നാദാപുരത്തിന്റെ രാഷ്ട്രീയ ചരിത്രം: ഷംസീര്‍ പറയാത്തതും മറച്ചു വച്ചതും

ഷംസീറിന്റെ ലേഖനത്തിലെ ഏറ്റവും അപകടകരമായ വിഷയം അത് അതിസമര്‍ത്ഥമായി എന്‍ഡിഎഫ് രൂപീകരണത്തെ ന്യായീകരിക്കുന്നു എന്നതാണ്. വളരെ സ്വാഭാവികമായ ഒരു പ്രക്രിയയായാണ് ഷംസീര്‍ അതിനെ കാണുന്നത്. എന്നാല്‍ നാദാപുരത്ത് പേരിനു പോലും ഒരു സംഘര്‍ഷമോ തര്‍ക്കമോ ഇല്ലാത്ത കാലത്താണ് എന്‍ഡിഎഫ് രൂപീകരിക്കപ്പെടുന്നത്.

നാദാപുരത്തിന്റെ രാഷ്ട്രീയ ചരിത്രം: ഷംസീര്‍ പറയാത്തതും മറച്ചു വച്ചതും

ജൂലിയസ് മിര്‍ഷാദ്

രാഷ്ട്രീയ കേരളം ഏറെ ചര്‍ച്ച ചെയ്ത പേരാണ് നാദാപുരം. കേരളത്തില്‍ തന്നെ ഇടതുപക്ഷ പ്രസ്ഥാനത്തിന് - പ്രത്യേകിച്ച് സിപിഐ(എം)ന് - ശക്തമായ സ്വാധീനമുള്ള നാദാപുരം മേഖലയിലെ പ്രശ്നങ്ങളെ ഇടതുപക്ഷവിരുദ്ധ പ്രചാരവേലയ്ക്കുള്ള ആയുധമാക്കി മാറ്റാനുള്ള വലതുപക്ഷത്തിന്റേയും വര്‍ഗ്ഗീയ ശക്തികളുടെയും ആസൂത്രിത ശ്രമമായിരുന്നു പലപ്പോഴും ഈ നാടിന്റെ പേര് ചര്‍ച്ചകളില്‍ നിറച്ചത്.

പ്രദേശത്തു നടന്ന സംഘര്‍ഷങ്ങളുടെ ചരിത്രപരവും സാമ്പത്തികവും സാമൂഹികവുമായ കാരണങ്ങളെ അവഗണിച്ച്, നാദാപുരത്തെ ഒരു കലാപഭൂമിയായി ചിത്രീകരിക്കാനും സിപിഐ(എം) പുലര്‍ത്തി പോരുന്ന മതനിരപേക്ഷതയില്‍ സംശയം പടര്‍ത്താനുമുള്ള സംഘടിതവും ആസൂത്രിതവുമായ ശ്രമങ്ങളാണ് ഇക്കൂട്ടര്‍ നടത്തി വരുന്നത്. പുതിയ കാലത്താകട്ടെ സോഷ്യല്‍ മീഡിയയും ഇതിനായി ഉപയോഗിക്കുകയാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അര്‍ധസത്യങ്ങളെയും പെരുംനുണകളെയും കൂട്ടിച്ചേര്‍ത്ത് കഴിഞ്ഞ ദിവസം

ഷംസീര്‍ എഴുതിയ ലേഖനം
.

