അഞ്ജുവിന് എന്നോട് വ്യക്തി വൈരാഗ്യം; ചില വിവരങ്ങള്‍ പുറത്തായാല്‍ പല ഒളിമ്പ്യൻമാരും അര്‍ജുനകളും പുറത്ത് പോകും; ഒളിംപിക്സ് പ്രകടനത്തിലെ വിമര്‍ശനങ്ങളോട് രഞ്ജിത്ത് മഹേശ്വരി

റിയോയില്‍ ചെന്നപ്പോള്‍ തൊട്ട് എന്നോട് ഇവിടുത്തെ പത്രക്കാര്‍ നിരന്തരം വിളിച്ചു പറയുകയാണ്, മരുന്നടിയുമായി ബന്ധപ്പെട്ട് കുറെ ആളുകളുടെ പേരുകള്‍ പറയുന്നുണ്ട്. രഞ്ജിത്തിന്റെ പേരും ഉണ്ടെന്ന് കേള്‍ക്കുന്നു എന്നൊക്കെ. ഇത്രയും വലിയ കോംപറ്റീഷന് പേകുമ്പോള്‍ ഇങ്ങനെ മീഡിയാക്കാര്‍ വിളിച്ചു ചേദിക്കുമ്പോള്‍ അത്ലറ്റിന്റെ മാനസികാവസ്ഥ എന്തായിരിക്കും? - നാരദാ ന്യൂസ് കൊച്ചി ലേഖകൻ സരുൺ എ ജോസിനു നൽകിയ അഭിമുഖത്തിൽ ഒളിമ്പ്യൻ രഞ്ജിത്ത് മഹേശ്വരി ഉന്നയിക്കുന്ന ചോദ്യം എന്തിനേയും സെൻസേഷണലൈസ് ചെയ്യുന്ന മാദ്ധ്യമങ്ങളെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ്.

അഞ്ജുവിന് എന്നോട് വ്യക്തി വൈരാഗ്യം; ചില വിവരങ്ങള്‍ പുറത്തായാല്‍ പല ഒളിമ്പ്യൻമാരും അര്‍ജുനകളും പുറത്ത് പോകും; ഒളിംപിക്സ് പ്രകടനത്തിലെ വിമര്‍ശനങ്ങളോട് രഞ്ജിത്ത് മഹേശ്വരി

ഇന്ത്യയിൽ നിന്നുള്ള ഒളിമ്പിക്സ് ടീമിന്റെ സെലക്ഷൻ പ്രോസസ്സിനെ ചോദ്യം ചെയ്ത് അർജുന അവാർഡ് ജേതാവായ രഞ്ജിത്ത് മഹേശ്വരി. നാരദാ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് വിവാദമായേക്കാവുന്ന പരാമർശങ്ങളുമായി ഒളിമ്പ്യൻ രഞ്ജിത്ത് മഹേശ്വരി രംഗത്തെത്തിയത്.

ഒരു വർഷം മുമ്പ് ക്വാളിഫൈ ചെയ്ത ശേഷം സിഡ്നി ഒളിമ്പിക്സിൽ പങ്കെടുക്കാതെയിരുന്നവർ കേരളത്തിലുമുണ്ടെന്നും അവരെക്കുറിച്ച് അന്വേഷിക്കാനുമാണ് രഞ്ജിത്ത് വെല്ലുവിളിക്കുന്നത്. തനിക്കെതിരെ മരുന്നടി ആരോപണം ഉയർന്ന സാഹചര്യത്തിലാണ് രഞ്ജിത്തിന്റെ ഈ പരാമർശം. ഇത്തരം കാര്യങ്ങളൊക്കെ പുറത്ത് വന്നാല്‍ നമ്മുടെ നാട്ടിലെ പല ഒളിമ്പ്യൻമാരും അര്‍ജുന അവാര്‍ഡ് നേടിയവരുമൊക്കെ പുറത്ത് പോകേണ്ടി വരുമെന്നും അതുകൊണ്ടുതന്നെ ഇതേക്കുറിച്ചൊന്നും ആരും സംസാരിക്കില്ലെന്നും രഞ്ജിത്ത് മഹേശ്വരി തുറന്നടിക്കുന്നു.


മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അഞ്ജു ബോബി ജോർജ്ജിന് തന്നോടു വ്യക്തിവൈരാഗ്യമാണെന്നും രഞ്ജിത്ത് മഹേശ്വരി ആരോപിക്കുന്നു. ഉത്തേജകപരിശോധന സജീവമല്ലാതിരുന്ന 2009നു മുമ്പുള്ള പെർഫോമൻസുകളിൽ സംശയമുണ്ടെന്ന മുനവച്ച പ്രസ്താവനയ്ക്കും ഈ കായികതാരം തയ്യാറാകുമ്പോൾ അതാരെക്കുറിച്ചാണെന്നറിയാതെ ഞെട്ടുകയാണ്, കായികകേരളം. നാരദാ ന്യൂസ് പ്രതിനിധി സരുൺ ജോസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലേക്ക്:
റിയോ ഒളിമ്പിക്സിനുള്ള യോഗ്യതാ മത്സരത്തില്‍ ഇന്ത്യയുടെ ട്രിപ്പിൾ ജമ്പ് താരം രഞ്ജിത്ത് മഹേശ്വരി മികച്ച ദൂരം കണ്ടെത്തിയിരുന്നു. ഈ വര്‍ഷം ലോകത്തെ അഞ്ച് മികച്ച പ്രകടനങ്ങളില്‍ രഞ്ജിത്തിന്റെ ദൂരവും ഇടം നേടി. അതുകൊണ്ട് തന്നെ രഞ്ജിത്ത് ഇന്ത്യയില്‍ നിന്നുള്ള മെഡല്‍ പ്രതീക്ഷയായി. എന്നാല്‍ ഒളിമ്പിക്സ് വേദിയില്‍ രഞ്ജിത്തിന്റെ ചാട്ടം കഴിഞ്ഞ ഒളിമ്പിക്സുകളിലെന്നപോലെ ഇത്തവണയും പിഴച്ചു.

യോഗ്യതാ മത്സരത്തില്‍ 17.3 മീറ്റര്‍ ദൂരം കണ്ടെത്തിയ രഞ്ജിത്തിന് റിയോയിലെത്തിയപ്പോൾ 16.13 മീറ്റര്‍ ചാടാനേ കഴിഞ്ഞുള്ളൂ . അഞ്ജു ബോബി ജോര്‍ജ്ജ് ഉള്‍പ്പെടെയുള്ളവര്‍ രഞ്ജിത്തിന്റെ പ്രകടനത്തെ വിമര്‍ശിച്ച് രംഗത്തെത്തി. ഉത്തേജക മരുന്നുമായി ബന്ധപ്പെട്ട് നേരത്തെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് സമാനമായ പലതും രഞ്ജിത്തിനെതിരെ ഇപ്പോൾ  അന്തരീക്ഷത്തിലുണ്ട്. ഈ സാഹചര്യത്തിലാണ് രഞ്ജിത്ത് നാരദാ ന്യൂസിനോട് മനസു തുറന്നത്.

റിയോയിലേക്ക് ശപിച്ചു വിട്ടു

നല്ല പ്രതീക്ഷയുമായാണ് ഞാന്‍ റിയോയിലേക്ക് പോയത്. നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. എന്നെ വിമര്‍ശിച്ച് പറയുന്നവര്‍ക്ക് ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കാം. റിയോയിലേക്ക് പോകുന്നതിന് മുമ്പ് തന്നെ ഈ വിമര്‍ശകര്‍  വിധി എഴുതുകയാണ്. നിങ്ങളാരും  ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്ന രീതിയില്‍ ശപിച്ചാണ് വിടുന്നത്. നിരവധി ടെന്‍ഷനുമായാണ് അങ്ങോട്ട് പോയത്. കോച്ചിന്റെ കാര്യത്തിലുൾപ്പെടെയുള്ള വിഷമങ്ങളുണ്ടായിരുന്നു. സ്വസ്ഥമായ മനസോടുകൂടെയല്ല പോകുന്നത്. അത്തരം കാര്യങ്ങളൊന്നും അന്വേഷിക്കാൻ ആരുമുണ്ടായില്ല. പിന്തുണയ്ക്കാനാരുമില്ല.

