ഞാന്‍ എങ്ങനെ ഹിജഡയായി? ലക്ഷ്മിയുടെ ആത്മകഥ 'റെഡ് ലിപ്സ്റ്റിക്ക്- എന്‍റെ ജീവിതത്തിലെ പുരുഷന്മാര്‍'

രണ്ട് ശാരീരികാവസ്ഥകള്‍ തനിക്ക് പ്രാപ്യമാണ് എന്ന് പറയുന്ന ലക്ഷ്മി നാരായണ്‍ ത്രിപാഠി, ഹിജഡ എന്ന പദത്തില്‍ ഒരു രാജ്യത്തിന്‍റെ പാരമ്പര്യവും, സാംസ്കാരികതയും അവകാശപ്പെടുന്നു. റെഡ് ലിപ്സ്റ്റിക്-ദി മെന്‍ ഇന്‍ മൈ ലൈഫ് എന്ന പുസ്തകം ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ലക്ഷ്മിയുടെ ആത്മകഥയിലെ ചില ഭാഗങ്ങള്‍..

ഞാന്‍ എങ്ങനെ ഹിജഡയായി? ലക്ഷ്മിയുടെ ആത്മകഥ

14 വർഷം നീണ്ടു നിന്ന വനവാസത്തിനായി ശ്രീരാമൻ അയോധ്യയിൽ നിന്നും പുറപ്പെടുമ്പോൾ, നഗരം ഒന്നടങ്കം അദ്ദേഹത്തെ യാത്രയയ്ക്കാൻ കൂടെ ചെന്നു. പട്ടണത്തിന്റെ വാതിലിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തിന് തന്നോടുള്ള പ്രിയത്തിൽ രാമൻ വികാരധീനനായി. കാനനപ്രയാണം ആരംഭിക്കുന്നതിന് മുമ്പായി അദ്ദേഹം ആ ജനക്കൂട്ടത്തിനോടായി പറഞ്ഞു.

" എന്നെ അളവറ്റ് സ്നേഹിക്കുന്നവരായി ഇവിടെ തടിച്ചുകൂടിയിരിക്കുന്ന എല്ലാ പുരുഷൻമാരോടും സ്ത്രീകളോടും ഞാൻ അഭ്യർത്ഥിക്കുകയാണ് നിങ്ങൾ ഭവനങ്ങളിലേക്ക് മടങ്ങി പോകണം. അജ്ഞാതവാസത്തിനൊടുവിൽ ഞാൻ നിങ്ങളുടെയടുത്ത് തിരിച്ചെത്തും... "


വര്‍ഷങ്ങള്‍ക്കുശേഷം ശ്രീരാമന്‍ തിരിച്ചെത്തി. എന്നാല്‍, പല ആളുകളും ആ നഗരത്തിന്റെ വാതിലിൽ തന്നെ കാത്തിരിക്കുന്നതാണ് അജ്ഞാതവാസം കഴിഞ്ഞെത്തിയ ശ്രീരാമൻ കണ്ടത്. അന്ന് യാത്രാമംഗളം ചൊല്ലാനെത്തിയവരിൽ ചിലർ തിരികെ വീടുകളിലേക്ക് പോയിട്ടുണ്ടായിരുന്നില്ല. നീണ്ട വർഷങ്ങൾ അവർ ശ്രീരാമനായി കാത്തിരിക്കുകയായിരുന്നു.

അവർ എന്റെ സഹോദരങ്ങളായ ഹിജഡകളായിരുന്നു.

പുരുഷൻമാരും സ്ത്രീകളും തിരികെ പോകണമെന്നായിരുന്നല്ലൊ ശ്രീരാമൻ ആവശ്യപ്പെട്ടിരുന്നത്. ഇവർ ഇത് രണ്ടുമായിരുന്നില്ല ..

ഭഗവാന്‍ ഞങ്ങള്‍ക്ക് വരം നല്‍കി..

