ഉഷയെ കല്ലെറിയും മുമ്പ് ടിന്റുവിന്റെ കുടുംബം മനസിലാക്കേണ്ടത്...

കായിക പാരമ്പര്യം ഏറെയുള്ള വീട്ടുകാരുടെ പ്രതികരണം നിരാശയില്‍ നിന്ന് ഉരുത്തിരിഞ്ഞതായിരിക്കണം. എങ്കിലും ഈ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതല്ലേ? തീര്‍ച്ചയായും.

ഉഷയെ കല്ലെറിയും മുമ്പ് ടിന്റുവിന്റെ കുടുംബം മനസിലാക്കേണ്ടത്...

ഉല്ലാസ് ദസ്തക്കീര്‍

ഒളിമ്പിക്സ് കഴിഞ്ഞിരിക്കുന്നു. അത്‌ലെറ്റിക്സിലിൽ നിന്നും മെഡലൊന്നുമില്ലാതെ ഇന്ത്യ തിരിച്ചെത്തി. പതിവുപോലെ കുറ്റപ്പെടുത്തലും ചളിവാരിയേറും തുടങ്ങി. ഇപ്രാവശ്യം വെടി പൊട്ടിച്ചത് ടിന്റുവിന്റെ കുടുംബമാണ്. ഉഷാ സ്കൂൾ ഓഫ് സ്പോർട്സിനെക്കുറിച്ചും, ഉഷയുടെ പരിശീലനത്തെക്കുറിച്ചും ആകെ പരാതിയാണ്. എന്നാൽ ടിന്റു ലൂക്ക മെഡൽ വാങ്ങുന്നത് പോയിട്ട് ഫൈനലിന് ക്വാളിഫൈ ചെയ്യുന്നത് പോലും അത്ഭുതമായിരിക്കുമെന്ന് അറിയാഞ്ഞത് ഒരുപക്ഷെ ടിന്റുവിന്റെ വീട്ടുകാർ മാത്രമായിരിക്കും.


ടിന്റു തന്റെ കരിയറിലെ ഏറ്റവും മികച്ച സമയം കുറിച്ചത് 1:59.17 ആണ്. എന്നാൽ ഈയിനത്തിൽ 1:55ൽ കുറഞ്ഞ സമയത്തോടുന്ന ധാരാളം അത്‌ലറ്റുകൾ നിലവിലിരിക്കെ ഏറെ ബുദ്ധിമുട്ടേറിയ ഒരു കടമ്പയായിരുന്നു ടിന്റുവിന് മുന്നിലുണ്ടായിരുന്നത്.അത്‌ലറ്റിക്സിൽ ഒരു സെക്കന്റ് പോലും താഴ്ത്തിയോടുന്നതുതന്നെ ഏറെ ശ്രമകരമാണ്. അപ്പോൾ 5-6 സെക്കന്റ് 800 മീറ്ററിൽ കുറച്ചോടുക എന്നത് അസംഭവ്യവും. അതിനു പറ്റാത്തതിന്റെ നിരാശയിൽ നിന്നായിരിക്കണം കായിക താരങ്ങളായ വീട്ടുകാരിൽ നിന്നുമുള്ള ഈ പ്രതികരണം.

സ്വാഭാവിക മനുഷ്യരുടെ വേഗം എപ്പോഴേ മത്സരാർത്ഥികൾ മറികടന്ന ഒരു ലോകത്താണ് നാം  ജീവിക്കുന്നത്. അത് ആർജ്ജിച്ചെടുക്കാൻ ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സ് പോര എന്ന തിരിച്ചറിവ് നമുക്കുണ്ടാവണം. നമ്മുടെ മാധ്യമങ്ങൾക്കുണ്ടാകണം. അതിന് ഉഷയെ കുറ്റപ്പെടുത്തുന്നതിലർത്ഥമില്ല. ഉഷക്ക് അറിയാവുന്നതും ചെയ്യാവുന്നതുമായ കാര്യങ്ങൾ ഉഷ ചെയ്യുന്നു. അതിനേക്കാൾ മെച്ചമായി ഒന്നും ഇവിടെ അവശേഷിക്കുന്നില്ല എന്നിടത്ത് യാഥാർത്യം ഉയർത്തെഴുന്നേൽക്കുന്നു.

ഈ പശ്ചാത്തലത്തിൽ നിന്നു കൊണ്ടുവേണം ടിന്റുവിന്റെ നേട്ടങ്ങളെ മനസ്സിലാക്കാൻ.