സിന്ധുവിന് ഇനി ഫോണുപയോഗിക്കാം, ഐസ്‌ക്രീം കഴിക്കാം

പരിശീലനവുമായി ബന്ധപ്പെട്ട് മൂന്നു മാസത്തോളം മൊബൈല്‍ പോലും സിന്ധു ഉപയോഗിച്ചിരുന്നില്ലെന്ന് ഗോപീചന്ദ് പറയുന്നു. താന്‍ സിന്ധുവിന് ആദ്യം തിരിച്ചു നല്‍കുക മൊബൈല്‍ ഫോണായിരിക്കുമെന്നും ഗോപീചന്ദ് പറയുന്നു.

സിന്ധുവിന് ഇനി ഫോണുപയോഗിക്കാം, ഐസ്‌ക്രീം കഴിക്കാം

വനിതാ ബാഡ്മിന്റണില്‍ ചരിത്രം കുറിച്ച് ഒളിമ്പിക്‌സിലെ സിന്ധുവിന്റെ വെള്ളി മെഡല്‍ മാസങ്ങളായുള്ള പരിശീലനത്തിന്റേയും ആത്മസമര്‍പ്പണത്തിന്റെ ഫലമാണ്. സിന്ധുവിനൊപ്പമോ അതിനും മുകളിലോ ചേര്‍ത്തു വെക്കേണ്ട പേരാണ് പരിശീലനകന്‍ പുല്ലേല ഗോപീചന്ദിന്റേത്.

പരിശീലനത്തില്‍ മാത്രം സിന്ധുവിനെ കേന്ദ്രീകരിക്കാന്‍ കടുത്ത നിഷ്‌കര്‍ഷകള്‍ പാലിച്ച പരിശീലകന്റെ ആത്മസമര്‍പ്പണത്തിന്റെ ഫലമാണ് റിയോയില്‍ നേടിയ വെള്ളി മെഡല്‍.

പരിശീലനവുമായി ബന്ധപ്പെട്ട് മൂന്നു മാസത്തോളം മൊബൈല്‍ പോലും സിന്ധു ഉപയോഗിച്ചിരുന്നില്ലെന്ന് ഗോപീചന്ദ് പറയുന്നു. താന്‍ സിന്ധുവിന് ആദ്യം തിരിച്ചു നല്‍കുക മൊബൈല്‍ ഫോണായിരിക്കുമെന്നും ഗോപീചന്ദ് പറയുന്നു. കളിയോടുള്ള അഭിനിവേശം മൂലം തന്റെ ഇഷ്ടങ്ങള്‍ സിന്ധു മാറ്റിവയ്ക്കുകയായിരുന്നു.


വാട്‌സ്ആപ്പില്‍ കൂട്ടുകാരുമായി സംസാരിക്കാനോ ഏറെ ഇഷ്ടമുള്ള മധുര തൈരോ ഐസ്‌ക്രീമോ കഴിക്കാന്‍ സിന്ധുവിന് അനുവാദമുണ്ടായിരുന്നില്ല. ഇനി സിന്ധുവിന് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം ഇഷ്ടം പോലെ ഫോണുപയോഗിക്കാം.

ഒളിമ്പിക്സില്‍ പ്രിയ ശിഷ്യയുടെ മെഡല്‍ നേട്ടത്തിനുശേഷം ഗോപീചന്ദാണ് ശിഷ്യയുടെ കഠിനാധ്വാനത്തെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത്.

സ്വര്‍ണ്ണം നഷ്ടമായതിനെപ്പറ്റി ചിന്തിക്കേണ്ടതില്ല. നമ്മളൊരു മെഡല്‍ നേടിയിരിക്കുന്നു. നേട്ടത്തില്‍ ആഹ്ലാദിക്കാനാണ് കോച്ച് സിന്ധുവിനോട് പറഞ്ഞത്. കഴിഞ്ഞത് നല്ലൊരാഴ്ചയാണ്. സിന്ധു കഴിഞ്ഞ രണ്ട് മാസമായി കളിക്കുവേണ്ടി പരാതികളില്ലാതെ നടത്തിയ അര്‍പ്പണം വലിയകാര്യമാണ്. ഈ വിജയം ആസ്വദിക്കുകയാണ് വേണ്ടത്. അതാണ് തന്റെ ആഗ്രഹമെന്നും ഗോപീചന്ദ് പറഞ്ഞു.