മരണക്കിടക്കയിലും പാർട്ടി ക്ലാസെടുത്തയാൾ അൺപോപ്പുലർ ആവാതെങ്ങനെ!

തല മുഴുവൻ പാർട്ടിക്ക് എഴുതിവച്ചവർ പാർട്ടി സംവിധാനത്തിന്റെ ഹൃദയത്തിൽ എത്ര കാലം ഓർമ്മയായി നിലനിൽക്കും? സൈദ്ധാന്തികത കീറച്ചാക്കു പോലെ അപഹസിക്കപ്പെടുന്ന കാലത്ത് അത്തരക്കാരെക്കുറിച്ചുള്ള ഓർമ്മകൾക്ക് എത്ര ആയുസ്സുണ്ടാവും?

മരണക്കിടക്കയിലും പാർട്ടി ക്ലാസെടുത്തയാൾ അൺപോപ്പുലർ ആവാതെങ്ങനെ!

അധ്യാപകൻ, സംഘാടകൻ, പ്രക്ഷോഭകാരി - ദേശാഭിമാനി പത്രം സ്വയം വിശേഷിപ്പിക്കാറ് ഇങ്ങനെയാണ്. മൂർത്തി മാഷ് എന്ന് പേരാമ്പ്രക്കാരും സി പി എം സർക്കിളും വിളിച്ചുപോന്ന ദക്ഷിണാ മൂർത്തി വാര്യരിൽ നിന്നാണെന്നു തോന്നാം ദേശാഭിമാനി ഈ വിശേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ടാവുക! അങ്ങനെ മൂന്നു റോളിലും വിളങ്ങി നിന്ന പാർട്ടി നേതൃനിര ഇ എം എസിൽ തുടങ്ങി, ദക്ഷിണാ മൂർത്തിയിൽ അവസാനിച്ചു. ഇനിയാ റോളിലേക്ക് ഏറി വന്നാൽ എം വി ഗോവിന്ദൻ മാഷുടെ പേരുകൂടി കാണും.


ഇ എം എസും എ കെ ജിയും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്നത് പുതുതലമുറ കമ്യൂണിസ്റ്റുകാർ ചരിത്രമെന്ന നിലയ്ക്ക് വിശ്വസിക്കുന്നു. എന്നാൽ സൈദ്ധാന്തികനും സംഘാടകനും മോരും മുതിരയും പോലെ തമ്മിൽ കലരാൻ സാധ്യതയില്ലാത്തതാണെന്ന് അവർ ഇന്ന് കൂടുതൽ വിശ്വസിക്കുന്നു! അതുകൊണ്ട്, ഇ എം എസൊന്നുമല്ല, 'ആക്ടിവിസ്റ്റായ' എ കെ ജിയാണ് പാർട്ടി വളർത്തിയതെന്ന തമാശയും സഖാക്കൾ കളിമട്ടിൽ പറഞ്ഞു തുടങ്ങി ഇന്ന്.

ഇ എം എസിന്റെ സംഭാവന ഭൗതിക സ്വത്തുക്കൾകൂടി ആയതുകൊണ്ട് ഈ തമാശ അധികം ഫലിക്കില്ലായിരിക്കാം. ദേശാഭിമാനിക്കും പാർട്ടിക്കും തന്റെ ഭൂസ്വത്ത് ആകെ തീറെഴുതിക്കൊടുത്ത 'തമ്പ്രാൻ' എന്ന നിലക്ക് ഇ എം എസിന്റെ സൈദ്ധാന്തിക സംഭാവനകൾ കുറെക്കാലം കൂടി അംഗീകരിക്കപ്പെട്ടേക്കാം. (ആ ഭൗതിക സംഭാവനയുടെ ഓർമ്മ നിലനിൽക്കുന്ന കാലം വരെ!)

