സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാനുള്ള തീരുമാനത്തിനെതിരെ മാനേജ്‌മെന്റുകള്‍ കോടതിയിലേക്ക്

എന്‍ആര്‍ഐ സീറ്റുകള്‍ ഉള്‍പ്പെടുന്ന 50 ശതമാനം നീറ്റ്(മെഡിക്കല്‍ പൊതു പ്രവേശന പരീക്ഷ) വഴി നടത്താനുമാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതിനെതിരെയാണ് മാനേജ്‌മെന്റ് രംഗത്തെത്തിയിരിക്കുന്നത്.

സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാനുള്ള തീരുമാനത്തിനെതിരെ മാനേജ്‌മെന്റുകള്‍ കോടതിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാനുള്ള തീരുമാനത്തിനെതിരെ മാനേജ്‌മെന്റുകള്‍. സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനം നിയന്ത്രണത്തിലാക്കി  സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

50 ശതമാനം മെറിറ്റ് സീറ്റുകളില്‍ സംസ്ഥാന എന്‍ട്രന്‍സ് വഴി പ്രവേശനം നടത്താനും മാനേജ്‌മെന്റ്, എന്‍ആര്‍ഐ സീറ്റുകള്‍ ഉള്‍പ്പെടുന്ന 50 ശതമാനം നീറ്റ്(മെഡിക്കല്‍ പൊതു പ്രവേശന പരീക്ഷ) വഴി നടത്താനുമാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതിനെതിരെയാണ് മാനേജ്‌മെന്റ് രംഗത്തെത്തിയിരിക്കുന്നത്.


കഴിഞ്ഞ ദിവസം സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രവേശനാധികാരം വിട്ടുനല്‍കില്ലെന്ന നിലപാടിലായിരുന്നു മാനേജ്‌മെന്റ്. ഇതിന് പിന്നാലെയാണ് മുഴുവന്‍ സീറ്റുകളിലുമുള്ള പ്രവേശനം നിയന്ത്രണത്തിലാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. സക്കാര്‍ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് മെഡിക്കല്‍ മാനേജെമെന്റ് അസോസിയേഷന്‍ വ്യക്തമാക്കി.

ന്യൂനപക്ഷ അവകാശങ്ങളിലുള്ള കൈകടത്തലാണ് പുതിയ തീരുമാനമെന്നും ഇതിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും എംഇഎസ് ചെയര്‍മാന്‍ ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞിരുന്നു.

സര്‍ക്കാര്‍ ഏകപക്ഷീയമായി കരാറില്‍ നിന്ന് പിന്‍മാറുകയായിരുന്നുവെന്നും ഇനി ചര്‍ച്ചയില്ലെന്നും ക്രൈസ്തവ മാനേജ്‌മെന്റ് പ്രതിനിധി ജോര്‍ജ് പോളും വ്യക്തമാക്കിയിരുന്നു.

അതേസമയം, സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ മെറിറ്റ് ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ഷൈലജ വ്യക്തമാക്കി. മെഡിക്കല്‍ പ്രവേശനത്തിന് സര്‍ക്കാര്‍ നയം തുടരുമെന്നും മന്ത്രി അറിയിച്ചു.

ഇതോടെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാരും മാനേജ്‌മെന്റും വീണ്ടും രണ്ടു തട്ടിലായിരിക്കുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകളുണ്ടാകുമെന്ന് സര്‍ക്കാര്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഉറച്ച നിലപാടിലാണ് മാനേജ്‌മെന്റ്.

അതിനിടയില് പുതിയ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രവേശനത്തിനുള്ള നടപടിക്രമങ്ങള്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ ആരംഭിച്ചു.

Read More >>