കുടിപ്പകയുടെ നീതിശാസ്ത്രം ആർക്കുവേണ്ടിയും അറച്ചുനിൽക്കുന്നില്ല; പതം പെരുകുമ്പോൾ സംഭവിക്കുന്നത്...

കോടിയേരിയുടെ ആഹ്വാനം ശിരസാവഹിക്കുന്ന സിപിഐഎമ്മുകാര്‍ ധനരാജിന്റെ കൊലയാളികള്‍ക്കു പുറകേയുണ്ടാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അപ്പോള്‍ രാമചന്ദ്രന്റെ കാര്യത്തിലോ? അവിടെ ബിജെപിക്കാര്‍ക്കു വഴി കാട്ടുന്നതും കോടിയേരി തന്നെയാണ്. നിരപരാധിയായ രാമചന്ദ്രന്റെ ജീവനെടുത്തവര്‍ക്കുള്ള കൂലി അവര്‍ക്കും കൊടുക്കേണ്ടി വരും. അങ്ങനെ വരുമ്പോള്‍ ഇതെവിടെ ചെന്നു നില്‍ക്കും?

കുടിപ്പകയുടെ നീതിശാസ്ത്രം ആർക്കുവേണ്ടിയും അറച്ചുനിൽക്കുന്നില്ല; പതം പെരുകുമ്പോൾ സംഭവിക്കുന്നത്...

ഒരുവനെ ഒരാളോ കൂട്ടംചേര്‍ന്നോ കൊലചെയ്താല്‍ മരിച്ച ആളിന്റെ വീട്ടുകാര്‍ ഘാതകന്റെ വംശഛേദം നടത്തുകയാണ് കുടിപ്പകയുടെ സ്വരൂപം. മരിച്ചവന്റെ ജഡം കൊന്നവന്റെ വീട്ടുമുറ്റത്തെന്നൊരു ശൈലി തന്നെ നമുക്കുണ്ട്. കൊന്നവന്റെ വീട്ടിലോ ആ പറമ്പില്‍ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ പുരയിലോ മരിച്ചവന്റെ ജഡം കൊണ്ടുവന്നുവെച്ചു ദഹിപ്പിക്കലാണ് വീര്യമുള്ള പകപോക്കലിന്റെ യഥാര്‍ത്ഥ രൂപം

(പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, പി ഭാസ്‌കരനുണ്ണി, പേജ് 737)രണ്ടു മാസത്തിനുള്ളില്‍ നടന്ന നാലു രാഷ്ട്രീയ കൊലപാതകങ്ങളുടെ സൂക്ഷ്മമായ താരതമ്യം കേരളത്തെ ചില യാഥാര്‍ത്ഥ്യങ്ങളിലേയ്ക്കു വിളിച്ചുണര്‍ത്തുന്നുണ്ട്. പയ്യന്നൂരില്‍ സിപിഐ(എം) പ്രവര്‍ത്തകനായ സി. വി. ധനരാജിനെ ആര്‍എസ്എസുകാര്‍ വീട്ടില്‍ കയറി വെട്ടിക്കൊന്ന് മണിക്കൂറുകള്‍ക്കകം സിപിഐ(എം) തിരിച്ചടിച്ചു. സമാനമായി വധിക്കപ്പെട്ടത് ബിജെപി-ബിഎംസ് പ്രവര്‍ത്തകനായിരുന്ന പി കെ രാമചന്ദ്രന്‍.   ധനരാജിന്റെ കൊലപാതകത്തിലോ ആസൂത്രണത്തിലോ ഗൂഢാലോചനയിലോ രാമചന്ദ്രനു പങ്കുള്ളതായി സിപിഐഎമ്മുകാര്‍ക്കുപോലും ആരോപണമില്ല. എന്നിട്ടും, കൊലയാളികളെന്ന് ആരോപിക്കപ്പെട്ടവരുടെ പാര്‍ടിയില്‍ അംഗമായിരുന്നു എന്ന ഒറ്റക്കാരണം കൊണ്ട് പി കെ രാമചന്ദ്രന്‍ കൊല്ലപ്പെട്ടു.

