പ്രേമത്തിലെ 'നായകൻ' കോയയാണ്!

കോയയുടെ കാഴ്ചപ്പാടില്‍ പ്രേമം ഒന്നുകൂടി അവതരിപ്പിച്ചാല്‍ സിനിമയിലെ ഒന്നാന്തരം കോമഡി താരമാകും ജോർജ്. കോയയും ശംഭുവും ജോര്‍ജിന്റെ അസാന്നിധ്യത്തില്‍ അയാളെപ്പറ്റി പറയുന്ന തമാശകള്‍ മാത്രം മതിയാവും സിനിമ ഹിറ്റാവാന്‍. കോയയുടെ കഥാപാത്രത്തെ ഫോളോ ചെയ്താൽ മനസ്സിലാവും സിനിമ മനപ്പൂർവം മറച്ചുവെച്ച ജോർജിന്റെ മണ്ടൻ വ്യക്തിത്വം. ആര്‍ ജെ സലിം എഴുതുന്നു.

പ്രേമത്തിലെ

ആർ ജെ സലിം

പ്രേമം ജോർജിന്റെ കഥയാണ്, മൂന്നു കാലഘട്ടത്തിലെ ജോർജിന്റെ കഥ. കുറെ കാലത്തിനുശേഷം ഇറങ്ങിയ ഏറ്റവും മാസ് നായകനും ഏറ്റവും ആഘോഷിക്കപ്പെട്ട നായകനും ഒരുപക്ഷേ ജോർജ് തന്നെ ആയിരിക്കണം. അയാളുടെ ധൈര്യവും, ആണത്തവും, ആക്രമണോത്സുകതയും, അയാൾ പ്രകടിപ്പിക്കുന്ന സാമർത്ഥ്യവും ജോർജ് ആഘോഷിക്കപ്പെട്ടതിന്റെ പ്രധാന കാരണങ്ങളാണ്. കോളേജിൽ ആരെയും കൂസാത്ത പ്രകൃതമുള്ള, തല്ലുണ്ടാക്കാൻ മടി കാണിക്കാത്ത, ക്ലാസ്സില്‍ വെച്ചുപോലും കള്ളുകുടിക്കുന്ന, അങ്ങനെ ആ പ്രായത്തിലുള്ള ചെറുപ്പക്കാരുടെ സകല ഫാന്റസികളും ജോർജ് നിസ്സാരമായി നടത്തിയെടുക്കുന്നുണ്ട്. സിനിമയില്‍ അത്ര ആകർഷകമായാണ് ജോർജ് നമുക്ക് മുന്നിൽ അവതരിപ്പിക്കപ്പെട്ടത്.പ്രേമിക്കുന്ന പെണ്ണിനെ എത്ര മത്സരമുണ്ടായിട്ടും സ്വന്തമാക്കാൻ അവസാനം വരെയും ശ്രമിച്ച, സ്വന്തം ടീച്ചറിനെപ്പോലും പ്രണയിക്കാനും ആ പ്രണയം പ്രകടിപ്പിക്കാനും, ഒരു പരിധിവരെ അത് തിരികെ വാങ്ങാനും വിജയിച്ച, അവസാനം സ്വന്തമായി ബിസിനസ് തുടങ്ങാനും സാമർത്ഥ്യവും കഴിവുമുള്ള ഒരു ചെറുപ്പക്കാരൻ. പക്ഷേ യഥാർത്ഥ ജീവിതത്തില്‍ ജോർജ് അത്രയും മിടുക്കനാണോ? അത്ര ആകർഷകമാണോ ജോർജിന്റെ വ്യക്തിത്വം? അല്ലെന്ന് പറയേണ്ടി വരും എന്ന് മാത്രമല്ല, ജോർജ് അയാളുടെ സുഹൃത്തുക്കളെപ്പോലും ഇമ്പ്രെസ്സ് ചെയ്യാൻ നിരന്തരം പരാജയപ്പെട്ട, ശരാശരിയിലും താഴെ ബുദ്ധിയുള്ള, ഒരു കാര്യത്തെ ചിന്തിച്ചുറപ്പിക്കാൻ പോലും ശേഷിയില്ലാത്ത ഒരു മണ്ടനാണ് എന്ന് പറഞ്ഞാൽ അധികമാവില്ല. ഇതിനൊക്കെ എന്ത് മാങ്ങാത്തൊലിയാ തെളിവുള്ളത്‌ എന്നായിരിക്കും നിങ്ങളിപ്പോള്‍ ചിന്തികുന്നത്. പറയാം.


