മാറുന്ന കാലത്തെ മാറാത്ത പോലീസ്

പുരോഗമിക്കാത്ത ഒരു ജനതയാണ് കാടൻ പോലീസിനെ സാധ്യമാക്കുന്നത്. അല്ലെങ്കിൽ അച്ചടക്കമില്ലാത്ത ജനത. ഇന്ന് പുരോഗമിച്ച ജനതയാണ് കേരളത്തിൽ. അച്ചടക്കം ഉള്ള ജനത വളർന്നു കഴിഞ്ഞു. ഇപ്പോഴും പോലീസ് മാറിയിട്ടില്ലെന്ന് പറയുന്നത് അപമാനകരമാണ്.

മാറുന്ന കാലത്തെ മാറാത്ത പോലീസ്

ജോണി എം എൽ


ആധുനിക ബംഗാളി പത്രപ്രവർത്തനത്തിന്റെ ഭാഷയ്ക്ക് ഒരു നവീന ശൈലി സൃഷ്ടിച്ചു കൊടുത്തത് ഒരു മലയാളിയാണ്. പേര് വിക്രമൻ നായർ. അടുത്തിടെ കൊൽക്കത്തയിൽ ഒരു ബംഗാളി കലാകാരന്റെ സ്റ്റുഡിയോ സന്ദർശിക്കുന്ന വേളയിൽ ഞാൻ മലയാളി ആണെന്ന് അറിഞ്ഞപ്പോൾ അയാൾ ചോദിച്ചു എനിയ്ക്ക് നായർ ദായെ അറിയുമോ എന്ന്. വിക്രമൻ നായർ എന്ന് കേട്ടിട്ടുണ്ടായിരുന്നു. അതുകൊണ്ടു അറിയാമെന്ന് നടിച്ചു.


രണ്ടായിരത്തി അഞ്ചാം ആണ്ടിൽ മരിച്ചു പോയ അദ്ദേഹത്തെ കാണാൻ എനിക്ക് കഴിഞ്ഞിട്ടില്ല. പക്ഷെ അദ്ദേഹത്തിൻറെ 'പശ്ചിമേർ ദിഗാന്തേ പ്രൊദോഷ് കാലേ' എന്ന യാത്രാവിവരണം വായിച്ചിരുന്നു. മാതൃഭൂമി വാരികയിൽ ഒരു പരമ്പരയായി സുനിൽ ഞാളിയത്ത് തർജമ ചെയ്തിരുന്നു. ഇപ്പോളതു പുസ്തകവുമായി.


അതിലൊരിടത്തു നായർ ദാ ആംസ്റ്റർഡാമിൽ വെച്ച് അദ്ദേഹം കാണാനിടയായ ഒരു സംഭവം വിവരിക്കുന്നു. ആളുകൾ പാടുകയും നൃത്തം വെയ്ക്കുകയും ചെയ്യുന്ന ഒരിടത്തേക്ക് ഒരാൾ ഓടി വരുന്നു. അയാളുടെ പിന്നാലെ രണ്ടു പോലീസുകാരുമുണ്ട്. ഒടുവിൽ ഒരു പോലീസുകാരൻ അയാളുടെ കൈയിൽ പിടുത്തമിട്ടു. പൊടുന്നനെ വിരുതൻ നിലത്തു വീണു നിശ്ചലനായി.


ആളുകൾ പോലീസിനെ വളഞ്ഞു. പോലീസുകാർ ആളുകളോട് വിശദീകരിക്കാൻ തുടങ്ങി: ഞങ്ങൾ ഇയാളെ ഒന്നും ചെയ്തില്ല. ഒരു കടയിൽ നിന്നും എന്തോ എടുത്തു കൊണ്ട് ഓടിയപ്പോൾ പിന്തുടരുകയായിരുന്നു. ഇയാളെ ഞങ്ങൾ ഇപ്പോൾ കൈയിലൊന്നു തൊട്ടതേയുള്ളൂ. ഞങ്ങൾ നിരപരാധികളാണ്.


