എന്തുകൊണ്ട് പല രാമായണങ്ങൾ?

രാമായണത്തെ അമ്പേന്തിയ രാമനിലേക്ക് സങ്കുചിതമാക്കാനുള്ള സാംസ്‌കാരികവും രാഷ്ട്രീയവുമായ ശ്രമങ്ങൾ പ്രബലമാവുകയാണ്. പ്രധാനമായും അമർചിത്രകഥയും ടെലിവിഷൻ രാമായണവുമാണ് രാമായണത്തിന്റെ അനേക വായനകളുടെ സാധ്യതകൾ കൊട്ടിയടച്ചത്. അതിനെ ചെറുക്കാൻ എല്ലാക്കാലവും സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും ശ്രമിച്ചിട്ടുണ്ട്. ഈ ശ്രമങ്ങൾക്കിടയിൽ പുറത്തിറങ്ങുന്ന പല രാമായണങ്ങൾ എന്ന പുസ്തകത്തിന് സിവിക് ചന്ദ്രൻ എഴുതിയ ആമുഖം.

എന്തുകൊണ്ട് പല രാമായണങ്ങൾ?

സിവിക് ചന്ദ്രൻ

റാന്തലാട്ടി നടന്നിട്ടും തന്റെ മേൽ വന്നു കയറുന്നതെന്ത് എന്ന് ക്ഷുഭിതനാവുന്ന അന്ധനോട് അപരിചിതൻ പറയുന്നതിങ്ങനെ: പക്ഷേ സർ, നിങ്ങളുടെ റാന്തൽ അണഞ്ഞുപോയിരിക്കുന്നു, സോറി.

ബാബ്‌റിയിൽ നിന്ന് ദാദ്രിയിലേക്കുള്ള ദൂരം ഏതാണ്ട് കാൽ നൂറ്റാണ്ടോളം. എന്നിട്ടും തരിഞ്ചുപോലും ചെറുത്തു നില്ക്കാനാവുന്നില്ല നമുക്ക്. റാന്തൽ ചുമ്മാ ആട്ടി നടന്നിട്ടെന്ത്? നാളം കെട്ടുപോയിരിക്കുന്നു. എണ്ണ വറ്റിക്കഴിഞ്ഞിരിക്കുന്നു എന്ന് നാമറിയുന്നതേയില്ല. ആരേലും അത് വിളിച്ചു പറയുന്നത് നമ്മെ ചൊടിപ്പിക്കുകയും.രണ്ട് തെറ്റായ പ്രതിനിധീകരണങ്ങളാണ് മുഖാമുഖം നിൽക്കുന്നത്. ഹിന്ദുസംഘ പരിവാർ ഹിന്ദുവിനെ പ്രതിനിധീകരിക്കുന്നേ ഇല്ല എന്നതുപോലെ ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനം ഫാസിസത്തെ ചെറുക്കാൻ പ്രാപ്തവുമല്ല. ഒരു പക്ഷേ തെറ്റായ ചില ഇടപെടലുകൾ ഫാസിസത്തെ കൂടുതൽ ശക്തിപ്പെടുത്തുക കൂടി ചെയ്യുന്നു. മതമോ യുക്തിവാദമോ- രണ്ടിലൊന്ന് തെരഞ്ഞെടുക്കാനുള്ള നിർബന്ധം നമ്മുടെ ചോയ്‌സുകൾ വെട്ടിച്ചുരുക്കുക മാത്രമല്ല, നമ്മെ സർഗാത്മകമായി ദരിദ്രരാക്കുകയും നൈതികമായി ദുർബ്ബലരാക്കുകയും കൂടി ചെയ്യുന്നു. നവോത്ഥാന കാലത്ത് നമുക്ക് ലഭിച്ചത് ഈസി വാക്കോവറായിരുന്നു. മറു കളത്തിൽ ഒന്നുകിൽ ടീമില്ല, അല്ലെങ്കിൽ കളിക്കാർ ദുർബ്ബലർ. ഒരു ഗ്രേറ്റ് ഡിവൈഡിന് ഒരുങ്ങുകയാണോ സമൂഹം? അങ്ങനെ സംഭവിക്കുന്നെങ്കിൽ അതിന്നുത്തരവാദി വലതുപക്ഷം മാത്രമല്ല. അതുകൊണ്ട് ചോദ്യങ്ങളെല്ലാം ചോദിച്ചു കഴിഞ്ഞിരിക്കുന്നു, ഉത്തരങ്ങളെല്ലാം പറഞ്ഞു തീരുകയും എന്ന ആശ്വാസത്തിൽ നിന്ന് ദയവായി തുടങ്ങാതിരിക്കുക. ഒരു പക്ഷേ ആദ്യേ പൂത്യേ തുടങ്ങേണ്ടിയിരിക്കുന്നു കളി.