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ മലമ്പ്രദേശവും താഴ്‌വാരവും ചേര്‍ന്നതാണ് നമ്മള്‍ ഇന്ന് ചര്‍ച്ച ചെയ്യുന്ന നാദാപുരം മേഖല. ടിപ്പുവിന്റെ പടയോട്ടത്തിനും പഴശ്ശി യുദ്ധങ്ങള്‍ക്കും സാക്ഷ്യം വഹിച്ച കടത്തനാടിന്റെ ഭാഗം. കേരളത്തിന്റെ മറ്റു പ്രദേശങ്ങളില്‍ നിന്നു വിഭിന്നമായി നാദാപുരത്ത് മുസ്ലിം പ്രമാണിമാരായിരുന്നു ഭൂവുടമകള്‍. മൈസൂര്‍ രാജാക്കന്മാരുടെ നയങ്ങളടക്കം ഇതിനു ചരിത്രപരമായ പല കാരണങ്ങളും ഉണ്ട്.  മറ്റെല്ലായിടങ്ങളിലും എന്ന പോലെ മണ്ണില്‍ പണിയെടുക്കുന്നവനെ മനുഷ്യനായി പരിഗണിക്കാന്‍ പോലും ഭൂവുടമകള്‍ തയ്യാറായില്ല. കുറുമ്പ്രനാട് താലൂക്ക് കാര്‍ഷിക സംഘത്തിന്റെ രൂപീകരണത്തോടെ മാനുഷികമായ അന്തസ്സും അവകാശങ്ങളും അനുവദിച്ചു കിട്ടാന്‍ ഈ പ്രദേശങ്ങളില്‍ ശക്തമായ കാര്‍ഷിക സമരങ്ങള്‍ ഉയര്‍ന്നു വന്നു. ന്യായമായ കൂലി, മാന്യമായ പെരുമാറ്റം എന്നിവയായിരുന്നു കര്‍ഷകരുടെയും തൊഴിലാളികളുടെയും ആവശ്യം. അന്നുയര്‍ന്ന ഒരു മുദ്രാവാക്യം തന്നെ,
'ചെക്കാ എന്ന് വിളിക്കരുത്,
പെണ്ണേ എന്ന് വിളിക്കരുത്,
തമ്പ്രാന്‍ എന്ന് വിളിക്കൂല്ലാ,
പാളയില്‍ കഞ്ഞി കുടിക്കൂലാ ..'എന്നായിരുന്നു.

വിട്ടുവീഴ്ചയില്ലാത്ത വര്‍ഗ്ഗനിലപാടുകളിലൂന്നി നടത്തിയ ഈ സമരങ്ങള്‍ നാദാപുരം മേഖലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കി.

ഈ സമരങ്ങള്‍ തങ്ങളുടെ ആധിപത്യം തകര്‍ക്കുമെന്ന് മനസിലാക്കിയ ഹിന്ദു ജന്മി കുടുംബങ്ങളും മുസ്ലിം ഭൂപ്രമാണികളും ജനങ്ങളില്‍ വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കി അവരെ ഭിന്നിപ്പിച്ച് സമരങ്ങളെ ശിഥിലമാക്കാനാണ് ശ്രമിച്ചത്. വളയം പ്രദേശത്ത് ആര്‍എസ്എസ് ജനസംഘം രൂപീകരിക്കുവാനും വളര്‍ത്താനും സഹായിച്ചത് അവിടെ ഉണ്ടായിരുന്ന ഹിന്ദു ജന്മിമാരായിരുന്നു. ഭൂപ്രമാണിമാരുടെ നേതൃത്വത്തിലുള്ള മുസ്ലിംലീഗാകട്ടെ തങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍പോന്ന ഗുണ്ടാ സംഘത്തെ ഈ പ്രദേശത്ത് വളര്‍ത്തിയെടുത്തു.

വര്‍ഗ്ഗപരമായ ഐക്യത്തെ ശിഥിലമാക്കുന്ന വര്‍ഗ്ഗീയവല്‍ക്കരണ ശ്രമങ്ങള്‍ക്കെതിരെ കമ്മ്യൂണിസ്റ്റുകാര്‍ എന്നും ജാഗ്രത പുലര്‍ത്തി പോന്നിട്ടുണ്ട്. ഇത് വര്‍ഗ്ഗബന്ധങ്ങളുമായി ചേര്‍ന്ന് കിടക്കുന്ന ജാതിഘടകങ്ങളെ കൃത്യമായി മനസിലാക്കി തന്നെയാണ്. ഷംസീര്‍
തന്റെ കുറിപ്പില്‍
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ബോധപൂർവം വിട്ടുകളഞ്ഞു എന്നുവേണം കരുതാന്‍.

