ചിരിക്കുന്ന മലയാളിക്ക് കഴുത്തറക്കാനാവില്ല!

മതത്തിന്റെ ചെറിയ വിള്ളലുകൾ അഗാധ ഗർത്തങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ദയനീയവസ്ഥയാണ് ഇന്ന് കേരളം ദർശിക്കുന്നത്. ഇന്ന് സ്വന്തം മതവിശ്വാസപ്രമാണത്തിന്റെ ഭാഗമെന്ന് സ്വയം കരുതുന്ന വസ്ത്രം ധരിക്കാത്ത സ്ത്രീകളെ 'വേശ്യ' എന്ന് അഭിസംബോധന ചെയ്യാൻവരെ ചുരുക്കം മലയാളികളെങ്കിലും അധഃപതിച്ചു എന്നത് ഭീകരമായ ഒരു യാഥാർത്ഥ്യമാണ്. ഡോ എം കുര്യൻ തോമസ് എഴുതുന്നു.

ചിരിക്കുന്ന മലയാളിക്ക് കഴുത്തറക്കാനാവില്ല!

ഡോ. എം. കുര്യൻ തോമസ്

രണ്ടര സഹസ്രാബ്ദകാലത്തെ എങ്കിലും ചരിത്രമുണ്ട് കേരളത്തിന്റെ സമുദ്രാന്തര വ്യാപാര ബന്ധങ്ങൾക്ക്. ഇത് മലയാളി ഇതര നാടുകളിൽ കുടിയേറിയോ, വ്യാപാരികളായോ കടൽകൊള്ളക്കാരായോ അലഞ്ഞുനടന്നോ സൃഷ്ടിച്ചതല്ല. കേരളത്തിന്റെ തനതായ സുഗന്ധവിളകൾ തേടിയെത്തിയ ഇതരരാജ്യക്കാർ സമ്മാനിച്ചതാണ്. അവർ കേരളതീരത്തു തമ്പടിച്ചു വ്യാപാരം നടത്തി. പതിനെട്ടാം നൂറ്റാണ്ടുവരെ ലോകവ്യാപരഗതി(World order) തന്നെ കേരളതീര വ്യാപാരത്തെ കേന്ദ്രീകരിച്ചായിരുന്നു എന്നുപറയുന്നതിൽ തെറ്റില്ല.


