കണക്കുകളിൽ നിഗൂഢത; ഭൗതിക സൗകര്യങ്ങൾ പലതും ശരാശരിയ്ക്കു താഴെ; പി ടി ഉഷ മറുപടി പറയേണ്ട കാര്യങ്ങൾ!

അത്‌ലറ്റുകളെ പരിശീലിപ്പിക്കുന്നതിൽ അവിഭാജ്യഘടകമാണ് ജിംനേഷ്യം. ഉഷ സ്‌കൂളിലെ ജിംനേഷ്യം കാണണോ? 'പ്രദർശന വസ്തുവായ' ജിംനേഷ്യം ഉപകരണങ്ങളിൽ ഫോട്ടോ സെഷനുവേണ്ടി കുട്ടികളെ കയറ്റിയിരിക്കുകയാണ്. കുട്ടികളുടെ ദേഹത്ത് നിന്നും മണ്ണും വിയർപ്പും പറ്റാതിരിക്കാൻ ഉപകരണങ്ങളിൽ ടവൽ വിരിച്ചിരിക്കുന്നു

കണക്കുകളിൽ നിഗൂഢത; ഭൗതിക സൗകര്യങ്ങൾ പലതും ശരാശരിയ്ക്കു താഴെ; പി ടി ഉഷ മറുപടി പറയേണ്ട കാര്യങ്ങൾ!

കോർപറേറ്റുകളിൽ നിന്നും മറ്റും വൻതുക സിഎസ്ആർ ഫണ്ടു ശേഖരിക്കുന്ന ഉഷ സ്‌കൂൾ ഓഫ് അത്‌ലെറ്റിക്‌സിലെ ഭൗതികസാഹചര്യങ്ങൾ പലതും ശരാശരിയ്ക്കും ഏറെത്താഴെ. ശരാശരി നിലവാരം ഉള്ള ഒരു ട്രാക് പോലും ഉഷ സ്‌കൂളിൽ ഇല്ലെന്ന് പരാതിയുണ്ട്. അത്‌ലറ്റുകളുടെ പരിശീലനത്തിന് നീന്തൽ അനിവാര്യമാണെന്നിരിക്കെ നാളിതുവരെയായി നീന്തൽക്കുളം  നിർമിച്ചിട്ടില്ല. സർക്കാർ സ്‌കൂളുകൾ പോലും കുട്ടികൾക്കായി സ്വിമ്മിങ് പൂളുകൾ നിർമിക്കുന്ന ഈ കാലത്ത് രാജ്യാന്തര അത്‌ലറ്റുകളെ 'വാർത്തെടുക്കുന്നു' എന്ന് അവകാശപ്പെടുന്ന ഒരു സ്ഥാപനത്തിലാണ് ഈ ദുര്യോഗം.


സാമ്പത്തിക കാര്യങ്ങളിൽ ഒട്ടും സുതാര്യത ഉഷ സ്കൂളിനില്ല. വൻ തുക ഫീസും ഡൊണേഷനും സ്വീകരിക്കുന്ന ഗോപീചന്ദ് ബാഡ്മിന്റൺ അക്കാദമിയൊക്കെ കണക്കുകൾ സുതാര്യമായി പരസ്യപ്പെടുത്തുമ്പോഴാണ് ഈ നിഗൂഢത. ഗോപീചന്ദ് ബാഡ്മിന്റൺ അക്കാദമിയുടെ വിക്കിപീഡിയ പേജിൽ അക്കാദമിയുടെ ബന്ധപ്പെട്ട കണക്കുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ ഉഷ സ്‌കൂളിന് ലഭിക്കുന്ന സംഭാവനകളുടെ കാര്യത്തിൽ ആർക്കും ഒരറിവുമില്ല. എത്ര തുക കിട്ടിയെന്നോ ഏതൊക്കെ കാര്യങ്ങൾക്ക് എത്രവീതം ചെലവിട്ടുവെന്നോ ഉളള ഒരു കണക്കും പ്രസിദ്ധപ്പെടുത്തിയിട്ടില്ല.

