പി ജയരാജനും കെ സുധാകരനും ഒരേ വേദിയില്‍; രാഷ്ട്രീയ വൈരം മറന്ന് സലിം കുമാര്‍ ചിത്രത്തിന് തുടക്കം

പയ്യന്നൂര്‍ രാമന്തളി ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സിനിമാ സ്വിച്ച് ഓണ്‍ കര്‍മത്തിനാണ് ഇരുവരും രാഷ്ട്രീയ വൈരം മറന്ന് ഒരുമിച്ചെത്തിയത്. നടന്‍ സലിം കുമാര്‍ സംവിധാനം ചെയ്യുന്ന 'കറുത്ത ജൂതന്മാര്‍' എന്ന സിനിമയുടെ സ്വിച്ച് ഓണ്‍ ചടങ്ങായിരുന്നു വേദി.

പി ജയരാജനും കെ സുധാകരനും ഒരേ വേദിയില്‍; രാഷ്ട്രീയ വൈരം മറന്ന് സലിം കുമാര്‍ ചിത്രത്തിന് തുടക്കം

കണ്ണൂര്‍: കണ്ണൂര്‍ രാഷ്ട്രീയത്തില്‍ നിരന്തരം കലഹിക്കുന്ന രണ്ടു രാഷ്ട്രീയ നേതാക്കള്‍ ഒരേ വേദിയില്‍ ഒന്നിച്ച് പൊതുചടങ്ങിനെത്തി. കഴിഞ്ഞ ദിവസം പോലും കടുത്ത വാക്കുകള്‍ കൊണ്ട് പരസ്പരം ആക്രമിച്ച സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജനും കോൺഗ്രസ് നേതാവ് കെ സുധാകരനും ആണ് ഒരുമിച്ചൊരു വേദിയില്‍ പ്രത്യക്ഷപ്പെട്ടത്. സമീപകാലത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്ന പയ്യന്നൂര്‍ തന്നെ ഇതിനു വേദിയായത് കൗതുകം ഇരട്ടിപ്പിച്ചു.

പയ്യന്നൂര്‍ രാമന്തളി ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സിനിമാ സ്വിച്ച് ഓണ്‍ കര്‍മത്തിനാണ് ഇരുവരും രാഷ്ട്രീയ വൈരം മറന്ന് ഒരുമിച്ചെത്തിയത്. നടന്‍ സലിം കുമാര്‍ സംവിധാനം ചെയ്യുന്ന 'കറുത്ത ജൂതന്മാര്‍' എന്ന സിനിമയുടെ സ്വിച്ച് ഓണ്‍ ചടങ്ങായിരുന്നു വേദി. ആദ്യം പ്രസംഗിച്ചത് കെ സുധാകരന്‍. പി ജയരാജനോട് യാതൊരു രാഷ്ട്രീയ ഭ്രഷ്ടുമില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. വ്യക്തിപരമായ യാതൊരു വിധ പ്രശ്‌നങ്ങളും ജയരാജനുമായി ഇല്ലെന്നും, രണ്ടു രാഷ്ട്രീയ ധ്രുവങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതിനാലാണ് ഇതുവരെ ഇങ്ങനെ വേദി പങ്കിടാന്‍ കഴിയാതെ പോയതെന്നും സുധാകരന്‍ പറഞ്ഞു.


തുടര്‍ന്ന് പി ജയരാജന്റെ പ്രസംഗം. കണ്ണൂരിലെ രാഷ്ട്രീയ നേതാക്കളെക്കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, അതൊന്നും യാഥാര്‍ഥ്യമല്ലെന്ന് ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ ലോബിയെന്നും കണ്ണൂര്‍ രാഷ്ട്രീയമെന്നും ഒക്കെയുള്ള മാധ്യമ പ്രചാരണങ്ങളില്‍ യാഥാര്‍ത്ഥ്യമില്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. വിട്ടു വീഴ്ചകള്‍ ഇല്ലാത്ത രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്നതിനാല്‍ മാത്രമാണ് ഒരുമിച്ചുള്ള വേദികള്‍ ഇല്ലാതെ പോകുന്നത്. കണ്ണൂര്‍ രാഷ്ട്രീയം എന്നൊന്ന് വേറിട്ടില്ല. കണ്ണൂരിന്റെ രാഷ്ട്രീയം ദേശീയ - കേരളം രാഷ്ട്രീയത്തോട് ചേര്‍ന്ന് നില്‍ക്കുന്നത് മാത്രമാണെന്നും പി ജയരാജന്‍ പറഞ്ഞു.

പി ജയരാജന്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. കെ സുധാകരന്‍ ആദ്യ ക്ലാപ്പടിച്ചു. ടി വി രാജേഷ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിനിമയിലെ അഭിനേതാവുകൂടിയായ കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍, സിനിമയുടെ സംവിധായകന്‍ കൂടിയായ നടന്‍ സലിം കുമാര്‍ എന്നിവരും പങ്കെടുത്തു.

Read More >>