ഈ വ്യാപാരബന്ധം വാണിജ്യോല്പ്പന്നങ്ങൾ മാത്രമല്ല വിപണനം ചെയ്തത്. അതോടൊപ്പം ഭീമമായ അളവിൽ സാംസ്‌കാരികമായ കൊടുക്കൽ വാങ്ങലുകളും (Cultural Exchange)  മലയാളി നടത്തി. കേരളസംസ്‌കാര രുപീകരണത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയത് ഈ അന്തർദേശീയ സാംസ്‌കാരിക വിനിമയമാണ്. ഇന്ത്യയുടെ ഇതരഭാഗങ്ങളിൽനിന്നും തികച്ചും വ്യതിരിക്തമായ വ്യക്തിത്വം മലയാളിക്ക് രൂപപ്പെട്ടത് അന്തർദേശീയ ബന്ധങ്ങൾക്ക് ഉതകുംവിധം പരുവപ്പെട്ട അയവുള്ള (Flexible) മാനസികാവസ്ഥയിൽനിന്നാണ്. നല്ലതെന്നു കാണുന്നതിനെയെല്ലാം - അതു ഭക്ഷണമായാലും വസ്ത്രമായാലും - സ്വാംശീകരിച്ച്, മലയാളവൽക്കരിച്ച്, അവയ്ക്ക് പുതിയ കൂട്ടുകെട്ടുകൾ ചമച്ച് സ്വന്തമാക്കുന്ന ഒരു സംസ്‌കൃതി ഈ അന്തർദേശീയ വാണിജ്യബന്ധങ്ങൾമൂലം സ്വായത്തമായി. ഇന്ന് കേരളത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ഭക്ഷണ രുചിഭേദങ്ങളുടെ പുതിയ വൈവിദ്ധ്യമാർന്ന കൂട്ടുകെട്ടുകൾ സ്വന്തമെന്ന നിലയിൽ പരക്കെ ഉപയോഗിക്കപ്പെടുന്നതുതന്നെ ഇതിനുദാഹരണം.
ഈ അന്തർദേശീയബന്ധം മലയാള ഭാഷയെപ്പോലും സ്വാധീനിച്ചിട്ടുണ്ട്. ഇതര ദ്രാവിഡ ഭാഷകളിൽനിന്നും വ്യത്യസ്തമായി ഏതു സ്വരവും അത് ഉച്ചരിക്കുന്ന രീതിയിൽ രേഖപ്പെടുത്താൻ പറ്റിയ ബഹുലമായ ഒരു അക്ഷര-കൂട്ടക്ഷര സംവിധാനം മലയാളഭാഷയ്ക്ക് ഉണ്ടായി. അതോടൊപ്പം പരകീയ പദങ്ങളെ യഥാതഥമായി ഉച്ചരിക്കാനും മലയാളിക്കു സാധിച്ചു. ഇംഗ്ലീഷ് പോലെ പരകീയപദങ്ങളെ ഉൾക്കൊണ്ട് മലയാളഭാഷയും വളർന്നു.
ഈ സാസ്‌കാരിക വളർച്ചയിൽ മലയാളി സ്വായത്തമാക്കിയ ഒരു കഴിവാണ് സഹൃദയത്വം. തമാശ പറയാനും കളിയാക്കാനും അത് ആസ്വദിക്കുവാനുമുള്ള അദ്വിതീയമായ കഴിവാണ് മലയാളി ആർജ്ജിച്ചത്. ഭക്തകവിയായ പൂന്താനംപോലും ഈ ഹാസ്യാത്മകതയിൽ ഭാഗഭാക്കായിരുന്നു. തൊഴിൽ, ജാതിബന്ധിതമായിരുന്ന കാലത്ത് തമാശ പറയാൻമാത്രം ഒരു ജാതി കേരളത്തിൽ ഉണ്ടായിരുന്നു എന്ന് കാർട്ടൂണിസ്റ്റ് ശങ്കർ ഒരിടത്തു പറഞ്ഞിട്ടുണ്ട്. ഹാസ്യം സാമൂഹിക വിമർശനത്തിന് പരസ്യമായി ഉപയോഗിച്ച ജനതയാണ് മലയാളികൾ. മുമ്പിലിരിക്കുന്ന രാജാവിനെവരെ മുഖത്തുനോക്കി വിമർശിക്കാൻ കൂത്തു പറയുന്ന ചാക്യാർക്ക് അവകാശമുണ്ടായിരുന്നു. മിമിക്‌സ് പരേഡ് എന്ന കലാരൂപം കണ്ടുപിടിച്ചത് മലയാളി ആണന്നാണ് പറയുന്നത്. അത് സത്യമെങ്കിൽ അതിൽ അത്ഭുതത്തിന് അവകാശമില്ല. കേരളത്തിൽ പല രാഷ്ട്രീയ നേതാക്കളേയും ക്ലച്ചു പിടിപ്പിച്ചതും സൂപ്പർഹിറ്റാക്കിയതും മിമിക്രി കലാകാരന്മാരാണ് എന്നാണ് ശ്രുതി.