[caption id="attachment_38512" align="alignleft" width="300"]anju
അഞ്ജു ബോബി ജോർജ്[/caption]

വിമര്‍ശിച്ചവര്‍ അടുത്ത ഒളിമ്പിക്സ് അടുക്കാറാകുമ്പോള്‍ വീണ്ടും പുറത്തിറങ്ങും. അതിനിടയില്‍ ഒരു കായിക താരം എന്തെടുക്കുന്നു, എത്ര മത്സരങ്ങളില്‍ പങ്കെടുക്കുന്നു, അവര്‍ എവിടെ പ്രാക്ടീസ് ചെയ്യുന്നു, ഏത് കോച്ചിനൊപ്പമാണ് പരിശീലനം തുടങ്ങിയ കാര്യങ്ങളൊന്നും അന്വേഷിക്കാന്‍ ആരുമുണ്ടാകില്ല.

എത്രയോ ഒളിമ്പിക്സുകൾ ഇതിനു മുമ്പ് ഉണ്ടായിട്ടുണ്ട്. അന്നും ഇവിടുന്ന് ആളുകള്‍ പോയിട്ടുണ്ട്. അവരെത്ര മെഡലുകളുമായാണ് തിരിച്ചുവന്നത്? അവരൊക്കെ എത്ര ഓടി, എത്ര ചാടി? അതും പരിശോധിക്കേണ്ടേ?

എന്നെ ഈ വര്‍ഷം ഒരു ട്രെയ്നിംഗിനോ, കോച്ചിംഗിനോ, വിദേശ മത്സരങ്ങള്‍ക്കോ ഒന്നിനും വിട്ടിട്ടില്ല. തിരുവനന്തപുരം സായിയില്‍ നിന്ന് മാത്രമാണ് ട്രെയ്നിംഗ് കിട്ടിയത്. അവിടുത്തെ പ്രിന്‍സിപ്പാള്‍ ചെയ്യാവുന്നതെല്ലാം ചെയ്തു തന്നു.

അവിടെയെത്തിയപ്പോള്‍ മൂന്ന് ചാട്ടത്തിനുള്ളില്‍ ക്വാളിഫൈ ചെയ്യണമെന്നാണ് നമ്മുടെ ചിന്ത. ലണ്ടന്‍ ഒളിമ്പിക്സിൽ വരുത്തിയ മൂന്ന് ഫൗളുകളാണ് മനസ്സില്‍. ഇനിയും ഫൗളായാല്‍ വീണ്ടും ഞാന്‍ ആളുകള്‍ക്ക് മുന്നില്‍ കോമാളിയാകും. ഇതൊക്കെ അങ്ങനെ മനസ്സില്‍കിടക്കുകയാണ്.

റിയോയില്‍ ചെന്നപ്പോള്‍ തൊട്ട് എന്നോട് ഇവിടുത്തെ പത്രക്കാര്‍ നിരന്തരം വിളിച്ചു പറയുകയാണ്, മരുന്നടിയുമായി ബന്ധപ്പെട്ട് കുറെ ആളുകളുടെ പേരുകള്‍ പറയുന്നുണ്ട്. രഞ്ജിത്തിന്റെ പേരും ഉണ്ടെന്ന് കേള്‍ക്കുന്നു എന്നൊക്കെ. ഇത്രയും വലിയ കോംപറ്റീഷന് പേകുമ്പോള്‍ ഇങ്ങനെ മീഡിയാക്കാര്‍ വിളിച്ചു ചേദിക്കുമ്പോള്‍ അത്ലറ്റിന്റെ മാനസികാവസ്ഥ എന്തായിരിക്കും?

പിന്നെ കോച്ചിന്റെ കാര്യം,  ഒളിംപിക്സിന് പോകാനിരിക്കുന്ന ഞാന്‍ ഒരു ദിവസത്തിന്റെ പകുതി സമയവും കോച്ചിന്റെ കാര്യത്തിനായി സംസാരിച്ചു കൊണ്ടിരിക്കുകയാണ്. എന്റെ ഫോക്കസ് മാറിപോകുകയല്ലേ? ഇങ്ങെനെയൊക്കെയുള്ള മാനസികാവസ്ഥയില്‍ എന്തു മലമറിക്കണമെന്നാണ് ഈ ആളുകള്‍ പറയുന്നത്.

