പ്രിസ്മ ജീവിതത്തെ ഗ്രാഫിക് നോവലാക്കുമ്പോൾ!

പ്രിസ്മയും അതിന്റെ എഡിറ്റിങ്ങ് സൗന്ദര്യവും ചർച്ചയാകുമ്പോൾതന്നെ അതിന് പിന്നിൽ പ്രവർത്തിച്ച ആളെക്കുറിച്ച് കാര്യമായൊന്നും ആർക്കും അറിയില്ല. അലക്‌സി മൊയ്‌സീൻ കോവ് എന്ന ഇരുപത്തഞ്ചുകാരന്റെ തലയിലാണ് പ്രിസ്മയെ കുറിച്ചുള്ള ആദ്യ ചിത്രം തെളിഞ്ഞത്.

പ്രിസ്മ ജീവിതത്തെ ഗ്രാഫിക് നോവലാക്കുമ്പോൾ!

സുഹെയ്ൽ അഹമ്മദ് 

നവമാധ്യമങ്ങളിൽ രണ്ട് ആപ്പുകളെ സംബന്ധിച്ചുള്ള വാർത്തകളും കൗതുകങ്ങളുമാണ് കഴിഞ്ഞ മാസങ്ങളിൽ നിറഞ്ഞത്. അതിൽ ഒന്നാമത്തേതിന്റെ കൗതുകങ്ങൾ ഇതുവരെ കഴിഞ്ഞിട്ടില്ല. കൗതുകം കഴിയാതെ അതിർത്തി ലംഘിച്ച് പറക്കുന്നത് പോക്കിമോൻ ഗോ എന്ന വീഡിയോ ഗെയിം ആപ്പാണ്. എന്നാൽ പെട്ടെന്ന് ട്രെൻഡിങ്ങ് ലിസ്റ്റിലേക്ക് കയറിവന്ന ആപ്പാണ് പ്രിസ്മ. ആദ്യം ആപ്പിൾ ഉപഭോക്താക്കൾക്കും പിന്നീട് ആൻഡ്രോയ്ഡിലേക്കും വന്ന ഫോട്ടോ ആപ്പായ പ്രിസ്മയാണ് കഥയിലെ താരം. സാധാരണ ഫോട്ടോ എഡിറ്റിങ്ങ് ആപ്പുകളെ അപേക്ഷിച്ച് പ്രിസ്മ വളരെ പെട്ടെന്നുതന്നെ ട്രെൻഡായി.


പ്രിസ്മ ജീവിത്തെ ഗ്രാഫിക് നോവലാക്കുന്നു എന്ന് പറഞ്ഞത് ടെക്‌ക്രഞ്ച് എന്ന സൈറ്റാണ്. ചിത്രങ്ങളെ ഗ്രാഫിക് നോവലിന്റെ മാറ്റുകവഴി ഈ മൊബൈൽ ആപ്പ് ഫോട്ടോ എഡിറ്റിങ്ങ് ടൂളുകളുടെ ജാതകം തിരുത്തിയെഴുതുകയായിരുന്നു. നിങ്ങളുടെ ചിത്രം മങ്കാ സ്റ്റൈൽ ആനിമേഷനായോ സ്കെച്ചുകളോട് കിടപിടിക്കുന്ന ചിത്രമായോ മാറ്റണമെങ്കിൽ ഈ ആപ്പ് ഉപയോഗിക്കാം എന്നായിരുന്നു ആ ലേഖനത്തിന്റെ അവകാശവാദം. അത് സത്യമാണെന്ന് പ്രിസ്മയുടെ
ഇൻസ്റ്റഗ്രാം
പേജിൽ കയറുന്ന ആർക്കും ബോധ്യപ്പെടും.