ജോർജിന്റെ ഏറ്റവുമടുത്ത രണ്ടു സുഹൃത്തുക്കളിൽ, കാര്യങ്ങളെ ഏറ്റവും നന്നായി മനസ്സിലാക്കുന്നത് കോയയാണ്. ശംഭു കൂടുതൽ വികാരപരമായി പെരുമാറുമ്പോള്‍ ജോർജിനെ എടുത്തുചാട്ടക്കാരനായിട്ടാണ് ചിത്രീകരിക്കുന്നത്. എന്നാല്‍ കൂട്ടത്തിലെ സൂത്രധാരൻ കോയയാണെന്നതിന് നിരവധി സൂചനകളുണ്ടുതാനും. ആ കോയയുടെ കഥാപാത്രത്തെ ഫോളോ ചെയ്താൽ മനസ്സിലാവും സിനിമ മനപ്പൂർവം മറച്ചുവെച്ച ജോർജിന്റെ മണ്ടൻ വ്യക്തിത്വം. ആദ്യമായി പ്രേമലേഖനം കൊടുക്കാൻ വരുമ്പോൾ പോലും ജോർജ് വൈകിയാണ് വരുന്നത്. പക്ഷേ കോയയും ശംഭുവും അവരുടെ കാര്യമല്ല എങ്കിൽക്കൂടി അവിടെ നേരത്തെ എത്തുന്നുണ്ട്. അസ്വസ്ഥനായി കോയ ചോദിക്കുന്നുണ്ട്, “ഇവനാണോ അതോ നമ്മളാണോ പ്രേമിക്കുന്നത്” എന്ന്.


മേരിയുടെ അച്ഛൻ കാരണം തിരിഞ്ഞോടേണ്ടി വരുന്നതിനിടക്ക് ജോർജിന്റെ കൈയിൽ നിന്ന് തറയിൽ വീണ കത്ത്, കോയയാണ് നിലത്തു നിന്ന് എടുത്തോടുന്നത്. കാരണം അത് മേരിയുടെ അച്ഛന്റെ കൈയിൽ കിട്ടിയാലുള്ള ഭവിഷ്യത്ത് ജോർജിന് അറിയില്ലെങ്കിലും കോയക്കറിയാം. ആ കത്ത് വായിച്ചിട്ട് കോയ ജോർജിനോട് ചോദിക്കുന്നുണ്ട്, “മേരിയെക്കാണാൻ ചാള വറുത്ത ലുക്കാണ് എന്നൊക്കെ എന്തർത്ഥമാക്കിയാണ് നീ എഴുതി വെച്ചത്” എന്ന്. അതിലെ അക്ഷരത്തെറ്റും വ്യാകരണപ്പിശകും മനസ്സിലാക്കിയിട്ടെന്നോണം ആ കത്ത് വായിച്ചു തുടങ്ങുമ്പോള്‍ തന്നെ കോയയുടെ മുഖത്ത് പുച്ഛമാണ്. ഇംഗ്ലീഷില്‍ എഴുതട്ടെയെന്നു ജോര്‍ജ് ചോദിക്കുമ്പോള്‍ ഇവനെ എങ്ങനെയാണ് ഒന്ന് പറഞ്ഞു മനസ്സിലാക്കുന്നത്‌ എന്ന ഭാവത്തിലാണ് കോയ “എടാ..അത് വേണോ” എന്ന് തിരിച്ചു ചോദിക്കുന്നത്.


Premamചെറിയ ആശയങ്ങൾ പോലും അബദ്ധം പിണയാതെ വൃത്തിയായി പ്രകടിപ്പിക്കാൻ പറ്റാത്ത ഒരുവനാണ് ജോർജ് എന്നുള്ള ക്ലൂകൾ സിനിമയിൽ ഉടനീളമുണ്ട്. ഇതേ അബദ്ധം രണ്ടാം വട്ടവും സിനിമയിൽ കാണിക്കുന്നത് അവസാനം കേക്കിൽ പേരെഴുതുമ്പോഴാണ്. പേരിലെ ആള്‍ ആരാണ് എന്ന് മനസ്സിൽ വന്ന ചോദ്യം അതേപടി കേക്കിലോട്ടു പകർത്തിയാണ് അപ്പോൾ അയാൾ അബദ്ധം കാണിക്കുന്നത്. അതായതു വർഷങ്ങൾ കഴിഞ്ഞിട്ടും ജോർജ് അതേ പഴയ മരമണ്ടന്‍ ജോർജ് തന്നെയാണെന്ന് വ്യക്തം. ജീവിതത്തില്‍ പിണഞ്ഞ തിരിച്ചടികള്‍ കൊണ്ടു ജോർജിന് വന്നു ചേർന്ന ഗൌരവമാണ് അയാളെ ഒരു പരിധി വരെ രക്ഷിച്ചു കൊണ്ട് പോകുന്നത്.


