പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ താമസിച്ച ഒരാള്‍ നാരദ റിപ്പോര്‍ട്ടുകള്‍ 'വായിക്കുന്നു'

നാരദാ ന്യൂസ് ഇത്തരം ഒരു വാർത്ത പുറത്തുകൊണ്ട് വന്നതിനെ, അതിന്റെ ഉദ്ദേശത്തെ മാനിക്കുന്നതോടൊപ്പം ആദിവാസികൾക്കും ദളിതർക്കും വാർത്തകൾ ഉണ്ടാക്കാൻ നാരദാ ന്യൂസിലടക്കം കേരളത്തിലെ പൊതു മാധ്യമങ്ങളിൽ എത്ര ദളിത് മാധ്യമ പ്രവർത്തകർ ഉണ്ടെന്നതും അന്വേഷിക്കുന്നത് നന്നായിരിക്കും. നാരദ ന്യൂസ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ 'വായിക്കുകയാണ്', സംവിധായകനും എഴുത്തുകാരനുമായ രൂപേഷ് കുമാര്‍.

പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ താമസിച്ച ഒരാള്‍ നാരദ റിപ്പോര്‍ട്ടുകള്‍

രൂപേഷ് കുമാര്‍

(ചിത്രം: ഷൊർണൂരിലെ പ്രീമെട്രിക് ഹോസ്റ്റൽ)

ഇന്ത്യയിലെ ജാതിക്കെതിരെ ഉള്ള വിശാലമായ കൂട്ട് കെട്ടിൽ ഗുജറാത്ത് പോലുള്ള സ്ഥലങ്ങൾ പൊട്ടിത്തെറിക്കുമ്പോഴും കേരളം പോലുള്ള വളരെ 'സംസ്‌കൃത' മായ ചില ഇടങ്ങൾ ബ്ലിങ്കസ്യ അടിച്ചിങ്ങനെ നിൾക്കുകയാണ്. ലിബറൽ ഇടതു പൊതുബോധമൊക്കെ ഗുജറാത്തിലെ പൊട്ടി ത്തെ റിയിൽ അന്തംവിട്ട് നിൽക്കുമ്പോൾ കേരളത്തിലെ ദളിത് രാഷ്ട്രീയം ദളിത് സമൂഹങ്ങളുടെ ഒരു കൂട്ടായ്മ്മയെക്കുറിച്ചും ഒത്തൊരുമിച്ചുള്ള മുന്നേറ്റങ്ങളെക്കുറിച്ചും ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. ഒരു പക്ഷേ അത്തരത്തിലുള്ള ഒരു പൊളിറ്റിക്കൽ സോളിഡാരിറ്റി ഉണ്ടായിക്കഴിഞ്ഞാൽ ബ്രാഹ്മണ വല്കരിക്കപ്പെട്ട ലിബറൽ ലെഫ്റ്റുകളുടെയും വലതു ഹിന്ദുത്വ രാഷ്ട്രീയങ്ങളുടെയും കാലിന്റെ അടിയിലെ മണ്ണൊലിച്ച് പോകും. ഇത് ജാതിക്കെതിരെ ഉള്ള വിശാല രാഷ്ട്രീയത്തിന്റെ മുന്നേറ്റങ്ങളുടെ ഒരു വഴി ആകാം.