ലിബറലായ സിവിൽ സമൂഹപ്രസ്ഥാനങ്ങൾ, ഉത്തരവാദിത്തബോധമുള്ള രാഷ്ട്രീയ കക്ഷികൾ, വിശ്വാസ്യത അടിയറ വെയ്ക്കാത്ത സ്ഥാപനങ്ങൾ, നീതിബോധമുള്ള വ്യക്തികൾ- ഇവരെല്ലാം ചേർന്നാണ് ജനാധിപത്യത്തെ ജനാധിപത്യമായി നിലനിർത്തുന്നത്. ഇവരുടെ ഒറ്റക്കും കൂട്ടായുമുള്ള അവസരോചിതമായ ഇടപെടലുകൾ സമൂഹത്തിന്റെ ആന്തര ശക്തിയെയാണ് ജ്വലിപ്പിക്കേണ്ടത്. മൗനം കുറ്റമാകുന്ന ചരിത്ര സന്ദർഭങ്ങളിൽ പകരം ചുമ്മാ ഗ്വാഗ്വാ വിളിച്ചതു കൊണ്ടായില്ല. നിരന്തരമായി സ്വയം പുതുക്കിക്കൊണ്ടു മാത്രമേ വെല്ലുവിളികളെ അഭിമുഖീകരിക്കാനാവൂ.

പറഞ്ഞു കഴിഞ്ഞ ഉത്തരങ്ങളിൽ നിന്നോ പഠിച്ചു കഴിഞ്ഞ പാഠങ്ങളിൽ നിന്നോ അല്ല പാഠഭേദം തുടങ്ങുന്നത്, തുടരുന്നതും. പഴയ പയ്യൻസിന്റെ ക്ലബ്ബിൽ നിന്ന് ഇത്തവണയും ഞങ്ങൾ വിട്ടു നിൽക്കുന്നു, സോറി... കാവിയോ ചുവപ്പോ- ഏതേലും പ്രത്യേക നിറമല്ല, മഴവില്ലാവട്ടെ നമ്മുടെ കൊടിയടയാളം.

മൂന്ന് സമയത്തെങ്കിലും ഇന്ത്യയിലിതിന് മുമ്പ് വിവിധ രാമായണങ്ങൾ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. അതിലൊന്ന് ബാബറി മസ്ജിദിന്റെ തകർച്ചക്ക് ശേഷം ദൽഹിയിലെ സഹ്മത്ത് എന്ന സഫ്ദർ ഹാശ്മി മെമ്മോറിയൽ ട്രസ്റ്റിന്റെതായിരുന്നു. എം എഫ് ഹുസൈന്റെയും മറ്റും രാമാഖ്യാനങ്ങൾ വച്ചുകൊണ്ട് ഒരൊറ്റ രാമനല്ല, ഒരൊറ്റ രാമായണമല്ല, അനേക രാമായണങ്ങൾ, അനേക രാമൻമാർ എന്ന ആശയം മുന്നോട്ട് വയ്ക്കാൻ സഹ്മത്ത് ശ്രമിച്ചു. പക്ഷെ അത് ആക്രമിക്കപ്പെട്ടു. പിന്നീട് പോണ്ടിച്ചേരിയിൽ രാമായണങ്ങളെകുറിച്ചുള്ള ഒരു ഇന്റർനാഷണൽ സെമിനാർ നടന്നു. ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് രാമായണത്തിന്റെ വിവിധ അവതരണങ്ങളുമായി മൂന്ന് വർഷം തുടർച്ചയായി രാമായണ ഫെസ്റ്റിവൽ. കേരളത്തിലും അഞ്ചാറ് വർഷം മുമ്പ് ശ്രീകൃഷ്ണപുരത്തു നിന്നുള്ള ഒരു ഗ്രൂപ്പ് വ്യത്യസ്ത മാധ്യമങ്ങളിലുള്ള രാമായണങ്ങളുടെ ഒരു ഫെസ്റ്റിവൽ നടത്തുകയുണ്ടായി.