ആപ്പിളിൽ മാത്രം ലഭ്യമാക്കി ഒരു എക്‌സ്‌ക്ലൂസീവ് സ്വഭാവം നിലനിർത്തിയ പ്രിസ്മ വളരെ പെട്ടെന്നാണ് ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കും ഫോട്ടോ മാജിക്ക് ലഭ്യമാക്കിയത്. അങ്ങനെ സാധാരണക്കാരിലേക്കും പ്രിസ്മ കടന്നുവന്നു. അതുവരെ മറ്റൊരു ലോകത്ത് നടക്കുന്ന കാര്യംപോലെ പ്രിസ്മയെ കണ്ടിരുന്നവരും അതിന്റെ ഭാഗമായി.

prisma_1അതേസമയം പ്രിസ്മയും അതിന്റെ എഡിറ്റിങ്ങ് സൗന്ദര്യവും ചർച്ചയാകുമ്പോൾ അതിന് പിന്നിൽ പ്രവർത്തിച്ച ആളെക്കുറിച്ച് കാര്യമായൊന്നും ആർക്കും അറിയില്ല. അലക്‌സി മൊയ്‌സീൻ കോവ് എന്ന ഇരുപത്തഞ്ചുകാരന്റെ തലയിലാണ് പ്രിസ്മയെ കുറിച്ചുള്ള ആദ്യ ചിത്രം തെളിഞ്ഞത്. ഒരൊറ്റ വിരൽ സ്പർശത്താൽ ഫോട്ടോയുടെ രൂപവും ഭാവവും മാറ്റുന്ന ഒരു സംവിധാനം എന്നതായിരുന്നു അലക്‌സിയുടെ ലക്ഷ്യം. ലക്ഷ്യം സാധിച്ചു, ലോകമെങ്ങുമായി മില്യൺ കണക്കിന് ആരാധകരുമായി. ഇപ്പോഴും പ്രിസ്മ വിശേഷങ്ങൾ തീർന്നിട്ടില്ല.

Prisma will make you fall in love with photo filters all over again എന്നാണ് ദ വെർജിൽ പ്രിസ്മയെക്കുറിച്ച് വന്ന ലേഖനത്തിന്റെ തലക്കെട്ട് തന്നെ. ഫോട്ടോകളെ വിഖ്യാത ചിത്രങ്ങളുടെ ടെസ്റ്ററുകളിലേക്ക് മാറ്റിയാണ് പ്രിസ്മ ആപ്പ് മാജിക് സൃഷ്ടിക്കുന്നത്.

മറ്റു ഫോട്ടോ എഡിറ്റ് ആപ്പുകളെ പോലെ ഫോട്ടോയെ വെറും ചിത്രം ആക്കി ഒതുക്കുന്നതിനു പകരം യഥാർഥ ചിത്രത്തിന്റെ ആത്മാവിനെ നിലനിർത്തി മറ്റൊരു ചിത്രമാക്കി പുനരാവിഷ്‌കരിക്കുന്ന ആപ് എന്നതായിരുന്നു റഷ്യൻ ഇൻറർനെറ്റ് കമ്പനിയിലെ ജോലിക്കാരനായ അലക്‌സിയുടെ മനസ്സിലിരിപ്പ്. തന്റെ ആഗ്രഹം യാഥാർഥ്യമാക്കാൻ അദ്ദേഹം ജോലി രാജിവെച്ച് ആപ്പിനായി മുഴുവൻ സമയം പ്രവർത്തനം തുടങ്ങി. അങ്ങനെ 2016 ജൂൺ 11 നു പ്രിസ്മയുണ്ടായി. വലിയൊരു കച്ചവട പദ്ധതിയായിട്ടായിരുന്നില്ല പ്രിസ്മയുടെ തുടക്കം എന്നു അലക്‌സി പറയുന്നു. അലക്‌സിക്കു പുറമെ ഒൻപതു സഹപ്രവർത്തകരും കൂടിയുള്ള ആപ് കമ്പനിയായ പ്രിസ്മ ലാബിന്റെ ആസ്ഥാനം മോസ്‌കോയാണ്.

സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും കായിക താരങ്ങളുമെല്ലാം പ്രിസ്മ വലയത്തിൽപ്പെട്ടപ്പോൾ വളരെ പെട്ടെന്ന് തന്നെ ആ ഫോട്ടോ എഡിറ്റർ ആപ്പ് ട്രെൻഡായി. ഇത്ര വലിയ ട്രെൻഡ് ആകുമെന്ന് ഒരിക്കലും കരുതിയില്ലെന്നാണ് അലക്സിയുടെ പ്രതികരണങ്ങൾ തെളിയിക്കുന്നത്.

ഇറങ്ങിയിട്ട് ദിവസങ്ങൾ പിന്നിടുമ്പോഴേക്ക് വിവിധ രാജ്യങ്ങളിൽ നിന്നായി കോടിക്കണക്കിന് ഐഫോൺ ഉപഭോക്താക്കളാണ് പ്രിസ്മ ആപ് ഡൗൺലോഡ് ചെയ്തത്. വൈകാതെ തന്നെ വീഡിയോ സൗകര്യം, 360 ഡിഗ്രി പ്രിസ്മ ചിത്രം തുടങ്ങിയ സൗകര്യങ്ങളും പ്രിസ്മയിൽ ലഭ്യമാവുമെന്ന് അണിയറ ശില്പികൾ വ്യക്തമാക്കുന്നു.

പ്രിസ്മയ്ക്ക് സമാനമായ വീഡിയോ ചിത്രങ്ങൾ ഇപ്പോൾതന്നെ വൈറലായി മാറിയിട്ടുണ്ട്. പ്രിസ്മ വീഡിയോ ഇഫക്ട് ഉണ്ടായാൽ എങ്ങനെയിരിക്കും എന്നതിന്റെ ഉദാഹരണമാണ് ഈ വീഡിയോ.

prisma_3നാൽപതു തരം ഫിൽട്ടറുകളുള്ള പ്രിസ്മയിൽ മിക്കവയും പ്രശസ്തമായ പെയിൻറിങ്ങുകളെ അടിസ്ഥാനമാക്കിയാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. നോർവീജിയൻ ചിത്രകാരൻ എഡ്വേഡ് മഞ്ച് വരച്ച പ്രശസ്ത ചിത്രം ദ സ്‌ക്രീം എന്ന പേരിൽ ഒരു ഫിൽട്ടറുണ്ട്. ഡച്ച് ചിത്രകാരനായ മോൺഡ്രിയാനക്കു പുറമെ വാൻഗോഗ് പിക്കാസോ റഷ്യൻ ചിത്രകാരനായ ഐസൻ ലെവിറ്റൻ എന്നിവർക്കും പ്രത്യേകം ഫിൽട്ടറുകളുണ്ട്. ഒരിക്കൽ ഫിൽട്ടറുകൾ നൽകിയാൽ ഇടതു നിന്നു വലത്തോട്ട് വിരലോടിച്ചാണ് ഫിൽട്ടറിൻറെ തീവ്രത കുറയ്ക്കുന്നത്. ഒരൊറ്റ വിരൽ സ്പർശത്താൽ ഫോട്ടോയുടെ രൂപവും ഭാവവും മാറ്റുന്ന പ്രിസ്മ ചിത്രങ്ങളുടെ നിറവും വ്യക്തതയും മാറ്റുന്നതിനു പകരം ഓരോ ഫോട്ടോയുടെയും മർമ്മം തിരിച്ചരിഞ്ഞ് പുതിയ ഫോട്ടോ വികസിപ്പിച്ചെടുക്കുകയാണ്.

ഗ്രാഫിക് നോവലുകളിൽ ആവിഷ്കരിച്ചിട്ടുള്ള സ്റ്റൈലുകളാണ് പ്രിസ്മയുടെ ഓരോ എഡിറ്റിങ്ങ് ടൂളിലും ഉപയോഗിച്ചിട്ടുള്ളത്.