മറ്റൊന്ന്, ഇന്ത്യയിൽ അടിയുറച്ച് നില്ക്കുന്ന ജാതി വ്യവസ്ഥക്കെതിരെ അംബേദ്കറൈറ്റ്/ബഹുജൻ/ദളിത് രാഷ്ട്രീയ ബൗദ്ധികതയിൽ മുന്നോട്ടു വെക്കുന്ന മറ്റൊരു പ്രധാനപ്പെട്ട രാഷ്ട്രീയവഴി എന്നത് ജാതി വ്യവസ്ഥക്കെതിരെ പ്രവർത്തിക്കുന്ന പുതിയ ഒരു തലമുറ ഉയർന്നു വരിക എന്നതാണ്. അംബേദ്കർ ശക്തമായി മുന്നോട്ടുവെച്ച പഠിക്കുക പോരാടുക എന്ന മുദ്രാവാക്യം തന്നെ ആണിത്. പുതിയ കുട്ടികൾ സ്‌കൂളിൽ പോവുകയും പഠിക്കുകയും ഇംഗ്ലീഷ് പഠിക്കുകയും ഇന്ത്യയിലെയും വിദേശങ്ങളിലെയും സർവകലാശാലകളിൽ പോയി പഠിക്കുകയും ഒക്കെ ചെയ്തു കൊണ്ട് തങ്ങളുടെ സമുദായത്തെയും സമൂഹത്തെയും മുന്നോട്ടു കൊണ്ട് പോവുക എന്നത് മറ്റൊരു അജണ്ട ആണ്.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകൾക്ക് ശേഷം ജനിച്ച ഒരുപാട് ദളിത് ചെറുപ്പങ്ങൾ ഇന്ത്യയിലെയും വിദേശങ്ങളിലേയും യൂണിവേഴ്‌സിറ്റികളിൽ പഠിച്ചു പല വിധത്തിലുള്ള ദളിത് ബഹുജൻ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് തങ്ങളുടെ എഴുത്തിലൂടെയും വീഡിയോകളിലൂടെയും ഓൺലൈൻ ഇടങ്ങളിലൂടെയും പുതിയ ആശയസംവാദം നടത്തുന്നുണ്ട്. രോഹിത് വെമുലയുടെ മരണം പോലും സ്വയം ഉല്പാദിപ്പിച്ച ഒരു രാഷ്ട്രീയം ആണെന്നും അതിനു ശേഷമുള്ള ബഹുജൻ പ്രക്ഷോഭങ്ങൾ ഒക്കെ ആളി കത്തിച്ചത് ഇന്ത്യയിലെ ബഹുജൻ വിഥ്യാർത്ഥികൾ ആണെന്നതും പ്രസക്തം തന്നെ ആണ്. അതുകൊണ്ട് അതിനു ശേഷവും വളർന്നു വരുന്ന തലമുറയിൽ, ഇപ്പോ സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന തലമുറകളിൽ രാഷ്ട്രീയപരം ആയി തന്നെ ബഹുജൻ ദളിത് ജാതി വിരുദ്ധ മുന്നേറ്റങ്ങളിൽ വല്ലാത്ത പ്രതീക്ഷയുണ്ട്. ഇപ്പോൾ തന്നെ വിവിധ സ്‌കൂളുകളിൽ, കോളേജുകളിൽ ശക്തമായ ദളിത് എഴുത്തുകൾ, ചർച്ചകൾ, സിനിമകൾ ഒക്കെ ഉണ്ടായി തുടങ്ങിയിട്ടുമുണ്ട്.

അതിനെ ഒന്നും അങ്ങനെ തടയിടാൻ പറ്റില്ലെന്നു തന്നെയല്ല ബ്രാഹ്മണിക്കലായ ഇന്ത്യൻ ജാതി വ്യവസ്ഥയുടെ അടിത്തറ ഇളക്കുന്നതിനു ശേഷി ഉള്ളതായിരിക്കും. അതുകൊണ്ട് തന്നെ ബിനേഷ് എന്ന ഒരു ആദിവാസി യുവാവ് ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ പഠിക്കാൻ സാമ്പത്തികമായ അവകാശത്തിനു വേണ്ടി ഗവർമെന്റിനെ സമീപിച്ചപ്പോൾ, അയാളെ ഉരുട്ടുക എന്നത് ഒരു സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്റെ ഗതികേടായി കണ്ടാൽമതി. ഇതിനെ രണ്ടു തരത്തിൽ നോക്കിക്കാണാം. വിദ്യാഭ്യാസം എന്നത് സമൂഹ പരിഷ്‌കരണത്തിന്റെ ഒരു ടൂൾ ആണെന്ന് മനസ്സില്ലാക്കാതെ സെക്രട്ടറിയേറ്റിലെ കസേരയിൽ അള്ളിപ്പിടിക്കുന്ന അടിമബോധവും, ഒരു ആദിവാസി തന്റെ സമുദായത്തെക്കാൾ വിദ്യാഭ്യാസം ചെയ്യണോ എന്ന ഫ്യൂഡൽ പഴുപ്പിന്റെ അധമബോധവും. എന്തായാലും ആദിവാസി ലണ്ടനിൽ പോയി പഠിച്ചാൽ അതവരുടെ കമ്യൂണിറ്റിക്ക് പോസിറ്റീവ് ആയ മാറ്റം ഉണ്ടാക്കും എന്ന് സെക്രട്ടറിയേറ്റുകാരന് അറിയാമായിരിക്കാം. അതിനെ തടയിടുക എന്ന ഗതികെട്ടവന്റെ വഴിയിൽ മാത്രമേ സെക്രട്ടറിയേറ്റുകാരനോ/ കാരിക്കോ സഞ്ചരിക്കാൻ പറ്റൂ.