പക്ഷെ ഇതിനിടയിലെല്ലാം രാമായണത്തിന്റെ ഏകപക്ഷീയമായ വായനകൾ, രാമായണത്തെ അമ്പേന്തിയ രാമനിലേക്ക് സങ്കുചിതമാക്കാനുള്ള സാംസ്‌കാരികവും രാഷ്ട്രീയവുമായ ശ്രമങ്ങൾ പ്രബലമാവുകയായിരുന്നു. പ്രധാനമായും അമർചിത്രകഥയും ടെലിവിഷൻ രാമായണവുമാണ് രാമായണത്തിന്റെ അനേക വായനകളുടെ സാധ്യതകൾ കൊട്ടിയടച്ചത്. അതിനു മുമ്പ് നമുക്ക് സ്വന്തമായി രാമനെ സങ്കൽപിക്കാമായിരുന്നു. ഹനുമാനെ സങ്കൽപിക്കാമായിരുന്നു. നമ്മുടെ സ്വന്തം രാവണനെയും മണ്ഡോദരിയേയും സങ്കൽപിക്കാമായിരുന്നു. അതെല്ലാം ചിത്രകഥാ - ചാനൽ രാമായണം അവസാനിപ്പിച്ചു. രാമായണ മാസമാവുക എന്നതിന് കേവലം മതപരമായ അർത്ഥം മാത്രമായി മാറുകയായിരുന്നു.

അങ്ങനെ രാമായണത്തിന്റെ സാംസ്‌കാരികമായ പാഠങ്ങളും പാഠഭേദങ്ങളും അടഞ്ഞു പോകുന്ന ഒരുകാലത്ത് രാമായണത്തിന്റെ പല വായനകൾ എന്നൊരാശയം മുന്നോട്ട് വയ്ക്കണം എന്ന് ഞങ്ങൾക്ക് തോന്നി. അങ്ങിനെയാണ് ഒരു രാമായണ ഫെസ്റ്റിനെക്കുറിച്ച് ആലോചിക്കുന്നത്. തുടക്കത്തിൽ തന്നെ സെക്കുലർ ഫണ്ടമെന്റലിസ്റ്റുകൾ എന്ന് വിളിക്കാവുന്നവരുടെ ഭാഗത്തുനിന്ന് ഇത് ഹിന്ദു അജണ്ട ഒളിച്ചുകടത്താനുള്ള ശ്രമമാണ് എന്ന ആരോപണം ഉയർന്നുവന്നു. പാഠഭേദം പൊതുവെ ഒരു സെക്കുലർ ഗ്രൂപ്പല്ല. ഞങ്ങൾ അഷിസ് നന്ദിയുടെ 'ആന്റി സെക്കുലർ മാനിഫെസ്റ്റോ' പ്രസിദ്ധീകരിക്കാൻ ധൈര്യം കാണിച്ചിട്ടുള്ളവരാണ്. നമ്മൾ ഇന്ന് പിൻതുടർന്നുകൊണ്ടിരിക്കുന്ന ഇടതുപക്ഷ - പാശ്ചാത്യ മതേതരത്വത്തിന്, അതിന്റെ സഹജമായ പരിമിതികളുണ്ട് എന്നും അതിനെ സമഗ്രവും സമ്പൂർണ്ണവും കാവ്യാത്മകവും ഇന്ത്യനും കേരളീയവും തുറന്നതും ആക്കണമെന്നും വിചാരിക്കുന്ന ഒരു ഗ്രൂപ്പാണ് പാഠഭേദം. ഹിന്ദുവാകാനോ മുസ്ലീമാകാനോ ഇടതുപക്ഷത്തേക്കോ വലതുപക്ഷത്തേക്കോ പോകാനോ താൽപര്യം തോന്നിയാൽ അതുചെയ്യാൻ ധൈര്യമുള്ളവരുമാണ്.