എന്നാൽ, തല മുഴുവൻ പാർട്ടിക്ക് എഴുതിവച്ചവർ പാർട്ടി സംവിധാനത്തിന്റെ ഹൃദയത്തിൽ എത്ര കാലം ഓർമ്മയായി നിലനിൽക്കും? സൈദ്ധാന്തികത കീറച്ചാക്കു പോലെ അപഹസിക്കപ്പെടുന്ന കാലത്ത് അത്തരക്കാരെക്കുറിച്ചുള്ള ഓർമ്മകൾക്ക് എത്ര ആയുസ്സുണ്ടാവും? ദക്ഷിണാ മൂർത്തിയുടെ ചൂടാറാത്ത മൃതദേഹം പട്ടടയിൽ ഒതുങ്ങുംമുമ്പേ കേൾക്കാൻ ആഗ്രഹിക്കുന്ന ഉത്തരം ഇച്ചോദ്യത്തിനുള്ളതാവാം.

പി.ജി എന്ന പി ഗോവിന്ദപിള്ളയെ കേരളം മറക്കുമോ എന്നു മറുചോദ്യം ചോദിക്കാം. പി.ജി.യെ മറക്കില്ലായിരിക്കാം. മരിച്ചു മറഞ്ഞാലും പി.രാജീവിനെയും കേരളം മറക്കില്ലായിരിക്കാം. അതിനു കാരണം കമ്യൂണിസ്റ്റ് പാർട്ടി മാത്രമാവില്ല. കമ്യൂണിസ്റ്റ് പാർട്ടിക്കു പുറത്തും സ്വീകാര്യത കിട്ടിയ അവരുടെ പ്രവർത്തനങ്ങൾ കൊണ്ടാവും ഇത്തരം പാർട്ടി സൈദ്ധാന്തികർ ഓർമിക്കപ്പെടുക.

എന്നാൽ ദക്ഷിണാ മൂർത്തി അത്തരക്കാരനല്ലല്ലോ!

[caption id="attachment_39941" align="alignleft" width="320"]വി വി ദക്ഷിണാമൂർത്തി നിയമസഭാംഗമായിരിക്കെ വി വി ദക്ഷിണാമൂർത്തി നിയമസഭാംഗമായിരിക്കെ. മൂന്നാമത്തെയും ആറാമത്തെയും കേരള നിയമസഭകളിൽ സിപിഐ(എം)നെ പ്രതിനിധീകരിച്ച് പേരാമ്പ്രയിൽ നിന്നുള്ള അംഗമായിരുന്നു, ഇദ്ദേഹം.[/caption]

നൂറു നൂറ് പാർട്ടി ചുമതലകൾ കാലാകാലങ്ങളിൽ ദക്ഷിണാ മൂർത്തി ഏറ്റെടുത്തിട്ടുണ്ട്. ദക്ഷിണാ മൂർത്തി വാര്യരെന്ന ജാതിപ്പേരോടെ അലങ്കരിച്ച കാലിക്കറ്റ് സർവകലാശാലാ സിന്റിക്കേറ്റ് സ്ഥാനം തൊട്ട്, വാര്യരായതുകൊണ്ട് ഏൽപ്പിക്കപ്പെട്ടതെന്നു കരുതാവുന്ന മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ ഭാരവാഹിത്വം വരെ. ഇന്നത്തെ കെഎസ്‌ടിഎയുടെ പൂർവരൂപമായ കെ പി ടി യു വിന്റെ സെക്രട്ടറി സ്ഥാനം തൊട്ട് കേരള കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നതാധികാര സമിതിയായ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വം വരെ. പല പല തൊഴിൽ സംഘങ്ങളുടെയും സംഘാടന ചുമതലകൾ പുറമെ. ഇവയൊന്നും പാർട്ടിക്കു പുറത്ത് അറിയപ്പെട്ട പ്രവൃത്തികളല്ല.

ഇത്രയും പ്രവർത്തനമേഖലകളുണ്ടായിട്ടും പാർട്ടി സർക്കിളിനും, സ്വദേശമായ പേരാമ്പ്രക്കും പുറത്ത് ഒരു ചാമും മൂർത്തി മാഷ് അവശേഷിപ്പിച്ചിട്ടില്ല. അതിനെന്താവാം കാരണം?