ധനരാജിന്റെ കൊലപാതകം ആസൂത്രണം ചെയ്‌തെന്ന് സംശയിക്കപ്പെടുന്ന മറ്റൊരാളിനെ തിരഞ്ഞാണ് അക്രമി സംഘം എത്തിയതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഉന്നം വെച്ച ആളെ കിട്ടാത്തതുകൊണ്ട് ഒത്തുകിട്ടിയ ആളെ വകവരുത്തി പകവീട്ടല്‍ സംതൃപ്തിയടഞ്ഞു. നിരപരാധിയായ രാമചന്ദ്രനെ ഇരയാക്കിയതില്‍ സിപിഐഎമ്മില്‍ത്തന്നെ എതിര്‍പ്പുകളുണ്ടെന്നും കേള്‍ക്കുന്നു.

പയ്യന്നൂര്‍ സംഭവത്തില്‍ നിന്ന് തുലോം വ്യത്യസ്തമാണ് മാറനെല്ലൂരിലെ സുരേഷ് കുമാറിന്റെയും തൂണേരിയിലെ അസ്ലമിന്റെയും കൊലപാതകങ്ങള്‍. ധനരാജിന്റെ കൊലപാതകത്തിനു ശേഷമാണ് പണിയ്ക്ക് വരമ്പത്തു കൂലിയെന്ന കോടിയേരിയുടെ വിവാദ പ്രസ്താവന. ആ പ്രസ്താവനയ്ക്കു പിന്നാലെയുണ്ടായ രണ്ടുകൊലപാതകങ്ങളും  പാടത്തെ പണിയ്ക്കുളള കൂലിയായിരുന്നു. തൂണേരിയില്‍ സിപിഐഎമ്മുകാരാണ് കോടിയേരിയുടെ ആഹ്വാനം നടപ്പിലാക്കിയതെങ്കില്‍, മാറനെല്ലൂരില്‍ ആ ദൗത്യം ആര്‍എസ്എസുകാര്‍ ഏറ്റെടുത്തു.

[caption id="attachment_36207" align="alignleft" width="300"]Aslam മുഹമ്മദ് അസ്ലം[/caption]

കുടിപ്പക വീട്ടാന്‍ വൈകരുത് എന്നാണ് സത്യത്തില്‍ കോടിയേരി ആഹ്വാനം ചെയ്തത്. പിന്മറഞ്ഞ കാലത്തെ ഒരു ദണ്ഡനീതിയായിരുന്നു കുടിപ്പക. പക വീട്ടുക എന്നത് കുടുംബത്തിന്റെ അഭിമാനപ്രശ്‌നമായിരുന്നു. കൃത്യനിര്‍വഹണത്തിനു കഴിഞ്ഞില്ലെങ്കില്‍ പകയുടെ കനലുകള്‍ തലമുറകളിലേയ്ക്കു കൈമാറിയെത്തും.

ഭാസ്‌കരനുണ്ണി എഴുതുന്നു:
മരിച്ചയാളുടെ കുടുംബത്തുള്ളവര്‍ ആരെങ്കിലും കൊന്നയാളുടെ കുടുംബത്തില്‍ ഒരാളുടെ ജീവഹാനി വരുത്തുവാന്‍ ബാധ്യസ്ഥനായിവരുന്നു. മരിച്ചയാളുടെ ചാര്‍ച്ചക്കാര്‍ അയാളുടെ രക്തത്തില്‍ ഒരു തുണി മുക്കി എടുത്തിട്ടു കൊന്നവന്റെ ജീവഹാനി വരുത്തി അയാളുടെ കുടികിടപ്പു നാശം വരുത്തുന്നതുവരെ ആ തുണി തങ്ങള്‍ സൂക്ഷിച്ചുകൊള്ളാമെന്നു സത്യം ചെയ്യുന്നു. ഇങ്ങനെ വരുന്ന സംഗതിയില്‍ മരിച്ചാളുടെ ശവത്തെ നാടുവാഴിയുടെ കല്‍പന പ്രകാരം കൊന്നവന്റെ വീട്ടില്‍ കൊണ്ടുപോയി ഇട്ട് വീടോടുകൂടി ദഹിപ്പിച്ചു കളയും.

