കേരളീയ സമൂഹത്തിലെ പുരുഷാധിപത്യം സഭയിലും പ്രതിഫലിക്കുന്നു; വൈദികര്‍ ലൈംഗികമായി പീഡിപ്പിച്ചാല്‍ അവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടു വരണം; വിവാദങ്ങളോട് ഫാ. പോള്‍ തേലക്കാട്ട് പ്രതികരിക്കുന്ന

വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങൾ അദ്ദേഹം ആളുകളെ മാനിക്കാന്‍ പഠിക്കാത്തതു കൊണ്ടു സംഭവിച്ചതാണ്. അമലാ പോള്‍ വിവാദത്തില്‍ കാശു കൊടുത്തു ചടങ്ങ് നടത്തിയവരോടും കാശു വാങ്ങിയവരോടുമാണു ചോദിക്കേണ്ടത്. വിവാഹിതരായ ആളുകളിലും ലൈംഗിക വിശുദ്ധിയെ ചോദ്യം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നില്ലേ? വൈദികരുടെ വിശുദ്ധ ജീവിതത്തിന് വിവാഹമല്ല പരിഹാരം - വിവാദ വിഷയങ്ങളിൽ ഫാ. പോൾ തേലക്കാട്ട് പ്രതികരിക്കുന്നു.

കേരളീയ സമൂഹത്തിലെ പുരുഷാധിപത്യം സഭയിലും പ്രതിഫലിക്കുന്നു; വൈദികര്‍ ലൈംഗികമായി പീഡിപ്പിച്ചാല്‍ അവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടു വരണം; വിവാദങ്ങളോട് ഫാ. പോള്‍ തേലക്കാട്ട് പ്രതികരിക്കുന്ന

അധികാരം ദൈവദത്തമാണെന്നും പുരോഹിതര്‍ ദൈവസ്ഥാനത്തുളളവരാണെന്നുമുളള പഴയ ചിന്താരീതികള്‍ക്ക് ഇന്ന് ഇളക്കം തട്ടിത്തുടങ്ങി. കത്തോലിക്കാസഭയുടെ നിലപാടുകള്‍ പലപ്പോഴും പൊതുജനസമക്ഷം വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങുന്നു. പുരോഹിതരുടെ ചെയ്തികളും ചിന്താസരണികളും ചോദ്യം ചെയ്യപ്പെടുന്നു. അല്‍മായരുടെയും സ്ത്രീകളുടെയും പ്രാതിനിധ്യം സഭയില്‍ തുലോം തുച്ഛമാണെന്നും സഭയിലെ അല്‍മായ പ്രാതിനിധ്യം ഏട്ടിലെ പശുവാണെന്നും വിമര്‍ശനങ്ങള്‍ പല കോണുകളില്‍ നിന്നും ഉയരുന്നു. സഭയിലെ പുഴുക്കുത്തുകള്‍ക്കെതിരെ തിരുവസ്ത്രം ഉപേക്ഷിച്ചിറങ്ങിയ സി. ജെസ്മി, മേരി ചാണ്ടി, സി. മേരി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ നടത്തിയ ഗുരുതരമായ ആരോപണങ്ങള്‍ കേരളത്തിലെ സഭയെ പ്രതിരോധത്തിലാക്കുന്നുമുണ്ട്.


വിവാദങ്ങളോടും വിമര്‍ശനങ്ങളോടും സീറോ മലബാര്‍ സഭയുടെ വക്താവും എറണാകുളം അതിരൂപതയുടെ മുഖപത്രമായ സത്യദീപത്തിന്റെ എഡിറ്ററുമായ ഫാ. പോള്‍ തേലക്കാട്ട് പ്രതികരിക്കുന്നു.

ആധുനിക കാലഘട്ടത്തില്‍ വൈദികര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെടുന്നത്. ലൈംഗിക ആരോപണങ്ങളും സാമ്പത്തിക ക്രമക്കേടുകളും എല്ലാം ഉണ്ടാകുന്നു. സഭ പലപ്പോഴും വൈദികരെ സംരക്ഷിക്കുന്നു എന്ന ആരോപണങ്ങളും ശക്തമാണ്. എങ്ങനെയാണ് സഭ ഇത്തരം ആരോപണങ്ങളെ നോക്കിക്കാണുന്നത് ?