ബിനേഷിന്റെ വിദേശപഠനം തടയാൻ ശ്രമിച്ച ഗതികെട്ട സെക്രട്ടറിയേറ്റുകാരന്റെ അതേ രാഷ്ട്രീയ/മാനസിക/വൈകല്യം പേറുന്ന ഒരു ഭരണകൂടവും പൊതുസമൂഹവും ഇവിടെ ഉള്ളത് കൊണ്ടാണ് നാളെ രാഷ്ട്രീയമായി, ജാതി വ്യവസ്ഥക്കെതിരെ ചിറകിട്ടടിച്ച് പറക്കേണ്ട വിദ്യാർത്ഥികളുടെ ഹോസ്റ്റലുകളിൽ നടക്കുന്ന നീചമായ തട്ടിപ്പും അഴിമതിയും സൗകര്യക്കുറവും വലിയ 'വാർത്തകൾ' ആകുന്നത്. പൊതുസമൂഹത്തിൽ അഴിമതിയെന്ന് കരുതുന്ന കാര്യങ്ങൾ എസ് സി/എസ്ടി വിദ്യാർത്ഥികളുടെ കാര്യത്തിലേക്ക് വരുമ്പോൾ അഴിമതി അല്ലാതാകുന്നുണ്ടെന്ന് തിരിച്ചറിയുന്നുണ്ട്. അവർക്ക് അത്രയും കിട്ടിയാൽ മതി എന്ന പൊതുബോധം ഇവിടെയും പ്രവർത്തിക്കുന്നുണ്ട്. ഹോസ്റ്റൽ നടത്തിപ്പുകാരിൽ മലയാളി പൊതുബോധം ഒളിച്ചിരിക്കുന്നുണ്ട്.

ഇവർക്ക് അടിസ്ഥാന സൗകര്യം എന്ന അവകാശം നിഷേധിക്കുന്നതിന് ചില പേടികൾക്കും സ്ഥാനമുണ്ട്. ഇവർ നന്നായി ജീവിച്ചാൽ, നന്നായി പഠിച്ചാൽ, നല്ല വൃത്തിയുള്ള സാഹചര്യത്തിൽ പെരുമാറിയാൽ, നല്ല ഇടങ്ങളിൽ കിടന്നുറങ്ങിയാൽ, നല്ല ബാത്ത്‌റും ഉപയോഗിച്ചാൽ, ലാപ്‌ടോപ് ഉപയോഗിച്ചാൽ, ജാതിയുടെ അടിസ്ഥാനത്തിൽ മുന്നോട്ട് പോയ സമൂഹങ്ങളെക്കാൾ മികച്ച ജനാധിപത്യപരമായ മറ്റൊരു സമൂഹം ഉണ്ടാകുമെന്ന് അവർ ഭയക്കുന്നു. ഗുജറാത്തിൽ ദളിത് സമൂഹം പശുക്കളെ മറവ് ചെയ്യില്ലെന്ന 'രാഷ്ട്രീയ' തീരുമാനം എടുത്തതോടെ എന്ത് സംഭവിച്ചെന്ന് നമ്മൾ കണ്ടതാണല്ലോ!

അങ്ങനെ ഉണ്ടായാൽ ഇന്ത്യയിലെ ജാതിയിൽ അധിഷ്ഠിതമായ സിവിൽ സമൂഹത്തിന്റെയും ഭരണകൂടങ്ങളുടെയും അടിത്തറ ഇളകും. അതില്ലാതാക്കാൻ വേണ്ടിയുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായി തന്നെയാണ് ഹോസ്റ്റലുകളിലെ സൗകര്യമില്ലായ്മയേയും പീഡനങ്ങളെയും കാണേണ്ടത്. മനഃപൂർവ്വം സൃഷ്ടിക്കുന്ന അസൗകര്യങ്ങളെ രാഷ്ട്രീയമായി നേരിടേണ്ടതുണ്ടെന്ന് ദളിത് സമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നു.

