സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം കൂട്ടാനുള്ള നീക്കങ്ങള്‍ക്കെതിരെ മാനേജുമെന്റുകള്‍

ഒരു വേദിയിലും ശമ്പളവര്‍ദ്ധന ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. ഒരു പക്ഷേ അതല്ലാതെ ഒരു നീക്കം സര്‍ക്കാര്‍ തലത്തിലുണ്ടായാല്‍ അതിനെ തീര്‍ച്ചയായും എതിര്‍ക്കുകതന്നെ ചെയ്യും

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം കൂട്ടാനുള്ള നീക്കങ്ങള്‍ക്കെതിരെ മാനേജുമെന്റുകള്‍

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം ഇരട്ടിയാക്കി ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍. ഇത്തരത്തിലുള്ള ഒരു നീക്കങ്ങളും സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നതായി തങ്ങള്‍ക്ക് അറിവ് കിട്ടിയിട്ടില്ലെന്നും, ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്റെ അഭിപ്രായങ്ങള്‍ പരിഗണിക്കാതെ എടുക്കുന്ന തീരുമാനങ്ങള്‍ അസോസിയേഷന്‍ അംഗീകരിക്കില്ലെന്നും സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ഹുസൈന്‍കോയ തങ്ങള്‍ നാരദാ ന്യൂസിനോട് പറഞ്ഞു.


ഇത്തരത്തിലുള്ള വാര്‍ത്തകള്‍ കൃത്രിമമായി സൃഷ്ടിച്ച് ചിലര്‍ മുതലെടുപ്പിന് ശ്രമിക്കുകയാണ്. ശമ്പളപരിഷ്‌കരണം സംബന്ധിച്ച തെളിവെടുപ്പ് നടന്നുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ അതിനെ അട്ടിമറിക്കാന്‍ ചില സ്ഥാപിത താല്‍ബര്യക്കാര്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണിത്. ഒരു വേദിയിലും ശമ്പളവര്‍ദ്ധന ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. ഒരു പക്ഷേ അതല്ലാതെ ഒരു നീക്കം സര്‍ക്കാര്‍ തലത്തിലുണ്ടായാല്‍ അതിനെ തീര്‍ച്ചയായും എതിര്‍ക്കുകതന്നെ ചെയ്യും- ഹുസൈന്‍കോയ തങ്ങള്‍ പറയുന്നു.

നഴ്‌സുമാരുടെ ശരാശരി ശമ്പളം നിലവിലുള്ള ശമ്പളമായ 13,000 ത്തില്‍ നിന്ന് ഇരട്ടിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. വര്‍ദ്ധന നിലവില്‍ വരുന്നതോടെ നഴ്സുമാരുടെ കുറഞ്ഞ ശമ്പളം 20,000 ആയി ഉയരുമെന്നും സര്‍ക്കാര്‍ രൂപം നല്‍കിയ അവലോകനസമിതിയുടെ റിപ്പോര്‍ട്ടില്‍ ഇതു സംബന്ധിച്ച നിര്‍ദ്ദേശമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വാദങ്ങളെല്ലാം തള്ളിക്കളഞ്ഞുകൊണ്ടുള്ള നീക്കങ്ങളാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്റെ ഭാഗത്തുനിന്നുമുണ്ടായത്.

ശമ്പളവര്‍ദ്ധനയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ശിപാര്‍ശയുടെ മാനദണ്ഡം എന്താണെന്ന് ഒരിടത്തും വ്യക്തമാക്കിയിട്ടില്ല. മിനിമം വേജസ് ആക്ടിന്റെ നടപടിച്ചട്ടങ്ങള്‍ക്ക് വിധേയമായി അടിസ്ഥാന ശമ്പള പരിശോധനയുടെ നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുയാണ്. അതിന്റെ ഭാഗമായി ഒരു കമ്മിറ്റി എടുക്കുകയും ചെയ്തു. ആ കമ്മിറ്റിയുടെ സംസ്ഥാനത്തുള്ള തെളിവെടുപ്പ് നടക്കുന്നുണ്ട്. തിരുവനന്തപുരത്തും കൊല്ലത്തും മാത്രമാണ് ഇനി തെളിവെടുപ്പ് നടത്താനുള്ളത്. ഇതിനിടയിലാണ് ശമ്പള വര്‍ദ്ധനവെന്ന ശിപാര്‍ശ വരുന്നത്. എന്നാല്‍ അതിനെ സംബന്ധിച്ച് ഒരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ല- ഹുസൈന്‍കോയ പറയുന്നു.

