പഠിക്കാൻ മിടുക്കുണ്ടായിട്ടു കാര്യമില്ല; ദളിതനിപ്പോഴും സയൻസ് തീണ്ടാപ്പാടകലെ: കുട്ടിക്കാനം മോഡൽ റെസിഡൻഷ്യൽ സ്കൂളിനു പറയാനുള്ളത്...

സയൻസ്, ഹ്യൂമാനിറ്റീസ് വിഷയങ്ങൾ അനുവദിക്കപ്പെട്ടെങ്കിലും ഇതേവരെ ഹ്യൂമാനിറ്റീസ് മാത്രമേ തുടങ്ങിയിട്ടുള്ളൂ. അടച്ചുറപ്പുള്ള ഒരു ഓഫീസ് മുറി പോലും ഇതേവരെ പണിതിട്ടില്ല. സ്ഥിരം അധ്യാപകരെ ഇതേ വരെ നിയമിച്ചിട്ടില്ല.

പഠിക്കാൻ മിടുക്കുണ്ടായിട്ടു കാര്യമില്ല; ദളിതനിപ്പോഴും സയൻസ് തീണ്ടാപ്പാടകലെ: കുട്ടിക്കാനം മോഡൽ റെസിഡൻഷ്യൽ സ്കൂളിനു പറയാനുള്ളത്...

ഇടുക്കി: പഠിക്കാൻ മിടുക്കുണ്ടെന്നു കരുതി ദളിത് കുട്ടികൾ സയൻസ് വിഷയങ്ങളിൽ ഉപരിപഠനം മോഹിക്കാമോ? പുണ്യഗ്രഹങ്ങൾ അപൂർവബിന്ദുവിൽ കൂട്ടിമുട്ടുന്ന ജാതകയോഗത്തിനു പുറമെ ഉന്നതങ്ങളുടെ കനിവും കാരുണ്യവും കരകവിഞ്ഞൊഴുകിയാൽ മാത്രം പൂവണിയുന്ന സ്വപ്നമാണത്. കുട്ടിക്കാനം മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ ചെന്നാൽ പറഞ്ഞത് അതിശയോക്തിയല്ലെന്നു മനസിലാകും.

2013ലാണ് ഈ സ്കൂൾ ഹയർ സെക്കൻഡറി സ്കൂളായി ഉയർത്തിയത്. പക്ഷേ, ഹയർ സെക്കൻഡറിയ്ക്ക് ഇതുവരെ പ്രത്യേക ബ്ലോക്കില്ല. സയൻസ്, ഹ്യൂമാനിറ്റീസ് വിഷയങ്ങൾ അനുവദിക്കപ്പെട്ടെങ്കിലും ഇതേവരെ ഹ്യൂമാനിറ്റീസ് മാത്രമേ തുടങ്ങിയിട്ടുള്ളൂ. അടച്ചുറപ്പുള്ള ഒരു ഓഫീസ് മുറി പോലും ഇതേവരെ പണിതിട്ടില്ല. ഓഫീസ് റൂം താൽക്കാലികമായി ഒരു ക്ലാസ് റൂമിൽ ആണു പ്രവർത്തിക്കുന്നത്. സ്ഥിരം അധ്യാപകരെ ഇതേ വരെ നിയമിച്ചിട്ടില്ല.
വായിക്കുക: 


വാതിലില്ലാത്ത ടോയ്‌ലെറ്റ്; ചോര്‍ന്നൊലിക്കുന്ന കെട്ടിടം; ഒറ്റമുറിയില്‍ ഉറങ്ങുന്നത് 26 പെണ്‍കുട്ടികള്‍; ഷൊർണൂരിലെ പട്ടികജാതി പ്രീ മെട്രിക് ഹോസ്റ്റൽ ഇങ്ങനെയൊക്കെയാണ്...പഠനമിടുക്കിൽ പിന്നിലല്ല ഈ സ്കൂളിലെ കുട്ടികൾ. കഴിഞ്ഞ ഏതാനും വർഷങ്ങളായി എസ്എസ്എൽസിയ്ക്കും പ്ലസ്ടുവിനും 100% റിസൾട്ട്. ഇക്കഴിഞ്ഞ കൊല്ലം പത്താംതരത്തിൽ ഫുൾ എ പ്ലസ് രണ്ടുപേർക്ക്.

എസ്എസ്എൽസിയ്ക്ക് എത്ര ഉയർന്ന മാർക്കു കിട്ടിയാലും ഈ കുട്ടികൾക്ക് ഹ്യൂമാനിറ്റീസേ പഠിക്കാനാവൂ. സയൻസ് പഠിക്കണമെന്ന് താൽപര്യമുണ്ടെങ്കിലും അവസരമില്ല. അഭിരുചിയ്ക്കനുസരിച്ചുവേണം കുട്ടികൾ പഠിക്കാനെന്നൊക്കെ സിദ്ധാന്തമുണ്ട്. പക്ഷേ, അതിന്റെ പരിധിയിൽ കുട്ടിക്കാനത്തെ ദളിത് കുട്ടികൾ ഉൾപ്പെടുന്നില്ല.

kuttikkanam009

കരാർ അധ്യാപകരാണ് സ്കൂളിലുള്ളത്. പക്ഷേ, അതൊന്നും അവരുടെ ആത്മാർത്ഥതയെയും അർപ്പണബോധത്തെയും ബാധിക്കുന്നില്ല. പരിമിതികളൊന്നും അവരെ ബാധിക്കുന്നേയില്ല. രാവിലെ 6.30 മുതൽ 7.30 വരെയും വൈകിട്ട് 6 മുതൽ 10 വരെയും എല്ലാ ദിവസവും എക്സ്ട്രാ ക്ലാസുണ്ട്. അധ്വാനിച്ചു തന്നെയാണ് അവർ അസൂയപ്പെടുത്തുന്ന വിജയശതമാനം കരസ്ഥമാക്കിയത്.

