വെള്ളവുമില്ല സഹായികളുമില്ല; ഒപി ജയ്ഷയ്ക്ക് മാരത്തോണ്‍ ദുരിത ഓട്ടം

എല്ലാ 2.5 കിലോമീറ്റര്‍ കേന്ദ്രങ്ങളിലും വെള്ളവും മറ്റ് ലഘു പാനീയങ്ങളും മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിന് കേന്ദ്രങ്ങള്‍ നിശ്ചയിച്ചിരുന്നു. ഇവിടെയൊന്നും ജയ്ഷയുടെ സഹായത്തിന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ല.

വെള്ളവുമില്ല സഹായികളുമില്ല; ഒപി ജയ്ഷയ്ക്ക് മാരത്തോണ്‍ ദുരിത ഓട്ടം

റിയോയിലെ ഇന്ത്യന്‍ ഒളിമ്പിക്സ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി മലയാളി താരം ഒപി ജയ്ഷ. മാരത്തോണ്‍ മത്സരത്തിനിടെ തനിക്ക് മതിയായ സൗകര്യങ്ങള്‍ ചെയ്തുതരുന്നതില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ വീഴ്ച്ച വരുത്തിയതായാണ് ആരോപണം. മത്സരത്തിനിടെ തനിക്ക് ആവശ്യത്തിന് വെള്ളം പോലും ലഭിച്ചില്ലെന്ന് താരം പറയുന്നു.

മറ്റു രാജ്യങ്ങളിലെ മത്സരാര്‍ത്ഥികള്‍ക്ക് നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ വെള്ളവും ഗ്ലൂക്കോസും തേനും നല്‍കാന്‍ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയുടെ ഭാഗത്തുനിന്നും ആരെയും കാണാന്‍ കഴിഞ്ഞില്ലെന്ന് ജയ്ഷ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ 2.5 കിലോമീറ്റര്‍ കേന്ദ്രങ്ങളിലും വെള്ളവും മറ്റ് ലഘു പാനീയങ്ങളും മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിന് കേന്ദ്രങ്ങള്‍ നിശ്ചയിച്ചിരുന്നു. ഇവിടെയൊന്നും ജയ്ഷയുടെ സഹായത്തിന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഓരോ 8 കിലോമീറ്റര്‍ കേന്ദ്രങ്ങളിലും ഒളിംമ്പിക്സ് സംഘാടകര്‍ ഏര്‍പ്പെടുത്തിയ വെള്ളം മാത്രമാണ് ജയ്ഷയ്ക്ക് ലഭിച്ചത്. ഇതുകൊണ്ട് വെറും 500 മീറ്റര്‍ ദൂരം പിന്നിടാന്‍ മാത്രമാണ് കഴിയുക. കത്തുന്ന വെയിലില്‍ പിന്നെ എങ്ങനെ മാരത്തോണ്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ജയ്ഷ ചോദിക്കുന്നു.


ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ അത്ലിറ്റ് ഫെഡറേഷന്റെ(ഐഎഎഎഫ്) നിയമപ്രകാരം ഒഫീഷ്യല്‍ സ്റ്റേഷനിടയില്‍ ഓരോ രാജ്യത്തിന്റെയും ഒഫീഷ്യലുകളായ നാലുപേര്‍ക്ക് മത്സരാര്‍ത്ഥിക്ക് വെള്ളവും മറ്റ് ലഘുപാനീയങ്ങളും നല്‍കി സഹായിക്കാം. ഇത് ഏര്‍പ്പെടുത്തുന്നതിനുള്ള ചുമതല കോച്ചിനാണ്. എന്നാല്‍ ഒരു രാജ്യത്തെ മത്സരാര്‍ത്ഥിക്ക് മറ്റ് രാജ്യത്തെ ഉദ്യോഗസ്ഥരുടെ സഹായം തേടാനാവില്ല. ഇത് മത്സരത്തില്‍നിന്ന് പുറത്താകുന്നതിന് കാരണമാകും.

2 മണിക്കൂര്‍ 47.19 സെക്കന്റിലാണ് ജയ്ഷ മാരത്തോണ്‍ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ബീജിംഗ് ഒളിമ്പിക്സില്‍ 2 മണിക്കൂര്‍ 34.43 സെക്കന്റില്‍ ജയ്ഷ ഓട്ടം പൂര്‍ത്തിയാക്കിയിരുന്നു.

ഫിനിഷിംഗ് പോയിന്റില്‍ തളര്‍ന്നുവീണ തനിക്ക് 2-3 മണിക്കൂര്‍ സമയത്തേക്ക് ഒന്നും മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്ന് താരം പറയുന്നു. ഏഴ് ബോട്ടില്‍ ഗ്ലുക്കോസ് കുത്തിവച്ചതിന് ശേഷമാണ് ജയ്ഷക്ക് ബോധം തിരിച്ചുകിട്ടിയത്. എന്നാല്‍ ഈ സമയത്ത് ഒറ്റ ഇന്ത്യന്‍ ഡോക്ടര്‍ന്മാരെ ആ പരിസരത്ത് കാണാന്‍ കഴിഞ്ഞില്ലെന്നും ജയ്ഷ ആരോപിച്ചു.

1500 മീറ്റര്‍ ഓട്ടത്തില്‍ മത്സരിക്കേണ്ട തന്നെ കോച്ച് നിക്കോള സ്നേസരേവ് മാരത്തോണില്‍ തുടരാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. പരിശീലനസമയത്ത് തനിക്കേറ്റ പരിക്ക് ഭേദപ്പെടാനുള്ള സമയം പോലും അനുവദിച്ചില്ല. ഊട്ടിയിലെ കാലാവസ്ഥയില്‍ പരിശീലനം നടത്തിയതിനാല്‍ റിയോയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ലെന്ന് ജയ്ഷ മാധ്യമങ്ങളോട് പറഞ്ഞു.