ചില സ്വകാര്യ 'ജാതിനിറ' ചിന്തകൾ

അധ്യാപിക ആയിരുന്ന സമയത്താണ് ഏറ്റവും കൂടുതൽ ജാതിയധിക്ഷേപങ്ങൾ നേരിടേണ്ടിവന്നത്. അതെല്ലാം ദളിതരോട് അടുത്തിടപിഴകുകയും ദളിതരുടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുന്നവരിൽ നിന്നായിരുന്നു, എന്താല്ലേ? രാധു രാജ് എസ് എഴുതുന്നു.

ചില സ്വകാര്യ

രാധു രാജ് എസ്

കുട്ടിക്കാലത്തെ ഏറ്റവും ഭീതിദമായ ദിവസം ഒരുപക്ഷേ, അതായിരിക്കും. അത്ര ഉച്ചത്തിൽ ഞാൻ ഇന്നോളം കരഞ്ഞു കാണില്ല. സൗഹൃദക്കൂട്ടയ്മയിൽ ഒറ്റയ്ക്കായ നാളുകളായിരുന്നു രണ്ടാംതരത്തിലേത്. സ്‌കൂളിലെ 'രാജകുമാരി' (അന്നത് രസകരമായ കളിയായിരുന്നു) നാലാംതരത്തിൽ ഒന്നാംസ്ഥാനക്കാരിയായ വെളുത്ത സുന്ദരി ചേച്ചിയായിരുന്നു. തോഴിയാവാൻ തയാറാവാഞ്ഞതാണ് ഒറ്റപ്പെടലിന് പ്രധാന കാരണം. പലതരം മിഠായികൾ സഹപാഠികളായ തോഴിമാർക്ക് ലഭിച്ചു. ആ മിഠായിയോട് എനിക്കത്ര കമ്പം തോന്നിയില്ല.


ഉച്ചക്കഞ്ഞിക്ക് വരാന്തയിൽ നിരന്നിരിക്കുകയായിരുന്നു അന്നവർ. അരികിലൂടെ നടന്നുപോയ ഞാൻ പാത്രത്തിൽ മണ്ണു തെറിപ്പിച്ചു എന്നാരോപിച്ച് ഇടവേളയിൽ സ്‌കൂളിന്റെ പിൻഭാഗത്തേയ്ക്ക് വിളിപ്പിക്കപ്പെട്ടു.

സഹപാഠികളടക്കം ഇരുപതോളം പേരുണ്ട് അവിടെ. സംഗതി പന്തിയല്ലെന്ന് ചെന്നപ്പോൾ തോന്നി. തലങ്ങും വിലങ്ങും ചീത്തവിളി. കാലുപിടിച്ച് മാപ്പുപറയാൻ പറഞ്ഞു. അന്നാ മണ്ണിൽ കിടന്നുരുണ്ട് കരഞ്ഞു. കൂടി നിന്നവർ നാലുപാടുമോടി. ഒച്ച കേട്ടോടിവന്ന് താങ്ങിയെടുത്ത് ആശ്വസിപ്പിച്ചത് ജയടീച്ചറോ റോസക്കുട്ടിടീച്ചറോ, ഓർമയില്ല.

കുട്ടികൾക്കിടയിലെ മറ്റനേകം ചെറിയ വഴക്കുകളിൽ ഒന്നായ് അതുമാറി. മിടുക്കർക്ക് മറ്റുള്ളവർ ദാസ്യരാവണമെന്ന തത്വമെന്തോ മനസ്സിൽ വേരോടിയില്ല. ഇതിലെ ജാതി നിറ രാഷ്ട്രീയം മനസിലാക്കുന്നത് പോലും ഏതാനും വർഷങ്ങൾ കഴിഞ്ഞാണ്.