പാർട്ടി വിഭാഗീയതകളുടെ മൂർദ്ധന്യകാലത്ത് (സമീപകാലത്തേതല്ല. അതിൽ വിജയന് കൃഷ്ണനെന്ന പോലെയായിരുന്നു പാർട്ടിയിൽ മൂർത്തി മാഷ്. ഇപ്പറയുന്നത് സേവ് സിപിഎം ഫോറവും വെട്ടിനിരത്തലുമെല്ലാം അരങ്ങു വാണ പഴയ കാലം) സ്വയം പറയുമായിരുന്ന 'ഞാനൊരു കർഷകൻ, പറമ്പും പശുവും മാത്രം മതിയെനിക്ക് ' എന്ന സാത്വികഭാവം കൊണ്ടാണോ മൂർത്തി മാസ്റ്റർ പാർട്ടിയിൽ ഒരു പോപ്പുലർ ഫിഗർ ആവാതിരുന്നത്?

അങ്ങനെയാണെങ്കിൽ അതിൽ അസ്വാഭാവികതയില്ല. പാലോളി മുഹമ്മദ് കുട്ടിയെപ്പോലെ 'ഞാനൊരു കർഷകൻ' എന്നു സ്വയം കരുതുന്ന എത്രയോ പേർ പാർട്ടിയിൽ ഇന്ന് പോപ്പുലറല്ലാതെ (സ്വസ്ഥരായും) ഇരിക്കുന്നു. നാട്ടിലെ എത്രയെത്രയോ കർഷകരെപ്പോലെ.

ഇതങ്ങനെയല്ല. ദക്ഷിണാ മൂർത്തിക്ക് മുഖ്യ പ്രചാരക റോളില്ലാത്ത പ്രത്യയശാസ്ത്രത്തർക്കങ്ങളില്ല. കമ്യൂണിസ്റ്റ് പാർട്ടി പിളർപ്പിന്റെ കാലത്ത് സിപിഐക്കെതിരെ വീശിത്തുടങ്ങിയ പ്രത്യയശാസ്ത്രജിഹ്വയാണത്. എം വി രാഘവന്റെ തിരുത്തൽ രേഖയ്ക്കെതിരെയും (അന്നത്തെ മിക്ക പാർട്ടി ബുദ്ധിജീവികളെയും പോലെ ആദ്യം എം വി ആറിന് അനുകൂലമായി ചാഞ്ചാടിയെങ്കിലും), സേവ് സിപിഎം ഫോറത്തിനെതിരെയും (ഫോറം ബുദ്ധിജീവികളും വിചാരിച്ചിരുന്നു മൂർത്തി മാഷ് അവർക്കൊപ്പം നിൽക്കുമെന്ന്) എന്നുവേണ്ട, സിപിഎം നേരിട്ട പ്രത്യയശാസ്ത്ര യുദ്ധങ്ങളിലൊക്കെയും ദക്ഷിണാ മൂർത്തിക്ക് പ്രബോധകറോളുണ്ടായിരുന്നു. ഇ എം എസ് കഴിഞ്ഞാൽ, സംഘടനാ വേദികളിൽ ഏറ്റവുമധികം മാർക്സിസം-ലെനിനിസം തത്ത്വങ്ങൾ (വിശ്വാസയോഗ്യമായും ആധികാരികമായും) അവതരിപ്പിച്ചിട്ടുണ്ടാവുക ഈ നേതാവാകും.

ആ നിലക്ക് അത്രയും പോപ്പുലറാവേണ്ടിയിരുന്നു മൂർത്തി മാഷ്. പക്ഷെ, ആയിട്ടില്ല!