ഇവരുടെ രാമഭക്തിയിൽ ഏറെ സന്തുഷ്ടനായ ഭവാൻ ഹിജഡകളുടെ തലമുറയ്ക്ക് ഒരു അപൂർവ്വ വരം നൽകി. പുരുഷനെയും സ്ത്രീയെയും അനുഗ്രഹിക്കുവാനും ശപിക്കാനുമുള്ള വരമാണ് ഭഗവാൻ നൽകിയത്. അത് ഇപ്പോഴും സത്യമായി തുടരുന്നു. ഹിജഡകൾക്ക് ലഭിച്ച ലാളനകൾ ബഹുമാനം കലർന്ന രാജകീയതയായിരുന്നു.

ഹിജഡകൾക്ക് ഇത്ര ശക്തമായ പാരമ്പര്യം പേറുന്ന ചരിത്രമുള്ള ഒരു രാജ്യത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു.

ഈ പാരമ്പര്യത്തിൽ വില്ലാളിവീരനായ അർജ്ജുനൻ തന്നെ ഒരു സ്ത്രീയുടെ രൂപവും ഭാവവും ധരിച്ച് ഒരു വർഷത്തോളം സന്തോഷപൂർവ്വം ജീവിച്ച ചരിത്രമുണ്ട്. അജയ്യനായ ഭീഷ്മാചാര്യനെ എതിരിടാൻ ഭിന്ന ലിംഗക്കാരനായ ശിഖണ്ഡിയെ പോലെയുള്ള ശക്തരായ കഥാപാത്രങ്ങളുടെ ചരിത്രമുള്ള പാരമ്പര്യമാണിത്.

അവിവാഹിതരായ പെൺകുട്ടികൾ നല്ല കുടുംബ ജീവിതത്തിന് വേണ്ടി ഭഗവാന്റെ പൗരുഷ്യത്തെ ആരാധിക്കുന്ന പാരമ്പര്യവും ദേവൻമാരിലും സ്ത്രൈണതയുണ്ടെന്നുള്ളതിന്റെ തിരിച്ചറിവാണ്. അവർ പരസ്പരം ലയിച്ച് ശിവനും ശക്തിയുമാകുന്ന അർദ്ധനാരീശ്വര സങ്കൽപ്പവും ഈ പാരമ്പര്യത്തിലുണ്ട്.

ഈ ചരിത്രത്തിൽ ഹിജഡകൾ ആദരണീയമായ സ്ഥാനങ്ങൾ കൈകാര്യം ചെയ്തിരുന്നു. രാജാവിന്റെ ഉപദേശകരായും, ഭരണ നേതൃത്വത്തിലും, പൊതുയിടങ്ങളിലും, അന്തപുരത്തിന്റെ കാവൽക്കാരായും അവർ ഉണ്ടായിരുന്നു.

ബ്രാഹ്മണനായി ജനിച്ച ഞാന്‍ ഹിജഡയായി 

ഹിജഡ എന്ന മേൽവിലാസം ഞാൻ മനപ്പൂർവ്വമായി സ്വീകരിച്ചതാണ്. വളരെ ശ്രദ്ധാപൂർവ്വം ഞാനെടുത്ത ഈ തീരുമാനം അധികമാളുകൾക്കും മനസ്സിലാകണമെന്നില്ല. ധനാഢ്യമായ ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ഒരു ആൺകുട്ടി, സമൂഹം പുച്ഛത്തോടെ സമീപിക്കുന്ന ഒരു ഉപാസനാ രീതി എന്തിന് തിരഞ്ഞെടുക്കണം. എന്തിനാണത്?

ലൈംഗീക ഭിന്നത അനുഭവപ്പെടുന്ന ഒരാൾ ഹിജഡയായി അറിയപ്പെടുന്നത് അവരുടെ മാത്രം യുക്തിയിലാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഹിജഡകളുടെ ലോകത്തെക്കുറിച്ചുള്ള ശരിയായ വിദ്യാഭ്യാസത്തിന്റെ അഭാവവും, അവസരങ്ങളില്ലായ്മയുമാണ് ഇതിന് കാരണം. ഈശ്വരന്റെയും, മാതാപിതാക്കളുടെയും അനുഗ്രഹം കൊണ്ട് എനിക്കങ്ങനെയൊരു സാഹചര്യം അനുഭവിക്കേണ്ടതായി വന്നില്ല.

