റെയില്‍ ഹൂണ്‍സ് കേരളത്തിലും, ബോഗികള്‍ ചായം പൂശിയ നിലയില്‍

കഴിഞ്ഞ ദിവസം 16ന് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന റെയില്‍വേയുടെ ആക്സിഡന്റ് റിലീഫ് വെഹിക്കിളിലാണ് വ്യത്യസ്ത നിറങ്ങള്‍ ഉപയോഗിച്ച് ചിത്രം വരച്ച നിലയില്‍ ജീവനക്കാര്‍ കണ്ടെത്തിയത്.

റെയില്‍ ഹൂണ്‍സ് കേരളത്തിലും, ബോഗികള്‍ ചായം പൂശിയ നിലയില്‍

പാലക്കാട്: ഷൊര്‍ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ബോഗികളില്‍ പെയിന്റ് കൊണ്ടെഴുതിയ നിലയില്‍ കണ്ടെത്തി. ഇന്നലെ ധന്‍ബാദ്- ആലപ്പുഴ എക്സ്പ്രസ്സ് ട്രെയിനിലാണ് റെയില്‍ ഹൂണ്‍സ് എന്നെഴുതിയ നിലയില്‍ കണ്ടെത്തിയത്.

ട്രെയിനിന്റെ എസി കോച്ചിലും ജനറല്‍ കോച്ചിന്റെ പുറംഭാഗത്തുമായാണ് ചായം പൂശിയതായി കണ്ടത്. എസി കോച്ചിന്റെ ബോഗിക്ക് താഴെ ബാറ്ററി കവറിലും എഴുത്തും ഗ്രാഫിക്സുമുണ്ട്. ഹൂണ്‍സ്, റെയില്‍വേ ഹൂണ്‍സ് 2016 എന്നിങ്ങനെയാണ് എഴുത്തുകള്‍.


ഷൊര്‍ണൂരില്‍ പ്രാഥമികഘട്ട പരിശോധന പൂര്‍ത്തിയാക്കിയ ശേഷം ട്രെയിന്‍ വൈകാതിരിക്കാന്‍ ആലപ്പുഴയിലെത്തിച്ചും ഇന്നലെ പരിശോധന നടത്തി. ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ ബോഗികള്‍ ചായംപൂശിയതിനെ കുറിച്ച് തമിഴ്നാട് പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം ഷൊര്‍ണൂരിലെത്തി തെളിവെടുപ്പ് നടത്തി. തിരുച്ചിറപ്പള്ളിയിലും സമാനമായ വിധത്തില്‍ ബോഗികള്‍ വിക്യതമാക്കിയ സംഭവത്തെ തുടര്‍ന്നാണ് തമിഴ്നാട് സംഘം ഷൊര്‍ണൂരിലെത്തിയത്.

കഴിഞ്ഞ ദിവസം 16ന്  ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന റെയില്‍വേയുടെ ആക്സിഡന്റ് റിലീഫ് വെഹിക്കിളിലാണ് വ്യത്യസ്ത നിറങ്ങള്‍ ഉപയോഗിച്ച് ചിത്രം വരച്ച നിലയില്‍ ജീവനക്കാര്‍ കണ്ടെത്തിയത്. കേരളത്തില്‍ ആദ്യം കണ്ടെത്തിയ ഈ സംഭവത്തിന് മുമ്പായി ത്യശ്ശിനാപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ 11 നും ബോഗികളില്‍ പെയിന്റ് ഉപയോഗിച്ച് എഴുതിയ നിലയില്‍ കണ്ടിരുന്നു.

അന്തരാഷട്ര സംഘടനയായ റെയില്‍ ഹൂണ്‍സ് എന്ന സംഘടനയാണ് ഇതിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. നേരത്തെ ബ്രിട്ടനില്‍ ഈ സംഘടനയുടെ സമാനമായ രീതിയിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും കേരളത്തിലും തമിഴ്നാട്ടിലും ആദ്യമാണ്. സംഭവത്തില്‍ റെയില്‍വേ പോലീസും ലോക്കല്‍ പോലീസും സംയുക്തമായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Story by
Read More >>