[caption id="attachment_34575" align="aligncenter" width="648"]കേരളം, 1921ലെ ചിത്രം
കേരളം, 1921ലെ ചിത്രം[/caption]

സഹസ്രാബ്ദങ്ങൾ നീളുന്ന അന്തർദേശീയ ബന്ധങ്ങൾ ലോകത്തിലെ എല്ലാ വിശ്വാസ സംഹിതകളേയും അവയുടെ പിറവികാലത്തുതന്നെ കേരളത്തിലെത്തിച്ചു. ബലപ്രയോഗവും അധിനിവേശവും കൂടാതെ സാംസ്‌കാരിക വിനമയത്തിലൂടെ എത്തിയതിനാൽ അവയെല്ലാം സംഘർഷങ്ങളില്ലാതെ കേരളത്തിൽ അടിസ്ഥാനമുറപ്പിച്ചു. മലയാളിക്ക് അവയൊക്കയും അധിനിവേശത്തിന്റെ പ്രതിരൂപങ്ങളായിരുന്നില്ല. മറിച്ച്, കേവലം വ്യത്യസ്ഥങ്ങളായ ആരാധനാമൂർത്തികളും അനുഷ്ഠാനങ്ങളും മാത്രമായിരുന്നു. മതം എന്ന സങ്കല്പം പോലും കേരളത്തലെത്തുന്നത് യൂറോപ്യൻ അധിനിവേശത്തിനു ശേഷമാണ്. അനുഷ്ഠാനങ്ങൾ മതപരവും, ആഘോഷങ്ങൾ പൊതുമുതലും എന്നതായിരുന്നു മലയാളിയുടെ കാഴ്ചപ്പാട്.
ജാതിപരമായ ഉച്ചനീചത്വങ്ങൾ പില്ക്കാലത്ത് ഉളവായങ്കിലും അവയുടെ വേലിക്കെട്ടുകൾ നിലനിന്നിരുന്നെങ്കിലും കേരളത്തിലെ സവിശേഷമായ ജാതി-ബന്ധിത സാമൂഹ്യവ്യവസ്ഥിതിയിൽ അവയുടെ പരസ്പരാശ്രിതത്വം അനിവാര്യമായിരുന്നു. കേരളത്തിൽ ജാതി ഉടലെടുത്തത് തൊഴിൽക്കൂട്ടങ്ങളായി ആയിരുന്നു എന്നതാണിതിനു കാരണം. ഈ സാമൂഹ്യവ്യവസ്ഥ ഓരോ ജാതിക്കും അതാതിന്റെ തൊഴിൽ സുരക്ഷയും തൊഴിൽ സംവരണവും ഉറപ്പുവരുത്തിയിരുന്നതിനാൽ ജാതിയുടെ അതിർവരമ്പുകൾക്കുള്ളിൽ നിന്നുപോലും പരസ്പരാശ്രിതത്വം അനിവാര്യമായിരുന്നു. ആർക്കും ആരെയും ഒഴിവാക്കാനാവാത്ത അവസ്ഥ.

പത്തൊമ്പതാം നൂറ്റാണ്ടിൽ സർക്കാർ അടിസ്ഥാന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിത്തുടങ്ങി. അതോടെ വിവിധ സമുദായങ്ങൾ മത്സരബുദ്ധിയോടെ ഈ രംഗത്തു കടന്നുവന്നു. പക്ഷേ അവയിലെ പ്രവേശനത്തിന് അത്തരം അതിർവരമ്പുകളില്ലായിരുന്നു. എല്ലാവിഭാഗങ്ങളും ഒരേ സ്‌കൂളിൽ ഒരേ പാഠ്യപദ്ധതി പഠിച്ചു. ഇവിടെ ആരും ആരുടേയും ചോറ്റുപാത്രത്തിൽ എത്തി നോക്കിയിരുന്നില്ല. വിദ്യാഭ്യാസം സാർവത്രികമായതോടെ സമൂഹത്തിൽ നിലനിന്നിരുന്ന വേലിക്കെട്ടുകൾ ഒരോന്നായി അലിഞ്ഞലിഞ്ഞില്ലാതാവാൻ തുടങ്ങി. ക്രമേണ വിദ്യാഭ്യാസ നിലവാരവും സാക്ഷരതാ നിരക്കും വർദ്ധിച്ചു. അതോടെ ജീവിത-ആരോഗ്യ സൂചികയും മുകളിലേക്കുയർന്നുതുടങ്ങി. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ അസമത്വത്തിന്റെ ചങ്ങലകൾ പ്രബുദ്ധ കേരളം പൊട്ടിച്ചെറിഞ്ഞു. അയിത്തവും തൊട്ടുകൂടായ്മയും കേരളമണ്ണിൽനിന്നും ഉപരിപ്ലവമായെങ്കിലും അപ്രത്യക്ഷമായി.