നാരദ ന്യൂസിലെ റിപ്പോർട്ടിൽ വന്ന കാര്യങ്ങളിൽ ഒന്നാണ്
നായർ വിഭാഗത്തിൽപ്പെട്ട പാചകക്കാരി കുട്ടികളെ തൊടുക പോലും ഇല്ലെന്ന
'വെളിപ്പെടുത്തൽ.' സത്യത്തിൽ അതൊരു വലിയ വെളിപ്പെടുത്തൽ ആണോ എന്ന് ചിന്തിക്കേണ്ടതാണ്. അവരുടെ ജാതി അഹങ്കാരങ്ങൾ പലയിടത്തും പ്രകടിപ്പിക്കുന്നതായിട്ടാണ് റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്. പക്ഷേ അതിലും വലിയ ഭീകരത, കുട്ടികളുടെ മേൽ പ്രകടിപ്പിക്കുന്ന ജാതീയത, അവരോടു കാണിക്കുന്ന അയിത്തം, കേരളത്തിലെ പുരോഗമനപരമായ പൊതുസമൂഹത്തിനു ഒരു പ്രശ്‌നമേ ആകുന്നില്ല എന്നതാണ്. ഇതു പരിശോധിക്കേണ്ട കാര്യമാണ്. കഷ്ടപ്പാട് കൊണ്ട് പട്ടികജാതി ഹോസ്റ്റലുകളിൽ പണിയെടുക്കേണ്ടി വരുന്ന 'നായർ' സ്ത്രീയെപ്പറ്റി സിനിമകളും എഴുത്തും സങ്കടവും ഉണ്ടാകുന്ന ഒരു പൊതുസമൂഹത്തിൽ അവർ ഉത്പാദിപ്പിക്കുന്ന ജാതിയെ ചർച്ച ചെയ്യാതെ വിടും. പെൺകുട്ടികളുടെ ബാത്ത്‌റൂം ഉപയോഗിക്കുന്ന പുരുഷ സെക്യൂരിറ്റി എന്നത് പണ്ട് പകൽ അയിത്തം കാണിക്കുകയും രാത്രി കുടിലിന്റെ വാതിൽ മുട്ടുകയും ചെയ്യുന്ന പഴയ റേപ്പ് ജാതിയുടെ പിന്തുടർച്ച ആണെന്ന് ആർക്കാണറിയാത്തത്? ഒരുപക്ഷെ ഏറ്റവും കൂടുതൽ കുട്ടികൾ 'ബ്ലൂം' ചെയ്യുന്നത് അവരുടെ നേഴ്‌സറി കാലഘട്ടങ്ങളിൽ ആയിരിക്കാം. ആ കാലഘട്ടത്തിൽ തന്നെ അവരെ അടിച്ചൊതുക്കിയാൽ പിന്നെ ജാതി സമൂഹത്തിനു നല്ല സുഖവും ആയി.

എല്ലാം ശരിയാകുമെന്ന് പറഞ്ഞ് അധികാരത്തിൽ വരുന്ന ഒരു ഇടതുപക്ഷ സർക്കാരും ഇന്നേവരെ ദളിതർക്ക് വേണ്ട വിദ്യാഭ്യാസ അവകാശങ്ങൾ ഒരു രാഷ്ട്രീയ അജണ്ടയായി പരിഗണിച്ചിട്ടില്ല. കോൺഗ്രസിൽനിന്ന് അത് പ്രതീക്ഷിക്കുന്നില്ല എന്നതു വസ്തുത ആയിരിക്കെ തന്നെ ഇടതുപക്ഷം അതിന് ഒരിക്കലും പരിഗണന കൊടുത്തിട്ടില്ല എന്നതും പറയേണ്ടിവരും. ഇപ്പോൾ പുറത്തുവന്ന
സിഎജി റിപ്പോർട്ടുകൾ
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റേതാണ്. എന്നാൽ ഈ ജീർണ്ണാവസ്ഥ കഴിഞ്ഞ അഞ്ചു വർഷംകൊണ്ട് പൊടുന്നനെ ഉണ്ടായതാണെന്ന് വിശ്വസിക്കാൻ സാധിക്കില്ല. കാലങ്ങളായി നിലനിന്നിരുന്ന (ഇടതുപക്ഷവും കുറ്റക്കാരാണെന്ന് സാരം!) ജീർണ്ണത, അതിന്റെ പരകോടിയിൽ എത്തിയപ്പോൾ പൊതുസമൂഹവും തിരിച്ചറിഞ്ഞു, അതാണ് സത്യം.