നീ കറുത്തവളാണ്, കറുത്തവരെല്ലാം കീഴാളരാണ് എന്ന ചിന്ത ശക്തമായി എന്നിൽ ആരോപിക്കപ്പെട്ടത് ഒരുപക്ഷേ, കലാലയകാലത്താവും. കീഴ്‌ജാതി പെൺകുട്ടികൾ മേൽജാതി ആൺകുട്ടികളെ വല വീശിപ്പിടിക്കുമെന്ന് 'ഉദാഹരണ' സഹിതം ചൂണ്ടിക്കാണിച്ച അദ്ധ്യാപകനിൽ മുതൽ 'കറുത്തമ്മേ' എന്ന സഹപാഠികളുടെ 'തമാശ' വിളികളിൽ വരെ ഈ നിലപാട് വ്യക്തമായിരുന്നു. തമാശയെന്ന ലേബൽ ഉള്ളതുകൊണ്ട് വിളിക്കപ്പെടുന്നവന്റെ എതിർപ്പുകൾ അരസികമാവുന്നു!

പിന്നീട് പിജിക്ക് സെൻട്രൽ യൂണിവേർസിറ്റി അഡ്മിഷൻ കിട്ടിയതൊക്കെ അവൾ റിസർവേഷൻ കാറ്റഗറിയായത് കൊണ്ടാണെന്നു പറഞ്ഞ സഹപാഠിയുടെയും ക്ലാസിൽ നിന്ന് ഈ 'അപ്രതീക്ഷിത' അഡ്മിഷനിൽ ആശ്ചര്യപ്പെട്ട സകലരുടെയും മനസ്സിൽ ജാതിയല്ലാതെ മറ്റെന്താണ്?

ഒരിക്കൽ ലോവേസ്റ്റ് പാന്റ് ഇട്ടുനടന്ന കൂട്ടുകാരനോട് മര്യാദക്ക് പാൻറ് കെട്ടിയിട്ടു നടന്നോണം, ഇമ്മാതിരി വേഷംകെട്ടി നടക്കുന്നത് കണ്ട ഷെഡ്യൂൾഡ് കാസ്റ്റ് പയ്യന്മാരാണെന്ന് പറഞ്ഞ അദ്ധ്യാപികയുടെ മനസിൽ എന്തായിരിക്കും? കറുത്ത കത്തോലിക്കനായ സുഹൃത്തിനെ ആളുകൾ മറ്റുവല്ല ജാതിയിലും പെടുത്തി ചിന്തിക്കുമോ എന്ന ആത്മാർഥമായ ആശങ്കയിലായിരുന്നിരിക്കും എന്നാണ് ഇപ്പോൾ തോന്നുന്നത്. കറുത്തവൻ, പോരാത്തതിന് ലോവേസ്റ്റ് പാന്റും ഇട്ടോണ്ട് നടക്കുന്നു എന്നാവും ടീച്ചർ ചിന്തിച്ചിരിക്കുക!

നാട്ടിൽ തൊട്ടടുത്തുള്ള എസ്‌സി/എസ്‌ടി കോളനിയിലെ ആളുകളുടെ സദാചാരത്തെക്കുറിച്ച് അവരെക്കാൾ 'മേലാള'രായ ഞങ്ങളുടെ വിഭാഗം (വിശ്വകർമ ഒബിസി) ആകുലപ്പെട്ട് കേട്ടിട്ടുണ്ട്. പോണിടത്തെല്ലാം അവന്റെ പെണ്ണാ/അവള് പിഴയാ വർത്തമാനങ്ങൾ പറഞ്ഞവരെല്ലാം ഇരുൾ മൂടിയ ഇടങ്ങളിൽവെച്ച് (രാത്രിയാവണമെന്നില്ല) തട്ടാനും മുട്ടാനും വരുന്നതിന് സാക്ഷിയാണ്, അനുഭവസ്ഥയുമാണ്. തട്ടലും മുട്ടലും തോണ്ടലും രഹസ്യാഭ്യർഥനകളും പല പെൺകുട്ടികളെയും പോലെ ഈയുള്ളവൾക്കുമറിയാം.