വിക്രമൻ നായർ എന്ന നായർ ദായ്ക്കു പുറകെ അല്പം കൂടി: ഓടിക്കൂടിയ ആൾക്കൂട്ടം പൊലീസുകാരെ പഴി ചാരാൻ തുടങ്ങി. കള്ളനെ ഓടിച്ചതും അയാൾ മറിഞ്ഞു വീണു ബോധം കെട്ടതും പോലീസിന്റെ കുറ്റം ആണെന്നറിഞ്ഞതോടെ പോലീസുകാരുടെ കാര്യം അവതാളത്തിലായി. ആംസ്റ്റർഡാമിൽ കള്ളൻ ബോധം കെട്ട് വീഴുന്നത് ഒരു മനുഷ്യാവകാശപ്രശ്നം ആണ്. പോലീസുകാരന്റെ ജോലി പോകുന്ന ഇടപാട്.


വീണു കിടന്ന കള്ളൻ മെല്ലെ കണ്ണ് തുറന്നു നോക്കി. പൊതുജന പിന്തുണ തനിക്കാണെന്നു മനസ്സിലാക്കിയ കള്ളൻ മെല്ലെ എഴുന്നേറ്റു ആൾക്കൂട്ടത്തിൽ മറഞ്ഞു. പൊലീസിന് ആശ്വാസമായി.


Kalakakshi 1


ഇതേ ആംസ്റ്റർഡാമിലാണ് അടുത്തിടെ എല്ലാ ജയിലുകളും നിർത്തലാക്കിയത്. കാരണം അവിടെ കുറ്റകൃത്യങ്ങളില്ല; ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ പിടിച്ച് അകത്തിടാൻ പറ്റിയ കുറ്റമൊന്നും ആരും ചെയ്യുന്നില്ല. ജയിൽ കെട്ടിടങ്ങളെയെല്ലാം ഇനി എന്താകും അവർ ചെയ്യുന്നത്? ഒരു പക്ഷെ മ്യൂസിയങ്ങളോ സാംസ്കാരിക കേന്ദ്രങ്ങളോ ലൈബ്രറികളോ ആക്കുമായിരിക്കും.


ഏതോ ഒരു വിദേശ രാജ്യത്ത് പോസ്റ്റൽ ഡിപ്പാർട്മെന്റിൽ ജോലി ചെയ്തിരുന്ന പോസ്റ്റ് മാൻമാർക്ക് ഒരു പുതിയ ജോലി ലഭിച്ചു. ഇമെയിൽ വന്നു മെയിൽ ഇല്ലാതായപ്പോൾ അവർക്കു കിട്ടിയ പുതിയ പണി ആണ് ആളുകളുടെ വീട്ടിലെ തോട്ടം നന്നാക്കൽ. ഇന്ത്യയിൽ ഇങ്ങനെ ഒന്ന് ആലോചിക്കാൻ കഴിയുമോ? പ്രവർത്തനം നടന്നില്ലെങ്കിലും ജോലി ചെയ്യാതെ ശമ്പളം വേണം എന്ന് വാശി പിടിക്കുന്ന ഒരു രാജ്യം, അതാണ് ഇന്ത്യ.


കുറ്റം പറയരുതല്ലോ, ഇപ്പോൾ ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ടമെന്റ് ഒരു പുതിയ സേവനം ജനങ്ങൾക്ക് ലഭ്യമാക്കുന്നുണ്ട്- ഗംഗാജലം ഇന്ത്യയിൽ എമ്പാടും എത്തിച്ചു കൊടുക്കൽ. പുണ്യത്തിന്റെ റീറ്റെയ്ൽ ബിസിനസ്. പാപികളുടെ തിരക്കു കാരണം സാധനം ഇപ്പോൾ ബുക്ക് ചെയ്തു കാത്തിരിക്കേണ്ട അവസ്ഥ.


