കേന്ദ്ര ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ആര്‍എസ്എസ്സുകാരന് എന്ത് കാര്യമെന്ന് പിണറായി വിജയന്‍; ''എഴുത്തുകാരെ കൊല്ലാനിറങ്ങുന്നവരെ വിഹരിക്കാന്‍ അനുവദിക്കുന്ന മണ്ണല്ല കേരളം''; വര്�

"അന്ധകാരം രാജ്യത്ത് പലയിടത്തും വ്യാപിക്കുമ്പോള്‍ എഴുത്തുകാര്‍ക്ക് എല്ലാ സ്വാതന്ത്ര്യവുമുള്ള വെളിച്ചത്തിന്റെ തുരുത്താണു കേരളം"- പിണറായി വിജയന്‍

കേന്ദ്ര ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ആര്‍എസ്എസ്സുകാരന് എന്ത് കാര്യമെന്ന് പിണറായി വിജയന്‍;

തിരുവനന്തപുരം: മാതൃഭൂമി ദിനപത്രത്തിലെ പരസ്യം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസനയത്തെ പിണറായി വിജയന്‍ വിമര്‍ശിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ് എന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ അധ്യാപക പരിശീലനത്തിനായുള്ള ചടങ്ങില്‍ മുഖ്യാതിഥിയായി എത്തുന്ന വ്യക്തി ആര്‍എസ്എസ്സ് നേതാവാണെന്ന് പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പിണറായുടെ പോസ്റ്റ്. ആര്‍ എസ് എസ് സഹപ്രചാര്‍പ്രമുഖ് ജെ നന്ദകുമാര്‍ മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുക്കുമെന്നായിരുന്നു പരസ്യത്തിലുണ്ടായിരുന്നത്.


''കേന്ദ്ര ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ആര്‍എസ്എസുകാരന് എന്താണു കാര്യമെന്ന് സാംസ്‌കാരികപ്രബുദ്ധമെന്നു പറയുന്ന ഈ നാട്ടില്‍ ഒരാളും ചോദിച്ചില്ല. അതുകൊണ്ടാണിത് പറയുന്നത്. ഒരുപക്ഷെ, നമ്മുടെ സാംസ്‌കാരിക നായകര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്ന കാര്യമല്ലായിരിക്കും ഒരു ആര്‍എസ്എസ് നേതാവ് സര്‍ക്കാരിന്റെ അധ്യാപന പരിശീലന പരിപാടിക്ക് മുഖ്യാതിഥിയായി എത്തുക എന്നത്. ''-പിണറായി പറഞ്ഞു.


സാംസ്‌കാരിക രംഗത്തും വിദ്യാഭ്യാസരംഗം പടിപടിയായി വര്‍ഗീയവല്‍ക്കരിക്കുന്ന പ്രക്രിയ അതിവേഗത്തില്‍ നടക്കുകയാണെന്നും ഇതിനെ ചെറുക്കാന്‍ സാംസ്‌കാരികരംഗത്ത് സജീവമായ ജാഗ്രതയുണ്ടാവേണ്ടതുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പിണറായി വിജയന്‍ പറയുന്നു.

പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും നളന്ദാ സര്‍വകലാശാലയിലും ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലും ഹൈദരാബാദ് സര്‍വകലാശാലയിലും ഒക്കെ നടന്നതു കാമ്പസിന്റെ വര്‍ഗീയവല്‍ക്കരണവും അതിനെതിരായ കുട്ടികളുടെ ചെറുത്തുനില്‍പ്പുമാണ്.നരേന്ദ്ര ധാബോല്‍ക്കര്‍ക്കും കല്‍ബുര്‍ഗിക്കും ഗോവിന്ദ് പന്‍സാരെയ്ക്കും ഒക്കെ ജീവന്‍ ബലികൊടുക്കേണ്ടിവന്നത്, അവര്‍ ശാസ്ത്രചിന്തയിലും യുക്തിബോധത്തിലും വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറായില്ല എന്നതുകൊണ്ടാണെന്നും പിണറായി വ്യക്തമാക്കുന്നു.


ഡോ. കെ. എന്‍. പണിക്കര്‍,ഷബാനാ ആസ്മി,ദീപാമേത്ത, കമലഹാസന്‍,് യു. ആര്‍. അനന്തമൂര്‍ത്തി, പെരുമാള്‍ മുരുഗന്‍ തുടങ്ങിയവരൊക്കെ വര്‍ഗീയ വിദ്വേഷം ഏറ്റുവാങ്ങിയവരാണ്. ഇങ്ങനെയുള്ള അന്ധകാരം രാജ്യത്ത് പലയിടത്തും വ്യാപിക്കുമ്പോള്‍ എഴുത്തുകാര്‍ക്ക് എല്ലാ സ്വാതന്ത്ര്യവുമുള്ള വെളിച്ചത്തിന്റെ തുരുത്താണു കേരളമെന്നും പിണറായി പറഞ്ഞു.

കാവല്‍ നില്‍ക്കാന്‍ പുരോഗമനശക്തികളുള്ളത് കൊണ്ടാണ് ഇവിടെ ഈ വെളിച്ചം നിലനില്‍ക്കുന്നത്. ഇതു കെട്ടാല്‍ ഇവിടെയും കല്‍ബുര്‍ഗിക്കു നേരിടേണ്ടിവന്നതു മാതിരിയുള്ള ദുരന്തങ്ങള്‍ ഉണ്ടാവും. അതുണ്ടാവാതിരിക്കാനുള്ള ഉത്തരവാദിത്വം എഴുത്തുകാര്‍ക്കുമുണ്ട്. എഴുതിയതിന്റെ പേരില്‍ കൊല്ലാനിറങ്ങുന്നവരെ സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിക്കുന്ന മണ്ണല്ല കേരളം. എഴുത്തുകാര്‍ക്ക് സ്വതന്ത്രമായി എഴുതാനുള്ള എല്ലാ സാഹചര്യവും ഒരുക്കിക്കൊടുക്കാന്‍ പ്രതിജ്ഞാബദ്ധമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ എന്നും പേസ്ബുക്ക് പോസ്റ്റില്‍ പിണറായി വിജയന്‍ വിശദീകരിക്കുന്നു