എല്ലാം ശരിയാക്കുന്നതിന്റെ ഏറ്റവും പ്രാഥമികമായ ഘടകമാണ് കേരളത്തിലെ ആദിവാസി/ദളിത് വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ വിദ്യാഭ്യാസം കൊടുക്കുക എന്നത്. അവർ നല്ല വിദ്യാഭ്യാസ സാഹചര്യങ്ങളിൽ വളരുക. വിദ്യാഭ്യാസത്തിന്റെ പുതിയ സാങ്കേതിക സഹായങ്ങൾ അവർക്ക് നൽകുക. ലാപ്‌ടോപ്, ഇന്റർനെറ്റ് എന്നിവ നൽകുക. വിദേശത്ത് നിന്നുള്ള എഴുത്തുകാരുടെ പുസ്തകങ്ങൾ ലഭിക്കുക. ഇംഗ്ലീഷ് വിദ്യാഭ്യാസം നല്കുക. അവർക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങൾ കൃത്യമായി നൽകുക. അല്ലാതെ ഒരു ബിനീഷിന്റെ വാർത്ത പൊന്തി വരുമ്പോൾ ഒരാൾക്ക് മാത്രം പൈസ അനുവദിച്ചു, എൽഡിഎഫ് സർക്കാർ സഹായിച്ചു എന്ന് പോസ്റ്റർ അടിക്കുകയല്ല വേണ്ടത്. യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഒരുപാട് ബിനീഷുമാർ ഉണ്ടാകാനുള്ള പ്ലാനിങ്ങിനുള്ള ആർജവം ഇവിടുത്തെ ഇടതുപക്ഷ ഗവണ്മെന്റ് കാണിക്കണം. അല്ലാതെ തോമസ് ഐസക്കിന്റെ ജുബ്ബയും വിദ്യാഭ്യാസ മന്ത്രിയുടെ സൈക്കിളും അടിച്ചുള്ള ഫോട്ടോയൊക്കെ വളരെ ബാലിശമായ നൊസ്റ്റാൾജിയ മാത്രമാകും. പഠിക്കുന്ന കുട്ടികൾക്ക് അവരുടെ സാമുദായികതയെ അഡ്രസ് ചെയ്യുന്ന ക്ലാസ്‌റൂമുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അധ്യാപകരും ഉണ്ടാകണം. അതുകൊണ്ട് തന്നെയാണ് കോളേജുകളിലെ നിയമനങ്ങൾ പിഎസ്‌സിക്ക് വിടണം എന്ന ചർച്ചകളും ഉണ്ടാകുന്നത്.

നാരദാ ന്യൂസ് അന്വേഷണ റിപ്പോർട്ട് എന്ന രീതിയിൽ പുറത്തുകൊണ്ട് വരുന്ന ഈ വാർത്ത പോസ്റ്റ്
മെട്രിക് ഹോസ്റ്റലിൽ ജീവിച്ച് പഠിച്ച ഈ ലേഖകന്
ഒരു അന്വേഷണമായേ തോന്നിയില്ല. പോസ്റ്റ് മെട്രിക് ഹോസ്റ്റൽ എന്നത് ഇവിടെ ഉണ്ടോ, ഇവിടുത്തെ സ്‌കൂളുകളിൽ ജാതിയുണ്ടോ എന്നൊക്കെ ചിന്തിക്കുന്ന സിവിൽ സമൂഹത്തിന് ഒരു അന്വേഷണാത്മക പത്രപ്രവർത്തനം ആകാം. ഈ ലേഖകന്റെ അഭിപ്രായത്തിൽ ഇവിടെ ജാതി നിലനിൽക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. ഇവിടെ ജാതി നിലനിർത്തേണ്ടത് ആവശ്യമായ ജാതി സമൂഹത്തിന്റെ ഗതികേടിനെക്കുറിച്ചു അന്വേഷണം നടത്തുകയും ആ കണ്ണാടി അവർക്ക് മുന്നിൽ കാണിച്ചു കൊടുക്കുകയുമാണ് വേണ്ടത്. പത്രപ്രവർത്തനത്തിന്റെ ചരിത്രത്തിൽ ദളിത് പീഡനങ്ങളുടെ ഒരുപാട് തുറന്നു കാട്ടലുകൾ ഉണ്ടായിട്ടുണ്ട്. പക്ഷെ ജാതി എങ്ങനെ പ്രവർത്തിക്കുന്നു, അതില്ലാണ്ടാക്കാനുള്ള എന്ത് അന്വേഷണമാണ് ഇവിടത്തെ പൊതു സമൂഹം നടത്തിയത് എന്ന് ചോദിക്കേണ്ടി ഇരിക്കുന്നു.

നാരദാ ന്യൂസ് ഇത്തരം ഒരു വാർത്ത പുറത്തുകൊണ്ടുവന്നതിനെ, അതിന്റെ ഉദ്ദേശത്തെ മാനിക്കുന്നതോടൊപ്പം ആദിവാസികൾക്കും ദളിതർക്കും വാർത്തകൾ ഉണ്ടാക്കാൻ നാരദാ ന്യൂസിലടക്കം കേരളത്തിലെ പൊതു മാധ്യമങ്ങളിൽ എത്ര ദളിത് മാധ്യമ പ്രവർത്തകർ ഉണ്ടെന്നു എന്നതും അന്വേഷിക്കുന്നത് നന്നായിരിക്കും.

Read More >>