പക്ഷേ, കോടിക്കണക്കിനു രൂപ പട്ടികവിഭാഗം കുട്ടികളുടെ പഠനത്തിനു ചെലവഴിക്കുന്ന നാട്ടിൽ ഇടുക്കിയിലെ മോഡൽ റെസിഡൻഷ്യൽ സ്കൂളിന്റെ പിന്നാക്കാവസ്ഥ മൂടിവെയ്ക്കാൻ ഇതൊന്നും മതിയായ കാരണങ്ങളല്ല. ജില്ലാ കളക്ടർ ചെയർമാനും ട്രൈബൽ പ്രൊജക്റ്റ് ഓഫീസർ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, പിഡബ്ല്യൂഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഡിഎംഒ എന്നിവർ അംഗങ്ങളുമായ സമിതിക്കാണ് സ്കൂളിന്റെ ചുമതല. അവർക്കു മുകളിൽ പട്ടിക ജാതി പട്ടിക വർഗ വകുപ്പ് മന്ത്രിയുണ്ട്. ഈ സ്കൂളിനു വേണ്ടിക്കൂടിയാണ് കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ആയിരത്തിലേറെ കോടി ചെലവഴിച്ചത്.വായിക്കുക:


പട്ടികജാതി വിഭാഗത്തിലെ കുഞ്ഞുങ്ങൾക്കുള്ള നഴ്സറികളുടെ അവസ്ഥ കാണണോ? പാറശാലയിലെ മുറിയങ്കരയിലേക്കു ചെല്ലൂ…വനംവകുപ്പിന്റെ വക ചെറിയൊരു കുളത്തിൽ നിന്നാണ് കുടിവെള്ളമെടുക്കുന്നത്. സ്കൂളിൽ നിന്ന് 250 മീറ്ററോളം താഴേക്കു മാറിയാണ്, കുളം. അത്രയും ദൂരം അവർ വെള്ളം ചുമന്നെത്തിക്കണം. കുളം വൃത്തിയാക്കിയത് അധ്യാപകരും കുട്ടികളും ചേർന്ന്. വേനൽക്കാലത്ത് വെള്ളം വില കൊടുത്തു വാങ്ങണം.

അതേ സമയം കേരളത്തിലെ മിക്ക എസ് സി/എസ് ടി പ്രീമെട്രിക് ഹോസ്റ്റലുകളിൽ നിന്നും ഗുണപരമായ വ്യത്യാസം ഈ സ്കൂളിനുണ്ട്. ഇവിടുത്തെ കുട്ടികൾക്ക് പോഷകാഹാരപ്രദമായ നല്ല ഭക്ഷണം ലഭിക്കുന്നുണ്ട്. വളരെ വൃത്തിയുള്ള മെസ് ആണ് ഉള്ളത്. ആഴ്ചയിലെ ഓരോ ദിവസത്തിനും പ്രത്യേകമായ മെനു ഉണ്ട്. മത്സ്യവിഭവം അടക്കം കുട്ടികൾക്കു നൽകുന്നുമുണ്ട്.

kuttikkanam007

സ്കൂളിൽ കമ്പ്യൂട്ടർ ലാബ് , ലൈബ്രറി / റീഡിങ് റൂം തുടങ്ങിയ ഒരു സൗകര്യവുമില്ല. പത്രമോ മറ്റു ആനുകാലികങ്ങളോ വായിക്കാൻ മാർഗമില്ല. കാടുകയറിയ കളിസ്ഥലത്തിൽ വിഷപ്പാമ്പുകളുടെ രാപ്പകൽ കായികപരിശീലനം കാരണം കുട്ടികൾക്ക് പ്രവേശനമില്ല.

ആയിരക്കണക്കിനു കോടി രൂപ ദളിത് കുട്ടികളുടെ വിദ്യാഭ്യാസത്തിന് ചെലവഴിക്കുന്ന നാട്ടിൽ അവർക്കു വേണ്ടിയുള്ള ഒരു റെസിഡൻഷ്യൽ സ്കൂളിലാണ് ഇങ്ങനെയൊരു ദുരവസ്ഥ.

പഠിക്കാൻ മിടുക്കുള്ള കുട്ടികൾ. പക്ഷേ, കെട്ടിടമില്ല, അധ്യാപകരില്ല, മറ്റു സൗകര്യങ്ങളൊന്നുമില്ല. പട്ടികജാതി കുട്ടികൾ മിടുക്കരായി ജയിച്ചാലും ഇഷ്ടവിഷയത്തിൽ ഉപരിപഠനത്തിനുള്ള സാധ്യത ഒട്ടുമില്ലാത്ത സ്കൂളുകളും കേരള മോഡലിന്റെ അറിയപ്പെടാത്ത മുഖമാണ്.വായിക്കുക:
അഞ്ചുവർഷം കൊണ്ട് പട്ടികജാതി കുട്ടികളുടെ വിദ്യാഭ്യാസത്തിനു ചെലവഴിച്ചത് 1123 കോടി; കുടിവെള്ളമില്ലാത്ത നഴ്സറികൾ, സൌകര്യമില്ലാത്ത ഹോസ്റ്റലുകൾ, കുട്ടികളുടെ പോക്കറ്റ്മണിയും ട്യൂഷൻ ഫീസും കൊള്ളയടിക്കുന്ന അധികാരികൾ;  ഇവർക്കു നേരെ കണ്ണടച്ചിട്ട് എന്തു വികസനമാണ് കൊണ്ടുവരുന്നത്?