റിയോയിൽ ഇന്ത്യയുടെ സിന്ദൂരക്കുറിയാകാൻ സിന്ധു റെഡി

സിന്ധുവിന് കൂടി പരിശീലനം നല്‍കുന്നതില്‍ പരിഭവിച്ചാണ് മുന്‍ലോക ഒന്നാം നമ്പര്‍ താരമായ സൈന നേവാള്‍ ഗോപീചന്ദ് അക്കാഡമി വിട്ടത്. സൈന ഒന്നാം റൗണ്ടില്‍ തന്നെ പുറത്തായെങ്കിലും ഗോപീചന്ദ് പരിശീലിപ്പിച്ച സിന്ധു ഫൈനലില്‍ എത്തിയിരിക്കുന്നു. മധുരപ്രതികാരമെന്ന് പറയാന്‍ ഗോപീചന്ദ് സമ്മതിക്കില്ലെങ്കിലും സിന്ധുവിന്റെ നേട്ടം പരിശീലകന്റെ കൂടി നേട്ടമാണ്.

റിയോയിൽ ഇന്ത്യയുടെ സിന്ദൂരക്കുറിയാകാൻ സിന്ധു റെഡി

നിരഞ്ജന്‍

''കോച്ചിംഗ് ക്യാമ്പിന്  തൊട്ടടുത്ത് താമസിക്കുന്ന പലരും ക്യാമ്പിലെത്താൻ വൈകും. എന്നാലും ക്യാമ്പിൽ നിന്ന്   56 കിലോീറ്റര്‍ അകലെ താമസിക്കുന്ന സിന്ധു കൃത്യസമയത്ത്  തന്നെ എത്തും. ഇതില്‍ പ്രതിഫലിക്കുന്നത് അവളുടെ ആഗ്രഹവും അഭിനിവേശവും തന്നെയാണ്. ഒരു നല്ല ബാഡ്മിന്റണ്‍ പ്ലെയര്‍ ആകുന്നതിന് ഏറ്റവും ആദ്യം വേണ്ടത് കഠിന പരിശ്രമം തന്നെ''

റിയോയിലേക്ക് തിരിക്കും മുൻപ് പരിശീലകനായ പുല്ലേല ഗോപീചന്ദിനോട് പി.വി. സിന്ധുവിനെ കുറിച്ച് ചോദിച്ചപ്പോൾ ലഭിച്ച മറുപടിയാണിത്. ഇന്നിതാ, ആ പരിശ്രമങ്ങള്‍ക്ക് ഉത്തരം തരാൻ  തയ്യാറായി നില്‍ക്കുകയാണ് 21കാരിയായ ബാഡ്മിന്റണ്‍ താരം. മുൻപ് നാലുതവണ തോല്‍പ്പിച്ച ജപ്പാന്‍കാരി നൊസോമി ഒക്കുഹാരയ്ക്ക് ഒരു പ്രതീക്ഷ പോലും നല്‍കാതെയായിരുന്നു സെമിയില്‍ സിന്ധുവിന്റെ പ്രകടനം.


ഗുസ്തിയില്‍ സാക്ഷി മാലിക്ക് നേടിയ മെഡൽ തനിക്ക് പ്രചോദനമായെന്ന് സിന്ധു പറയുമ്പോഴും അതിപ്രകാരം പ്രതിഫലിച്ചെന്ന് വിശ്വസിക്കാന്‍ ഇന്ത്യക്കാര്‍ വരെ പ്രയാസപ്പെടുന്നു. സെമിയില്‍ നേരിട്ടുള്ള ഗെയിമുകൾക്ക്  തോല്‍പ്പിച്ചെന്ന് മാത്രമല്ല, ആദ്യ ഗെയിമില്‍ ഒരിക്കല്‍ പോലും പിന്നോട്ടുപോകാതിരുന്ന സിന്ധു രണ്ടാം ഗെയിമില്‍ 10 - 10 എന്ന നിലയില്‍ ഒപ്പമെത്തിയ ശേഷം 11 പോയിന്റുകള്‍ തുടരെ നേടിയാണ് ഗെയിമും മാച്ചും സ്വന്തമാക്കി ഫൈനലില്‍ പ്രവേശിച്ചത്.

ഒളിമ്പിക്‌സില്‍ ഒരിന്ത്യന്‍ വനിതയുടെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനമായി മാറിയ സിന്ധുവിന്റെ ഫൈനല്‍ പ്രവേശനത്തില്‍ സ്വര്‍ണ്ണം തന്നെ അണിയുമോയെന്ന് ഇന്ന് രാത്രി 7.30ന് അറിയാം. റിയോയിലെ കായിക മാമാങ്കം സമാപിക്കാന്‍ മൂന്നു ശേഷിക്കേ ഒരു സ്വര്‍ണ്ണനേട്ടം. റിയോയിലെ പരാജയത്തിനും മെഡല്‍വരള്‍ച്ചയ്ക്കും മാദ്ധ്യമങ്ങളില്‍ നിന്നും ശോഭ ഡേ പോലുള്ള പൊതുപ്രവര്‍ത്തകരില്‍ നിന്നും പരിഭവം ഉയരുന്നതിനിടെയാണ് രണ്ടു പെണ്‍കുട്ടികള്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച് മെഡല്‍ സ്വന്തമാക്കുന്നത്.