പണ്ടത്തെ ജനസമൂഹമല്ല ഇപ്പോഴുള്ളത്. അവര്‍ കുറച്ചുകൂടി നല്ല രീതിയില്‍ കാര്യങ്ങള്‍ മനസിലാക്കുന്നവരാണ്. അച്ചന്‍മാര്‍ വിശുദ്ധരല്ല. വീഴ്ചകള്‍ മാനുഷികമാണ്, അതൊക്കെ തിരുത്തി മുന്നോട്ടു പോവുകയാണ് വേണ്ടത്. സഭയിലെ വ്യതിചലനങ്ങളെ ആത്മവിമര്‍ശത്തിനുളള വേദികളാക്കി മാറ്റിയില്ലെങ്കില്‍ മൗലികവാദമുണ്ടാകും. ദൈവം നല്‍കിയ അധികാരം ദുര്‍വിനിയോഗിച്ചിട്ടുണ്ടെങ്കില്‍ അതിന് നടപടികള്‍ ഉണ്ടാകണം. കുട്ടികളെയോ സ്ത്രീകളെയോ ലൈംഗികമായി ദുരുപയോഗിക്കുന്ന വൈദികരുണ്ടെങ്കില്‍ അവരെ നിയമത്തിനും സമൂഹത്തിനും മുന്നില്‍ കൊണ്ടു വരുവാന്‍ വിശ്വാസി സമൂഹം തയ്യാറാകണം. കന്യാസ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്ന അച്ചന്‍മാര്‍ ഉണ്ടെന്ന് സഭാവസ്ത്രം ഉപേക്ഷിച്ച് രംഗത്തു വന്ന കന്യാസ്ത്രീകള്‍ ആരോപിക്കുന്നുണ്ടെങ്കില്‍ തെളിവുകള്‍ നല്‍കി അവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വന്ന് ശിക്ഷിക്കട്ടെ. ഇത്തരക്കാരെ കന്യാസ്ത്രീ മഠത്തില്‍ നിന്ന് അടിച്ചോടിക്കാനുള്ള ആര്‍ജ്ജവം കന്യാസ്ത്രീകളും കാണിക്കേണ്ടതുണ്ട്.

കത്തോലിക്കാസഭ പുരോഹിതന്‍മാരുടെതാണ്, കന്യാസ്ത്രീകള്‍ അടിമ വേലയ്ക്കുള്ളവരാണെന്ന ആരോപണങ്ങളെ എങ്ങനെ പ്രതിരോധിക്കുന്നു?


[caption id="attachment_38818" align="alignleft" width="400"]സിസ്റ്റർ മേരി ചാണ്ടി സിസ്റ്റർ മേരി ചാണ്ടി[/caption]

കേരള സമൂഹം പുരുഷന്‍മാര്‍ക്ക് പ്രാധാന്യമുളള സമൂഹമാണ്. ആണുങ്ങളുടെ ആധിപത്യം നമ്മുടെ കുടുംബങ്ങളില്‍ ഉള്ളതു പോലെ തന്നെ സഭയിലും കണ്ടേക്കാം. കത്തോലിക്കാ സഭയില്‍ പുരുഷന്‍മാര്‍ക്കൊപ്പം തന്നെ കന്യാസ്ത്രീകളും സ്ത്രീകളും പെണ്‍കുട്ടികളും പരിഗണിക്കപ്പെടണം.

പിന്നെ മനസിലാക്കപ്പെടേണ്ട ഒരു കാര്യം സമൂഹത്തിന്റെ എല്ലാ തലങ്ങളിലേയ്ക്കും ഇറങ്ങി വരാന്‍ വേണ്ടിയല്ല കന്യാസ്ത്രീകള്‍ സന്ന്യാസം സ്വീകരിക്കുന്നതെന്നാണ്. ഈ ജീവിതാവസ്ഥ ആരും ആരിലും കെട്ടി ഏല്‍പ്പിച്ചതല്ല. പൂര്‍ണ മനസോടെ ഒരാള്‍ സ്വീകരിക്കുന്നതാണ്. നിഷ്ഠകളോടും നിബന്ധനകളോടും കൂടിയുള്ള ജീവിതമാണ്. ഒരാള്‍ക്ക് സന്ന്യാസ ജീവിതത്തില്‍ തുടരാന്‍ താത്പര്യമില്ലെങ്കില്‍ തിരുവസ്ത്രം ഉപേക്ഷിക്കാനും സഭ സ്വാതന്ത്ര്യം നല്‍കുന്നുണ്ട്.