ഈ സാർവജനീന സമഭാവനയും സഹൃദയത്വും ആധുനിക വിദ്യാഭ്യാസത്തോടുള്ള ആസക്തിയും ഫ്യൂഡലിസത്തിൽനിന്നുമുള്ള മോചനം മലയാളിക്ക് അയത്‌നലളിതമാക്കി. വിദ്യാഭ്യാസവും സാർവജനീന സമഭാവനയും ലോകമെങ്ങും ചേക്കേറുവാൻ മലയാളിയെ പ്രാപ്തരാക്കി. പശ്ചിമഘട്ടം കയറിയും കേരളം വളരുന്നു എന്ന് ആത്മധൈര്യത്തോടെ പറയാൻ മലയാളിക്കു കഴിഞ്ഞു. വിലക്കുകളും വേർതിരിവുകളുമില്ലാതെ വളർന്നുവന്ന മലയാളി സമൂഹം കേരളത്തെ സമ്പന്നമാക്കി. ബാഹ്യ ചിഹ്നങ്ങളിൽ തികച്ചും സമാനത പുലർത്തിവന്ന കേരളസമൂഹത്തിന് മതം ഒരു സ്വകാര്യവിഷയം മാത്രമായിരുന്നു. ഈ ലേഖകന്റെ സ്‌കൂൾ - കോളേജ് കാലത്ത് വസ്ത്രംകൊണ്ടോ ചിഹ്നങ്ങൾകൊണ്ടോ സഹപാഠികളുടെ ജാതിയും മതവും തിരിച്ചറിയുക ഏതാണ്ട് അസാദ്ധ്യമായിരുന്നു.

