തച്ചങ്കരിയുമായുള്ള യുദ്ധത്തിൽ മന്ത്രി തോറ്റെന്ന് ചെന്നിത്തല; തച്ചങ്കരിയെ മാറ്റിയത് നന്നായെന്ന് പി സി ജോര്‍ജ്

ഗതാഗത മന്ത്രിയും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറും തമ്മിലുളള യുദ്ധത്തില്‍ മന്ത്രി പരാജയപ്പെട്ടുവെന്നും ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്താന്‍ അറിയാത്ത മന്ത്രിമാരാണ് സര്‍ക്കാരിനുളളതെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനം.

തച്ചങ്കരിയുമായുള്ള യുദ്ധത്തിൽ മന്ത്രി തോറ്റെന്ന് ചെന്നിത്തല; തച്ചങ്കരിയെ മാറ്റിയത് നന്നായെന്ന് പി സി ജോര്‍ജ്

കോട്ടയം: ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി ശീതസമരത്തിലായിരുന്ന ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിയെ നീക്കിയത് ഉചിതമായ തീരുമാനമെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്. പാലു തരുന്ന പശുവിന്റെ വേലിചാട്ടമാണ് തച്ചങ്കരിയില്‍ കണ്ടത്. മന്ത്രിയുമായി സഹകരിക്കുന്ന ഉദ്യോഗസ്ഥരെയാണ് വകുപ്പ് തലവന്‍മാര്‍ ആക്കേണ്ടതെന്നും പിസി ജോര്‍ജ് പറഞ്ഞു. അനുസരിക്കാത്ത ഉദ്യോഗസ്ഥരെ മാറ്റുന്നതാണ് അഭികാമ്യം.

ഏറെ പഴി കേട്ടതിനു ശേഷമാണ് തച്ചങ്കരിയെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഗതാഗത മന്ത്രിയും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറും തമ്മിലുളള യുദ്ധത്തില്‍ മന്ത്രി പരാജയപ്പെട്ടുവെന്നും ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്താന്‍ അറിയാത്ത മന്ത്രിമാരാണ് സര്‍ക്കാരിനുളളതെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനം. ടോമിന്‍ ജെ തച്ചങ്കരിക്കെന്താ കൊമ്പുണ്ടെയെന്നും അദ്ദേഹം ചോദിച്ചു.


ഉദ്യോഗസഥര്‍ മന്ത്രിക്ക് മുന്‍പേ പറക്കുന്നത് ശരിയല്ലെന്നായിരുന്നു എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ പ്രതികരണം. തച്ചങ്കരിയെ മാറ്റണമെന്ന ഗതാഗതമന്ത്രിയുടെ അഭിപ്രായത്തില്‍ ന്യായമുണ്ടെന്നും എന്‍സിപി ഇതിനെ പൂര്‍ണമായും പിന്താങ്ങിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ജന്‍മദിനഘോഷത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളും വകുപ്പു മന്ത്രിയുമായുളള സ്വരചേര്‍ച്ചയില്ലായ്മയുമാണ് തച്ചങ്കരിക്ക് പുറത്തേക്കുളള വഴി തുറന്നത്. എക ശശീന്ദ്രനൊപ്പം എന്‍സിപിയും പരസ്യ നിലപാട് എടുത്തതും വകുപ്പു മന്ത്രി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയതും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. ഇടതു മുന്നണി അധികാരത്തിലെത്തിയതിനു തൊട്ടു പിന്നാലെ തച്ചങ്കരിയെടുത്ത നിലപാടുകള്‍ വിവാദങ്ങളില്‍ ഇടം പിടിച്ചതും തിരിച്ചടിയായി. ഹെല്‍മെറ്റ് ഇല്ലാത്ത ഇരുചക്ര വാഹന യാത്രികര്‍ക്ക് പെട്രോള്‍ നിഷേധിച്ചതും തന്റെ പിറന്നാള്‍ ആഘോഷത്തിനോടനുബന്ധിച്ച് ആര്‍ടിഒ ഓഫീസുകളില്‍ മധുര വിതരണം ചെയ്യാന്‍ ഉത്തരവിട്ടതും വന്‍ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്. മന്ത്രിയോട് ആലോചിക്കാതെ തീരുമാനങ്ങള്‍ എടുക്കുന്ന ഉദ്യോഗസ്ഥന്‍ എന്ന പ്രതീതി വകുപ്പുമന്ത്രിയുടെ പ്രസ്താവനകളിലൂടെ വെളിവായതോടു കൂടി തച്ചങ്കരിയെ മാറ്റി മുഖം മിനുക്കുകയല്ലാതെ സര്‍ക്കാരിന്റെ മുന്‍പില്‍ വേറേ വഴിയില്ലാതായി.

Read More >>