തെരുവുനായ ഭീതിയിൽ സംസ്ഥാനം; കടിയേറ്റവരിൽ വീടിന്റെ പൂമുഖത്തിരുന്നവരും

കൊല്ലത്ത് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന നാലു വയസുകാരന്റെ കീഴ്ചുണ്ട് കഴിഞ്ഞ ദിവസം തെരുവുനായ കടിച്ച് കീറിയിരുന്നു. രക്ഷിക്കാന്‍ എത്തിയ അമ്മക്കും കടിയേറ്റു .

തെരുവുനായ ഭീതിയിൽ സംസ്ഥാനം; കടിയേറ്റവരിൽ വീടിന്റെ പൂമുഖത്തിരുന്നവരും

ഷൈജു മരത്തംപിള്ളി

കൊച്ചി: തെരുവുനായ്ക്കളെ കൊല്ലുന്നതിനെതിരെ പ്രതിഷേധം ഉയരുമ്പോഴും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവു നായ്ക്കളുടെ ആക്രമണം ഇന്നലെയുമുണ്ടായി. തൃശൂർ, കൊല്ലം, പാലക്കാട് ജില്ലകളിൽ നിന്നാണ് തെരുവു നായക്കളുടെ ആക്രമണം ഇന്നലെ റിപ്പോർട്ട് ചെയ്തത്.

തൃശൂർ ജില്ലയിലെ മാളയിൽ വീടിന്റെ പൂമുഖത്ത് ഇരുന്ന ആളിന് തെരുവുനായയുടെ കടിയേറ്റു.  കല്ലൂര്‍ കിടങ്ങേത്ത് രമേശനാണ് കടിയേറ്റത്. രക്ഷിക്കാന്‍ ശ്രമിച്ച വടക്കേടത്ത് ജയദീപനും നായയുടെ കടിയേറ്റു. ഇരുവരും  മാള താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. തെരുവു നായകൾക്ക് പേ വിഷബാധയുണ്ടെന്നും സംശയമുണ്ട്.


കൊല്ലത്ത് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന നാലു വയസുകാരന്റെ കീഴ്ചുണ്ട് കഴിഞ്ഞ ദിവസം തെരുവുനായ കടിച്ച് കീറിയിരുന്നു. രക്ഷിക്കാന്‍ എത്തിയ അമ്മക്കും കടിയേറ്റു . ഏഴുകോണ്‍ ചിറ്റാകോട് പെരുപള്ളില്‍ ബിനു പണിക്കരുടെ മകന്‍ അലനാണ് പരിക്കേറ്റത്. കീഴ്ചുണ്ടിലും താടിയിലുമാണ് പരിക്കേറ്റത്. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്.

പാലക്കാട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കും  തെരുവുനായയുടെ കടിയേറ്റു. മംഗലം നബിയത്ത് കുണ്ടില്‍ ഉണികൃഷ്ണന്റെ മകള്‍ കൃഷ്ണപ്രിയയ്ക്കാണ് കടിയേറ്റത്. കുഞ്ചന്‍ സ്മാരക കലാപീഠത്തിലെ മോഹിനിയാട്ട വിദ്യാര്‍ത്ഥിയാണ് കൃഷ്ണപ്രിയ. വിദഗ്ധ ചികില്‍സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു.

തെരുവുനായ്ക്കളെ കൊല്ലുന്നത് നിയമവിരുദ്ധമാണെന്ന് കഴിഞ്ഞ ദിവസം ദേശീയ മൃഗക്ഷേമ ബോർഡ് നിർദ്ദേശിച്ചിരുന്നു.

Read More >>