നിർണായകമായ പല സമയങ്ങളിലും ഞങ്ങളീ നിലപാട് എടുത്തിട്ടുമുണ്ട്. പ്രത്യേകിച്ച് ഗാന്ധിയുടെ ഹിന്ദ് സ്വരാജ് എന്ന പുസ്തകത്തിന്റെ നൂറാം വാർഷികത്തെ അടിസ്ഥാനപ്പെടുത്തി ഒരു അഖിലേന്ത്യാ പര്യടനം തന്നെ നടത്താനും ഇപ്പോഴും തുടരുന്ന ഇറോം ശർമ്മിളയുടെ സമരവുമായി അതിനെ ബന്ധിപ്പിക്കാനും ഉള്ള ശ്രമം നടത്തിയപ്പോഴേ അത് ഗാന്ധിയൻമാരുടെ ശ്രദ്ധയിൽതന്നെ പെട്ടുള്ളൂ. ഗാന്ധിയുടെ ഏറ്റവും പ്രധാനപ്പെട്ട പുസ്തകമാണ് ഹിന്ദ് സ്വരാജ്. അതാകട്ടെ ഒരു ഹിന്ദു തീവ്രവാദിക്കുള്ള മറുപടിയായി എഴുതപ്പെട്ട പുസ്‌കമാണ്. ഏറ്റവുമൊടുവിൽ അനന്തമൂർത്തിയുടെ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത പുസ്തകത്തിന്റെ പേരു തന്നെ ഹിന്ദുസ്വരാജ് V/S ഹിന്ദുത്വ എന്നാണ്. പ്രത്യേകിച്ചും ബാബറി മസ്ജിദിന്റെ തകർച്ചക്ക് ശേഷം അയോദ്ധ്യയുടെ പശ്ചാത്തലത്തിൽ ഏത് രാമനെന്ന ചോദ്യം നമുക്കിടയിൽ ഉയർന്നു വന്നിരുന്നു. സുകുമാർ അഴീക്കോടിന്റെ ഒരു പ്രഭാഷണ പരമ്പര തൃശൂർ പബ്ലിക് ലൈബ്രറിയിൽ നടന്നത് ഓർമ്മിക്കുകയാണ്. രണ്ട് രാമൻമാർ, മര്യാദാ പുരുഷോത്തമനായ ഒരു രാമനും അമ്പും വില്ലുമേന്തിയ ഒരു രാമനും പരസ്പരം അഭിമുഖമായി നിൽക്കുമ്പോൾ, ഒരു ഹിന്ദു വലതുപക്ഷം രൂപപ്പെടുന്ന സമയത്ത് ഒരു ഹിന്ദു ഇടതുപക്ഷത്തെക്കുറിച്ച് സംസാരിക്കാൻ നാം ബാദ്ധ്യസ്ഥരാണ്.