പരിശീലനമെല്ലാം തനിച്ച്, കോച്ചെത്തിയത് ചാടാന്‍ നില്‍ക്കുമ്പോള്‍


2012 ഒളിമ്പിക്സിന്റെ സമയത്ത്  എന്റെ കോച്ചിനെ കൂടെ വിടണമെന്ന് പറഞ്ഞതാ. ഇത് ടെക്‌നിക്കല്‍ ഈവന്റ് ആണ്. വിദേശ കോച്ചിനെ വിടാന്‍ പറ്റില്ലെന്നായിരുന്നു അപ്പോള്‍ അധികൃതരുടെ വിശദീകരണം. 2008ലും എന്റെ കോച്ചിനെ കൂടെ വിടാന്‍ സമ്മതിച്ചില്ല. അത് ചോദിച്ചപ്പോള്‍ അഞ്ജു ബോബി ജോര്‍ജ്ജിലാണ് പ്രതീക്ഷയെന്നും, അഞ്ജുവിന്റെ കോച്ച് പോകുന്നതിനാല്‍ എനിക്ക് കോച്ചിനെ കൊണ്ടുപോകാനാകില്ലെന്നും പറഞ്ഞു. എന്നെ പരിശീലിപ്പിക്കാത്ത ബോബി  ചേട്ടന്‍ (അഞ്ജുവിന്റെ ഭര്‍ത്താവ്) അവിടെയെത്തി. എന്നെ പരിശീലിപ്പിക്കുന്നവര്‍ക്കല്ലേ എന്റെ പോരായ്മകള്‍ മനസിലാകൂ?

ഇത്തവണയും കോച്ചിനെ വിട്ടില്ല. അവസാന സമയത്ത് കോച്ച് വന്നു. അത് കൊണ്ട് എനിക്ക് യാതൊരു ഗുണവുമുണ്ടാകില്ലല്ലോ. പരിശീലനത്തിനൊന്നും കോച്ചിനെ കിട്ടിയില്ലല്ലോ. 20 ദിവസത്തോളം ഞാന്‍ തനിച്ചാണ് അവിടെ പരിശീലനം നടത്തിയത്.

അത്‌ലറ്റിക് ഫെഡറേഷനിലൊക്കെ താത്പര്യങ്ങളുള്ള ആളുകളുണ്ട്. ഒരു ഐറ്റത്തിന് 4 കോച്ചുമാരെ വരെ വിട്ടിട്ടുണ്ട്. റിലേ ടീമില്‍  നാല് കോച്ചുമാരുണ്ടായിരുന്നു. ചീഫ് കോച്ചും , ഡെപ്യൂട്ടി കോച്ചുമൊക്കെയുണ്ട്. ഇവരെല്ലാവരും എന്തിനാണ് വരുന്നത്?

ചില വിവരങ്ങള്‍ പുറത്ത് വന്നാല്‍ പല ഒളിമ്പ്യൻമാരും അര്‍ജുനകളും പുറത്ത് പോകും

ലോകനിലവാരമുള്ള മത്സരങ്ങളില്‍ പങ്കെടുത്ത് പരിചയമുളള ആളാണ് അഞ്ജു ബോബി ജോര്‍ജ്. അവരെ പോലുള്ളവര്‍ എനിക്കെതിരെ പറയുന്ന കാര്യങ്ങളില്‍ എന്തു മറുപടി പറയാനാ? ഞാന്‍ ചാടിയ ദൂരം അളന്നത് ടേപ്പ് ഉപയോഗിച്ചല്ല. ഇലക്ട്രോണിക് മെഷീന്‍ ആണ് ഉപയോഗിക്കുക. ബാംഗ്ലൂരിലും അതാണ് ഉപയോഗിച്ചത്. അവിടെ ഞാന്‍ ചാടിയപ്പോള്‍ ഈ അഞ്ജുവും പത്രക്കാരും എല്ലാവരുമുണ്ടായിരുന്നു. എന്റെ ചാട്ടത്തിന്റെ വീഡിയോ കിട്ടുമല്ലോ. അതൊക്കെ പരിശോധിക്കാമല്ലോ.

അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി നിര്‍ദ്ദേശിക്കുന്ന സമയത്തിനുളളില്‍ ക്വാളിഫൈ ചെയ്താല്‍ മതി. ഒരു ദിവസം മുമ്പോ ആറു മാസം മുമ്പോ എന്നൊന്നും പ്രശ്‌നമല്ല. ഒരു വര്‍ഷം മുമ്പ് ക്വാളിഫൈ ചെയ്തവര്‍ പലരും പിന്നീട് ഒരു മത്സരത്തിലും പങ്കെടുത്തിട്ടില്ല.