ലോക ഒന്നാം നമ്പര്‍ താരം സ്‌പെയിനിന്റെ കരോളിന മാരിന്‍ ആണ് ഫൈനലില്‍ സിന്ധുവിന്റെ എതിരാളി. അത്യുഗ്രന്‍ ഫോമില്‍ നില്‍ക്കുന്ന സിന്ധുവിന് എതിരാളിയുടെ വലുപ്പവും റാങ്കും പ്രശ്‌നമാകില്ലെന്ന് കരുതാം. എങ്കിലും കരുതലോടെ കളിക്കേണ്ടിവരും. പ്രാര്‍ത്ഥനയോടെ ഒരു രാജ്യം പിറകിലുണ്ടെന്ന ആത്മവിശ്വാസം സിന്ധുവിനുണ്ടാകും.
കായിക കുടുംബത്തില്‍ നിന്ന് ഉദിച്ച താരം
അര്‍ജുന അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ച പി.വി. രമണ എന്ന വോളിബോള്‍
താരത്തിന്റേയും വോളിബോള്‍ വനിതാ താരമായ പി. വിജയയുടെയും മകള്‍ക്ക്
ഇതിനുമപ്പുറം രാജ്യത്തിന് എന്താണ് സമ്മാനിക്കാന്‍ കഴിയുക. കരുത്തുറ്റ സ്മാഷുകൊണ്ട് എതിരാളികളെ വിറപ്പിച്ച വെങ്കിട്ട രമണയുടെ മകള്‍ സിന്ധുവിതാ ഇന്ന് രാജ്യത്തിന്റെ അഭിമാനനക്ഷത്രം. പുല്ലേല ഗോപീചന്ദിന്റെ ആരാധികയായ സിന്ധുവെന്ന എട്ടുവയസുകാരി ആ പ്രായത്തിലേ റാക്കറ്റ് കൈയിലെടുത്തിരുന്നു.

[caption id="attachment_37469" align="alignleft" width="300"]p-gopichand പി ഗോപിചന്ദ്[/caption]

സെക്കന്തരാബാദ് റെയില്‍വേ എന്‍ജിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മെഹ്ബൂബ് അലിയില്‍ നിന്നുമായിരുന്നു കോര്‍ട്ടിലെ ആദ്യ പാഠങ്ങള്‍ സ്വായത്തമാക്കിയത്. പിന്നീട് ഗോപീചന്ദ് അക്കാഡമിയിലേക്ക് ചേക്കേറി. പത്തു വയസില്‍ താഴെയുള്ളവര്‍ക്കുള്ള സെര്‍വോ റാങ്കിംഗിലും അംബുജ സിമെന്റ്‌സ് റാങ്കിംഗിലും മുന്‍പിലെത്തി. സബ് ജൂനിയര്‍ ഏഷ്യന്‍ ചാമ്പ്യഷിപ്പില്‍ വെങ്കലം, ഇറാന്‍ അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ വെള്ളി തുടങ്ങിയ നിരവധി നേട്ടങ്ങള്‍ . 15 വയസിനുള്ളില്‍ തന്നെ സ്വന്തം. 2013, 2014 ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ വെങ്കലം, 2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലും കോമ്മണ്‍വെല്‍ത്ത് ഗെയിംസിലും വെങ്കലം തുടങ്ങി നിരവധി മെഡല്‍നേട്ടങ്ങളിലൂടെ പ്രശസ്തയായ സിന്ധുവെന്ന പെണ്‍കുട്ടി ഒളിമ്പിക് ഫൈനലില്‍ എത്തുമ്പോള്‍ അത് കോച്ച് പുല്ലേല ഗോപിചന്ദിന് കൂടി അഭിമാനനേട്ടം തന്നെ.

സിന്ധുവിന് കൂടി പരിശീലനം നല്‍കുന്നതില്‍ പരിഭവിച്ചാണ് മുന്‍ലോക ഒന്നാം നമ്പര്‍ താരമായ സൈന നേവാള്‍ ഗോപീചന്ദ് അക്കാഡമി വിട്ടത്. സൈന ഒന്നാം റൗണ്ടില്‍ തന്നെ പുറത്തായെങ്കിലും ഗോപീചന്ദ് പരിശീലിപ്പിച്ച സിന്ധു ഫൈനലില്‍ എത്തിയിരിക്കുന്നു. മധുരപ്രതികാരമെന്ന് പറയാന്‍ ഗോപീചന്ദ് സമ്മതിക്കില്ലെങ്കിലും സിന്ധുവിന്റെ നേട്ടം പരിശീലകന്റെ കൂടി നേട്ടമാണ്.