എന്നാല്‍ പ്രത്യേകം ഓര്‍ക്കേണ്ട കാര്യം സഭയില്‍ നിന്നു പോകുന്നവരും അകത്തുളളവരും തമ്മില്‍ ഒരു തുറവി വേണമെന്നാണ്. പുറത്തുളളവര്‍ക്ക് ഒരു ജീവിതമുണ്ട്. അവരുടെ തുടര്‍ ജീവിതത്തിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ അകത്തുള്ളവര്‍ ശ്രദ്ധിക്കണം. അതു പോലെ തന്നെ സഭയില്‍ ഉള്ളവരെയെല്ലാം പോകുന്ന പോക്കില്‍ നാറ്റിക്കാതിരിക്കാനും സഭയില്‍ നിന്നു പുറത്തിറങ്ങുന്നവര്‍ ശ്രദ്ധിക്കണം.

കന്യകമാരായി ജീവിക്കാന്‍ കന്യാസ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന സി. ജെസ്മിയുടെ വെളിപ്പെടുത്തലിനെ എങ്ങനെ നോക്കിക്കാണുന്നു?


[caption id="attachment_35462" align="alignright" width="400"] സിസ്റ്റർ മേരി സെബാസ്റ്റ്യൻ[/caption]

കന്യകമാരായി കന്യാസ്ത്രീകള്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് സിസ്റ്റര്‍ ജെസ്മിയുടെ പ്രസ്താവനയെ ഞാനും അംഗീകരിക്കുന്നു. ബ്രഹ്മചര്യം അനുഷ്ഠിച്ച് ജീവിക്കാന്‍ വൈദികര്‍ക്കും ബുദ്ധിമുട്ടുണ്ട്. ദൈവത്തിന്റെ അനുഗ്രഹവും പ്രാര്‍ത്ഥനാ ജീവിതവും ഉണ്ടെങ്കില്‍ മാത്രമേ കന്യകമാരായും ബ്രഹ്മചരികളായും സഭയില്‍ തുടരാന്‍ സാധിക്കുകയുള്ളു. ഇതൊരു ബുദ്ധിമുട്ടേറിയ ജീവിതാവസ്ഥ തന്നെയാണ്.

മനുഷ്യരെ സേവിക്കാതെ ക്രിസ്തുവിനെ സ്‌നേഹിച്ചിട്ട് വലിയ കാര്യം ഒന്നുമില്ല. കന്യാസ്ത്രീകള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ടെന്ന ഉത്തമബോധ്യവും അറിവും ഉണ്ടെങ്കില്‍ കുറ്റക്കാരെ സംരക്ഷിക്കാതെ അവരുടെ പേരുകളും മറ്റു വിവരങ്ങളും പൊതു ജനത്തിന്റെയും നിയമത്തിന്റെ മുന്‍പിലും കൊണ്ടു വരുവാനും ആരോപണം ഉന്നയിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

അച്ചന്‍മാര്‍ ബ്രഹ്മചര്യം ലംഘിക്കുന്ന സാഹചര്യം ഒഴിവാക്കാൻ പുരോഹിതന്മാർക്കു വിവാഹം അനുവദിക്കുകയല്ലേ പ്രധാന പരിഹാരം?

