ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകള്‍ കാത്ത് സിന്ധു ബാഡ്‌മിന്റണ്‍ സെമിയില്‍

ബാഡ്‌മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി വി സിന്ധു സെമി ഫൈനലില്‍ കടന്നു.

ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകള്‍ കാത്ത് സിന്ധു ബാഡ്‌മിന്റണ്‍ സെമിയില്‍

റിയോ: റിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ സജീവമായി നിലനിര്‍ത്തി ബാഡ്‌മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി വി സിന്ധു സെമി ഫൈനലില്‍ കടന്നു.

ലോക രണ്ടാം നമ്പര്‍ താരം ചൈനയുടെ വാങ് യിഹാനെയാണ് ക്വാര്‍ട്ടറില്‍ പത്താം റാങ്കുകാരിയായ പി വി സിന്ധു അട്ടിമറിച്ചത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. സ്‌കോര്‍: 22-20, 21-19. 29 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലായിരുന്നു സിന്ധു ആദ്യ ഗെയിം സ്വന്തമാക്കിയതെങ്കില്‍ രണ്ടാം ഗെയിം വിജയിക്കാന്‍ സിന്ധു 25 മിനിറ്റ് മാത്രമാണ്എടുത്തത്.


ഈ തകര്‍പ്പന്‍ വിജയത്തോടെ ഒളിംപിക്‌സില്‍ സെമിയിലെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടവും സിന്ധു സ്വന്തമാക്കി. ലണ്ടന്‍ ഒളിംപിക്‌സില്‍ സെമിയിലെത്തിയ സൈന നെഹ്‌വാള്‍ വെങ്കലമെഡല്‍ നേടിയിരുന്നു.

ഒരു ജയം കൂടി നേടിയാല്‍ സിന്ധുവിന് മെഡല്‍ ഉറപ്പിക്കാനാകും. വ്യാഴാഴ്‌ച വൈകിട്ട് 5.50നാണ് സിന്ധുവിന്റെ സെമി ഫൈനല്‍ മല്‍സരം. ജപ്പാന്റെ ലോക ആറാം നമ്പര്‍ താരം ഓകോഹാറ നോസോമിയാണ് സിന്ധുവിന്റെ എതിരാളി.