വര്‍ഗീയ കാരണങ്ങളാല്‍ ഉയര്‍ന്നു വന്ന ജനകീയ സമരങ്ങളെ വര്‍ഗീയമാണെന്ന് ചിത്രീകരിക്കേണ്ടത് ഷംസീറിലെ വലതുപക്ഷക്കാരന്റെ രാഷ്ട്രീയത്തിന്റെ ആവശ്യമാണ് എന്ന് കുറഞ്ഞത് നാദാപുരത്തുകാര്‍ക്കെങ്കിലും മനസിലാകും. ജന്മിഭൂപ്രമാണി വര്‍ഗ്ഗം നടത്തിയ കൊലകളെ വാക്കുകള്‍ക്കിടയിലൂടെ ന്യായീകരിക്കുവാനാണ് ഷംസീര്‍ ശ്രമിച്ചത്.

വാണിമേലില്‍ കെ.പി.കുഞ്ഞിരാമന്‍ കൊല ചെയ്യപ്പെട്ടതിനെ തേങ്ങാ മോഷ്ടിക്കുന്ന തര്‍ക്കമായിട്ടാണ് ലേഖനത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒന്നാമത്തെ കാര്യം കെ.പി കുഞ്ഞിരാമന്‍ പാലോറ മൂസയുടെ കാര്യസ്ഥനായിരുന്നില്ല, കര്‍ഷക തൊഴിലാളിയായിരുന്നു. തെങ്ങിന് തടമെടുത്ത തനിക്ക് അര്‍ഹമായ കൂലി ചോദിച്ചതിനായിരുന്നു വാണിമേല്‍ അങ്ങാടിയില്‍ വച്ച് ലീഗ് ഗുണ്ടകള്‍ കൊലചെയ്തത്.

ആ ലേഖനത്തില്‍ പ്രതിപാദിക്കാതിരുന്ന മറ്റൊരു പേര് ആലിക്കല്‍ കുഞ്ഞിരാമന്റേതായിരുന്നു. അതും ബോധപൂര്‍വമാകാനെ വഴിയുള്ളൂ. മുത്തങ്ങ ചാലിലെ കര്‍ഷകരുടെ കൈവശഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ച ജന്മിക്കെതിരെ കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തില്‍ കര്‍ഷക സംഘം സമരരംഗത്തേക്ക് വന്നു. ഇതിന്റെ പ്രതികാരമായാണ് കുഞ്ഞിക്കണ്ണനെ വളയത്തെ ഹിന്ദു ജന്മി വെടിവെച്ചു കൊല്ലുന്നത്. ഇവിടെ വര്‍ഗ്ഗീയത സിപിഐ(എം)ന് മേല്‍ ആരോപിക്കാന്‍ കഴിയില്ല എന്നത് തന്നെയാകും കുഞ്ഞിക്കണ്ണന്റെ പേര് അവഗണിക്കുവാന്‍ ഷംസീറിനെ പ്രേരിപ്പിച്ചത്.

'നാദാപുരം സംഭവം' എന്ന പേരില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ ആരംഭിക്കുന്നത് 1987ലാണ്. നരിപ്പറ്റ കണ്ടേത്ത് കുനിയിലെ ചെക്കന്‍ എന്ന ലീഗ് പ്രമാണി തന്റെ മകളുമായി പ്രണയത്തിലായിരുന്ന നമ്പോടന്‍കണ്ടി ഹമീദ് എന്ന ചെറുപ്പക്കാരനെ കക്കട്ടിനടുത്ത് മണ്ണ്യൂർതാഴ വച്ച് വാടകക്കൊലയാളിയെ ഉപയോഗിച്ചു കൊല ചെയ്തു. ഹമീദിന്റെ കുടുംബത്തിനു നീതി ലഭിക്കണം എന്നും കൊലയാളികളെ അറ്റസ്റ്റ് ചെയ്യണമെന്നും ആവശ്യം ശക്തമായെങ്കിലും ലീഗ് ഇതിനെ പൂര്‍ണ്ണമായും അവഗണിച്ചു. എന്നാല്‍ എ കണാരന്റെ നേതൃത്വത്തില്‍ സിപിഐ(എം) ഈ ആവശ്യം ഉന്നയിച്ചു പ്രക്ഷോഭരംഗത്തേക്ക് വന്നു. ഇത് വര്‍ഗ്ഗീയചേരിതിരിവുകള്‍ ഉണ്ടാക്കി നേട്ടം കൊയ്യുന്ന തങ്ങളുടെ തന്ത്രത്തിന് തിരിച്ചടിയാകും എന്ന ഭയമാണ് എ കണാരനെതിരെ ആക്രമം നടത്താന്‍ ലീഗിനെ പ്രേരിപ്പിച്ചത്.

