കാസർഗോഡ് വ്യാജ പാസ്പോർട്ട് കേസുകളിൽ അന്വേഷണം പുനരാരംഭിച്ചു; കോഴിക്കോട് പാസ്പോർട്ട് ഓഫീസിൽ ക്രൈംബ്രാഞ്ച് പരിശോധന

ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത് കാസർഗോഡ് ജില്ലയിലെ മുപ്പതോളം വ്യാജ പാസ്പോർട്ട് കേസുകൾ ആണ്

കാസർഗോഡ് വ്യാജ പാസ്പോർട്ട് കേസുകളിൽ അന്വേഷണം പുനരാരംഭിച്ചു; കോഴിക്കോട് പാസ്പോർട്ട് ഓഫീസിൽ ക്രൈംബ്രാഞ്ച് പരിശോധന

കോഴിക്കോട്: കാസർകോട് ജില്ലയിലെ വ്യാജ പാസ്പോർട്ട് കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ച് പുനരാരംഭിച്ചു. ഇതിന്റെ ഭാഗമായി കോഴിക്കോട് പാസ്പോർട്ട് ഓഫീസിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം മിന്നൽ പരിശോധന നടത്തി.


പാസ്‌പോർട്ടുകൾ സ്വീകരിച്ച ശേഷം തപാലിൽ തിരിച്ചയക്കുന്ന അക്‌നോളജ്‌മെന്റ് കാർഡുകൾ തേടിയായിരുന്നു പ്രധാന പരിശോധന. വ്യാജ പാസ്പോർട്ട് സ്വീകരിച്ച ശേഷം ഇത്തരത്തിൽ അയച്ച  അക്‌നോളജ്‌മെന്റ് കാർഡുകൾ തിരഞ്ഞെങ്കിലും ഇത്തരത്തിലുള്ള ഒരു കാർഡും കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.വ്യാജ പാസ്പോർട്ട് കേസിലെ അപേക്ഷകൾ പരിശോധിച്ച ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നെങ്കിലും ഉദ്യോഗസ്ഥർ സ്ഥലം മാറിപ്പോയതിനാൽ അതും സാധിച്ചില്ല. സ്ഥലം മാറിപ്പോയ ഉദ്യോഗസ്ഥരുടെ വിലാസവും ഇപ്പോൾ ജോലി ചെയ്യുന്ന ഓഫീസിന്റെ വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ തന്നെ ഉദ്യോഗസ്ഥരെ കണ്ടെത്തി ചോദ്യം ചെയ്യാനുള്ള ശ്രമം ക്രൈംബ്രാഞ്ച് ഊർജ്ജിതമാക്കിയതായാണ് അറിയാൻ കഴിയുന്നത്.


കാസർഗോഡ് ക്രൈം ബ്രാഞ്ച് സിഐ സതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാസ്പോർട് ഓഫീസിൽ മിന്നൽ പരിശോധന നടത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത് കാസർഗോഡ് ജില്ലയിലെ മുപ്പതോളം വ്യാജ പാസ്പോർട്ട് കേസുകൾ ആണ്. ഇടക്കാലത്ത് അന്വേഷണം മന്ദഗതിയിൽ ആയെങ്കിലും ഐഎസ് റിക്രൂട്മെന്റ് ഉൾപ്പെടെയുള്ള സാഹചര്യത്തിൽ അന്വേഷണം പുനരാരംഭിരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. നേരത്തേ ജില്ലയിലെ തന്നെ നൂറിലേറെ പാസ്പോർട് കേസുകളുടെ അന്വേഷണ ചുമതല സംസ്ഥാന ആഭ്യന്തര സുരക്ഷാ വിഭാഗം ഏറ്റെടുത്തിരുന്നു. ഇത് സംബന്ധിച്ച് കാര്യമായ അന്വേഷണമൊന്നും നടക്കുന്നില്ലെന്ന് ആരോപണമുണ്ട്.

Read More >>