വൈദികര്‍ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന പരാതികള്‍ ഉയരുമ്പോഴും വൈദികരും സന്ന്യസ്തരും ബ്രഹ്മചര്യം ലംഘിക്കുമ്പോഴും വൈദികര്‍ വിവാഹം ചെയ്യുന്നതിനെ കുറിച്ചാണ് ഭൂരിഭാഗം ആളുകളും ചര്‍ച്ച ചെയ്യുന്നത്. വിവാഹിതരായ ആളുകളിലും ലൈംഗിക വിശുദ്ധിയെ ചോദ്യം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നില്ലേ? വൈദികരുടെ വിശുദ്ധ ജീവിതത്തിന് വിവാഹമല്ല പരിഹാരം. സഭയിലും സമൂഹത്തിലും വിശുദ്ധിയോടെ ജീവിച്ച് ഉന്നതമായ ക്രൈസ്തവ ജീവിതം കരുപ്പിടിപ്പിക്കാന്‍ അവരെ സഹായിക്കുകയാണ് വേണ്ടത്.

സ്ത്രീകളുടെ കാല്‍ കഴുകല്‍ വിവാദങ്ങളെ കുറിച്ച്? ദൈവമാതാവിനെ ആദരിക്കുന്ന സഭാ സമൂഹത്തില്‍ ജീവിക്കുന്ന സ്ത്രീകള്‍ ആദരിക്കപ്പെടുന്നില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നില്ലേ?

പെസഹാ വ്യാഴാഴ്ച സ്ത്രീകളുടെ കാല്‍ കഴുകുന്നതിനെ കുറിച്ച് നെഗറ്റീവ് അഭിപ്രായങ്ങള്‍ ഉണ്ടാകേണ്ട കാര്യമില്ല. സഭയിലെ എന്ത് മാറ്റവും ഇവിടെ ചര്‍ച്ച ചെയ്ത് തീരുമാനിച്ച് മാത്രമേ നടപ്പാക്കേണ്ടതുള്ളുവെന്ന കേരളത്തിലെ സഭയുടെ നിലപാടിന്റെ ഭാഗമായിരുന്നു,  പുരോഗനമപരമെന്ന് ലോകം വിശേഷിപ്പിച്ച പോപ്പിന്റെ തീരുമാനത്തെ കേരള സഭാ നേതൃത്വം ഉള്‍ക്കൊള്ളാന്‍ വൈമുഖ്യം കാണിച്ചുവെന്ന ആരോപണം ഉണ്ടാകാന്‍ കാരണം. സ്ത്രീകളുടെ കാല്‍ കഴുകപ്പെടേണ്ടതു തന്നെയാണെന്നാണ് എന്റെ അഭിപ്രായം. സമീപഭാവിയില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ സഭയിലുണ്ടാകും.

chruth_bishop-vadakkuthalaലൈംഗികത ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ സഭ പ്രായോഗികത മാനിക്കുന്നില്ലെന്നുള്ളത് പ്രധാന വിമര്‍ശനമല്ലേ?

ലൈംഗികത ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ പ്രായോഗികത മാനദണ്ഡമാക്കിയെടുക്കേണ്ട കാര്യമില്ല. കര്‍ശനമായ ധാര്‍മ്മികതയാണ് സഭയുടെ ബലം. വിശുദ്ധമായ ചരിത്രം ഉണ്ടാക്കാനാണ് സഭ ശ്രമിക്കേണ്ടത്. കൃതിമ ജനന മാര്‍ഗങ്ങള്‍, സ്വവര്‍ഗരതി, സ്വയംഭോഗം തുടങ്ങിയ കാര്യങ്ങളില്‍ സഭയ്ക്ക് കൃത്യമായ നിലപാടുകള്‍ ഉണ്ട്. ഏതെങ്കിലും ഒരു വ്യക്തിക്കോ പ്രസ്ഥാനത്തിനോ വേണ്ടി സഭയുടെ നിലപാടുകളില്‍ മാറ്റം വരുത്താന്‍ കഴിയില്ല.

വെള്ളാപ്പള്ളിയുടെ രാഷ്ട്രീയവും സഭയുടെ രാഷ്ട്രീയവുമായി പലപ്പോഴും സംഘര്‍ഷമുണ്ടാകുന്നു?

vellapilly natesanവെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങൾ അദ്ദേഹം ആളുകളെ മാനിക്കാന്‍ പഠിക്കാത്തതു കൊണ്ടു സംഭവിച്ചതാണ്. രാഷ്ട്രീയമെന്നാല്‍ ചൂതാട്ടമല്ല. ആളുകള്‍ കുടിച്ചു മരിക്കട്ടെയെന്ന് നമുക്ക് വിചാരിക്കാനാകില്ല. ആരാച്ചാര്‍ക്ക് പണി പോകുമെന്ന് കരുതി തൂക്കിക്കൊല തുടരേണ്ട കാര്യമില്ലല്ലോ.