അത്തരമൊരിടതുപക്ഷം ക്രിസ്റ്റ്യാനിറ്റിയിലുണ്ട്. ലിബറേഷൻ തിയോളജിയുടെ സമയത്ത് ക്രിസ്തുമതം ക്രിസ്റ്റ്യാനിറ്റിയായും ചർച്ച്യാനിറ്റിയായും പിളർന്നിരുന്നു. പുതിയ കാലത്തിനും ലോകത്തിനുമനുസരിച്ച് ഖുറാനേയും പ്രവാചകനെയും വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങൾ ഇസ്ലാമിലുമുണ്ട്. രണ്ടിനെയും അഡ്രസ് ചെയ്യാൻ അതതു സമയത്ത് ഞങ്ങൾ ശ്രമിച്ചിരുന്നു. ഉദാഹരണമായി പൗലോസ് മാർ പൗലോസിന്റെ ആദ്യ പുസ്തകങ്ങൾ പാഠഭേദമാണ് കൊണ്ടുവന്നത് ഫാദർ എസ്. കാപ്പന്റെ പ്രധാനപ്പെട്ട പുസ്തകങ്ങൾ പാഠഭേദമാണ് കൊണ്ടുവന്നത്. പാഠഭേദത്തിന്റെ കോളമിസ്റ്റുമായിരുന്നു കാപ്പനച്ചൻ. സാഹിത്യകൃതികളെ വിലയിരുത്താനുള്ള ലിബറേഷൻ തിയോളജിയുടെ ആദ്യത്തെ ശ്രമമായ ഡോ.എം.എം തോമസിന്റെ പുസ്തകം പ്രസിദ്ധീകരിച്ചതും പാഠഭേദം. അന്ന് അത് പ്രകാശനം ചെയ്തത് സാക്ഷാൽ ഇ.എം.എസ് ആയിരുന്നു.
അതേപോലെ തന്നെ ശരീയത്ത് വിവാദ സമയത്തും ബാബറി മസ്ജിദിന്റെ സമയത്തും പാഠഭേദം ന്യൂനപക്ഷങ്ങളുടെ ഒപ്പം നിന്നു. ബാബ്‌റിമസ്ജിദ് മുസ്ലീങ്ങൾക്ക് വിട്ടുകൊടുക്കുക എന്നതായിരുന്നു പാഠഭേദത്തിന്റെ നിലപാട്. പുതിയ കാലത്തേയും, ലോകത്തേയും മുസ്ലീങ്ങൾ എന്താണെന്നതിനെക്കുറിച്ച് 'മുസ്ലീം സുഹൃത്തിന്' എന്നൊരു പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു. 'ആത്മീയതയുടെ നാനാർത്ഥങ്ങൾ' എന്ന പാഠഭേദം പുസ്തകവും ഈ സന്ദർഭത്തിൽ ഓർക്കാം. സ്വാഭാവികമായും നമ്മുടെ യുക്തിവാദം, മതേതരത്വം, അവിശ്വാസികളെ മാത്രം അഡ്രസ് ചെയ്യുന്ന സമയത്ത്, അവിശ്വാസികളുടെ തർക്കങ്ങളായി മതേതരത്വത്തെ പരിമിതപ്പെടുത്തുന്ന ഒരു സമയത്ത് വിശ്വാസികളെക്കൂടി വിശ്വാസത്തിലെടുക്കാനും ആ അർത്ഥത്തിൽ തുല്യരെന്ന രീതിയിൽ പരസ്പരം അറിയാനും അറിയിക്കാനും - വാദിക്കാനും ജയിക്കാനുമല്ല - ഒരു തുറന്ന സംവാദത്തിന് നേതൃത്വം കൊടുക്കാനും പാഠഭേദത്തെപ്പോലൊരു മീഡിയാഗ്രൂപ്പ് ബാദ്ധ്യസ്ഥമാണ്.

പക്ഷെ നമ്മുടേതുപോലുള്ള അത്യന്തം ധ്രുവീകരിക്കപ്പെട്ടിരിക്കുന്ന ഒരു സമൂഹത്തിൽ അത് സ്വീകരിക്കപ്പെടുകയില്ലെന്നും ഞങ്ങൾക്കറിയാം. അതുകൊണ്ടാണ് ഹിന്ദു അജണ്ട ഒളിച്ച് കടത്താനുള്ള ശ്രമമാണ് എന്ന തരത്തിലുള്ള ഒരു വിമർശനം ഈ കാര്യത്തിൽ ഉയർന്നുവന്നത്. അഞ്ച് ദിവസം ഏതാണ്ട് ഇരുപതോളം പെർഫോമൻസിലൂടെ, പല മാധ്യമങ്ങളിലൂടെ, പല ആംഗിളുകളിലൂടെ രാമായണത്തെ നോക്കിക്കാണാൻ അവസരമൊരുക്കുവാൻ ഞങ്ങൾ ശ്രമിക്കുകയായിരുന്നു. മൊത്തത്തിൽ കഴിയുന്നത്ര ആംഗിളുകൾ കൊണ്ടുവരാനും രാമായണത്തിന്റെ പല വായനകൾ സാധ്യമാക്കാനും പല വായനകൾ ഉണ്ട് എന്ന് പറയാനും അതിനുള്ള വാതിലുകൾ തുറന്നിടാനുമാണ് ഞങ്ങൾ ശ്രമിച്ചത്.

ഇക്കഴിഞ്ഞ കർക്കടത്തിൽ കോഴിക്കോട് നടത്തിയ രാമായണം ഫെസ്റ്റിവലിനെ അടിസ്ഥാനമാക്കിയാണ് 'പാഠഭേദ'ത്തിന്റെ പ്രത്യേക പതിപ്പ്. ആ പതിപ്പിനെ അടിസ്ഥാനമാക്കിയുള്ള ഈ പുസ്തകവും.

Story by
Read More >>