പക്ഷേ ഖേദകരമായ വസ്തുത, കേരളത്തിലെ വിദ്യാഭ്യാസ-സാമൂഹ്യ നിലവാരം അതിവേഗം മുന്നേറിയപ്പോൾ കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ മലയാളിയുടെ ഈ സാർവജനീനത സങ്കുചിതത്വത്തിനു വഴിമാറുകയായിരുന്നു എന്നതാണ്. വേഷത്തിലും ഇരിപ്പിലും നടപ്പിലും, എന്തിന്? ഭക്ഷണത്തിൽപ്പോലും ഇക്കാലത്ത് വൈജാത്യങ്ങൾ പ്രകടമായിത്തുടങ്ങി. ഇതിനു സമാന്തരമായി മലയാളിയുടെ സഹൃദയത്വം അവരോഹണത്തിലായി. മതത്തിന്റെ ചെറിയ വിള്ളലുകൾ അഗാധ ഗർത്തങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ദയനീയവസ്ഥയാണ് ഇന്ന് കേരളം ദർശിക്കുന്നത്. ഇന്ന് സ്വന്തം മതവിശ്വാസപ്രമാണത്തിന്റെ ഭാഗമെന്ന് സ്വയം കരുതുന്ന വസ്ത്രം ധരിക്കാത്ത സ്ത്രീകളെ 'വേശ്യ' എന്ന് അഭിസംബോധന ചെയ്യാൻവരെ ചുരുക്കം മലയാളികളെങ്കിലും അധഃപതിച്ചു എന്നത് ഭീകരമായ ഒരു യാഥാർത്ഥ്യമാണ്.
ഇതിനു മതങ്ങളെ കുറ്റംപറഞ്ഞിട്ടു കാര്യമില്ല. മതത്തിന്റെ പേരിൽ നടത്തുന്ന കച്ചവടങ്ങളാണ് ഈ വിള്ളലുകൾ സൃഷ്ടിക്കുന്നത്. വിദ്യാഭ്യാസത്തോടൊപ്പം ഉയരുന്ന മതബോധം എന്നു ഇതിനെ മഹത്വവൽക്കരിച്ചിട്ടൊന്നും കാര്യമില്ല. ഇതു മതബോധവുമല്ല. ഉത്തരേന്ത്യയിൽനിന്നും ചില വിദേശരാജ്യങ്ങളിൽനിന്നും ഇറക്കുമതി ചെയ്യുന്ന ചില തലതിരിഞ്ഞ തത്വശാസ്ത്രങ്ങൾ അതത് മതത്തിലെ പരമ്പരാഗത വിശ്വാസികളുടെമേൽ അടിച്ചേല്പിച്ചതിന്റെ പരിണിത ഫലമാണിത്. കൊഴുത്ത പണത്തിന്റെ ഒഴുക്കും ആധുനിക വാർത്താവിനമയ സംവിധാനങ്ങളുടേയും മാദ്ധ്യമങ്ങളുടെയും ഉയർന്ന ഉപയോഗവും മൂലം ഈ നവീന മതബോധികൾ ഒരോ മതത്തിലും കുത്തിവെച്ചത് ഭ്രാന്താണ്. സ്വമതത്തിലെ ഇത്തരം ജീർണ്ണതകളെപ്പറ്റി ഒരു റോമൻ കത്തോലിക്കാ പുരോഹിതനായ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ വർണ്ണിക്കുന്ന ... കരിസ്മാറ്റിക്ക് ഭ്രാന്തുപിടിച്ച ഒരു സമൂഹം കേരളത്തിൽ മാത്രമേ ഉണ്ടാകാൻ സാദ്ധ്യതയുള്ളു. വിശ്വാസികളുടെ ബലഹീനതയെ പണംകൊയ്ത്തുവഴി മുതലാക്കുകയാണ് ഇവരുടെ പണി. സമാധാനത്തിൽ ജീവിച്ച കേരള ജനതയെ വർഗ്ഗീയ വിഷം കുത്തിവെച്ച് പരസ്പരം തല്ലിപ്പിക്കുന്നതും ഈ കരിസ്മാറ്റിക് ഭ്രാന്തന്മാർ ആണ്. ഈ പരാമർശനത്തിൽ കരിസ്മാറ്റിക്ക് എന്നതിനു പകരം യുക്തമായ ഇതരപദങ്ങൾ ചേർത്താൽ ഇന്ന് കേരളത്തിലെ എല്ലാ മതങ്ങൾക്കും ഇണങ്ങും.

