അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ സമ്മേളനത്തിനിടെ അവതാരകയെ കടന്നു പിടിച്ച പൊലീസുകാരനെതിരെ നടപടി

വിദേശ പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ പങ്കെടുത്ത സൈബര്‍ ക്രൈം രാജ്യാന്തര സമ്മേളനത്തിനിടെയാണ് വിനയകുമാര്‍ അവതാരകയെ കടന്നുപിടിക്കാന്‍ ശ്രമിച്ചത്.

അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ സമ്മേളനത്തിനിടെ അവതാരകയെ കടന്നു പിടിച്ച പൊലീസുകാരനെതിരെ നടപടി

കൊല്ലം: കേരളാ പൊലീസിന്റെ അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ സമ്മേളനത്തിനിടെ അവതാരകയെ കടന്നു പിടിച്ച തിരുവനന്തപുരം ഹൈടെക് സെല്ലിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് വിനയകുമാര്‍ നായര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ.

കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയെ തുടര്‍ന്ന് ഹൈടെക്ക് സെല്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് സ്ഥാനത്തുനിന്ന് വിനയകുമാറിനെ ഡിജിപി നീക്കം ചെയ്തു. വിനയകുമാറിനെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ഐജി മനോജ് എബ്രഹാമിന്റെ ശുപാര്‍ശ പ്രകാരമാണ് നടപടി.


വിദേശ പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ പങ്കെടുത്ത സൈബര്‍ ക്രൈം രാജ്യാന്തര സമ്മേളനത്തിനിടെയാണ് വിനയകുമാര്‍ അവതാരകയെ കടന്നുപിടിക്കാന്‍ ശ്രമിച്ചത്.

കൊല്ലത്ത് രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച സൈബര്‍ ക്രൈം രാജ്യാന്തര സമ്മേളനത്തിന്റെ അവസാന ദിവസം വേദിയുടെ ഇടനാഴിയില്‍ വെച്ച് ഡിവൈഎസ്‌പി വിനയകുമാര്‍ നായര്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.

അവതാരകയോട് മൊബൈല്‍ നമ്പര്‍ ആവശ്യപ്പെട്ടതായും മോശമായി സംസാരിച്ചതായും ആരോപണമുണ്ട്. പെണ്‍കുട്ടി സമ്മേളനഹാളിലുണ്ടായിരുന്ന പൊലീസ് ട്രെയിനിംഗ് കോളജ് പ്രിന്‍സിപ്പല്‍ പി. പ്രകാശിന്റെ അടുത്തെത്തി വിവരം ധരിപ്പിക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ പരാതിയെ കുറിച്ച് റിപ്പോര്‍ട്ട്  സമര്‍പ്പിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ദക്ഷിണ മേഖലാ ഐജി മനോജ് ഏബ്രഹാമിനോടു നിര്‍ദേശിച്ചു. പരാതിയില്‍ വസ്തുതയുണ്ടെന്ന് അന്വേഷണത്തില്‍ മനസിലായതിനെ തുടര്‍ന്ന് ഐജി മനോജ് എബ്രഹാം നടപടിയ്ക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നു. മന്ത്രി ഇപി ജയരാജനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിന് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണ് വിനയകുമാര്‍ നായര്‍.

Read More >>