വിശേഷാധികാരങ്ങളുള്ള ഒരു ബ്രാഹ്മണ ബാലൻ പിന്നെങ്ങനെ ഹിജഡയായി?

ഷാബിന (ലോറൻസ് ഫ്രാൻസിസ് ) എന്ന ഹിജഡയെ 1998-ൽ കാണുമ്പോൾ എനിക്ക് കഷ്ടിച്ചു ഇരുപത് വയസ്സാണ് പ്രായം. ഞാനാദ്യമായിട്ടായിരുന്നു ഒരു ഹിജഡയെ നേരിൽ കാണുന്നത്. ഞാനവരുമായി സൗഹൃദത്തിലായി. അക്കാലങ്ങളിൽ ഞാൻ ഒരു മോഡൽ കോർഡിനേറ്ററായി ജോലി ചെയ്യുകയായിരുന്നു. അവിടെ മോഡലായിരുന്ന ഒരു പെൺകുട്ടിയുടെ സഹോദരനായിരുന്നു ഷാബിന.

അതുവരെ എനിക്കും ഹിജഡ എന്ന വർഗ്ഗത്തിനോട് വെറുപ്പും ഭയവുമൊക്കെയായിരുന്നു. അവരോട് ഞാൻ അകലം പാലിച്ചിരുന്നു. ഛത്രപതി ശിവാജി ടെർമിനലിൽ കണ്ടുമുട്ടിയ ഷാബിനയും ഞാനും ഒരു കോഫി റെസ്റ്റോറന്റിൽ വച്ച് ഏറെ നേരം സംസാരിച്ചിരുന്നു.

ഞാൻ ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു: ഹിജഡകളുടെ ചരിത്രം, നാൾവഴി, ജീവിതരീതികൾ, വിശ്വാസങ്ങൾ, ആചാരങ്ങൾ, വരുമാനം എന്നിവയെക്കുറിച്ചുള്ള എന്റെ സംശയങ്ങൾ ഞാൻ ചോദിച്ചു കൊണ്ടിരുന്നു. ഗുരുക്കൻമാർ രക്ഷകർത്താക്കളായും, ഹിജഡകൾ ശിഷ്യരാകുന്നതുമായ ഘരാന സങ്കൽപ്പത്തെക്കുറിച്ചും ഞാൻ ആരാഞ്ഞു.

കുറച്ച് ദിവസങ്ങൾക്ക് ശേഷം ഷാബിന അംഗമായുള്ളതും, ലതാ നായിക്ക് നേതൃത്വം നല്‍കുന്നതുമായ ബൈക്കുളയിലെ ലഷ്ക്കർ ഘരാനയിൽ ഞാൻ ചെന്നു. വികാരവിവശനായും, തീർച്ചയില്ലാത്ത ചിന്തകളിൽ അകപ്പെട്ടിരുന്നിട്ടും ഞാൻ അത് ചോദിക്കാൻ ധൈര്യപ്പെട്ടു - "എനിക്കും ഒരു ചേല (ശിഷ്യൻ )യാകണം. എത്രയാണ് ഫീസ്? .." എന്നെ അതിശയിപ്പിച്ചുക്കൊണ്ട് അവിടെയുണ്ടായിരുന്നവരെല്ലാം പൊട്ടിച്ചിരിച്ചു.