പ്രണയം തുറന്നു പറയാൻ പോകുന്ന ജോർജിനോടു കോയ പലവട്ടം ആവർത്തിക്കുന്ന ഒരു വാചകമുണ്ട്- "നീ പോകുമ്പോൾ നീയായിട്ടു പോണ്ട" എന്ന്. ജോർജിന് ശംഭു നല്‍കുന്നത് തുറന്ന പിന്തുണയാണ്. പക്ഷെ കോയ, ജോർജിനെ കൂടുതൽ മനസ്സിലാക്കിയത്‌ കൊണ്ടാവാം പലപ്പോഴായി ഇതേ ഉപദേശം ആവർത്തിക്കുന്നത്. പക്ഷെ അതിന്റെയൊന്നും കാരണം കോയ ജോർജിനോടോ ശംഭുവിനോടോ അപ്പോൾ പറയുന്നില്ല. ഒരുപക്ഷേ ജോർജിന്റെ ആത്മവിശ്വാസം തകർക്കണ്ട എന്ന് കരുതിയാവണം പലപ്പോഴും പല കാര്യങ്ങളും കോയ പറയാതിരിക്കുന്നത്. പിന്നീടു പക്ഷേ സുഹൃത്തിന്റെ ബാച്ചിലർ പാര്‍ട്ടിക്കിടയില്‍ കോയ അതിനു വിശദീകരണം നല്‍കുന്നുണ്ട്- നീ പണ്ട് ഭയങ്കര ബോറായിരുന്നു എന്ന്.


മൂവരും പഠിത്തത്തിൽ മോശമായിട്ടാണ് ആദ്യവട്ടം പ്രീഡിഗ്രി തോല്ക്കുന്നത്. കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ വിഷയങ്ങള്‍ തോല്‍ക്കുന്നത് ജോർജാണ്, നാലെണ്ണത്തിന്. ശംഭു മൂന്നെണ്ണത്തിൽ തോറ്റപ്പോൾ കോയ തോറ്റത് വെറും ഒരു വിഷയത്തിനാണ് എന്ന് സിനിമ തന്നെ പറയുന്നു. അതായതു കൂട്ടത്തിലെ പഠിക്കാനും ഏറ്റവും മണ്ടൻ ജോർജ് തന്നെയാണ് എന്നർത്ഥം.


പ്രീഡിഗ്രി കഴിഞ്ഞു കോളെജിലെത്തിയപ്പോൾ ജോർജ് ആകെ മാറിയതായി കാണിക്കുന്നുണ്ട്. പക്ഷെ മാറ്റം കൂടുതലും രൂപത്തിലാണ് എന്ന് ശ്രദ്ധിച്ചാൽ മനസ്സിലാവും. കോളേജിൽ എത്തിയപ്പോൾ, പഴയ പ്രണയത്തിൽ തിരിച്ചടികൾ നേരിട്ട ജോർജ്‌ കൂടുതൽ ടഫ് ആയിക്കഴിഞ്ഞു. കോളേജിൽ വെച്ചുള്ള ജോർജിന്റെ എല്ലാ പെരുമാറ്റവും ശംഭു അകമഴിഞ്ഞ് പിന്താങ്ങുമ്പോൾ, കോയ പല പെരുമാറ്റത്തെയും ഒരു സുഹൃത്തായി നിന്ന് തന്നെ വിമർശിക്കുന്നുണ്ട്. മലരിനെ പ്രേമിക്കാൻ പോകുമ്പോഴും, മലരിനെ ക്ലാസ്സിനു പുറത്തുനിന്നു ജോർജ് ഒളിഞ്ഞു നോക്കുമ്പോഴും ഇതിന്റെയൊക്കെ ഭവിഷ്യത്ത് മനസ്സിലാകിയിട്ടെന്നോണം കോയ എതിർക്കുന്നുണ്ട്. മലരിനു മുല്ലപ്പൂവു വാങ്ങാൻ ജോർജ് പോകുമ്പോഴും കോയ നേരത്തെ പറഞ്ഞ വാചകം ആവർത്തിക്കുന്നുണ്ട്- “നീ നീയായിട്ടു പോണ്ട” എന്നുള്ളത്. കാരണം കോയക്ക് ഉറപ്പാണ് ജോർജ് ജോർജായിട്ട് പോയാൽ ആര്‍ക്കും അയാളെ ഇഷ്ടപ്പെടാനുള്ള സാധ്യത വളരെ വിരളമാണെന്ന്.