ആശുപത്രി മാനേജ്‌മെന്റുകള്‍ നഷ്ടത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ബിഎസ് സി നഴ്‌സിങ് പാസായ ഒരു നഴ്‌സിന് തുടക്കത്തില്‍ കിട്ടുന്നത് 13,000 രൂപയാണ്. ഒരു വര്‍ഷത്തെ ബോണസും മറ്റ് ആനുകൂല്യങ്ങളും കൂടി കണക്കാക്കിയാല്‍ അവര്‍ക്ക് നല്‍കുന്നത് പ്രതിമാസം 20,000 രൂപയോളം വരും. ഈ അവസരത്തില്‍ ഇനിയുമുണ്ടാകുന്ന ശമ്പള വര്‍ദ്ധനവ് മാനേജുമെന്റുകളെ കനത്ത നഷ്ടത്തിലാക്കുമെന്നും ഹുസൈന്‍കോയ പറഞ്ഞു. ഇതിന്റെ ഭാരം മുഴുവന്‍ മാനേജുമെന്റുകളുടെയും ചികിത്സ തേടിയെ്തുന്ന രോഗികളുടെയും മുകളില്‍ വെയ്ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഈ വാദങ്ങളെ എതിര്‍ത്ത് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ രംഗത്തെത്തി. ഡോക്ടര്‍മാര്‍ക്ക് ചോദിക്കുന്ന ശമ്പളം കൊടുക്കുന്ന മാനേജുമെന്റുകള്‍ നഴ്‌സുമാരോട് കാണിക്കുന്നത് വിവേചമാണെന്ന് അദ്ദേഹം പറഞ്ഞു. നഴ്‌സുമാരെ ആറ് വിഭാഗങ്ങളായി തിരിച്ച് പല ശമ്പളസ്‌കെയിലുകളാണ് ആശുപത്രികളില്‍ നിലവിലുള്ളത്. ട്രെയിനികള്‍ക്ക് വെറും 6000-6500 രൂപയാണ് മാനേജ്‌മെന്റുകള്‍ നല്‍കുന്നത്. മിക്ക ആശുപത്രികളും നഴ്‌സുമാരുടെ പിഎഫ് അടയ്ക്കുന്നുപോലമില്ല. ബോണസ് എന്താണെന്ന് വരെ അറിയാത്ത നഴ്‌സുമാര്‍ വരെ ചില ആശുപത്രികളിലുണ്ട്- ജാസ്മിന്‍ പറയുന്നു. യൂണിയനുകള്‍ നിലവിലുള്ള ആശുപത്രികളില്‍ മാത്രമാണ് ശമ്പളത്തിന്റെ കാര്യത്തില്‍ കുറച്ചെങ്കിലും നീതി പുലര്‍ത്തുന്നതെന്നും ശമ്പള വർദ്ധനവ് നേടിയെടുക്കാൻ ഏതറ്റം വരെ പോകാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

നഴ്സുമാര്‍ക്ക് പ്രതിദിനം ആയിരം രൂപയെങ്കിലും വേതനം വേണമെന്നാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സര്‍ക്കാരിന് മുന്നില്‍ വച്ച പ്രധാന ആവശ്യം. തൊഴില്‍വകുപ്പു കമ്മിഷണര്‍ അധ്യക്ഷനായ ശമ്പളവര്‍ദ്ധന അവലോകനസമിതിയുടെ സിറ്റിങ് കഴിഞ്ഞ് ഒക്ടോബര്‍ ആദ്യം സമിതി സര്‍ക്കാരിന് അന്തിമശിപാര്‍ശ നല്‍കുമെന്നാണ് സൂചനയെന്ന് ജാസ്മിന്‍ ഷാ നാരദയോട് പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ 2017 ജനുവരി- ഫെബ്രുവരി മാസം മുതല്‍ നഴ്സുമാര്‍ക്ക് പുതുക്കിയ ശമ്പളം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു.

കഴിഞ്ഞ തവണ ശമ്പള പരിഷ്‌കരണം നടന്ന സമയത്ത് മൂന്നു വര്‍ഷം കൂടുമ്പോള്‍ പുനഃപരിശോധനയാകാമെന്ന് യുഡിഎഫ് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നതായി സംഘടനാ നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലഘട്ടത്തില്‍ ശമ്പളവര്‍ദ്ധന സംബന്ധിച്ച് പുനഃപരിശോധനയ്ക്ക് സംഘടനയുടെ ഭാഗത്തു നിന്നും സമ്മര്‍ദ്ദമുണ്ടായെങ്കിലും സര്‍ക്കാര്‍ ചെവികൊടുത്തിരുന്നില്ല. തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് പുതിയ സര്‍ക്കാര്‍ അധികാരമേറ്റതോടെ നഴ്സുമാരുടെ കാലങ്ങളായുള്ള ആവശ്യം ലക്ഷ്യത്തിലേക്കടുക്കുകയാണെന്നും ജാസ്മിന്‍ ഷാ പറഞ്ഞു.

ശമ്പളവര്‍ദ്ധന അവലോകനസമിതിയുടെ സിറ്റിങ് നടന്നുകൊണ്ടിരിക്കുകയാണെന്ന് അഡീ.ലേബര്‍ കമ്മീഷണര്‍ ഡോ.ജി.എല്‍.മുരളീധരന്‍ നാരദാ ന്യൂസിനോട് പറഞ്ഞു. അതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഒന്നും പൂര്‍ത്തിയായിട്ടില്ലെന്നും മറ്റുകാര്യങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നഴ്സുമാരുടെ ശന്പളം കാൽലക്ഷമാക്കണമെന്നാവശ്യപ്പെട്ട് ബിഎംഎസ് രംഗത്തെത്തി.

Read More >>