കഴിഞ്ഞ ഒന്നരവർഷം രണ്ടിടങ്ങളിലായി അദ്ധ്യാപികയായിരുന്നു. വിദ്യാർത്ഥിനിയായിരിക്കുമ്പോൾ ഏൽക്കേണ്ടി വന്നതിനേക്കാൾ ശക്തമായ ജാതിയധിക്ഷേപങ്ങൾ (ജാതിയധിക്ഷേപമെന്ന ലേബലൊട്ടിക്കാത്ത) ഏൽക്കേണ്ടി വന്നിട്ടുണ്ട്. ഒരു പിജി ക്ലാസിൽ ജേർണലിസം ഹിസ്റ്ററി പഠിപ്പിക്കുന്നുണ്ടായിരുന്നു. ഇന്റർനെറ്റും മറ്റു സൌകര്യങ്ങളും ഉള്ള ഇന്നത്തെ ജനറേഷന് സിലബസിലുള്ള വിഷയങ്ങൾ മാത്രം സ്പൂൺ ഫീഡ് ചെയ്യുന്നതിനോട് വ്യക്തിപരമായി വിയോജിപ്പുള്ള ആളാണ് ഞാൻ.

ചരിത്രത്തെക്കുറിച്ചുള്ള പല ചർച്ചകളിലും ജാതിയെക്കുറിച്ച് പറയേണ്ടി വന്നിരുന്നു. തുടക്കത്തിൽ അതിശക്തമായ അസഹിഷ്ണുതയാണ് കുട്ടികൾ പ്രകടിപ്പിച്ചത്. എന്തിനാണ് ജാതിയേക്കുറിച്ച് സംസാരിക്കുന്നത്, അതൊക്കെ ഉത്തരേന്ത്യയിൽ മാത്രമുള്ള കാര്യങ്ങളല്ലേ എന്നമട്ടായിരുന്നു പൊതുവിൽ പ്രതികരണം. പിന്നീട് തല്ലുകൂടിയും സംവദിച്ചും അസഹിഷ്ണുത കുറഞ്ഞു വന്നു. സംവരണം സംബന്ധിച്ച ചർച്ചക്കൊടുവിൽ ക്ലാസിന് പുറത്തുവന്ന് സംസാരിക്കാനാവാതെ എന്നെ കെട്ടിപിടിച്ച ഒരു വിദ്യാർത്ഥിനിയുണ്ടെനിക്ക്. എന്തായിരുന്നിരിക്കും അവളുടെ മനസ്സിൽ? പണ്ട് പലവുരു പലയിടങ്ങളിൽ സംവരണം കൊണ്ട് പഠിച്ചവൾ എന്ന 'പഴി' കേട്ട ഒരുവളായിരിക്കും. ഇത് പഴിയല്ല, അവകാശമാണെന്ന് പറയുന്നത് കേട്ട ആത്മവിശ്വാസത്താൽ കെട്ടിപിടിച്ചതാകും.

കീഴാളരായ കുട്ടികൾക്ക് ഇത്തരത്തിൽ ആത്മവിശ്വാസത്തോടെ തലയുയർത്തി സംവരണത്തെക്കുറിച്ചും ജാതീയതയെക്കുറിച്ചും ചിന്തിക്കാനും സംവദിക്കാനും നമ്മുടെ കലാലയങ്ങളിൽ എത്ര അദ്ധ്യാപകർ വഴിയൊരുക്കും?

അതേ ക്ലാസിലെ ക്രിസ്ത്യൻ പുരോഹിതനായ വിദ്യാർത്ഥിയുമായി വല്ലാത്തൊരു സംഘർഷാവസ്ഥ നിലനിന്നിരുന്നു. ഇവളൊക്കെ വന്ന് എന്താണ് പഠിപ്പിക്കുക, ഇവൾക്കൊക്കെ എന്തറിയാം, ദളിതർക്ക് മാത്രമേ പ്രശ്‌നങ്ങൾ ഉള്ളോ എന്നതരം ചോദ്യങ്ങളും ഭാവങ്ങളും ആയിരുന്നു പ്രശ്‌നം. ഒടുക്കം ഞാൻ റിസൈൻ ചെയ്യുന്ന അവസാന ആഴ്ച്ച ക്ലസിൽ വരാതിരിക്കുക വരെയെത്തി കാര്യങ്ങൾ. കീഴാള ശരീരവുമായി നിൽക്കുന്നവൾക്ക് എന്തു കഴിവുണ്ടെന്ന ചോദ്യം ആദ്യമായല്ല കേൾക്കേണ്ടി വരുന്നത്.

