റാസല്‍ഖൈമയില്‍ മയക്കുമരുന്നു വിതരണക്കാരെ ഏറ്റുമുട്ടലിലൂടെ പിടികൂടി

മയക്കുമരുന്നു വിതരണക്കാരെ അറസ്‌റ്റുചെയ്യാന്‍ ചെന്ന പോലീസിനെ അക്രമികള്‍ നേരിട്ടത്‌ ടിയര്‍ ഗ്യാസ്‌ ഉപയോഗിച്ചു കൊണ്ടായിരുന്നു.

റാസല്‍ഖൈമയില്‍ മയക്കുമരുന്നു വിതരണക്കാരെ ഏറ്റുമുട്ടലിലൂടെ പിടികൂടി

റാസല്‍ഖൈമ : സിനിമാ രംഗങ്ങളെ വെല്ലും വിധത്തിലുള്ള സംഭവങ്ങളായിരുന്നു കഴിഞ്ഞ ദിവസം രാത്രി റാസല്‍ഖൈമയില്‍ അരങ്ങേറിയത്‌. ആറോളം വരുന്ന മയക്കുമരുന്നു വിതരണക്കാരെ അറസ്‌റ്റുചെയ്യാന്‍ പുറപ്പെട്ട പോലീസിനെ അക്രമികള്‍ നേരിട്ടത്‌ ടിയര്‍ ഗ്യാസ്‌ ഉപയോഗിച്ചുകൊണ്ടായിരുന്നു. പിന്നീട്‌ ഏറെ നേരത്തെ പരിശ്രമങ്ങള്‍ക്കുശേഷമാണ്‌ വിവിധ ദേശക്കാരായ ഈ മയക്കുമരുന്നു വിതരണക്കാരെ പോലീസ്‌ അറസ്‌റ്റുചെയ്‌തത്‌. നിരവധി മയക്കുമരുന്ന്‌ ഉല്‍പന്നങ്ങളും ഇവരില്‍ നിന്നും പിടിച്ചെടുത്തു. ഷാര്‍ജ, അജ്‌മാന്‍ എന്നിവിടങ്ങളിലാണ്‌ ഇവര്‍ താമസിച്ചിരുന്നത്‌. പിടിയിലായവരില്‍ മൂന്നുപേര്‍ യുഎഇ പൗരന്മാരും രണ്ടുപേർ അറബ് വംശജരുമാണ്.


പിടിക്കപ്പെട്ട മയക്കുമരുന്നു വിതരണക്കാരെ കുറിച്ച്‌ പോലീസിനു നേരത്തെ തന്നെ വിവരങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന്‌ ഒരു പ്രത്യേക സ്‌ക്വാഡ്‌ രൂപീകരിക്കുകയും, ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയുമായിരുന്നു.

ഷാര്‍ജയിലും അജ്‌മാനിലുമായി ഒളിച്ചുകഴിയുന്ന മറ്റു മയക്കുമരുന്നു സംഘാംഗങ്ങളെ കുറിച്ച്‌ ഇവരില്‍ നിന്നും പോലീസിന്‌ വിവരം ലഭിക്കുകയും തുടര്‍ന്ന്‌ ഷാര്‍ജ, അജ്‌മാന്‍ പോലീസിന്റെ സഹായത്തോടുകൂടി ഇവരുടെ കേന്ദ്രങ്ങള്‍ കണ്ടുപിടിച്ച്‌ അറസ്റ്റുചെയ്യുകയുമുണ്ടായി.

ജുലൈയില്‍ രണ്ടായിരത്തോളം മയക്കുമരുന്നു ഗുളികകളുമായി റാസല്‍ഖൈമ പോലീസ്‌ അഞ്ചു പേരെ അറസ്റ്റുചെയ്‌തിരുന്നു. അറബ്‌ രാഷ്ട്രങ്ങളില്‍ മയക്കുമരുന്നു വിതരണക്കാരുടെ ശൃംഖല നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതായാണ്‌ ഇതോടെ വ്യക്തമാവുന്നത്‌.