ഉഷ സ്‌കൂളിനെ സാമ്പത്തികമായി സഹായിക്കുന്ന വൻകിട ഇന്ത്യൻ കോർപറേറ്റുകളുടെ വിവരം അവരുടെ വെബ്സൈറ്റിൽ ലഭ്യമാണ്. ഇത്രയധികം വമ്പന്മാരുടെയും സംസ്ഥാന/കേന്ദ്ര സർക്കാരുകളുടെയും സഹായവും ലഭ്യമായിട്ടും ഉഷ സ്‌കൂളിലെ ഭൗതിക സാഹചര്യം ഒട്ടും മെച്ചപ്പെട്ടിട്ടില്ല.

അത്‌ലറ്റുകളെ പരിശീലിപ്പിക്കുന്നതിൽ അവിഭാജ്യഘടകമാണ് ജിംനേഷ്യം. ഉഷ സ്‌കൂളിലെ ജിംനേഷ്യം കാണണോ? വെബ്‌സൈറ്റിൽ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'പ്രദർശന വസ്തുവായ' ജിംനേഷ്യം ഉപകരണങ്ങളിൽ ഫോട്ടോ സെഷനുവേണ്ടി കുട്ടികളെ കയറ്റിയിരിക്കുകയാണ്. കുട്ടികളുടെ ദേഹത്ത് നിന്നും മണ്ണും വിയർപ്പും പറ്റാതിരിക്കാൻ ഉപകരണങ്ങളിൽ ടവൽ വിരിച്ചിരിക്കുന്നു. ഇത്തരം ഒരു ജിംനേഷ്യത്തിന് ചെലവായ തുക എത്രയെന്ന് ഉപകരണങ്ങൾ നോക്കിയാലറിയാം.

usha-new

എല്ലാ കായിക പരിശീലന അക്കാദമിക്കും ഫീസ് സ്ട്രക്ച്ചറും ഫുഡ് മെനുവും ഒക്കെയുണ്ട്. ഇതനുസരിച്ച് എണ്ണി കാശ് വാങ്ങുകയും ചെയ്യും. ഉഷ സ്‌കൂളിൽ കുട്ടികൾക്ക് വരുന്ന തുകകളിൽ സിംഹഭാഗവും ഉഷക്കുതന്നെ. ഇക്കാര്യത്തിൽ ടിന്റുവിന്റെ അനുഭവം തന്നെയാണ് എല്ലാവർക്കും. കൗമാരക്കാരായ പെൺകുട്ടികൾക്ക് അംഗൻവാടിവഴി വിതരണം ചെയ്യുന്ന അമൃതം പൊടിയെങ്കിലും വാങ്ങി നൽകിയിരുന്നെങ്കിൽ കുട്ടികൾക്ക് അത് ഒരു അനുഗ്രഹമായേനെ എന്നാണ് പലരും നാരദാ ന്യൂസിനോട് പരിഹസിച്ചത്.

നേട്ടങ്ങൾ ഉഷാ മാഡത്തിന്റെതല്ല, കുട്ടികളുടേത് മാത്രമാണ്

ഉഷ പരിശീലിപ്പിച്ച കുട്ടികളുടെ നേട്ടങ്ങൾ എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നതെല്ലാം കുട്ടികളുടെ കഴിവുകൊണ്ട് നേടിയെടുത്തതാണെന്ന് 1999 മുതൽ സ്‌കൂൾ കായികമേളകളിൽ സജീവമായ ഒരു സ്പോർട്സ് ഒഫീഷ്യൽ നാരദാ ന്യൂസിനോട് പറഞ്ഞു. ടിന്റുവടക്കം എല്ലാ കുട്ടികളും കേരളത്തിലെ ഏറ്റവും മികച്ച അത്‌ലറ്റുകൾ ആണ്. ഇവർ എല്ലാം കോമൺവെൽത്ത്/ഏഷ്യാഡ്‌ നിലവാരത്തിൽ സ്‌കൂൾ/നാഷണൽ മീറ്റുകളിൽ ഓടുന്നവരാണ്. ഇങ്ങനെയുളള കുട്ടികളെ തെരഞ്ഞുപിടിച്ച് തന്റെ സ്‌കൂളുകളിലേക്ക് റിക്രൂട്ട് ചെയ്യുകയാണ് ഉഷ. അങ്ങനെയാണ് ആ കുട്ടികളുടെ നേട്ടങ്ങളുടെ അവകാശിയായി ഉഷ സ്വയം അവരോധിക്കുന്നത്. 'ഉഷയുടെ കുട്ടികൾ' എന്ന ഒരു ബ്രാൻഡ് നിർമിച്ചെടുക്കുകയാണ് അവർ ചെയ്യുന്നത്. - സ്പോർട്സ് ഒഫീഷ്യൽ നാരദാ ന്യൂസിനോട് പറഞ്ഞു.