പിന്നീട് വർഷങ്ങൾ കഴിയുന്നു. ജോർജ് ഡിഗ്രി ജയിച്ചെന്നോ ഇല്ലെന്നോ കാണിക്കുന്നില്ല. മലർ പോയ വിഷമത്തിൽ തോൽക്കാനാണ് കൂടുതലും സാധ്യത. പക്ഷെ അപ്പോഴൊക്കെ കോയയെ കാണിക്കുന്നത് എക്സിക്യുട്ടീവ് വേഷത്തിലാണ് എന്നത് ശ്രദ്ധിക്കുക. അയാളുടെ ജോലിയുടെ നിലവാരം അതില്‍ നിന്ന് വ്യക്തമാണ്‌. അതിനിടയിൽ കോയ ഒരു നായര് പെണ്ണിനെ പ്രേമിച്ചു കല്യാണവും കഴിച്ചു എന്നൊക്കെ പറയുന്നുണ്ട്. വീട്ടുകാരുടെയും നാട്ടുകാരുടെയും എതിർപ്പ് അക്കാര്യത്തിൽ ഉറപ്പായിട്ടും ഉണ്ടായിക്കാണണം. എന്നിട്ടും കോയ അത് സാധിച്ചെങ്കിൽ അതയാളുടെ മിടുക്ക് സൂചിപ്പിക്കുന്നു. ആ സമയം ജോർജ് സ്വന്തം കഫേ നോക്കി നടത്തുകയാണ്. എന്നാൽ ഒരു സമയത്തും അവിടെ തിരക്കുള്ളതായി കാണുന്നില്ല എന്ന് മാത്രമല്ല പലപ്പോഴും ഒഴിഞ്ഞ കഫേയാണ് നമ്മള്‍ കാണുന്നത്. അതും വിരല്‍ ചൂണ്ടുന്നത് ജോര്‍ജിന്റെ ബിസിനസ് സെന്‍സിന്റെ പിടിപ്പുകേടിലേക്കാണ്.


കഫേയില്‍ വെച്ച് ജോര്‍ജിന് കൊടുക്കാന്‍ സെലിന്‍ ഒരു കത്ത് ജോജോയെ ഏല്‍പ്പിക്കുന്നുണ്ട്. അത് വായിക്കുന്ന ഒരേയൊരാള്‍ കോയയാണ്. ശംഭുവിനു പോലും അതിനകത്ത് എന്താണ് എന്നറിയില്ല എന്നോർക്കണം. അത് വായിച്ച ഉടനെ കോയ ജോജോയോടും ശംഭുവിനോടും പറയുന്നുണ്ട്, അങ്ങനെയൊരു കത്ത് കിട്ടിയ കാര്യം ജോർജിനോട് പറയരുതെന്ന്‍. സിനിമയുടെ അവസാനം ജോര്‍ജിനെയും സെലിനെയും നോക്കി കോയ പറയുന്നുണ്ട് “എനിക്കുറപ്പായിരുന്നു ഇവന്‍ ഇവളയെ കേട്ടുള്ളൂ.” എന്ന്. അതിന്റെ കാരണം ശംഭു ചോദിക്കുമ്പോള്‍, കോയ, സെലിന്‍ മുന്‍പ് നല്‍കിയ ആ കത്തിനെപ്പറ്റി പറയുന്നുണ്ട്. അതു മുഴുവന്‍ പൊട്ട തെറ്റായിരുന്നു എന്ന് കോയ പറയുമ്പോള്‍ ശംഭുവും കോയയോടു ചേര്‍ന്ന് പറയുന്നുണ്ട്, അപ്പോ ഇവള്‍ ഇവന് കറക്റ്റ് മാച് ആണെന്ന്.


കോയയുടെ കാഴ്ചപ്പാടില്‍ പ്രേമം ഒന്നുകൂടി അവതരിപ്പിച്ചാല്‍ സിനിമയിലെ ഒന്നാന്തരം കോമഡി താരമാകും ജോർജ്. കോയയും ശംഭുവും ജോര്‍ജിന്റെ അസാന്നിധ്യത്തില്‍ അയാളെപ്പറ്റി പറയുന്ന തമാശകള്‍ മാത്രം മതിയാവും സിനിമ ഹിറ്റാവാന്‍.