ഇന്ത്യന്‍ കായിക ലോകം താരങ്ങള്‍ക്ക് എന്ത് നല്‍കി? പൂജാ കുമാരി ചൗഹാന്റെ ആത്മഹത്യ ഉയര്‍ത്തുന്ന ചോദ്യം

ഇന്ത്യന്‍ കായിക ലോകം കായിക താരങ്ങള്‍ക്ക് എന്ത് പിന്തുണ നല്‍കുന്നു എന്ന ചോദ്യം അവസാനിപ്പിച്ചാണ് പൂജാ കുമാരി ജീവന്‍ അവസാനിപ്പിച്ചത്.

ഇന്ത്യന്‍ കായിക ലോകം താരങ്ങള്‍ക്ക് എന്ത് നല്‍കി? പൂജാ കുമാരി ചൗഹാന്റെ ആത്മഹത്യ ഉയര്‍ത്തുന്ന ചോദ്യം

ഇന്ത്യന്‍ കായിക രംഗത്തെ ദുരവസ്ഥ വെളിപ്പെടുത്തുന്ന മറ്റൊരു സംഭവം കൂടി. സാമ്പത്തിക ബുദ്ധിമുട്ട് മൂലം ദേശീയ ഹാന്‍ഡ്‌ബോള്‍ താരം പൂജ കുമാരി ചൗഹാന്‍(20) ആത്മഹത്യ ചെയ്ത വാര്‍ത്ത കഴിഞ്ഞ ദിവസമാണ് രാജ്യം കേട്ടത്.

ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് സ്വന്തം രക്തം കൊണ്ട് ആത്മഹത്യാകുറിപ്പെഴുതിയാണ് പൂജാ കുമാരി ജീവന്‍ വെടിഞ്ഞത്. ഇന്ത്യന്‍ കായിക ലോകം കായിക താരങ്ങള്‍ക്ക് എന്ത് പിന്തുണ നല്‍കുന്നു എന്ന ചോദ്യം അവസാനിപ്പിച്ചാണ് പൂജാ കുമാരി ജീവന്‍ അവസാനിപ്പിച്ചത്.


ഒളിമ്പിക്സ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തുമ്പോള്‍ കായിക താരങ്ങളേയും പരിശീലകരേയും മാത്രം പഴി പറഞ്ഞും പരിഹസിച്ചും ചര്‍ച്ചകള്‍ നടത്തി വിഷയം അവസാനിപ്പിക്കുകയാണ് പതിവ്. കായിക മേഖലയില്‍ വന്‍ നേട്ടങ്ങള്‍ കൊയ്യുന്ന, ഇന്ത്യയേക്കാളും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ മികച്ച പ്രകടനം നടത്തുമ്പോള്‍ എന്തുകൊണ്ട് നമ്മുടെ താരങ്ങള്‍ നിരാശപ്പെടുത്തുന്നു എന്നതിനുള്ള ഉത്തരമാണ് പൂജാ കുമാരിയുടെ ആത്മഹത്യാ കുറിപ്പ്.

പട്യാല ഖല്‍സ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് പൂജാ കുമാരി. സ്‌പോര്‍ട്‌സ് ക്വോട്ടയിലുള്ള സൗജന്യ ഹോസ്റ്റല്‍ സൗകര്യവും ഭക്ഷണവും നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പരാധീനത മൂലമാണ് ആത്മഹത്യ ചെയ്തത്.

ആത്മഹത്യാ കുറിപ്പില്‍ 'എന്റെ കുടുംബത്തെ സഹായിക്കൂ, മോദീജീ' എന്നാണ് പൂജാ കുമാരി എഴുതിയത്.

Handball_player_suicideഉത്തര്‍പ്രദേശില്‍ നിന്നും പഞ്ചാബിലേക്ക് കുടിയേറിയ കുടുംബമാണ് പൂജാ കുമാരിയുടേത്. പിതാവ് പ്രഭു ചൗഹാന്റെ പച്ചക്കറി കടയില്‍ നിന്നുള്ള തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം ജീവിക്കുന്നത്. ഈ വരുമാനം കൊണ്ട് പൂജയുടെ പഠനമോ പരിശീലനമോ നടക്കില്ല. അതിനാല്‍ സ്‌പോര്‍ട്‌സ് ക്വോട്ടയിലുള്ള ഹോസ്റ്റലും ഭക്ഷണവുമായിരുന്നു പൂജയുടെ പ്രതീക്ഷ.