സത്യത്തിൽ ഇതെഴുതിയത് ഇന്നലെ നാരദയിൽ വന്ന ഒരു പോലീസ് അതിക്രമത്തെ കുറിച്ചുള്ള റിപ്പോർട്ട് വായിച്ചപ്പോഴാണ്. ഇപ്പോഴിതാ വയർലെസ്കൊണ്ട് ബൈക്ക് യാത്രക്കാരന്റെ ചെന്നിയ്ക്ക് അടിച്ചു എന്ന് പറയുന്ന പോലീസുകാരന്റെ ഫേസ്ബുക് വിശദീകരണവും വന്നു കഴിഞ്ഞിരിക്കുന്നു.


സന്തോഷ് ഫെലിക്സ് എന്ന യാത്രക്കാരന്റെ ചെന്നി പൊട്ടിയൊഴുകുന്ന രക്തം കണ്ടു പോലീസിനോട് കലിപ്പ് തോന്നിയ എല്ലാ മലയാളികളും ഇപ്പോൾ ആശയക്കുഴപ്പത്തിൽ ആയിരിക്കുന്നു. കാരണം മധുസൂദനൻ മാഷ് ദാസ് എന്ന് പേരുള്ള പോലീസുകാരന്റെ ഫേസ്ബുക് പോസ്റ്റ് വായിച്ചാൽ സന്തോഷ് ഫെലിക്സ് അടി ചോദിച്ചു വാങ്ങിയത് ആണെന്ന് തോന്നും. പൊതുജനത്തിനു മുൻപിൽ വെച്ചു നടന്നു എന്ന് പറയുന്ന പോലീസ് അതിക്രമം ഇപ്പോൾ ഒരു അതിക്രമമേ അല്ലാതായിരിക്കുന്നു.


പോലീസുകാരന്റെ ഫേസ്ബുക് വായിച്ചാൽ സന്തോഷ് ഫെലിക്സ് വളരെ കൃത്യമായി പ്ലാൻ ചെയ്തു വന്ന് അടിയുണ്ടാക്കുകയും അതിനു ശേഷം വീട്ടിൽ പോയി ഭാര്യയേയും കുട്ടിയേയും കൊണ്ട് വന്നു പ്രശ്നം വൈകാരികമാക്കുകയും ചെയ്തു എന്നാണു തോന്നുക. അതേസമയം സ്പീഡോ മീറ്ററിൽ സ്വന്തം മകളുടെ പടം ഒട്ടിച്ചു വെച്ച് സ്പീഡിനെക്കുറിച്ച് സ്വയം ബോധവൽക്കരിക്കുന്ന പോലീസുകാരനോട് നമുക്ക് ആരാധന പോലും തോന്നിപ്പോകും. ആടിനെ പട്ടിയാക്കുന്ന നാട്ടിൽ എഴുതി ജീവിതം കഴിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ ആരുടേയും പക്ഷം പിടിക്കാൻ തത്കാലം ഞാൻ ഒരുമ്പെടുന്നില്ല.


പക്ഷെ നമ്മുടെ പോലീസ് എന്തെ ഇങ്ങനെ എന്ന് ചോദിക്കാതിരിക്കാൻ കഴിയുന്നില്ല. അല്പം  ആത്മകഥ. ഇരുപതാം നൂറ്റാണ്ടിന്റെ എട്ടാം ദശകം. തിരുവനന്തപുരം യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായിരുന്ന ഞാൻ കോളേജിൽ പോകുന്നതിനായി ഒരു സിറ്റി ബസ്സിൽ കയറി. പേട്ട പോലീസ് സ്റ്റേഷന് മുന്നിലെത്തിയപ്പോൾ ഫുട്ബോഡിൽ നിന്നവരെയെല്ലാം പോലീസ് പൊക്കി. അക്കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു.


