ഇന്ത്യക്ക് സിന്ധു, ഇറാനിന്‍റെ കിമിയ; പെണ്‍ക്കരുത്തിന്‍റെ അപൂര്‍വ്വ ഗാഥയുമായി റിയോ ഒളിമ്പിക്സ്

പരമ്പരാഗത ഹിജാബ് ധരിച്ച് വീടിന്റെ അകത്തളങ്ങളിലിരിക്കുന്നതിനു പകരം ഹെല്‍മറ്റ് ധരിച്ച് കളിക്കളത്തിലിറങ്ങിയ കിമിയ ഇറാനിലും മാറ്റത്തിനു തുടക്കമിടുകതന്നെയാണ് ചെയ്യുന്നത് എന്ന വിവരണത്തോടെ ലോക മാധ്യമങ്ങള്‍ കിമിയയുടെ വിജയത്തെ ആഘോഷിക്കുകയാണ്.

ഇന്ത്യക്ക് സിന്ധു, ഇറാനിന്‍റെ കിമിയ; പെണ്‍ക്കരുത്തിന്‍റെ അപൂര്‍വ്വ ഗാഥയുമായി റിയോ ഒളിമ്പിക്സ്

ഇന്ത്യയില്‍ നിന്നും ഒളിമ്പിക്സില്‍ ആദ്യ വെള്ളി മെഡല്‍ നേടിയ പെണ്‍ക്കുട്ടി എന്ന ഖ്യാതി പി.വി.സിന്ധു കരസ്ഥമാക്കിയിരിക്കുന്നു. നൂറു സ്വര്‍ന്ന്‍ മെഡലുകളെക്കാള്‍ തിളക്കമുള്ള വിജയം എന്ന് ഇന്ത്യ ഒന്നടങ്കം ഈ വിജയത്തെ ആഘോഷിക്കുമ്പോള്‍ ഇറാനിനും ഇങ്ങനെയൊരു വിജയഗാഥ പറയാനുണ്ട്.

റിയോ 2016 ഇറാനില്‍ സൃഷ്ടിച്ച ഒരു പെണ്മുന്നേറ്റത്തിന്റെ കഥയാണത്. വനിതകളുടെ തായിക്കോണ്ടോ 57 കിലോഗ്രാം വിഭാഗത്തില്‍ ഇറാന്‍ സ്വദേശിനിയായ 18 കാരി കിമിയ അലിസദേയാണ് വെങ്കല മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായത്.

രാജ്യത്ത് ഒളിംപിക് മെഡല്‍ നേടുന്ന ആദ്യത്തെ വനിതയാണ് കിമിയ. സ്വീഡന്റെ നികിത ഗ്ലാസ് നോവിക്കിനെ 5-1 നാണ് കിമിയ പരാജയപ്പെടുത്തിയത്.

"ഈ വിജയത്തില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. അടുത്ത ഒളിമ്പിക്സില്‍ സ്വര്‍ണ്ണ മെഡല്‍ നേടും." വിജയത്തിന്‍റെ ആത്മവിശ്വാസത്തില്‍ കിമിയ മാധ്യമങ്ങളോട് പ്രതികരിച്ചു.
സ്വര്‍ണ്ണ മെഡല്‍ നേടണം എന്ന് ഞാന്‍ ആഗ്രഹിച്ചു. ഈ വിജയം തന്ന ദൈവത്തിനു നന്ദി. എന്‍റെ ഈ വിജയം ഇനി അധികം ഇറാനി പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

taekvondo

തായ്ക്കൊണ്ടാ മത്സരത്തിനു ഇറാനില്‍ നിന്നും നേരത്തെ പുരുഷന്മാര്‍ പങ്കെടുത്തു വിജയം നേടിയിട്ടുണ്ട് എങ്കിലും, കരാട്ടെ പോലെ സമാനത തോന്നിപ്പിക്കുന്ന ഈ ഇനത്തില്‍ ഒരു ഇറാനിയന്‍ സ്ത്രീ വിജയം നേടുന്നത് ഇതാദ്യമായിട്ടാണ്.

പരമ്പരാഗത ഹിജാബ് ധരിച്ച് വീടിന്റെ അകത്തളങ്ങളിലിരിക്കുന്നതിനു പകരം ഹെല്‍മറ്റ് ധരിച്ച് കളിക്കളത്തിലിറങ്ങിയ കിമിയ ഇറാനിലും മാറ്റത്തിനു തുടക്കമിടുകതന്നെയാണ് ചെയ്യുന്നത് എന്ന വിവരണത്തോടെ ലോക മാധ്യമങ്ങള്‍ കിമിയയുടെ വിജയത്തെ ആഘോഷിക്കുകയാണ്.

സ്ത്രീ സ്വാതന്ത്ര്യത്തില്‍ വളരെ കാര്‍ക്കശ്യം പുലര്‍ത്തുന്ന ഇറാന്‍ പോലെ ഒരു രാജ്യത്തെ ഒരു ചെറുപ്പക്കാരി കായിക രംഗത്ത് നിന്നും നേടിയെടുത്ത ഈ വെങ്കല വിജയത്തിനും സ്വര്‍ണ്ണത്തിലും അധികം തിളക്കമുണ്ട്.