ലതാ ഗുരു എന്റയടുത്തെത്തി പറഞ്ഞു, " ഇതിന് ഫീസില്ല, കുഞ്ഞെ..നീയാഗ്രഹിക്കുന്നുവെങ്കിൽ എന്റെ ശിഷ്യത്വം സ്വീകരിക്കാം. തുടർന്ന് റീറ്റ് എന്ന ചടങ്ങുകൾ നടന്നു. എനിക്ക് രണ്ട് സാരികൾ അവര്‍ നൽകി. പുതിയ ഒരു ജീവിതത്തെ ആവാഹിക്കുന്ന പ്രതീതി നൽകുന്ന ജോഗ്ജനം എന്നറിയപ്പെടുന്ന സാരികളാണത്. ഹിജഡ സമൂഹത്തിന്റെ ദുപ്പട്ടയും അണിയിച്ചു ഞാൻ അക്കൂട്ടത്തിലേക്ക് സ്വാഗതം ചെയ്യപ്പെട്ടു.

ഭിന്ന ലിംഗക്കാർ എന്ന് പൊതുവേ അറിയപ്പെടുന്ന വാക്കിൽ 'ലൈംഗീകത ഭിന്നമാകുന്നു ' എന്ന അർത്ഥമാണ് മുന്നിട്ടു നിൽക്കുന്നത്. ഹിജഡ എന്ന പദമാണ് കൂടുതൽ അഭികാമ്യം. ഹിജ് എന്ന വാക്കിനർത്ഥം വിശുദ്ധിയുള്ള ആത്മാവ് എന്നാണ്. ആ ആത്മാവ് സന്നിവേശിക്കുന്ന ശരീരമാണ് ഹിജഡകൾ.

എനിക്ക് രണ്ടു ശാരീരിക അവസ്ഥകളും പ്രാപ്യമാണ്.. ചിലപ്പോൾ അതിലേറയും!

കരുത്തുറ്റ നിമിഷങ്ങളിൽ ഒരു പുരുഷന് അനുഭവപ്പെടുന്നത് എനിക്കും അനുഭവിക്കാൻ കഴിയുന്നു. അവർ ഏർപ്പെടുന്ന ക്രിയകൾ എനിക്കും ചെയ്യാൻ സാധിക്കും. മറ്റ് ചിലപ്പോൾ സ്ത്രൈണതയുടെ എല്ലാ ലഹരികളും ഞാൻ ആസ്വദിക്കുന്നു.

ഒരു പുരുഷനെ ആകർഷിക്കുമ്പോൾ ഞാൻ അനുഭവിക്കുന്ന സ്ത്രൈണത ഒരു പക്ഷെ സാധാരണ സ്ത്രീകൾക്ക് പോലും മനസ്സിലാക്കാൻ കഴിഞ്ഞെന്നു വരില്ല. ചിലപ്പോൾ ക്ലിയോപാട്രയെ പോലെയോ, ഉമ്രോ ജാനിനെ പോലെയോ ... സ്ത്രൈണതയുടെ പരിപൂർണ്ണ അടയാളങ്ങളാണവർ !

ചില കാര്യങ്ങള്‍ ഇനിയും എനിക്ക് വ്യക്തമാകേണ്ടതുണ്ട്, നേരായി മാത്രം ജീവിക്കുന്ന വന്ദ്യബഹുമാന്യ പുരുഷന്മാര്‍ എന്നില്‍ ആകര്ഷിക്കപ്പെടാനുള്ള കാരണം എന്താണ്? ഞാനൊരു സ്ത്രീയല്ല, എന്നില്‍ സ്ത്രൈണതയാനുള്ളത്, പക്ഷെ ജനകിതപരമായി ഞാനൊരു സ്ത്രീയല്ല...

ഈ പുരുഷന്മാര്‍ എന്നില്‍ എന്താണ് പ്രതീക്ഷിക്കുന്നത്?

പകല്‍, ഇവര്‍ എന്നെ അമ്മയെന്നും സഹോദരിയെന്നുമെല്ലാം അഭിസംബോധന ചെയ്തിട്ട്, രാത്രക്കാലങ്ങളില്‍ അവര്‍ മദ്യപിച്ചു കഴിയുമ്പോഴോ, ഞാന്‍ മദ്യപിച്ചു എന്ന് അവര്‍ക്ക് തോന്നുമ്പോഴോ, എന്നോടൊപ്പം കിടക്ക പങ്കിടാന്‍ അവര്‍ ആഗ്രഹിക്കുന്നു.

