവും തന്റേതായ ദിവസം അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നവളാണ്.


പുരുഷപ്രതീക്ഷ,  കിഡംബി ശ്രീകാന്ത്

2014ല്‍ ചൈന ഓപ്പണില്‍ രണ്ടുവട്ടം ഒളിമ്പിക് ചാമ്പ്യനായ ലിന്‍ഡാനെ അട്ടിമറിച്ചാണ് കെ. ശ്രീകാന്ത് ബാഡ്മിന്റണില്‍ തന്റെ വരവ് അറിയച്ചത്. പിന്നീട് കഴിഞ്ഞവര്‍ഷം ഇന്ത്യ സൂപ്പര്‍ സീരീസിലെ വിജയത്തോടെ ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനം. എന്നാല്‍ ഫോം നഷ്ടപ്പെട്ട താരത്തില്‍ നിന്ന് പിന്നീട് കിരീടങ്ങളൊഴിഞ്ഞു നിന്നു. ശേഷം കഴിഞ്ഞ മേയിലാണ് ആദ്യ ഏഴുസ്ഥാനക്കാരില്‍ ഇടം നേടി ഒളിമ്പിക്സിന് യോഗ്യത നേടിയത്. ചൈനീസ് താരമായ ലിന്‍ ഡാനും മലേഷ്യയുടെ ലീ ചോങ് വെയും തമ്മിലുള്ള വൈരം തന്നെയാകും റിയോ ബാഡ്മിന്റണ്‍ കോര്‍ട്ടിനെ ശ്രദ്ധാകേന്ദ്രമാക്കുക. കഴിഞ്ഞ രണ്ട് ഒളിമ്പിക് ഫൈനലുകളിലും ലിന്‍ഡാന്‍, ലീയെ തോല്‍പ്പിച്ചിരുന്നു. വിലക്കില്‍ നിന്നും മോചിതനായി തിരിച്ചെത്തിയ ലീയ്ക്കും ഫോമിലല്ലാത്ത ലിന്‍ ഡാനും നിലവിലെ ലോകചാമ്പ്യന്‍ ചെന്‍ ലോങ്ങിന്റെ നേതൃത്വത്തിലുള്ള യുവനിര ശക്തമായ വെല്ലുവിളി ഉയര്‍ത്തും. ഇക്കൂട്ടത്തില്‍ എണ്ണപ്പെടുന്ന താരമാണ് ഇന്ത്യയുടെ ശ്രീകാന്തും. അതുകൊണ്ട് തന്നെ ശ്രീകാന്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് അമിതഭാരമാകില്ല. പുരുഷ ഡബിള്‍സില്‍ ഇന്ത്യ ആദ്യമായി മത്സരിക്കുന്നുവെന്നതും ഇക്കുറി നേട്ടമാണ്. മനു അത്രി - സുമീത് റെഡ്ഡി പുരുഷ സഖ്യവും ജ്വാല ഗുട്ട - അശ്വിനി പൊന്നപ്പ വനിതാ സഖ്യവും റിയോയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കട്ടെയെന്ന് ആശംസിക്കാം.

മറ്റു മത്സരങ്ങളില്‍ ഇന്ത്യ ഇന്ന്

ഗോള്‍ഫില്‍ അനിര്‍ബന്‍ ലാഹിരിയുടെ മത്സരം ഇന്ന് വൈകീട്ട് നാലിന് നടക്കും. വനിതാ അമ്പെയ്ത്തില്‍ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്ന് ബോംബെയ്ലാ ദേവി ഇറങ്ങുന്നത് പ്രതീക്ഷയോടെയാണ് രാജ്യം നോക്കുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചരയോടെയാണ് മത്സരം. ശക്തരായ ഹോളണ്ടിനെതിരെ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ മത്സരം ഇന്ന് വൈകീട്ട് 6.30നാണ്. വിജയിച്ചാല്‍ ക്വാര്‍ട്ടര്‍ ഉറപ്പിക്കാമെങ്കിലും അതിന് അത്യധികം വിയര്‍പ്പൊഴുക്കേണ്ടിവരും. ഹോളണ്ടിനെ സമനിലയിലെങ്കിലും തളയ്ക്കാനായാല്‍ ഇന്ത്യന്‍ ഹോക്കി പ്രതീക്ഷകള്‍ക്ക് അത് കരുത്താകും. വനിതാ ഹോക്കിയില്‍ അമേരിക്കയുമായുള്ള ഇന്ത്യയുടെ മത്സരം വെള്ളിയാഴ്ച പുലര്‍ച്ചെ നാലിനാണ്. ബോക്സിംഗിലെ പ്രതീക്ഷയായ ശിവ് ഥാപ്പയും ഇന്ന് ഇറങ്ങുന്നുണ്ട്. റൊബീസി റാമിറസുമായുള്ള ഥാപ്പയുടെ മത്സരം രാത്രി എട്ടിനാണ് നടക്കുക.