പോലീസിന്റെ നിര്‍ദേശം അവഗണിച്ച് ലീഗിന്റെ പ്രകടനത്തിനിടയിലേക്ക് പോയതാണ് ആക്രമണ കാരണം എന്നൊക്കെ എഴുതി വയ്ക്കുന്ന ഷംസീര്‍ എ കണാരന്‍ ആക്രമിക്കപ്പെട്ടത് പോലീസ് സ്റ്റേഷനിലോ സ്റ്റേഷന് സമീപത്തോ കുറ്റ്യാടിയിലോ വച്ചല്ല, മറിച്ചു കുറ്റ്യാടിക്ക് 2 കി.മി അപ്പുറം തീലേച്ചു കുന്നില്‍ വച്ചാണ് എന്ന് മറച്ചു വയ്ക്കുകയാണ്. തുടര്‍ന്ന് നടന്ന സംഘര്‍ഷങ്ങള്‍ മുസ്ലിംലീഗിന്റേയും വലതുപക്ഷത്തിന്റെയും ആവശ്യമായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഹമീദിന്റെ കൊലയാളികളെ സംരക്ഷിക്കുന്നത് ലീഗാണ് എന്നുള്ള ചര്‍ച്ച ഉയര്‍ന്നു വരാതിരിക്കാന്‍ മനഃപൂർവം സൃഷ്ടിച്ചതാണത്.

ഹമീദ് കൊലപാതകം സിപിഐ(എം)ന് മേല്‍ കെട്ടി വയ്ക്കാന്‍ ഷംസീര്‍ പറയുന്നത് പോലെ ലീഗ് ഒരിക്കലും ശ്രമിച്ചിരുന്നില്ല. മുസ്ലിം സമുദായത്തില്‍ പെട്ട ഒരാളെ തന്നെ ലീഗ് നേതാവിന്റെ മകളെ പ്രണയിച്ചു എന്ന കുറ്റത്തിന് കൊല ചെയ്യുകയും പ്രതികള്‍ക്കെതിരെ സിപിഐ(എം) രംഗത്ത് വരികയും ചെയ്ത സന്ദര്‍ഭത്തില്‍ ഒരു കലാപം സൃഷ്ടിച്ച് ശ്രദ്ധ തിരിക്കാനും മുസ്ലിം സമുദായം തങ്ങളില്‍ നിന്നും അകലുന്നത് തടയാനുമായിരുന്നു ലീഗ് ശ്രമിച്ചത്.

എണ്‍പതുകളില്‍ നടന്ന സംഭവത്തിനു ശേഷം തൊണ്ണുറുകളില്‍ നാദാപുരം ശാന്തമായിരുന്നു. രണ്ടായിരത്തിയൊന്നില്‍ വീണ്ടും വിഷയങ്ങള്‍ ആരംഭിക്കുന്നത് ഡിവൈഎഫ്‌ഐയുടെ ചെക്യാട് യുണിറ്റ് സെക്രട്ടറി ആയിരുന്ന സന്തോഷ് ലീഗുകാരുടെ വെടിയേറ്റ് മരിക്കുന്നതോടു കൂടിയാണ്. മൊയ്തു ഹാജിയെ പറ്റി പറഞ്ഞ ഷംസീര്‍ അതിനു മുന്‍പ് നടന്ന സന്തോഷിന്റെ കൊലപാതകവും ചെക്യാട് പഞ്ചായത്തില്‍ ലീഗ് നടത്തിയ വ്യാപകമായ ആക്രമണങ്ങളും എന്തുകൊണ്ടോ അവഗണിച്ചിരിക്കുന്നു.