നടയടി മുതൽ തുടങ്ങിയ മൂന്നാം മുറ ചെറുപ്പക്കാരുടെ കസർത്ത് കളിയായി അകത്തു മുന്നേറവെ, കണ്ടു നിന്ന പോലീസുകാരിലൊരാൾക്ക് എന്നോട് കനിവ് തോന്നി. നല്ല വീട്ടിലേതാണെന്നു തോന്നുന്നല്ലോടാ. തോന്ന്യാസത്തിനു പോകാതിരുന്നൂടെ? പൂവും കായും കൂടാതെ വന്ന ഭാഷയോട് ബഹുമാനം തോന്നി നിൽക്കവേ കരച്ചിൽ അടക്കാൻ ഒത്തിരി പാടുപെട്ടു.  അപ്പോഴാണ് അറിയുന്നത് എന്റെ ഗ്രാമവാസിയാണ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ. ആജാനബാഹു, തെറിവീരൻ, നാട്ടുകാരുടെ പേടിസ്വപ്നം. എങ്കിലും ഒരു ആശ്വാസം തോന്നി.


അദ്ദേഹം വന്നു. ഫുടബോട് യാത്രക്കാരായ കൊടും ക്രിമിനലുകളെ നെഞ്ചാംമൂടി നോക്കി ഇടിച്ചു കൊണ്ട് അദ്ദേഹം മുന്നേറി. എന്റെ അടുത്തെത്തിയപ്പോൾ ഞാൻ  ഇടി കിട്ടും മുൻപ് പറഞ്ഞു, സർ ഞാൻ --- എന്ന ഗ്രാമത്തിൽ ഉള്ളതാണ്. അതിനു അദ്ദേഹം പറഞ്ഞ ഉത്തരം ഇവിടെ എഴുതാൻ കൊള്ളില്ല. പകരം അദ്ദേഹം, "--- ഗ്രാമത്തിലുള്ളവർക്കു മൂന്ന് ജനനേന്ദ്രിയങ്ങൾ ഉണ്ടാകുമോ?" എന്ന് ചോദിച്ചു എന്ന് മാത്രം സവിനയം ഞാൻ പറഞ്ഞു കൊള്ളുന്നു.


ഒരു കോളേജ് വിദ്യാർത്ഥിയെ ഇത്രമാത്രം അപമാനിക്കുവാൻ വേണ്ടി എന്ത് തെറ്റാണ് അവൻ ചെയ്തത്? ഫുട്ബോഡിൽ നിന്നു എന്നതാണോ? ശംഖുമുഖം പാളയം റൂട്ടിൽ ഓടുന്ന ബസ്സിൽ തരി മണ്ണിടാൻ സ്ഥലമില്ലാതെ വരുമ്പോൾ ഇടയ്ക്കൂന്നു കയറുന്ന ഞങ്ങൾക്ക്, പെൺകുട്ടികളെ അകത്തു കയറ്റി സുരക്ഷിതരാക്കിയ ശേഷം പുറത്തു തൂങ്ങാതെ നിവൃത്തിയില്ലായിരുന്നു. പക്ഷെ അത് പൊലീസിന് മനസ്സിലാക്കേണ്ട കാര്യമില്ല. പോക്കറ്റടിക്കാരനും കള്ള വാറ്റുകാരനും കള്ളനും മുച്ചീട്ടു കളിക്കാരനും ചെറ്റപൊക്കുന്നവനും കോളേജ് വിദ്യാർത്ഥിക്കും പോലീസ് നൽകുന്ന നിർവചനം ക്രിമിനൽ എന്നുതന്നെയാണ്. ഇത് തെറ്റാണെന്നു പോലീസ് തിരിച്ചറിയാൻ സമയം എടുത്തു.


പുതിയ നൂറ്റാണ്ടിൽ കേരളാ പൊലീസിന് കുറേക്കൂടി മാന്യത ഉണ്ടെന്നു കരുതിയതാണ്. പക്ഷെ ഓരോ സംഭവങ്ങളും വിചാരത്തെ തെറ്റിക്കുകയാണ്. കഴിഞ്ഞ ന്യൂ ഇയർ തലേന്ന് ഫോർട്ട് കൊച്ചിയിൽ പപ്പാഞ്ഞിയെ ഉണ്ടാക്കി തിരികെ വന്ന കുറെ കലാകാരന്മാരെയും കലാകാരികളെയും പോലീസ് പിടിച്ചു നിറുത്തി അപമാനിച്ചു. ഭിന്ന ലിംഗരെ അടുത്തിടെ ആക്രമിച്ചു. നാക്കെടുത്താൽ തെറി പറയാതെ അവർക്കു സംസാരിക്കാൻ കഴിയുന്നില്ല. തെറി വിളിച്ചാൽ മാത്രമേ പോലീസ് ആകൂ എന്ന് ആരാണ് പറഞ്ഞത്? അത് പോലെ തന്നെ മൂന്നാം മുറ പ്രയോഗിച്ചാൽ സത്യം പുറത്തു വരൂ എന്ന് ആരാണ് പറഞ്ഞത്?