ബ്രാഹ്മണയായ ഒരു സഹപ്രവർത്തകയുള്ളതുകൊണ്ട് മാംസാഹാരം കോളേജിൽ കൊണ്ടുവരാതിരുന്ന സഹപ്രവർത്തകരുണ്ടായിരുന്നു. അബദ്ധത്തിലൊരിക്കൽ അവരുടെ കാബിനിൽ വച്ച് മീൻ കഴിച്ചു എന്നതിന് ഞാൻ കേൾക്കേണ്ടി വന്ന ചീത്ത! പിന്നീടൊരു വാശി പോലെ എന്നും എന്തെങ്കിലും നോൺവെജ് കൊണ്ടുപോയി ഒറ്റയ്ക്കിരുന്നു കഴിക്കുമായിരുന്നു. പിന്നീട് ചില സഹപ്രവർത്തകരുടെ ഇടപെടലിൽ നോൺ കഴിക്കാൻ ബുദ്ധിമുട്ടുള്ളവർ മാറിയിരിക്കാൻ തുടങ്ങി.

അദ്ധ്യാപക റിട്രീറ്റിന് 'ആദിവാസി നൃത്ത'മവതരിപ്പിച്ച വെളുത്ത സഹപ്രവർത്തകനെ നോക്കി, ഹ! അങ്ങിനെയൊരു വെളുത്ത ആദിവാസിയെ കാണാൻ പറ്റിയെന്ന് തമാശ പറഞ്ഞ സഹപ്രവർത്തകയുമുണ്ട്.

പിന്നീടൊരിക്കൽ മജന്ത കളർ കുങ്കുമ പൊട്ടുതൊട്ട് മുടിയലസമായിട്ടിരുന്ന എന്നെ നോക്കി, 'ഒന്നു മുറുക്കുക കൂടി ചെയ്തിരുന്നെങ്കിൽ അസല് പെലയത്തിയായേനെ' എന്നൊരു സഹപ്രവർത്തക പറയുമ്പോൾ ഞാനെന്ത് പറയണം? ഓ, ഞാൻ പെലയത്തിയല്ലല്ലോ എന്നാശ്വസിക്കണോ? അതൊരു ജാതിയധിക്ഷേപമായി അവർ 'മനസിലാക്കിയിരുന്നില്ല' എന്ന് പിന്നീടറിഞ്ഞു. അവർ ദളിതരോട് അടുത്തിടപിഴകുകയും ദളിതരുടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുന്നവരാണെന്ന്, എന്താല്ലേ?

ഈ അറിവില്ലായ്മ നിഷ്‌കളങ്കമാണോ? നിഷ്‌കളങ്കമായി തുടരേണ്ടതാണോ? ഇത്തരത്തിൽ 'നിഷ്‌കളങ്കമായ' ജാതി/വംശീയ ചിന്തകൾ സൂക്ഷിക്കുന്നവരുടെ ക്ലാസിലിരിക്കുന്ന/ സഹപ്രവർത്തകരായിരിക്കുന്നവരുടെ അവസ്ഥ ആലോചിച്ചിട്ടുണ്ടോ? ഈ പറയുന്നതൊക്കെ എന്റെ നിറത്തിലും ജാതിയിലുമുള്ള കോംപ്ലെക്‌സ് കൊണ്ടു തോന്നുന്നതാണ് എന്നു പറഞ്ഞു വരുന്നവർക്ക് നല്ല നമസ്‌കാരം.