'അഞ്ച് രൂപ ചെലവാക്കുന്നതിന് പോലും ഞാന്‍ നൂറ് തവണ ആലോചിക്കും. ഹോസ്റ്റല്‍ സൗകര്യം ലഭിക്കാതിരുന്നാല്‍ മാസം 3,720 രൂപ ചെലവാക്കി വേണം എനിക്ക് കോളേജിലെത്താന്‍. എന്റെ കുടുംബത്തിന് ഇത് താങ്ങാവുന്നതിലും വലിയ തുകയാണ്'. ആത്മഹത്യാ കുറിപ്പിലെ പൂജയുടെ വാക്കുകള്‍.

'എന്നെ പോലെ പരിഗണന ലഭിക്കാത്ത പെണ്‍കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യം ഉറപ്പാക്കണം' എന്നും കത്തില്‍ പൂജ ആവശ്യപ്പെടുന്നു.

കഴിഞ്ഞ വര്‍ഷമാണ് പൂജ കോളേജില്‍ ചേര്‍ന്നത്. ഹാന്‍ഡ്‌ബോള്‍ താരമായ പൂജയ്ക്ക് സൗജന്യ ഭക്ഷണവും താമസ സൗകര്യവും വാഗ്ദാനം ചെയ്താണ് കോളേജ് അധികൃതര്‍ അഡ്മിഷന്‍ നല്‍കിയത്. എന്നാല്‍ കോളേജിന് വേണ്ടി മെഡല്‍ നേടാന്‍ കഴിയാഞ്ഞതോടെ കായിക അധ്യാപകന്‍ ഗുരുശരണ്‍ സിംഗ് ഗില്ലിന്റെ മട്ടുമാറി. ഇയാളാണ് പൂജക്ക്‌ ഹോസ്റ്റല്‍ സൗകര്യം നിഷേധിച്ചതെന്ന് പൂജയുടെ കത്തില്‍ പറയുന്നു. കോളേജിന് വേണ്ടി മെഡല്‍ നേടാന്‍ കഴിയാത്തതിനാല്‍ ഹാന്‍ഡ്‌ബോള്‍, ഹോക്കി, കബഡി താരങ്ങളോടും മോശം പെരുമാറ്റമാണ് ഗുര്‍ശരണ്‍ ഗില്ലിനുണ്ടായിരുന്നതെന്നും പൂജ ആരോപിക്കുന്നു.

എന്നാല്‍, പൂജയുടെ ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നിഷേധിച്ച് കോളേജ് അധികൃതരും രംഗത്തെത്തിയിട്ടുണ്ട്. സൗജന്യ ഹോസ്റ്റല്‍ സൗകര്യത്തിനായി പൂജ അധികൃതരെ സമീപിച്ചിട്ടില്ലെന്നാണ് കോളേജിന്റെ നിലപാട്.

കായികാധ്യാപകന്‍ ഗുര്‍ശരണ്‍ ഗില്ലിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് പോലീസ് കേസെടുത്തു.

മികച്ച പിന്തുണയോ സാഹചര്യങ്ങളോ ഇല്ലാതെ സ്വന്തം പ്രയത്നത്തിലാണ് ഇന്ത്യയിലെ കായിക താരങ്ങളില്‍ ഭൂരിഭാഗവും കായിക മേഖലയില്‍ സ്വന്തം ഇടം അടയാളപ്പെടുത്തുന്നത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ സ്വപ്രയത്‌നത്താല്‍ മാത്രം ശ്രദ്ധിക്കപ്പെടുമ്പോഴാണ്  ഇന്ത്യന്‍ കായിക ലോകം താരങ്ങളെ അംഗീകരിക്കാന്‍ തുടങ്ങുന്നത്. വര്‍ഷങ്ങളായുള്ള ആത്മസമര്‍പ്പണത്തിന്റേയും കഠിനാധ്വാനത്തിന്റേയും ഫലമായി റിയോയില്‍ തലയുയര്‍ത്തി നിന്ന ദീപ കര്‍മ്മാക്കറിനേയും സാക്ഷി മലിക്കിനേയും പിവി സിന്ധുവിനേയും ഉയര്‍ത്തിപ്പിടിച്ച് 130 കോടി ജനങ്ങളുടെ അഭിമാനം എന്ന് വീമ്പ് പറച്ചില്‍ മാത്രമാണ് ഇന്ത്യക്ക് ചെയ്യാനുള്ളത്.

മികച്ച അവസരങ്ങളും മെച്ചപ്പെട്ട സാഹചര്യങ്ങളും നല്‍കി ലോക നിലവാരത്തിലുള്ള കായിക താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ഇനി എത്ര പൂജാ കുമാരിമാര്‍ ജീവന്‍ വെടിയേണ്ടി വരുമെന്ന ആശങ്ക മാത്രം ബാക്കി.