''ബാര്‍ കോഴക്കേസില്‍ കെഎം മാണി നിരപരാധിയെന്ന് ഇപ്പോഴും വിശ്വസിക്കുന്നു'' : രമേശ്‌ ചെന്നിത്തല

" വെല്ലുവിളികളില്‍ തളരാതെ യുഡിഎഫ് ഫിനിക്സ് പക്ഷിയെപ്പോലെ പറന്നുയരും ''


തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെഎം മാണി നിരപരാധിയെന്ന് താന്‍ ഇപ്പോഴും വിശ്വസിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് ഇത്ത്രത്തോളം വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ കെഎം മാണി മുന്നണി വിട്ടുപോയത് ശരിയായില്ലെന്നും അദ്ദേഹം മുന്നണിയോടൊപ്പം തന്നെ നില്‍ക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും ചെന്നിത്തല വ്യക്തമാക്കി.

കെഎം മാണി യുഡിഎഫ് വിട്ട സാഹചര്യത്തില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തില്‍ സംസാരിക്കവെയാണ് രമേശ്‌ ചെന്നിത്തല ഇങ്ങനെ പരാമര്‍ശിച്ചത്. ആഭ്യന്തര മന്ത്രിയായപ്പോള്‍ ബാര്‍കോഴ വിവാദത്തില്‍ താന്‍ നിഷ്പക്ഷമായ നടപടിയാണ് കൈക്കൊണ്ടത്. എന്നിട്ടും നിരവധി ആരോപണങ്ങള്‍ മാണിയും കൂട്ടരും തനിക്കു നേരെ ഉയര്‍ത്തി. എന്നാല്‍ തനിക്കു അതില്‍ പരാതിയൊന്നുമില്ല. കെഎം മാണിക്ക്' യുഡിഎഫില്‍ അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ടെന്നും തുടര്‍ന്നും അതെ നിലപാട് തന്നെയാകും അദ്ദേഹത്തോട് കോണ്‍ഗ്രസ് സ്വീകരിക്കുക എന്നും രമേശ്‌ ചെന്നിത്തല വ്യക്തമാക്കി.

വിഷയത്തില്‍ കോണ്‍ഗ്രസ്സ് സംയമനത്തിന്റെ പാത പിന്തുടരുമെന്നും വെല്ലുവിളികളില്‍ തളരാതെ യുഡിഎഫ് ഫിനിക്സ് പക്ഷിയെപ്പോലെ പറന്നുയരും എന്നും രമേശ്‌ ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Read More >>