വാങ്ങാനാളില്ല; ഖത്തറില്‍ ആഢംബര വില്ലകളുടെയും ഫ്‌ളാറ്റുകളുടെയും വാടക കുത്തനെ കുറയുന്നു

ആഢംബര ഹൗസിങ്ങ്‌ പ്ലോട്ടുകളുടെ ഉല്‍പാദനത്തില്‍ സംഭവിച്ച ഗണ്യമായ വര്‍ദ്ധനവും, ആവശ്യക്കാരില്ലാത്ത സാഹചര്യവുമാണ്‌ ഇതിനു കാരണം. അതേ സമയം ഇടത്തരം താമസ സ്ഥലങ്ങള്‍ക്കുള്ള ആവശ്യക്കാരുടെ അനുപാതത്തില്‍ മാറ്റം സംഭവിച്ചിട്ടില്ല.

വാങ്ങാനാളില്ല; ഖത്തറില്‍ ആഢംബര വില്ലകളുടെയും ഫ്‌ളാറ്റുകളുടെയും വാടക കുത്തനെ കുറയുന്നു

ദോഹ: ആഢംബര വില്ലകളും ഫ്‌ളാറ്റുകളും അടിക്കടി ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഇവയുടെ വാടക നിരക്ക്‌ പത്തുമുതല്‍ ഇരുപതു ശതമാനം വരെ കുറഞ്ഞിരിക്കുകയാണ്‌. ആവശ്യക്കാരുടെ എണ്ണത്തിലുള്ള ഗണ്യമായ കുറവും ഇതിനു കാരണമായിട്ടുണ്ട്‌. അതേ സമയം ഇടത്തരം താമസ സ്ഥലങ്ങള്‍ക്കുള്ള ആവശ്യക്കാരുടെ അനുപാതത്തില്‍ മാറ്റം സംഭവിച്ചിട്ടില്ല.

ആഢംബര താമസ കേന്ദ്രങ്ങളുടെ വാടകയില്‍ സംഭവിച്ച ഇടിവ്‌ റിയല്‍ എസ്റ്റേറ്റ്‌ മേഖലയില്‍ വന്‍ ചലനങ്ങള്‍ തന്നെയാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കഴിഞ്ഞ വേനലിന്റെ അവസാനത്തോടെ മാര്‍ക്കറ്റ്‌ മന്ദീഭവിച്ചതോടുകൂടി നിരവധി തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും രാജ്യം വിടേണ്ട സാഹചര്യം ഉണ്ടായി.


നിലവില്‍ ഒന്‍പതിനായിരത്തില്‍ കൂടുതല്‍ ഹൗസിങ്ങ്‌ യൂനിറ്റുകളാണ്‌ താമസക്കാരെയും കാത്തുകിടക്കുന്നത്‌. 15,000 ഖത്തര്‍ റിയാല്‍ വാടക ഉണ്ടായിരുന്ന ഒരു ആഢംബര വില്ലയുടെ ഇപ്പൊഴത്തെ വാടക 11,000 റിയാലാണ്‌. അതേസയം മൂവായിരത്തി അഞ്ഞൂറും നാലായിരവും കൊടുക്കേണ്ടിവരുന്ന സാധാരണ ഹൗസിങ്ങ്‌ യൂനിറ്റുകളുടെ നിരക്കില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.

ഖത്തറില്‍ താമസസ്ഥലങ്ങളേക്കാള്‍ ബിസിനസ്‌ പ്ലോട്ടുകള്‍ക്കാണ്‌ ആവശ്യക്കാര്‍ കൂടുതലെന്ന്‌ റിയല്‍എസ്‌റ്റേറ്റ്‌ വിദഗ്‌ധനായ ഫലീഫ അല്‍ മസ്ലാമനി പറയുന്നു. ഇപ്പോഴത്തെ വിതരണ-ആവശ്യ അനുപാതം പരിശോധിക്കുമ്പോള്‍ സമീപ ഭാവിയിലൊന്നും വാടക നിരക്കില്‍ ഉയര്‍ച്ചയുണ്ടാവില്ല എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.