വേദാനുസൃതമുള്ള മതനിഷ്ഠകൾ എന്ന പേരിൽ ഇവർ അവതരിപ്പിക്കുന്ന എല്ലാ മൗലീകതയിലേയ്ക്കുള്ള മടങ്ങിപ്പോക്കുകൾക്കും പിമ്പിൽ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ അണാ-പൈസാ കണക്കുപറഞ്ഞുള്ള വമ്പൻ വാണിജ്യതാത്പര്യങ്ങൾ ഉണ്ട് എന്ന യാഥാർത്ഥ്യം ആരും തിരിച്ചറിയുന്നില്ല. ഒരിക്കൽ കെട്ടഴിച്ചുവിട്ട ഈ ഭൂതത്തെ അത്രയെളുപ്പമൊന്നും കുടത്തിൽ തിരികെ കേറ്റാനുമാവില്ല.
ഈ മതാന്ധത കത്തിവെച്ചത് മലയാളിയുടെ സഹൃദയത്വത്തിലാണ്. കല, വിശിഷ്യാ ഹാസ്യം, ഇല്ലാതാക്കുവാനോ തങ്ങൾ വരയ്ക്കുന്ന ചട്ടക്കൂടിലൊതുക്കാനോ ആണ് നവീന മതബോധികൾ ശ്രമിക്കുന്നത്. ഈ പ്രവണതയ്ക്ക് ഇന്ന് കേരളത്തിലെ എല്ലാ മതങ്ങളും ഉത്തരവാദികളാണ്. അവർക്കറിയാം ചിരിക്കുന്ന മലയാളിക്ക് കഴുത്തറക്കാനാവില്ലന്ന്. ഫാ. ജോസഫ് പുത്തൻപുരയ്ക്കലിനെത്തന്നെ അവലംബിച്ചാൽ ... ചെല്ലുന്നവന്റെയുള്ളിൽ കുറ്റബോധവും ഭയവും വളർത്തിവിടുക. ജീവിക്കാനുള്ള അവന്റെ സകല ആത്മവിശ്വാസവും കെടുത്തുക. പിന്നെ, ശിഷ്ടകാലം അവൻ അവർക്കു പിന്നാലെ നടന്നോളും.... കേരളത്തിൽ ഇന്ന് എല്ലാ നവീന മതബോധികളും ചെയ്യുന്നത് ഇതുതന്നെയല്ലേ? ഭയന്നിരിക്കുന്നവൻ എങ്ങിനെ ചിരിക്കും?
ഈ ലേഖകൻ ആവർത്തിച്ചു ചോദിച്ച ഒരു ചോദ്യമുണ്ട്. ലോകത്തിലെ ഏതാണ്ട് എല്ലാ മതങ്ങളും അതിന്റെ പ്രാഭവകാലത്തുതന്നെ കേരളത്തിലെത്തിയിട്ടുണ്ട്. അവയിൽ കാലത്തിന്റെ കുത്തൊഴുക്കിൽ രൂപ-ഭാവങ്ങൾ മാറിപ്പോയ ബുദ്ധ-ജൈന മതങ്ങൾ ഒഴികെ അവ എല്ലാംതന്നെ ഇന്നും ഇവിടെ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ ഇന്നത്തെ ഈ നവീന മതബോധികൾ ഏർപ്പെടുത്തിയ വിലക്കുകളില്ലാതെ മതവിശ്വാസികളായിത്തന്നെയാണ് അവർ സഹസ്രാബ്ദങ്ങൾ ജനിച്ചു ജീവിച്ചു മരിച്ചത്. ഈ നവ മതസിദ്ധാങ്ങൾ കേൾക്കാത്ത-അനുസരിക്കാത്ത അവരാരും ഈശ്വരസാക്ഷാത്ക്കാരം നേടുകില്ലേ? അന്നൊക്കെ അവരെ നയിച്ച മതാചാര്യർ എല്ലാം തെറ്റുകാരായിരുന്നോ? അസംഭവ്യം എന്നേ ഈ ലേഖകന് അതിനെ വിശേഷിപ്പാക്കാൻ കഴിയൂ.

ഈ ദുരന്തം വരുത്തിവെച്ചതിനു പിന്നിൽ സർക്കാരിനും പങ്കുണ്ടെന്നാണ് ഈ ലേഖകന്റെ പക്ഷം. വർഗ്ഗീയപ്രീണനം നടത്തി ഭരിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങളല്ല അതിനു കാരണം. മറിച്ച് കാൽനൂറ്റാണ്ടായി പൊതുവിദ്യാഭ്യാസ പദ്ധതിയിൽ നടത്തിവരുന്ന പരീക്ഷണങ്ങളാണ്. ഇതിന് കുറച്ചു വർഷങ്ങൾക്കുമുമ്പ് 5-10 ക്ലാസുകളിൽ നിലവിലിരുന്ന മലയാളം പാഠപുസ്തകങ്ങൾ മാത്രം പരിശോധിച്ചാൽ മതി.