അന്ന് ചെക്യാട് ബാങ്കിന് സമീപം ഓല മേഞ്ഞ ഒരു പന്തലിലാണ് സര്‍വവും നഷ്ട്ടപ്പെട്ട അമ്പതോളം കുടുംബങ്ങളെ സിപിഐ(എം) പ്രവര്‍ത്തകര്‍ താമസിപ്പിച്ചത്. ഇതെല്ലം മറച്ചു വച്ചാണ് സിപിഐ(എം) അക്രമം എന്ന നുണ ഷംസീര്‍ പറയുന്നത്.

ഈ സംഭവങ്ങളുടെ തുടര്‍ച്ചയാണ് നബീസു ബലാല്‍സംഗം ചെയ്യപ്പെട്ടു എന്ന  കഥ വലതു പക്ഷം പ്രചരിപ്പിക്കുന്നതും അതിന്റെ പേരില്‍ ഈന്തുള്ളതിൽ ബിനു എന്ന ചെറുപ്പക്കാരനെ കല്ലാച്ചിയില്‍ വച്ച് എന്‍ഡിഎഫ് ക്രിമിനല്‍ സംഘം കൊല ചെയ്യുന്നതും. ബലാത്സംഗക്കഥ നബീസു പോലും പിന്നീട് നിഷേധിച്ചെങ്കിലും ഇടയിലൂടെ അതിനു പിന്നില്‍ ഭീഷണി ആയിരുന്നുവെന്ന് വരുത്താനും ഷംസീര്‍ ശ്രമിക്കുന്നുണ്ട്. അതേസമയം അത്തരമൊരു ആക്രമമേ നടന്നിട്ടില്ലാ എന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടും മെഡിക്കല്‍ റിപ്പോര്‍ട്ടും കണ്ടിട്ടില്ലെന്ന് നടിക്കുകയും ചെയ്തു.

നാദാപുരത്തെ സംഘര്‍ഷങ്ങള്‍ പഠിക്കുന്ന ഏതൊരാള്‍ക്കും മനസിലാക്കാവുന്ന ചില വസ്തുതകള്‍ ഉണ്ട്.

  • വിഷയങ്ങള്‍ ആരംഭിക്കുന്നത് എല്ലായ്‌പ്പോഴും ഒരു തിരഞ്ഞെടുപ്പിനോട് അടുത്തായിരിക്കും.

  • ആരംഭിക്കുന്നത് മുസ്ലിംലീഗും ആകും.  1. 2001 ലെ തിരഞ്ഞെടുപ്പിന് മുന്‍പ് സന്തോഷിനെ ലീഗുകാര്‍ കൊല ചെയ്യുന്നു.

  2. 2011 ലെ തിരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് നരിക്കാശ്ശേരിയില്‍ അഞ്ചു ലീഗ് പ്രവര്‍ത്തകര്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനത്തില്‍ മരിക്കുന്നു.

  3. 2015ല്‍ ഷിബിന്‍ കൊല ചെയ്യപ്പെടുന്നു.


ഇവയ്ക്കുള്ള മറ്റൊരു സമാനത പറയത്തക്ക സംഘര്‍ഷമോ പ്രകോപനമോ ഒന്നുമില്ലാത്ത സന്ദര്‍ഭത്തിലാണ് ഈ മൂന്ന് സംഭവങ്ങളും എന്നതാണ്.