ജമൈക്കയിലൊക്കെ ക്വാളിഫൈ ചെയ്താലും ഒരു മാസം മുമ്പ് ട്രയല്‍ വെക്കും. ബോള്‍ട്ടായാലും മറ്റാരായാലും ട്രയലില്‍ പെര്‍ഫോം ചെയ്തില്ലെങ്കില്‍ മത്സരിക്കാനാകില്ല. നമ്മുടെ സിസ്റ്റം അങ്ങനെയല്ല.

2008ല്‍ അഞ്ജു ബീജിംഗില്‍ പോയതെങ്ങനെയാ? ഒരു വര്‍ഷം മുമ്പ് ക്വാളിഫൈ ചെയ്തിട്ട് പിന്നെ വേറെ കോംപറ്റീഷന് പോയിട്ടില്ല. അത്രയും പരിചയമുള്ള അവര്‍ ഫൗള്‍ ചാടിയില്ലേ?

പിന്നെ ഞാന്‍ മരുന്നടിച്ചിട്ടുണ്ടോ എന്ന സംശയമുള്ളവര്‍ക്ക് നാഡയെ സമീപിക്കാമല്ലോ. നാഡ വരുന്നതിന് മുമ്പ് ഇവിടെ നാഷണല്‍ ആന്റി ഡോപ്പിംഗ് ഏജന്‍സി ഉണ്ടായിരുന്നു.

2009ന് ശേഷം പെര്‍ഫോം ചെയ്തവരെ അംഗീകരിക്കുന്നതില്‍ മടിയില്ല. പക്ഷെ അതിന് മുമ്പുള്ളവരുടെ കാര്യത്തില്‍ സംശയമുണ്ട്. അപ്പോഴൊന്നും ഏജന്‍സിയോ ടെസ്റ്റോ ഒന്നുമില്ലല്ലോ. അന്നൊക്കെ ഉത്തേജകം ഉപയോഗിച്ച് ആരെയെങ്കിലും പിടിച്ചാല്‍, പിടിപാടുള്ള ആളുകളാണെങ്കില്‍ തലയൂരും. അധികൃതര്‍ക്ക് താത്പര്യമില്ലാത്തവര്‍ കുടുങ്ങും.

സിഡ്നി ഒളിമ്പിക്സിന് ക്വാളിഫൈ ചെയ്തിട്ടും പോകാത്ത ആളുകളുണ്ട്. അവരെ വിടാതിരിക്കാന്‍ എന്താകും കാരണം? അങ്ങനെ പോകാത്തവര്‍ കേരളത്തിലുമുണ്ട്. ഇവരെയൊക്കെ എല്ലാവര്‍ക്കുമറിയാം. കേരളാ അത്‌ലറ്റിക്‌സുമായി ബന്ധപ്പെട്ട പലര്‍ക്കുമറിയാം. അതൊന്നും ഇനി വിവാദമാക്കാനില്ല.

ഇത്തരം കാര്യങ്ങളൊക്കെ പുറത്ത് വന്നാല്‍ നമ്മുടെ നാട്ടിലെ പല ഒളിമ്പ്യൻമാരും അര്‍ജുന അവാര്‍ഡ് നേടിയവരുമൊക്കെ പുറത്ത് പോകേണ്ടി വരും. ആ വിവരങ്ങളൊന്നും അവര്‍ തരില്ല.

ഇട്ടാവട്ടത്ത് പരിശീലനം; മെഡലിന്റെ അമിതഭാരം

എന്നെ വിമര്‍ശിക്കുന്ന അഞ്ജു ബോബി ജോർജൊക്കെ എത്രയോ വിദേശ മത്സരങ്ങളില്‍ പങ്കെടുത്തു. അങ്ങനെയൊരു എക്‌സപോഷര്‍ കിട്ടുന്നത് വലിയ കാര്യമാണ്. അവരൊക്കെ നാട്ടിലെ മത്സരങ്ങളില്‍ പങ്കെടുക്കാറു പോലുമുണ്ടായിരുന്നില്ല. നമ്മളൊക്കെ എന്താ ചെയ്യുന്നേ?  ഈ ഇട്ടാവട്ടത്ത് പരിശീലനം നടത്തും. ഒരു സുപ്രഭാതത്തില്‍  മെഡല്‍ എന്നൊക്കെ കൊട്ടിഘോഷിച്ച് അമിതഭാരവുമായി അങ്ങോട്ട് പോകും.