ഇത്തരം പെണ്ണുപിടിയന്മാരെ എനിക്ക് എന്‍റെ ജീവിതത്തില്‍ വേണ്ട. ഇറങ്ങി പോകു എന്ന് എനിക്ക് ഇത്തരക്കാരോട് ആക്രോശിക്കേണ്ടതായി വരുന്നു. എന്റെയൊപ്പം ശയിക്കാന്‍ അവര്‍ എന്തും ത്യജിക്കാന്‍ തയ്യാറാണ്, ഞങ്ങളുടെ നല്ല ബന്ധങ്ങള്‍ പോലും!

ഇതെന്തുക്കൊണ്ടു സംഭവിക്കുന്നു എന്ന് ഞാന്‍ അതിശയിക്കാറുണ്ട്. ലോകത്തിന്‍റെ കാഴ്ചയില്‍ അവര്‍ ലൈംഗീക വൈകൃതം ഉള്ളവര്‍ അല്ല. പിന്നീട് ഞാന്‍ മനസിലാക്കി, ഈ ചിന്താഗതികളും ചോദ്യം ചെയ്യപ്പെടെണ്ടവയാണ്.

സ്ത്രീയായിരിക്കുന്നത് മനോഹരമാണ് ലക്ഷ്മി

XX ക്രോമോസോമുകള്‍ മാത്രമുള്ളതിനാല്‍ ഒരു സ്ത്രീ പൂര്‍ണ്ണയാക്കുന്നു എന്നും, XY ക്രോമോസോമുകള്‍ ഉള്ളതിനാല്‍ പുരുഷനില്‍ സ്ത്രീ അടങ്ങിയിരുക്കുന്നു എന്ന് കരുതപ്പെടുന്നു. ഇത് പുരുഷന് സ്ത്രീകളുടെ മേല്‍ ആധിപത്യം സ്ഥാപിക്കുവാന്‍ വേണ്ടി മനപ്പൂര്‍വ്വം സൃഷ്ടിച്ചെടുത്ത ഒരു ചിന്താഗതിയാണ്. സ്ത്രീകള്‍ നിയന്ത്രിക്കപ്പെടുന്നവര്‍ ആയിരിക്കണം എന്ന ചിന്താഗതി അങ്ങനെയാണ് ഉണ്ടാകുന്നത്.

രണ്ടു അവസ്ഥകളും അനുഭവിക്കുവാന്‍ കഴിയുന്നത്‌ കൊണ്ട് തന്നെ ആന്തരികമായും, ബാഹ്യമായുള്ള പുരുഷാധിപത്യം വ്യക്തമായി തിരിച്ചറിയുവാന്‍ എനിക്ക് സാധിക്കും.

സ്ത്രീയയിരിക്കുന്നത് മനോഹരമായ ഒരു കാര്യമാണ്. എപ്പോഴും ഇങ്ങനെയായിരിക്കുവാന്‍ കഴിഞ്ഞാല്‍ ഞാന്‍ ഒരു സ്ത്രീയായി ജീവിക്കുവാനാണ് ആഗ്രഹിക്കുന്നത്.

ഞാനിവിടെ തനിച്ചല്ല. സ്ത്രീകളായിരിക്കുന്നതിനെക്കുറിച്ചും, അവരുടെ നിലനില്‍പ്പിനെ കുറിച്ചും നമ്മുടെ പാരമ്പര്യത്തില്‍ വളരെ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. മഹാഭാരതത്തിലെ ഭംഗാശ്വന രാജാവിന്‍റെ കഥ തന്നെ ഉദാഹരണമാണ്. പുരുഷനും സ്ത്രീയുമായി ജീവിച്ച രാജാവിന് ഒടുവില്‍ ശിഷ്ടകാല ജീവിതത്തെ കുറിച്ച് ഒരു തീരുമാനം എടുക്കേണ്ടി വരുമ്പോള്‍, അദ്ദേഹം തിരഞ്ഞെടുത്തത് ഒരു സ്ത്രീയുടെ ജീവിതമാണ്. അതായിരുന്നു രാജാവ്!