[caption id="attachment_38065" align="alignnone" width="640"]Screen Shot 2016-08-22 at 3.57.57 PM
മുഖവും വിലാസവും ഇല്ലാത്ത പൂർവ വിദ്യാർത്ഥികൾ[/caption]

ഉഷയുടെ സ്‌കൂൾ വരുന്നതിനു മുൻപേ കേരളത്തിൽ പ്രഗത്ഭരായ അനേകം അത്‌ലറ്റുകൾ ഉണ്ടായിരുന്നു. ഉഷ പിന്നീട് തളളിപ്പറഞ്ഞ കോച്ച് ഒ എം നമ്പ്യാർ പരിശീലിപ്പിച്ച സുകുമാരിയും ലിനെറ്റുമെല്ലാം പ്രതിഭയുടെ മിന്നലാട്ടങ്ങൾ കാട്ടിയവരാണ്. ദേശീയ മത്സരങ്ങളിൽ 400 മീറ്ററിൽ 5 സ്വർണമെഡൽ ഉൾപ്പെടെ 1999ൽ സിംഗപ്പൂരിൽ നടന്ന ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയ സുകുമാരിയുടെ നേട്ടം കേരളത്തിന്റെ എഴുതപ്പെട്ട കായികചരിത്രത്തിലെവിടെയും ഇല്ല. തന്റെ നേട്ടമെന്ന് ഉഷ കൊട്ടിഘോഷിക്കുന്ന ദേശീയ സ്പോർട്സ് നേട്ടങ്ങളെക്കാൾ മികച്ചവ പണ്ട് കോരുത്തോട്ടെ ഒരു 'സാദാ' സ്‌കൂൾ കായികാധ്യാപകൻ തോമസ് മാഷ് തന്റെ ശിഷ്യരിലൂടെ നേടിയെടുത്തിട്ടുണ്ട്.

ഉഷ എന്ന വലിയ ഒരു ബ്രാൻഡിൽ ആകർഷിക്കപ്പെടുന്ന കുട്ടികളാണ് ഉഷ സ്‌കൂളിൽ എത്തുന്നത്. ഉഷ സ്‌കൂളിലേക്കുള്ള സെലക്ഷനിൽ തന്നെ അവർ കാഴ്ചവെക്കുന്നത് ദേശീയ നിലവാരത്തിന്റെ അതിനു മുകളിലോ ഉള്ള പ്രകടനമാണ്. അത്തരം കുട്ടികളെ പരിശീലിപ്പിക്കാൻ ഉഷയുടെ സ്ക്കൂളിലെ സൗകര്യങ്ങൾ മതിയോ എന്നതാണ് പ്രസക്തമായ ചോദ്യം.
 ടിന്റുവിന്റെ അമ്മാവന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ നിഷേധിക്കാനോ അവയോട് പ്രതികരിക്കാനോ തയ്യാറല്ലെന്ന് ഉഷ സ്‌കൂള്‍ കോ ഫൗണ്ടര്‍ പിഎ അജനചന്ദ്രന്‍ നാരദാ ന്യൂസിനോട് പ്രതികരിച്ചു. ടിന്റുവോ അവരുടെ മാതാപിതാക്കളോ പരാതി ഉന്നയിക്കുകയാണെങ്കില്‍ അവയോട് പ്രതികരിക്കുകയും മറുപടി നല്‍കുകയും ചെയ്യും. ഉഷ സ്‌കൂളിനെതിരെ ആരെങ്കിലും ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കേണ്ട ആവശ്യമില്ലെന്നും പിഎ അജനചന്ദ്രന്‍ നാരദാ ന്യൂസിനോട് പറഞ്ഞു.

Read More >>