പോകുന്നതിന് മുമ്പ് എന്റെ ഫിറ്റ്‌നസ് ഓക്കേയായിരുന്നു. ആദ്യത്തെ ആറുമാസം എനിക്ക് പരിക്കായിരുന്നു. പരിശീലനവും ചികിത്സയും മാറിമാറി നടത്തും. ഗൈഡ് ചെയ്യാനായി നല്ല ഫിസിയോ പോലും ഉണ്ടായിരുന്നില്ല. അവസാനം സാജന്‍ എന്ന ഫിസിയോ ആണ് ഏകദേശം സെറ്റ് ചെയ്ത് തന്നത്. അദ്ദേഹം ഇല്ലായിരുന്നെങ്കില്‍ യോഗ്യത നേടാന്‍ പോലുമാകില്ലായിരുന്നു.

ഒരു അത്‌ലറ്റ് ആറുമാസം ഇന്‍ജുറി ആയിട്ട് പരിശീലനം നടത്തുക എന്നൊക്കെയുള്ളത് ഏതെങ്കിലും വിദേശരാജ്യത്ത് നടക്കുമോ?  നമ്മളൊക്കെ കഷ്ടപ്പെടുന്നത് ആര്‍ക്കും അറിയേണ്ട. എന്നെ വിമര്‍ശിക്കുന്ന ആരെങ്കിലും ചാനലുകള്‍ ഉള്‍പ്പെടെ ആരും എനിക്ക് പറയാനുള്ളതൊന്നും കേള്‍ക്കുന്നില്ലല്ലോ?

ഞാന്‍ വാഡയുടെ അന്വേഷണത്തിലുള്‍പ്പെട്ട വ്യക്തിയാണ്. ഞാന്‍ എവിടെ പോകുന്നു എന്നൊക്കെയുളള കാര്യങ്ങള്‍ വാഡയ്ക്കും നാഡയ്ക്കും റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കണം. അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും എന്നെ പരിശോധന നടത്താം. അങ്ങനെ നടത്തിയിട്ടുമുണ്ട്. യോഗ്യതാ മത്സരത്തിന് മുമ്പും പിമ്പുമൊക്കെ എന്നെ പരിശോധനയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. അതിന്റെ പരിശോധനാ റിപ്പോര്‍ട്ടൊക്കെ എന്റെ കയ്യിലുണ്ട്.

അഞ്ജുവിന് വ്യക്തിവൈരാഗ്യം; ഞാന്‍ ചാടില്ലെന്ന് അവര്‍ മുമ്പേ വിധിച്ചു

അഞ്ജു പറയുന്നതെന്തിനാണെന്ന് എനിക്കറിയാം. അവര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന സമയത്ത്  ഞാന്‍ സത്യം പറഞ്ഞതുകൊണ്ടാണ് എന്നോടുള്ള ദേഷ്യം. അഞ്ജുവിന്റെ അനിയനെ കോച്ചാക്കിയതിനെ ഞാന്‍ വിമര്‍ശിച്ചിരുന്നു.

ഇന്ത്യയില്‍ നിന്നു പോയ 36 അത്‌ലറ്റുകളില്‍ ലളിത ബാബറിന്റെ ഒഴികെ മറ്റെല്ലാവരുടെയും പ്രകടനം മോശമായിരുന്നു. അഞ്ജുവിന് എന്നോട് വ്യക്തിവൈരാഗ്യമുള്ളതുകൊണ്ട് ഇങ്ങനെ പറയുന്നു.

ഞാന്‍ ഒളിമ്പിക്സിന് പോകുന്നതിന് മുൻപ് തന്നെ അവര്‍ പറഞ്ഞു ഞാന്‍ ചാടില്ലെന്ന്. അവരത് ഉറപ്പിച്ചു കഴിഞ്ഞു. മെഡല്‍ വരില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ എന്തിനാ പിന്നെ കോടിക്കണക്കിന് രൂപ ചെലവിട്ട് അങ്ങോട്ട് അയക്കുന്നേ? അവര്‍ ടി ഒ പിയുടെ ചെയര്‍മാനല്ലേ? ഇതറിഞ്ഞിട്ടും കൂട്ടുനിന്ന അവരല്ലേ ഒന്നാം പ്രതി?

Read More >>