സ്ത്രീകളെ കുറിച്ചുള്ള നിഗൂഡതകള്‍ ഇന്നും നിലനില്‍ക്കുന്നു. സൃഷ്ടികര്‍ത്താവിനു പോലും മനസിലാക്കാന്‍ സാധിക്കാത്തവളാണ് സ്ത്രീയും അവളുടെ സ്വഭാവവും എന്ന് പറയുന്നത് അതുക്കൊണ്ടാണ്.

നമ്മുടെ സംസ്കാരത്തില്‍ സ്ത്രീയായിരിക്കുവാന്‍ വളരെ പ്രയാസമാണ്.

ഞാന്‍ എങ്ങനെയുള്ള ഒരു സ്ത്രീയാണ് എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. എളുപ്പത്തില്‍ ലഭ്യമാകുന്നവള്‍ എന്നോ? ആയിരിക്കാം..പക്ഷെ എന്തുക്കൊണ്ട്?

എന്‍റെ  ലൈംഗീകതയെ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ഞാന്‍ അവകാശപ്പെടുത്തിയത്തിന് ശേഷം, എന്‍റെ സന്തോഷങ്ങള്‍ക്കായും, ഞാന്‍ അനുവദിക്കുന്നവര്‍ക്കായും എന്‍റെ ശരീരത്തെ ചിട്ടപ്പെടുത്തിയതയിരിക്കാം അതിന് കാരണം. അതോ എതിര്‍പ്പുകളെ ഭയക്കാതെ എന്‍റെ അഭിപ്രായങ്ങളെ തുറന്നു പറയുന്നത് കൊണ്ടോ?

സ്ത്രീകള്‍ എപ്പോഴും കരുതുന്നത് അവരുടെ ലോകം സൃഷ്ടിക്കുന്നത് പുരുഷന്മാരും സമൂഹവുമാണ് എന്നാണ്. എനിക്ക് അങ്ങനെ തോന്നുന്നില്ല. ഓരോരുത്തര്‍ക്കും അവരവരുടെ ജീവിതത്തില്‍ ചില ചിട്ടകളും അതിര്‍ വരമ്പുകളും ഉണ്ട്. അവരുടെ ജീവിതം അതിനുള്ളിലാകണം. അങ്ങനെത്തന്നെയാണ് എനിക്കും!

എന്നെ സംബന്ധിച്ച് ഞാന്‍ ഗംഗയാണ്, വിശുദ്ധ ഗംഗ 

എന്‍റെ വിശുദ്ധി സമൂഹത്തിന്‍റെ അളവ്കോലില്‍ അളക്കാന്‍ കഴിയില്ല. ഇങ്ങനെയാണ് ഞാന്‍ ഇതുവരെ ജീവിച്ചത്, ഇനിയും അങ്ങനെയായിരിക്കും. ഞാന്‍ എന്‍റെ നിലവാരം നിശ്ചയിക്കുന്നു, അതിനോട് ചേര്‍ന്ന് ജീവിക്കുന്നു. ശക്തമായ അഭിമാനം എനിക്കുമുണ്ട്, ഇത് മറ്റാരും എനിക്ക് നിശ്ചയിച്ചു തന്നതല്ല.

എന്‍റെ ആത്മീയത എന്‍റെ ആത്മാവിനും എനിക്കും ഉള്ളതാണ്. അത് എനിക്ക് വേണ്ടി പ്രവര്‍ത്തിക്കും..ലോകത്തിന് ഇതിനോടൊന്നും ചെയ്യാനില്ല..

ലക്ഷ്മിയുടെ ഫേസ്ബുക്ക് പേജ്