ഇവിടെ കുടുംബം എന്ന വാക്കു വെട്ടിക്കളഞ്ഞ്, പകരം പാര്‍ടി എന്നു ചേര്‍ക്കുക. അതൊരു പാര്‍ടിയല്ല. ഏതു പാര്‍ടിയുമാകാം. നടപ്പുകാലത്തെ പകവീട്ടല്‍ കൊലപാതങ്ങളുടെ യുക്തിയും നൂറ്റാണ്ടുകള്‍ക്കപ്പുറമുണ്ടായിരുന്ന  ആചാരവും തമ്മില്‍ എന്തു വ്യത്യാസം?

നിരപരാധിയായ പി കെ രാമചന്ദ്രന്റെ കൊലപാതകം സിപിഐഎമ്മിലുണ്ടാക്കിയ വീണ്ടുവിചാരമായിരുന്നു കോടിയേരിയിലൂടെ പുറത്തുവന്നത്.  പാടത്തു പണിയെടുക്കുന്നവനു തന്നെ വരമ്പത്തു കൂലി കൊടുക്കണം എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം സിപിഐ(എം) സംസ്ഥാന സെക്രട്ടറി ആഹ്വാനം ചെയ്തു.  നിരപരാധികളുടെ ജീവനെടുത്ത് പകരത്തിനു പകരം എണ്ണം തികയ്‌ക്കേണ്ടതില്ല എന്നാണ് അദ്ദേഹം പച്ചയ്ക്കു പറഞ്ഞത്. ഈ പ്രസ്താവനയില്‍ കുടിപ്പകയുടെ യുക്തി കാലോചിതമായി പരിഷ്‌കരിക്കപ്പെടുന്നു. കൊലയാളിയുടെ കുടുംബത്തില്‍ ആരെയെങ്കിലും കൊന്നല്ല പക വീട്ടേണ്ടത് എന്നും കൊലയാളിയെത്തന്നെ കൊല്ലണമെന്നുമാണ് മോഡേണ്‍ കുടിപ്പകയുടെ നിര്‍വചനം.

ജൂലൈ 24നാണ് കോടിയേരിയുടെ ആഹ്വാനം. അതിനും മുമ്പ് ജൂണ്‍ 15ന് ഒരു സിപിഎം അനുഭാവ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട സ്റ്റാറ്റസ് വായിക്കുക:  -
വെറുതെ വിട്ടത് കൊലയാളികളെയാണ് ...... കാരണം കാരണം അവര്‍ കൊന്നത് കമ്മ്യൂണിസ്റ്റുകാരനെയാണ്. ഇന്ത്യന്‍ നിയമത്തിലും കോടതിയിലും കമ്മ്യൂണിസ്റ്റുകാരായിട്ടുള്ള ഞങ്ങള്‍ക്കുണ്ടായിരുന്ന വിശ്വാസം അന്നേ അവസാനിച്ചതാണ്........ ജനകീയ കോടതിയുടെ കണ്ണില്‍ കുറ്റക്കാര്‍ ശിക്ഷ അര്‍ഹിക്കുന്നു......

തൂണേരി ഷിബിന്‍ വധക്കേസിലെ എല്ലാ പ്രതികളെയും വെറുതേ വിട്ട കോടതിവിധിയോടുളള പ്രതികരണമാണിത്. ഈ പ്രസ്താവനയുടെ യുക്തിയും കൊലയാളിയോട് പകരം വീട്ടണം എന്നു തന്നെയാണ്.
shibin
ആര്‍എസ്എസ് പ്രാന്തപ്രമുഖായിരുന്ന പൂജപ്പുര ബിനുമോന്‍ കൊല്ലപ്പെട്ടപ്പോഴും പകരംവീട്ടാനുളള ആഹ്വാനം ഫേസ് ബുക്കില്‍ മുഴങ്ങിയിരുന്നു. ആ കേസിലെ രണ്ടാം പ്രതിയാണ് മാറനെല്ലൂരില്‍ കൊല്ലപ്പെട്ട സുരേഷ് കുമാര്‍. ബിനുമോന്‍ വധക്കേസില്‍ രണ്ടുവര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ച പ്രതി.  പക്ഷേ, ആ ശിക്ഷയൊന്നും കുടിപ്പക വീട്ടാതിരിക്കാനുള്ള ഇളവായി പരിഗണിക്കപ്പെട്ടില്ല.  കൊലയാളികളെ നിയമം ശിക്ഷിച്ചാലും ഇല്ലെങ്കിലും കുടിപ്പകയുടെ വടിവാളുകള്‍ എന്നെങ്കിലും അവരെത്തേടിയെത്തുമെന്നാണ് ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്.