സാമ്പത്തികമായി മുന്നിട്ട് നിൽക്കുന്നവരോടും  രണ്ട് നയമുണ്ടോ? അമലാ പോള്‍ വിവാദം ഇത് സാധൂകരിക്കുന്നതല്ലേ?

സാമ്പത്തികമുള്ളവരോടും ഇല്ലാത്തവരോടും സഭയ്ക്ക് രണ്ടു നയമമില്ല. അമലാ പോള്‍ വിവാദത്തില്‍ കാശു കൊടുത്തു ചടങ്ങ് നടത്തിയവരോടും കാശു വാങ്ങിയവരോടുമാണു ചോദിക്കേണ്ടത്. വീഴ്ച വരുത്തിയവരാണു മറുപടി പറയേണ്ടത്. ഹിന്ദുമത വിശ്വാസിയായ യുവാവുമായുള്ള വിവാഹ നിശ്ചയത്തില്‍ ഔദ്യോഗിക കര്‍മ്മങ്ങള്‍ നടന്നിട്ടുവെങ്കില്‍ അതു തെറ്റു തന്നെയാണ്. സഭയിലെ രീതികള്‍ ഒരു വ്യക്തിക്കു മാത്രമായി മാറ്റിവെക്കാന്‍ സാധിക്കില്ല.

യൂറോപ്പിലെ കമ്മ്യൂണിസത്തിന്റെയും ക്രൈസ്തവികതയുടെയും മരണം കൂട്ടിവായിക്കുന്നവരുണ്ടെന്ന പ്രസ്താവന വിവാദങ്ങള്‍ ഉണ്ടാക്കിയില്ലേ?

കമ്മ്യൂണിസത്തോട് കൈസ്ത്രവ സഭകള്‍ വിയോജിപ്പ് പുലര്‍ത്തുന്നതില്‍ പല കാരണങ്ങളുണ്ടാകും. ഈശ്വര വിശ്വാസം ഇല്ലാത്തതും ഭൗതിക വാദവും അക്രമത്തിനുളള ആഹ്വാനവുമാണ് പ്രധാന കാരണം. പാവങ്ങള്‍ക്ക് വേണ്ടി അവര്‍ ഒരുപാടു നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട് എന്ന തിരിച്ചറിവിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള ഐക്യം. മറ്റു കാര്യങ്ങളില്‍ അവരുമായി ഏറെ വിയോജിപ്പ് ഉണ്ടു താനും. കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ കമ്മ്യൂണിസത്തില്‍ നിന്നു മാറിയത് ക്രൈസ്തവികതയിലേക്കല്ല, കമ്പോളത്തിലേക്കാണെന്നും മതമില്ലാത്ത അവസ്ഥയിലേക്കാണെന്നും കാണാം. യൂറോപ്പിലെ കമ്മ്യൂണിസത്തിന്റെയും ക്രൈസ്തവികതയുടെയും മരണം കൂട്ടിവായിക്കുന്നവരുണ്ട്. കമ്മ്യൂണിസ്റ്റ് സമൂഹങ്ങള്‍ സ്വതന്ത്രരായതില്‍ സന്തോഷിക്കാമെങ്കിലും അവിടങ്ങളില്‍ ക്രൈസ്തവികതയുടെ മരണനിഴലുണ്ട്. യൂറോപ്പില്‍ കമ്മ്യൂണിസത്തിനുണ്ടായ ക്ഷീണത്തില്‍ ആഹ്ലാദിച്ച് ആഘോഷിക്കുന്നവര്‍ അതോടൊപ്പം അവിടങ്ങളില്‍ ക്രൈസ്തവ സഭ തകര്‍ന്നത് കാണുന്നില്ല.

Read More >>