നിയമസഭയിൽ ചോദ്യങ്ങൾക്ക് മറുപടി നല്‍കാത്ത മന്ത്രിയായി സി രവീന്ദ്രനാഥ്

പതിനാലാം കേരള നിയമസഭയിലെ ഏറ്റവും പിശുക്കനായ മന്ത്രിയായി വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി രവീന്ദ്രനാഥ് മാറുന്നു.

നിയമസഭയിൽ ചോദ്യങ്ങൾക്ക് മറുപടി നല്‍കാത്ത മന്ത്രിയായി സി രവീന്ദ്രനാഥ്

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയിലെ ഏറ്റവും പിശുക്കനായ മന്ത്രിയായി വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി രവീന്ദ്രനാഥ് മാറുന്നു. നിയമസഭയില്‍ വരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിലാണ് രവീന്ദ്രനാഥിന്‍റെ പിശുക്ക്.

ജൂലൈ 11ന് അദ്ദേഹത്തിനു കിട്ടിയ 102 നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങളിൽ മറുപടി നൽകിയത് 24 എണ്ണത്തിനു മാത്രം. 18ന് 85 നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങൾ ലഭിച്ചതിൽ മന്ത്രി മറുപടി നൽകിയതു വെറും ആറെണ്ണത്തിനാണ്. ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി ലഭിച്ചില്ലെങ്കിൽ ‘ വിവരം ശേഖരിച്ചുവരുന്നു’ എന്ന പതിവു മറുപടി പോലും വിദ്യാഭ്യാസ മന്ത്രി നൽകിയിട്ടില്ല എന്ന് രേഖകള്‍ സൂചിപിക്കുന്നു. ജി സുധാകരനെപ്പോലെ മറ്റു പല മന്ത്രിമാരും ലഭിച്ച ചോദ്യങ്ങളിൽ ഏതാണ്ട് എല്ലാറ്റിനും മറുപടി നൽകിയപ്പോഴാണു വിദ്യാഭ്യാസ മന്ത്രി ചോദ്യങ്ങൾക്കു മറുപടി നൽകാതിരുന്നത് എന്നതും ശ്രദ്ധേയമാണ്.

വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാൽ ഏതു പൗരനും 30 ദിവസത്തിനകം വ്യക്തമായ മറുപടി ലഭിക്കണമെന്നു വ്യവസ്ഥയുള്ളപ്പോഴാണു ജനപ്രതിനിധികൾക്ക് ഈ അവകാശം നിഷേധിക്കുന്നത്.  നിയമസഭയിൽ നൽകുന്ന ചോദ്യങ്ങൾക്കു മറുപടി നൽകിയില്ലെങ്കിൽ  പിന്നെ നിയമസഭയിലെ ചോദ്യോത്തരവേള തന്നെ അപ്രസക്തമല്ലേ എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.