പുരോഗമിക്കാത്ത ഒരു ജനതയാണ് കാടൻ പോലീസിനെ സാധ്യമാക്കുന്നത്. അല്ലെങ്കിൽ അച്ചടക്കമില്ലാത്ത ജനത. ഇന്ന് പുരോഗമിച്ച ജനതയാണ് കേരളത്തിൽ. അച്ചടക്കം ഉള്ള ജനത വളർന്നു കഴിഞ്ഞു. ഇപ്പോഴും പോലീസ് മാറിയിട്ടില്ലെന്ന് പറയുന്നത് അപമാനകരമാണ്.


ഉരുട്ടിയാലും ഇടിച്ചാലും മുന്തി അറുത്താലും ചെറ്റ പൊക്കിയാലും കേരളാ പോലീസിനോട് ഇത്രയേറെ സ്നേഹമുള്ള ജനങ്ങൾ വേറെ ഉണ്ടാകില്ല. അവരുടെ പേരാണ് കേരളീയർ. ഇത്രയധികം നല്ല പോലീസ് കഥാപാത്രങ്ങളെ സൃഷ്ടിച്ച മറ്റൊരു സിനിമാ വ്യവസായം ഉണ്ടോ എന്നറിയില്ല. സി ഡി, സി ബി , ഇൻസ്പെക്ടർ, സർക്കിൾ തുടങ്ങി സാദാ പോലീസിനെ പോലും നല്ലവരിൽ നല്ലവരായി ചിത്രീകരിക്കുക എന്നത് മലയാള സിനിമയുടെ പ്രത്യേകതയാണ്. ആക്ഷൻ ഹീറോ ബിജുവും ഇത് താൻഡ്രാ പോലീസും ഒക്കെ പോലീസ് ഇതിഹാസങ്ങളിൽ പുതിയതാണ്. പോലീസിനെ നമുക്ക് പേടിക്കേണ്ടതില്ല എന്ന സന്ദേശമാണ് അവ നൽകുന്നത്.


സത്യത്തിൽ പോലീസിനെ എന്തിനാണ് പേടിക്കേണ്ടത്? ഒരു പൗരന്റെ അവകാശങ്ങളെ സംരക്ഷിക്കുക എന്ന ജോലിയാണ് പോലീസിന് ചെയ്യാനുള്ളത്. അവർ ക്രിമിനലുകളെ എതിർക്കാനുള്ള സൈന്യമാണ്. സാധാരണ പൗരനെ സംരക്ഷിക്കുകയാണ് പോലീസ് ചെയ്യേണ്ടത്. കോഴിക്കോട് വിമോദ് എന്ന ഇൻസ്പെക്ടറെ ഇന്ന് ആളുകൾ പാടിപ്പുകഴ്ത്തുന്നു. എന്തുകൊണ്ടാണത്? അയാൾ മാധ്യമ പ്രവർത്തകരെ സ്റ്റേഷനിൽ കൊണ്ട് പോയി ഇടിച്ചതിനാണോ? അതോ ജസ്റ്റീസ് കമാൽ പാഷ നാല് ദിവസം വിമോദിനെതിരെയുള്ള വാദം നീട്ടി വെച്ചത് കൊണ്ടോ? സത്യത്തിൽ, മാധ്യമ പ്രവർത്തകരെ വെറുക്കുന്ന ഒരു സ്ഥിതി വിശേഷം കേരളത്തിൽ ഇന്നുണ്ടായത് ഒരു വൈചിത്ര്യം ആണെങ്കിൽ പോലും, ഒരു ആവശ്യത്തിന് പോലീസിനെക്കാളും വക്കീലന്മാരെക്കാളും ജനത്തിന് ഉതകുന്നത് മാധ്യമ പ്രവർത്തകർ തന്നെയാണ്. അവരെ ഫേസ്ബുക്കിലും മറ്റും ഒക്കെ എതിർക്കുന്ന യുവതീ യുവാക്കൾ അറിയാത്ത ഒരു കാര്യം, നവമാധ്യമങ്ങൾ അവരെയും മാധ്യമ പ്രവർത്തകർ ആക്കുന്നു എന്നതാണ് - പൊലീസുമല്ല, വക്കീലുമല്ല