ഷംസീറിന്റെ ലേഖനത്തിലെ ഏറ്റവും അപകടകരമായ വിഷയം അത് അതിസമര്‍ത്ഥമായി എന്‍ഡിഎഫ് രൂപീകരണത്തെ ന്യായീകരിക്കുന്നു എന്നതാണ്. വളരെ സ്വാഭാവികമായ ഒരു പ്രക്രിയയായാണ് ഷംസീര്‍ അതിനെ കാണുന്നത്. എന്നാല്‍ നാദാപുരത്ത് പേരിനു പോലും ഒരു സംഘര്‍ഷമോ തര്‍ക്കമോ ഇല്ലാത്ത കാലത്താണ് എന്‍ഡിഎഫ് രൂപീകരിക്കപ്പെടുന്നത്.

എന്‍ഡിഎഫിന്റെ രൂപീകരണം നാദാപുരത്തോ എന്തിനു കേരളത്തിനകത്തോ മാത്രം ഒതുങ്ങുന്ന എന്തിന്റെയെങ്കിലും ഭാഗമല്ല. എന്‍ഡിഎഫ് പോലെയൊരു സംഘടനയുടെ തുടക്കം നാദാപുരത്താണ് എങ്കില്‍ അതിന്റെ രൂപീകരണത്തിന് മണ്ണൊരുക്കുക എന്ന വ്യാപകമായ ഉദ്ദേശ്യത്തോട് കൂടിയാണ് നാദാപുരത്ത് മുസ്ലിം ലീഗിനെ മുന്‍നിര്‍ത്തി ഓരോ സംഘര്‍ഷങ്ങളും ആസൂത്രണം ചെയ്തത് എന്ന് തീര്‍ച്ച. ഇതുതന്നെയാണ് സിപിഐ(എം) കാലാകാലങ്ങളില്‍ പറഞ്ഞുകൊണ്ടിരുന്നതും.

നാദാപുരത്തെ സംഘര്‍ഷങ്ങള്‍ നാടിനെ വര്‍ഗ്ഗീയവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ വലതുപക്ഷവും വര്‍ഗ്ഗീയ ശക്തികളും ആസൂത്രണം ചെയ്തതാണ് എന്നത് തന്നെയാണ് എന്‍ഡിഎഫിന്റെ രൂപീകരണം കാണിക്കുന്നത്. മറുവശത്താകട്ടെ മുസ്ലിംലീഗിന്റെ വര്‍ഗ്ഗീയ ഇടപെടലുകളെ ചൂണ്ടിക്കാട്ടി ആര്‍എസ്എസ് സ്വാധീനമുണ്ടാക്കുവാനുള്ള ശ്രമമാണ്. എന്നാല്‍, താഴെത്തട്ടില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കുള്ള വേരോട്ടം ഇതിനെ പരമാവധി പ്രതിരോധിക്കുന്നുണ്ട്.

നാദാപുരം ഒരു ട്രോജന്‍ കുതിരയാണ്. കേരളത്തിന്റെ മതനിരപേക്ഷ അന്തരീക്ഷത്തിലേക്ക് വര്‍ഗ്ഗീയതയുടെ വിഷബീജങ്ങളെ ഒളിച്ചുകടത്താനുള്ള മുസ്ലിംലീഗിന്റെയും എന്‍ഡിഎഫിന്റെയും ആര്‍എസ്എസിന്റെയും ട്രോജന്‍ കുതിര. നാദാപുരത്തിന്റെ മണ്ണില്‍ വീഴുന്ന ഓരോ തീപ്പൊരിയും കേരളത്തിന്റെ സാമുദായിക സൗഹാര്‍ദ്ദത്തിനു മേല്‍ വീഴുന്ന വിള്ളലുകളാണ് എന്ന് തിരിച്ചറിഞ്ഞേ തീരു. നാദാപുരത്ത് വീഴുന്ന തീപ്പൊരികളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഊതിക്കത്തിക്കുന്ന വലതുപക്ഷ അജണ്ടയെ തോല്‍പ്പിക്കേണ്ടത് ജനാധിപത്യസമൂഹത്തില്‍ ജീവിക്കുന്ന ഓരോരുത്തരുടെയും ചുമതലയാണ്.

Read More >>