അന്നെന്തായിരുന്നു സിലബസ്? കവിത്രയങ്ങളുടെ (പ്രാചീനവും ആധുനികവും) കൃതികളുടെ ഓരോ ഭാഗം, ശ്രീബുദ്ധൻ, യേശുക്രിസ്തു, മുഹമ്മദ് നബി, ഗാന്ധിജി, ലെനിൻ മുതലായവരേക്കുറിച്ചുള്ള പാഠങ്ങൾ, അറിയപ്പെടുന്ന രചയിതാക്കളുടെ ഗദ്യത്തിലും പദ്യത്തിലും ഉള്ള രചനകൾ അങ്ങിനെ വ്യക്തമായ ഒരു ചട്ടക്കൂട് പാഠ്യപദ്ധതിക്കുണ്ടായിരുന്നു. ഈ പാഠങ്ങളിലൊക്കയും വ്യക്തമായ ഒരു സന്ദേശവും ഉണ്ടായിരുന്നു. പഠിക്കാൻ മടിയാണെങ്കിലും പാട്ടിനോടും കഥയോടുമുള്ള താത്പര്യംമൂലം വിദ്യാർത്ഥികൾ അവ ശ്രദ്ധിച്ചു. ചുരുക്കത്തിൽ, ഏതു മണ്ടനും പത്താം ക്‌ളാസ് കഴിയുമ്പോാഴേയ്ക്കും ശ്രീരാമനും ശ്രീകൃഷ്‌നും യേശുക്രിസ്തുവും ഒക്കെ ആരന്ന് സാമാന്യബോധം ഉണ്ടാകും മുഹമ്മദ് നബിയും ബുദ്ധനുമൊക്കെ അവർക്ക് അറിയപ്പെടുന്നവരാകും. രാമപുത്തു വാര്യരും കുമാരനാശാനും തുള്ളൽ പ്രസ്ഥാനവുമൊക്കെ പേരിലെങ്കിലും പരിചിതരാകും. ഈ. വി. കൃഷ്ണപിള്ളയുടെ കാച്ചിൽ കൃഷ്ണപിള്ളയെപ്പോലുള്ള കഥാപാത്രങ്ങൾ ചിരപരിചിതരാകും. ചുരുക്കത്തിൽ, അറിയാതെതന്നെ ഒരു സാർവജനീന മലയാളി അവിടെ പിറന്നുവീഴുകയാണ്. അവയും, ഇന്നത്തെ സമാനമായ പാഠ്യപദ്ധതിയുമായി താരതമ്യം ചെയ്തു നോക്കുക.

ഒന്നുമാത്രം പറയാം, സാർവജനീന മലയാളികളുടെ എണ്ണം ശോഷിച്ചതു മൂലമണ് ഇന്ന് മതാന്തര രചനകൾക്കു കലകൾക്കും വിലക്കു വീഴുന്നത്. കുഞ്ചൻ നമ്പ്യാരോ, സാക്ഷാൽ എഴുത്തഛനോ വേളുർ കൃഷ്ണൻകുട്ടിയും വരെയുള്ള ഹാസ്യസാഹിത്യകാരന്മാരോ ജീവിച്ചതും രചിച്ചതും ഈ കഴിഞ്ഞ കാൽനൂറ്റാണ്ടിലായിരുന്നെങ്കിൽ അവരെ പണ്ടേ കാലപുരിക്കയച്ചേനെ. അത്ര അധഃപതിച്ചു സാംസ്‌കാരിക കേരളം.