എന്റെ ഗ്രാമത്തിൽ ഒപ്പം പഠിച്ചവരും പഠിപ്പിച്ചവരും ഞാൻ പഠിപ്പിച്ചവരും ഒക്കെ പോലീസ് ഡിപ്പാർട്മെന്റിൽ ഉണ്ട്. അവരാരും തന്നെ ഇത്തരം ക്രിമിനൽ മാനസികാവസ്ഥ ഉള്ളവരല്ല. കാക്കിക്കുള്ളിൽ കലാഹൃദയവും രാഷ്ട്രീയ ഹൃദയവും സർവോപരി മനുഷ്യ ഹൃദയവും ഉള്ളവരാണ് അവർ. അങ്ങിനെയെങ്കിൽ കേരളത്തിലെ എല്ലാ പോലീസുകാരും ഏതെങ്കിലുമൊക്കെ ഗ്രാമത്തിൽ നിന്ന് വരുന്ന ശുദ്ധ ഹൃദയർ ആയിരിക്കുമല്ലോ. മീശ പിരിക്കണമെന്നും എൻഫീൽഡ് ബുള്ളറ്റിൽ പോയി കള്ളന്മാരെ പിടികൂടണമെന്നും ഒക്കെ മോഹിക്കുന്നവർ ആയിരിക്കുമല്ലോ അവർ.


അവരൊന്നുമല്ല പോലീസ് സേനയിലെ ക്രിമിനലുകൾ എങ്കിൽ ആരാണ് അവർ? അവരെ കണ്ടെത്തി ഉച്ചാടനം ചെയ്യാൻ എന്ത് കൊണ്ട് കഴിയുകയില്ല. പോലീസ് അക്രമികൾക്ക് നിയമപരവും രാഷ്ട്രീയ പരവും ആയ പിന്തുണ കൊടുക്കുന്ന വ്യവസ്ഥ മാറണം. കേരളാ പോലീസ് നല്ല വിദ്യാഭ്യാസവും വിവരവും ഉള്ള ചുള്ളൻ പയ്യന്മാരുടെയും പയ്യത്തികളുടെയും ആകണം. അവരെ കണ്ടാൽ തീയേറ്ററിലെ നിവിൻ പോളിയുടെ പോലീസിനെ കണ്ടു കയ്യടിക്കും പോലെ കയ്യടിക്കാൻ നമുക്ക്തോന്നണം. അതാകണമെടാ പോലീസ് എന്ന് മമ്മൂട്ടി.


പക്ഷെ പോലീസ് സേനയിൽ ചേരുന്ന ശുദ്ധ ഹൃദയർ ക്രമേണ വഴി തെറ്റുന്നു എന്നാണു പറയുന്നത്. വഴി തെറ്റാൻ തീരുമാനിച്ചാലേ വഴി തെറ്റൂ. കോളേജ് അധ്യാപകരും സ്കൂൾ അധ്യാപകരും വീട്ടിൽ സ്പെഷ്യൽ ട്യൂഷൻ എടുക്കുന്നത് സമൂഹത്തിന്റെ പ്രേരണയാലല്ല, പണം ഉണ്ടാക്കണം എന്ന ആർത്തിയാൽ ആണ്. പ്രൈവറ്റ് പ്രാക്ടീസ് വേണം എന്ന് തീരുമാനിക്കുന്ന സർക്കാർ ഡോക്ടർ അത്  ചെയ്യുന്നത് ആതുര സേവനം ലക്ഷ്യമാക്കിയല്ലല്ലോ. എല്ലാവരും അങ്ങിനെ ആകുമ്പോൾ ബാക്കി ചില്ലറ  ഇറങ്ങാൻ നേരത്ത് തരാം എന്ന് കണ്ടക്ടറും പറയും. പക്ഷെ എല്ലാവരും അങ്ങിനെയാവില്ല എന്ന് തീരുമാനിച്ചലോ? സമൂഹം നന്നാകും.