കേരളത്തിലെ ഏറ്റവും പോപ്പുലറായ മാധ്യമങ്ങളിലൊന്നായ ദേശാഭിമാനിയിൽ ഇത്രയേറെക്കാലം (അതും യൂണിറ്റ് മാനേജരും ഡയറക്ടറും തൊട്ട് മുഖ്യപത്രാധിപർ വരെയുള്ള സ്ഥാനങ്ങൾ) ഇ എം എസു പോലും പ്രവർത്തിച്ചിട്ടില്ല. കേരളത്തിലെ പോപ്പുലർ മാധ്യമ പ്രവർത്തകരിലൊരാളായ ജോൺ ബ്രിട്ടാസിനെ, അതിനു വഴിയൊരുക്കി ദേശാഭിമാനി ദില്ലി ബ്യൂറോയ്ക്ക് അയക്കുന്നതും, മറ്റൊരു മാധ്യമതാരമായ വെങ്കിടേഷ് രാമകൃഷ്ണനെ ദേശാഭിമാനിയിൽ നിന്ന് എൻ.റാമിന് (ദ ഹിന്ദു) കൈമാറുന്നതും മൂർത്തി മാഷ് കോഴിക്കോട് ദേശാഭിമാനിയുടെ മാനേജറായിരിക്കെയാണ്.

അപ്പോഴും ദക്ഷിണാ മൂർത്തി, മാധ്യമ മേധാവി എന്ന നിലക്കും, പോപ്പുലർ ആയിട്ടില്ല! ഇന്നു വരേക്കും. പാർട്ടിക്കു പുറത്തു മാത്രമല്ല, പാർട്ടിക്ക് അകത്തും.

പാർട്ടിക്കകത്താണെങ്കിൽ അൺപോപ്പുലറായി പേരു കേൾപ്പിച്ചിട്ടുമുണ്ട്! മൂർത്തി മാഷുകാരണം പാർട്ടിക്കെതിരായ പാർട്ടിക്കാർ, പാർട്ടിക്കു പുറത്തു പോയ പ്രവർത്തകർ - കോഴിക്കോട്ടെ പാർട്ടിയിൽ അങ്ങനെ പറഞ്ഞു കേട്ടു വരുന്നവരുടെ പട്ടിക തന്നെയുണ്ട്.

അപ്പോഴും ദക്ഷിണാ മൂർത്തി നൈർമല്യത്തോടെ ചിരിച്ചു. കാർക്കശ്യത്തോടെ പാർട്ടിയെ ന്യായീകരിച്ചു. ഓട്ടോറിക്ഷയിൽത്തന്നെ സഞ്ചരിച്ചു. ഇന്ത്യൻ വിപ്ലവം വന്നു ചേരുക തന്നെ ചെയ്യുമെന്ന് പാർട്ടി ക്ലാസുകളിൽ മാർക്സിയൻ ദർശനം എന്ന പ്രിയ വിഷയം അവതരിപ്പിച്ച് പഠിതാക്കളെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു.

പഠിതാക്കൾ വിപ്ലവത്തിന്റെ അപ്രായോഗികതകൾ ബോധ്യപ്പെട്ട പ്രായോഗികമതികൾ. അവർ അവിശ്വസിച്ചുവെങ്കിലും മൂർത്തി മാഷ് താൻ പഠിച്ചതിലും പഠിപ്പിച്ചതിലും വേദ പണ്ഡിതരുടെ ഉറപ്പോടെ വിശ്വസിച്ചു.

സ്വന്തം ജീവിതവും രാഷ്ട്രീയവും ദക്ഷിണാ മൂർത്തി വാര്യർക്ക് പൂർണ്ണ സത്യമായിരുന്നു. അങ്ങനെയല്ലാതൊരാൾ മരണക്കിടക്കയിൽ ബോധം വീണു കിട്ടുന്നൊരു അപൂർവ നിമിഷത്തിൽ, തൊട്ടടുത്തുണ്ടായിരുന്നവർക്ക് പാർട്ടി ക്ലാസെടുക്കുമോ? ആ ജീവിതത്തിൽ അതുമുണ്ടായി!

അങ്ങനെയൊരു ജീവിതം അൺപോപ്പുലറാവുന്നതിൽ എന്തിന് ആശ്ചര്യം!