rsss-fbകോടിയേരിയുടെ ആഹ്വാനം ശിരസാവഹിക്കുന്ന സിപിഐഎമ്മുകാര്‍ ധനരാജിന്റെ കൊലയാളികള്‍ക്കു പുറകേയുണ്ടാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അപ്പോള്‍ രാമചന്ദ്രന്റെ കാര്യത്തിലോ? അവിടെ ബിജെപിക്കാര്‍ക്കു വഴി കാട്ടുന്നതും കോടിയേരി തന്നെയാണ്. നിരപരാധിയായ രാമചന്ദ്രന്റെ ജീവനെടുത്തവര്‍ക്കുള്ള കൂലി അവര്‍ക്കും കൊടുക്കേണ്ടി വരും. അങ്ങനെ വരുമ്പോള്‍ ഇതെവിടെ ചെന്നു നില്‍ക്കും?

league

പാടത്തു പണിയെടുക്കുന്നത് ഒരുകൂട്ടരും വരമ്പത്തു കൂലി കൊടുക്കുന്നത് മറ്റൊരു കൂട്ടരും മാത്രമല്ല. പണിയെടുക്കാനും കൂലി കൊടുക്കാനും എല്ലാവരുമുണ്ട്. കുടിപ്പകയുടെ മാനസികരോഗം ഏതെങ്കിലും ഒരു രാഷ്ട്രീയപ്പാര്‍ടിയ്ക്കു മാത്രമായി ചാര്‍ത്തിക്കൊടുക്കുന്നതില്‍ അര്‍ത്ഥമില്ല. ഫ്യൂഡല്‍ ഉന്മാദങ്ങളെ  ഗൃഹാതുരത്വമെന്ന് പേരിട്ട് ഓമനിക്കുന്ന ഒരു ജനതയ്ക്ക് ജനാധിപത്യം മുന്നോട്ടുവെയ്ക്കുന്ന നീതിബോധത്തെ ഉള്‍ക്കൊള്ളാനുളള മാനസികവലിപ്പം വേണമെന്ന് നിര്‍ബന്ധിക്കുന്നതിലും കാര്യമില്ല. വേണ്ടത് സാംസ്‌ക്കാരിക ചികിത്സയാണ്. അതിനും ഒറ്റമൂലി പ്രയോഗമൊന്നും പോര.

പ്രായോഗിക വഴികള്‍ തേടാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനു തന്നെയാണ്. പ്രതികള്‍ ഇച്ഛിക്കുന്നതും പ്രോസിക്യൂഷന്‍ കല്‍പ്പിക്കുന്നതും കോടതി വിധിക്കുന്നതും ഒന്നു തന്നെയാകുമ്പോള്‍ പരാജയമാകുന്നത് സര്‍ക്കാരാണ്.  തൂണേരി ഷിബിന്‍ വധക്കേസിലെ പ്രതികളെ പ്രോസിക്യൂഷനാണ് രക്ഷപെടുത്തിയത്. രക്ഷപെടുന്നവര്‍ ചെന്നിറങ്ങുന്നത് കുടിപ്പകയുടെ നീതിശാസ്ത്രത്തെ ആരാധിക്കുന്ന സമൂഹത്തിലേയ്ക്കും. അവിടെയവരുടെ വിധി നിര്‍ദ്ദയമായി തീരുമാനിക്കപ്പെടുന്നു. പക്ഷേ, ഇതിങ്ങനെ തുടര്‍ന്നാല്‍ ഒരിടത്തും അവസാനിക്കാന്‍ പോകുന്നില്ല. ആ യാഥാര്‍ത്ഥ്യമാണ് നമ്മുടെ സ്വൈര്യജീവിതത്തിന്റെ കഴുത്തിലേയ്ക്ക് വടിവാളോങ്ങുന്നത്.

Read More >>