സമൂഹം മാറുകയാണ്. പുതിയ തലമുറ പോലീസിനെ കാര്യമാക്കുന്നില്ല. കാര്യം അവർ സ്വയം ക്രിമിനലുകൾ അല്ലെന്ന് അവർക്ക് അറിയാം. അവരുടെ മേൽ കുതിര കയറാൻ ചെല്ലുന്ന പോലീസിനെ അവർ രാത്രി പോലീസ് ചെറ്റ പൊക്കാൻ ചെല്ലുമ്പോൾ പിടികൂടി മാതാപിതാക്കളുടെ ചരിത്രം ചൊല്ലി വാട്സാപ്പ് എടുത്തു ലോകം മുഴുവൻ കാണിക്കും.


വയർലെസ്സ് സെറ്റ് കൊണ്ട് അടിച്ചാലും ഇല്ലെങ്കിലും സന്തോഷ് ഫെലിക്സിന്റെ ചെന്നി പൊട്ടി. അതാണ് സത്യം. ബൈക്കിൽ അയാൾ അമിത വേഗത്തിൽ വന്നു വയർ ലെസ് സെറ്റിൽ ഇടിച്ചതാണെന്ന സാങ്കേതിക വിഷയം കോടതിയ്ക്കുള്ളതാണ്. അത് കോടതിയ്ക്ക് തന്നെ വിട്ടു കൊടുക്കുക. മാഷ് ദാസ് എന്ന പോലീസുകാരൻ അത്ര നന്മയിൽ മധുസൂദനൻ ആണെങ്കിൽ എന്തുകൊണ്ട് ഫെലിക്സിനെ ആശുപത്രിയിൽ എത്തിച്ച ശേഷം വയർലെസിൽ വന്നിടിച്ചതിനു കേസെടുത്തില്ല?


പോലീസ് സേനയിലെ ക്രിമിനലുകളെ ഒഴിവാക്കി പുതിയൊരു ഭരണം പുതിയ സർക്കാരിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നു. ഗൺ മോന്മാരെയും സലിം രാജുമാരെയും നിറുത്തി കളിക്കുന്ന രാഷ്ട്രീയം പോലീസിൽ ക്രിമിനലുകളെ വളരാൻ ഇടയാക്കും.


ജനങ്ങൾ വിചാരിച്ചാൽ സൈന്യത്തിന്റെ നിക്കർ ഊരാൻ കഴിയും. തുർക്കിയിലെ ജനങ്ങൾ അത് തെളിയിച്ചതാണ്. നല്ല ഭരണത്തിന് വേണ്ടിയും നല്ല ഭരണ കർത്താക്കൾക്കു വേണ്ടിയും ജനങ്ങൾ തെരുവിലിറങ്ങും. അതാണ് ചരിത്രം.


യൂറോപ്പുൾപ്പെടെ എല്ലായിടത്തും ഇരുണ്ട യുഗത്തിന് ശേഷം മനുഷ്യനെ മനുഷ്യൻ ബഹുമാനിക്കുന്ന ജനാധിപത്യ സംവിധാനങ്ങൾ ഉയർന്നു വന്നിട്ടുള്ളത് ചരിത്ര പ്രക്രിയകളിലൂടെയാണ്. കേരളം പ്രക്രിയയുടെ ഭാഗമാക്കണം, ആയെ പറ്റൂ.