[caption id="attachment_34582" align="aligncenter" width="648"]ബാബു നമ്പൂതിരി, ബാബു കുഴിമറ്റം, ഇടവേള ബാബു എന്നിവർ ബാബു നമ്പൂതിരി, ബാബു കുഴിമറ്റം, ഇടവേള ബാബു എന്നിവർ[/caption]

വസ്ത്രങ്ങളും ഇതരചിഹ്നങ്ങളും മതവൈജാത്യം ദ്യോതിപ്പിക്കുന്നവരുടെ - വിശിഷ്യാ കുട്ടികളുടെ - സ്‌നേഹക്കൂട്ടായ്മകളുടെ ചിത്രങ്ങൾ അടുത്തകാലത്തായി ധാരാളം പ്രചരിക്കുന്നുണ്ട്. അവയുടെ ഉദ്ദേശശുദ്ധി സ്പഷ്ടമാണെങ്കിലും അവ തികച്ചും അപകടകരവും വിപരീതഫലം ഉണ്ടാക്കുന്നതുമാണന്നാണ് ഈ ലേഖകന്റെ പക്ഷം. വസ്ത്രംകൊണ്ടുള്ള ജാതി-മത വേർതിരിവുകൾ ഫ്യൂഡൽ സൃഷ്ടിയാണ്. മലയാളി അതു പണ്ടേ ഉപേഷിച്ചതാണ്. അതിനി മടക്കി കൊണ്ടുവരേണ്ട. ജാതിവാൽ ഇല്ലങ്കിൽ ബാബുവിനെപ്പോലും തിരിച്ചറിയാനാവാത്ത നാടാണ് കേരളം. ഇവിടെ ബാബു നമ്പൂതിരിയും, ബാബു മേത്തരും, ബാബു കുഴിമറ്റവും, ഇടവേള ബാബുവും, കൺമണി ബാബുവും, വെറും ബാബുവും ഒക്കെയുണ്ട്. അതാണ് കേരളം. അതുമതി കേരളത്തിന്.
നവീന മതബോധികളെ പുറത്താക്കി കേരളത്തിലെ തങ്ങളുടെ പൂർവികർ പിന്തുടർന്നിരുന്നതാണ് ശരിയായ മാർഗ്ഗം എന്നു എല്ലാ മതക്കാരും മനസിലാക്കുക, സഹൃദയത്വം വളർത്തുക, ഹാസ്യാത്മകത പുനഃസ്ഥാപിക്കുക. കേരളം ഇന്നു നേരിടുന്ന പ്രതിസന്ധിയുടെ പരിഹാരം ഇവ മാത്രമാണ്. അതത്ര എളുപ്പമല്ല. പക്ഷേ സാധിതമാണ്. കാരണം, സാർവജനീന മലയാളി മരിച്ചിട്ടില്ല.

വാൽക്കഷണം. - മലയാളിയുടെ സഹൃദയത്വം മരിച്ചിട്ടില്ലാ എന്നതിന്റെ ഏറ്റവും നല്ല വർത്തമാനകാല തെളിവാണ് ബീഫ് ഫെസ്റ്റിവലിനു ബദലായി നടത്തിയ പോർക്ക് ഫെസ്റ്റിവലിനോടു മലയാളി കാണിച്ച നിസംഗതയും ഉദാസീനതയും. എന്നു മാത്രമല്ല, സംഘാടകർക്ക് വിലപ്പെട്ട ഉപദേശങ്ങൾ നൽകുവാനും നവമാദ്ധ്യമ സുഹൃത്തുക്കൾ മുമ്പോട്ടുവന്നു. ആദ്യം നിശ്ചയിച്ചതുപോലെ കോട്ടയത്തു നടത്തിയാൽ കുറഞ്ഞത് 2,000 കിലോഗ്രാം കരുതണം! അളവിലോ രുചിയിലോ കുറഞ്ഞാൽ കോട്ടയംകാർ വെച്ചേക്കില്ല! എന്നിങ്ങനെ ഒന്നാംഘട്ടം. പിന്നീട് വേദി കോഴിക്കോട്ടേയ്ക്കു മാറ്റിയപ്പോൾ വിവിധ പോർക്കു വിഭവങ്ങളുടെ പാചകക്കുറിപ്പുകളായി. ഫലം - വമ്പിച്ച ഒരു സംഘർഷ സാദ്ധ്യത മുമ്പിൽകണ്ടവർ ഫേസ്ബുക്ക് ഭാഷയിൽ ശശിയായി!